ജേക്കബ് ഈരാളി മുതൽ കാർമൻ ബനഡിക്ട് വരെ:

ജേക്കബ് ഈരാളി മുതൽ കാർമൻ ബനഡിക്ട് വരെ:

മമ്മൂട്ടി ഉടലിന്റെ ആധികാരികത

 

‘A star image consists both of what we normally refer to his or her image, made up of screen role and obviously staged managed public appearances, and also of images of the manufacture of that ‘image’ and of the real person who is the site or occasion of it’

(Richard Dyer, ‘Heavenly Bodies: Film Stars and Society 2004, P.7)

മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഉടക്കിനിൽക്കുന്ന ഉദാത്തമായ താര ഉടലിന്റെ അവകാശിയാണ് മമ്മൂട്ടി. മലയാള സിനിമയിൽ, ഈ പുരുഷ സൗന്ദര്യത്തിന്റെ, സ്വർഗീയ ഉടലിനെ കവച്ചുവയ്ക്കുന്ന മറ്റൊരു താരം ഒരുപരിധിവരെ ജയനെ ഒഴിച്ചുനിർത്തിയാൽ ഉണ്ടായിട്ടില്ലായെന്നുതന്നെ പറയാം. മമ്മൂട്ടിയുടെ ശരീരസൗന്ദര്യമെന്നു പറയുന്നത് ഒരു വീരത്വപരിവേഷത്തിന്റെയും, ശബ്ദഗാംഭീര്യതയുടെയും, നാൾക്കുനാൾച്ചെല്ലുന്തോറും ഏറിവരുന്ന താരസൗന്ദര്യത്തിന്റെയും സമ്മിശ്ര കൂട്ടാണ് രസതന്ത്രമാണ്. എല്ലാ റോളുകൾക്കും വഴങ്ങാത്തത് എന്ന പരിമിതിക്കുള്ളിലും മമ്മൂട്ടി ശരീരം പ്രേക്ഷകരുടെ മനസ്സിൽ എന്തിന്റെയോ ആധികാരികത ഉറപ്പിച്ചു അരങ്ങുവാഴുന്ന പ്രതിഭാസമാണ്. താരങ്ങളുടെ ശരീരം, തങ്ങൾ അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ നിരന്തരമായ രൂപാന്തരീകരണത്തിന് വിധേയപ്പെടുന്നുണ്ടെങ്കിലും, മമ്മൂട്ടി ശരീരത്തിന് അഭിനയിക്കുന്തോറും കൂടി വരുന്നത് സുന്ദര-പുരുഷ വീരത്വത്തിന്റെ ആധികാരിക ഭാവമാണെന്ന് നിസംശയം തന്നെ വിലയിരുത്താം. ഈ സത്യം തന്നെയാണ് മമ്മൂട്ടിയെന്ന താരത്തെ മലയാള സിനിമയിലെ ആധികാരിക ഉടലധികാരത്തിന്റെ അധികാരിയാക്കി മാറ്റുന്ന വസ്തുതയും. സിനിമയ്ക്ക് വെളിയിലുള്ള തുറകളിലും, പരസ്യചിത്രങ്ങളിലും, അഭിമുഖ ചർച്ചകളിലും, പൊതുപരിപാടികളിലും, ഇതേ ആധികാരിക ഉടലിന്റെ മിന്നലാട്ടം ദർശിക്കുവാൻ കഴിയും. നോട്ടത്തിലും, ഭാവത്തിലും, സംസാരത്തിലും, നിശബ്ദതയിലും മമ്മൂട്ടി പ്രതിഫലിപ്പിക്കുന്നത്, വിശ്വാസത്തിന്റെ, ഉറപ്പിന്റെ, ഗാംഭീര്യത്തിന്റെ, അധികാത്തിന്റെ സിനിമാറ്റിക് പ്രയോഗരസം തന്നെയാണ്.

