ഞങ്ങളെപ്പോഴും ഒരു സൗവര്‍ണ്ണ പ്രതിപക്ഷമാണ് – സി.ആര്‍ നീലകണ്ഠന്‍

ഞങ്ങളെപ്പോഴും ഒരു സൗവര്‍ണ്ണ പ്രതിപക്ഷമാണ് – സി.ആര്‍ നീലകണ്ഠന്‍

നമ്മള്‍ സ്വയം സൃഷ്ടിക്കുന്ന ഭീതികളും യഥാര്‍ത്ഥ ഭീതിയും ഇന്ന് മാധ്യമലോകത്ത് നിലനില്‍ക്കുന്നുണ്ട്. ഈ ഭീതി ദൃശ്യമാധ്യമ രംഗത്തുള്‍പ്പെടെ എല്ലായിടത്തുമുണ്ട്. അതുകൊണ്ട് ഒരു വശത്തേക്ക് മാധ്യമങ്ങള്‍ വളരെ ശ്രദ്ധിച്ച് നീങ്ങുമ്പോള്‍ മറുവശത്ത് ഇതിന്റെ സത്യാവസ്ഥയില്‍ മൂല്യം കുറയുന്നു. മാധ്യമങ്ങളുടെ ഇന്നത്തെ സ്ഥിതിയും ധാര്‍മികപ്രതിബന്ധതയും സംബന്ധിച്ച വിചാരം.


ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്വറി ഈ മൂന്നു തൂണുകള്‍ കഴിഞ്ഞാല്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാമത്തെ തൂണായിട്ടാണ് നമ്മള്‍ മാധ്യമങ്ങളെ കാണുന്നത്. ഇതില്‍ ഏതെങ്കിലുമൊന്ന് താഴെ വീണാല്‍ ജനാധിപത്യം താഴെവീഴും. ആദ്യ മൂന്നു തൂണുകളും ജനാധിപത്യത്തിന്റെ ഭാഗമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ചാല്‍ അതേയെന്നു പറയാന്‍ പൂര്‍ണമായും കഴിയില്ല. അതു മൂന്നും ഏതെങ്കിലുമൊക്കെ അര്‍ത്ഥത്തില്‍ എവിടെയെങ്കിലുമൊക്കെ ദ്രവിച്ചിട്ടുണ്ടെന്ന ഭീതി ഓരോ ദിവസവും നമുക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ലെജിസ്ലേച്ചര്‍ അതിന്റെ ധര്‍മം ചെയ്യുന്നുണ്ടോ, ജനങ്ങളുടെ ഇച്ഛാശക്തി പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടതാണ്. ജനങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നു; ജനങ്ങള്‍ നേരിട്ട് സംവദിക്കുന്നത് ലെജിസ്ലേച്ചറുമായിട്ടാണ്. ഇവര്‍ നിയോഗിക്കുന്ന എക്സിക്യൂട്ടീവ് ആണ് നമ്മളെ ഭരിക്കുന്നത്. ഇവര്‍ തമ്മിലോ അല്ലാതെയോ തര്‍ക്കം വന്നാല്‍ മൂന്നാമതായി ജനരക്ഷയ്ക്ക് എത്താന്‍ ഒരു സ്വതന്ത്ര ജുഡീഷ്വറിയുണ്ട്. ഇതിലാണ് നമ്മുടെ ഭരണഘടന വിശ്വാസമര്‍പ്പിക്കുന്നത്. ഇതില്‍ മൂന്നിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ നാലാമത്തെ തൂണായ മാധ്യമങ്ങള്‍ പലപ്പോഴും സഹായകരമായി വന്നിട്ടുണ്ട്. മാത്രമല്ല ആദ്യത്തെ മൂന്നു തൂണുകളും സര്‍ക്കാരിന്റെ ശമ്പളത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്, നമ്മുടെ നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്. നാലാമത്തെ തൂണ് നമുക്ക് നിര്‍ബന്ധമില്ലാത്ത ഒന്നാണ്. ഇതു വേണമെങ്കില്‍ നമുക്ക് ഉപയോഗിക്കാം, വേണ്ടെങ്കില്‍ ഒഴിവാക്കാം. പക്ഷേ, മറ്റു മൂന്നും ഒഴിവാക്കാനാകില്ല. നമ്മുടെ പൊതുപണംകൊണ്ട് പ്രവര്‍ത്തിക്കുന്നതല്ലാത്തതുകൊണ്ടുതന്നെ ആദ്യ മൂന്നിനൊപ്പം നാലാംതൂണായ മാധ്യമത്തെ കാണേണ്ടതുണ്ടോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. ജനാധിപത്യത്തിന്റെ ആദ്യ മൂന്നു തൂണുകളുടെയും പ്രശ്നങ്ങള്‍ പറയാന്‍ കഴിയുന്ന നാലാമത്തെ തൂണ്‍ സ്വതന്ത്ര്യാഭിപ്രായത്തോടെ നിലകൊള്ളുന്ന ഒരു റഫറിയുടെ റോളാണ് ചെയ്യേണ്ടത്.


യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയും മാധ്യമസ്വാതന്ത്ര്യം എന്ന വാക്കില്ല. ആകെയുള്ളത് ആര്‍ട്ടിക്കിള്‍ 19 ല്‍ right to expression എന്നു മാത്രമാണുള്ളത്. അതിനെയാണ് കോടതി വിധികളിലൂടെ, നിരവധി ഇടപെടലുകളിലൂടെ, പുതിയ നിയമനിര്‍മ്മാണങ്ങളിലൂടെ നമ്മള്‍ മാധ്യമസ്വാതന്ത്ര്യം മാധ്യമ അവകാശം എന്നൊക്കെ പറയുന്നത്. പത്രസ്വാതന്ത്ര്യം, ടി.വി സ്വാതന്ത്ര്യം ഇവയുടെ നിയന്ത്രണങ്ങള്‍ എന്താണ് തുടങ്ങിയ കാര്യങ്ങള്‍ ഈ വിധിയിലൂടെ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്.,/p>

ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിന്റെ ഒന്നാം ഉപവകുപ്പ് പറയുന്ന ഒരു ചെറിയ അവകാശമാണ് നമ്മള്‍ ഇന്ന് വികസിപ്പിച്ച് ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യം എവിടെ വരെയാണ് എന്നു തീരുമാനിക്കുന്നതിന് നിയമപരമായി ചില ചട്ടങ്ങള്‍ ഉണ്ടെങ്കിലും, അതിനപ്പുറം ധാര്‍മികത ഉള്‍ക്കൊള്ളുന്ന സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങള്‍ ആകെ ചേര്‍ന്നതാണ്. അത് എവിടെവരെയാകാം എവിടെവരെ ആയിക്കൂടാ എന്ന വലിയ ചോദ്യം നമ്മുടെ മുന്നിലുണ്ട്. ഭരണഘടന പ്രകാരം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതൊഴിച്ചാല്‍ ബാക്കിയൊക്കെയാകാം. ദൂരദര്‍ശന്‍, ആകാശവാണി പോലുള്ള സര്‍ക്കാര്‍ മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. അതില്‍ സ്വതന്ത്രമായ ചിന്താഗതികളുള്ള ആളുകള്‍ ഉണ്ടായിട്ടുണ്ട്. സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ സാധ്യമായിട്ടുണ്ട്. അതെല്ലാം പ്രതിഷേധാര്‍ഹവുമായിട്ടുണ്ട്. ഒരു ഇന്റര്‍വ്യൂ കൊടുക്കുമ്പോള്‍ പോലും എവിടെയെങ്കിലും രാഷ്ട്രീയം എന്നൊരു വാക്കു വന്നാല്‍ അത് ഒഴിവാക്കിയോ അല്ലെങ്കില്‍ ആ ചോദ്യം തന്നെ മാറ്റിയോ ആണ്  സര്‍ക്കാര്‍ മാധ്യമങ്ങള്‍ നല്‍കുന്നത്. മറുപടി നല്‍കുന്ന ആളില്‍ നിന്ന് രാഷ്ട്രീയം വന്നാല്‍ ആ ചോദ്യം ഒഴിവാക്കണമെന്ന് പറയുന്ന തരത്തില്‍ ആണ് കാര്യങ്ങള്‍. അതില്‍ അവരെ കുറ്റം പറയാനാകില്ല. സര്‍ക്കാരിനു കീഴില്‍ സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തില്‍ ആണ് ഈ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതിനു മന്ത്രിയുണ്ട് സെക്രട്ടറിയുണ്ട് ഡയറക്ടര്‍ ഉണ്ട്. ഇവര്‍ക്കൊക്കെ ഭയമാണ്. മറ്റൊന്ന് സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ഭയത്തോടുകൂടി സര്‍ക്കാരിന്റെ മാത്രം അഭിപ്രായം പറയേണ്ടവരാണോ? അല്ലാത്ത ഒരു കാലവും ഉണ്ടായിരുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വളര്‍ച്ചയുടെ ഗതി നോക്കിയാല്‍ അതു പുറകോട്ടാണ്. 1950 കളില്‍ നിന്ന് 2019 ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ജനാധിപത്യം മുമ്പോട്ടുപോയി എന്നു പറയാന്‍ കഴിയാത്തവിധം അപകടകരമായ അവസ്ഥയിലാണ് നമ്മള്‍ നില്‍ക്കുന്നത്. അതു മാധ്യമങ്ങളുടെ കാര്യത്തിലാണെങ്കില്‍പോലും അങ്ങനെയാണ്.