കോവിഡ് കാലവും, താര ഉടലും

ഈ കോവിഡ് കാലഘട്ടത്തിന്റെ അടച്ചുകെട്ടിനുള്ളിലും മമ്മൂട്ടി താരശരീരം അതിന്റെ ആധികാരിക താരമൂല്യം ദിനംപ്രതി വർദ്ധിപ്പിക്കുന്നുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോളുകളെക്കുറിച്ചുള്ള വീഡിയോകളിലും പൊതുപരിപാടികളിൽ പൂർണ്ണമായ മുഖാവരണം ഉപയോഗിച്ചു കാണിക്കുന്നതിലും, (മറ്റുള്ള താരങ്ങൾ മുഖാവരണം ഇല്ലാതെ പ്രത്യക്ഷപ്പെടുമ്പോഴും), നീട്ടിവളർത്തിയ താടിയും മുടിയുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴും ഈ താരശരീരത്തിന്റെ മൂല്യം മലയാളിയുടെ മനസ്സിൽ പുനഃപ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. സ്‌ക്രീനുകൾ നിശ്ശബ്ദമായ കാലഘട്ടത്തിലും, മമ്മൂട്ടി ശരീരം തന്റെ പ്രേക്ഷകർക്കിടയിൽ മറ്റുമാർഗ്ഗങ്ങളിലൂടെ തെളിവാക്കപ്പെട്ടുനിൽക്കുന്നതിൽ വിജയിച്ചു.

മലയാളികൾ, സ്‌ക്രീനിലും, മറ്റു ജീവയിടങ്ങളിലും കണ്ട് രസിച്ച മമ്മൂട്ടി ഉടലിന്റെ, കോവിഡ് കാലത്തെ ഒരു മാറിനടത്തമായിരുന്നു ‘പ്രീസ്റ്റ്’ എന്ന സിനിമയിലെ ഫാദർ കാർമൻ ബനഡിക്ട്. അതുവരെ സാധിച്ചിരുന്ന രസതന്ത്രത്തിന്റെ മറ്റൊരു രൂപവും, ഭാവവും  ദർശിക്കാൻ ഈ ചിത്രത്തിൽ പ്രേക്ഷകർക്കു സാധിച്ചു. ഇതിൽ ഇന്നേവരെ മമ്മൂട്ടി ശരീരം നേടിയെടുത്ത സൗന്ദര്യ/വീരശരീര ആധികാരികത ഒരു പുതിയ വേഷത്തിലേക്ക് എങ്ങനെ പുനഃസംഘടിക്കപ്പെട്ടുവെന്നതാണ് ഈ ലേഖനത്തിൽ പ്രശ്‌നവൽക്കരിക്കാൻ ശ്രമിക്കുന്നത്.

ആധികാരിക ഉടലിന്റെ വളർച്ച

1971-ൽ സിനിമയിലേക്ക് കടന്നുവന്ന, മമ്മൂട്ടി താരശരീരം, വകകീൽ, പോലീസ്, സി.ബി.ഐ. ഉദ്യോഗസ്ഥൻ, ചരിത്രപുരുഷൻ എന്നീ റോളുകളിലൂടെ പ്രേക്ഷകമനസ്സുകളിൽ മായാത്ത മുദ്രപതിപ്പിച്ച നടനവിസ്മയമാണ്. സി.ബി.ഐ. സിനിമകളിലെ അന്വേഷണ ഉദ്യോഗസ്ഥനും, പോലീസ് സിനിമകളിലെ ചൂഴ്ന്ന നോട്ടത്തിലൂടെ കുറ്റവാളികളെ മെരുക്കുന്ന വീര പോലീസ് ഓഫീസറായും, ചരിത്ര സിനിമകളിലെ വീരപുരുഷനായും അഭിനയിക്കുമ്പോഴെല്ലാം മമ്മൂട്ടി ഉടലിന്റെ കുറ്റം തെളിയിക്കലിന്റെ ആധികാരികത പ്രേക്ഷമനസ്സിൽ ദിനംപ്രതി വർധിച്ചുകൊണ്ടേയിരുന്നു. ഈ സിനിമകൾ തീയേറ്ററുകളിൽ കണ്ട് ആസ്വദിച്ച പ്രേക്ഷകർ, ഒരു മാതൃകാ വീരപുരുഷനായി ഈ താരത്തെ തങ്ങളുടെ മനസ്സിൽ സ്ഥിരപ്പെടുത്തി. എന്തു കുറ്റവും തെളിയിക്കുവാൻ കെൽപ്പുള്ള ഉടലധികാരത്തിന്റെ സിനിമാറ്റിക് പ്രതിപുരുഷനായി മമ്മൂട്ടി മാറുമ്പോൾ, ഈ റോളുകൾ ബോക്‌സ്ഓഫീസിൽ വിജയിപ്പിക്കുവാൻ അനായാസം സാധിക്കുന്ന താരഉടലായി അദ്ദേഹം മാറുകയായിരുന്നു. എന്തോ, കുറ്റാന്വേഷണ സിനിമകളിലെ അവിഭാജ്യ മൂലഘടകമായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. കച്ചവട സിനിമാലോകത്ത്, ഈ താരഉടലിന്റെ ഉറപ്പ്, മറ്റാർക്കും നൽകാൻ പറ്റാത്ത ഒന്നായി മാറി. കുറ്റം നിസ്സംശയം തെളിയിക്കണമെങ്കിൽ, ഈ താരശരീരം കൂടിയേ തീരുവെന്ന അവസ്ഥയിലായി മലയാള സിനിമ.

ഈരാളി, അയ്യർ, ഫാ. കാർമൻ

കുറ്റാന്വേഷണത്തിന്റെ മമ്മൂട്ടിശരീര സിനിമാ യാത്ര തുടങ്ങുന്നത്, യവനികയിലെ ജേക്കബ് ഈരാളി എന്ന പോലീസ് കഥാപാത്രത്തിൽ നിന്നുമാണ്. മലയാള സിനിമ അന്നേവരെ കാണാത്ത തരത്തിൽ, അന്വേഷണ ഉദ്യോഗസ്ഥന്റെ കീറിമുറിച്ച ചോദ്യം ചെയ്യലിൽ കൊലപാതക രഹസ്യത്തിന്റെ ചുരുളഴിഞ്ഞപ്പോൾ ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ സിനിമാ ഉടലിന്റെ ജനനംകൂടി സാധ്യമാക്കുകയായിരുന്നു ‘യവനിക.’ നോട്ടത്തിലും ഭാവത്തിലും. ഓഫീസിലും വീട്ടിലും മമ്മൂട്ടിശരീരം അക്ഷരാർത്ഥത്തിൽ തബലിസ്റ്റ് അയ്യപ്പന്റെ കൊലപാതകിയെ കണ്ടുപിടിക്കേണ്ട ദൗത്യം ഏറ്റെടുത്തുറപ്പിക്കുകയായിരുന്നു. സൂപ്പർതാര പദവിയിലേക്ക് അദ്ദേഹത്തെ യോഗ്യനാക്കിയ സിനിമകൂടിയായിരുന്നു യവനിക. ആ താരപദവി പിന്നീടാണ് വന്നതെങ്കിലും.

ഇൻസ്‌പെക്ടർ ബൽറാമിലെ എസ്.ഐ. ബൽറാമും, സി.ബി.ഐ. ഡയറിക്കുറിപ്പ്, ജാഗ്രത എന്നീ സിനിമകളിലെ സേതുരാമ അയ്യരും, കുറ്റാന്വേഷണ റോളിൽ മമ്മൂട്ടി താരശരീരത്തെ സാധൂകരിച്ച്, അപ്രമാദിത്വസ്വഭാവം സൃഷ്ടിച്ച സിനിമകളാണ്. കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ ശരീരത്തിനുവേണ്ട ലക്ഷണം പറഞ്ഞ താരശരീരത്തിന്റെ സാധ്യതകളെ വളരെ കൃത്യമായി ഈ ജനപ്രിയ കച്ചവട സിനിമകളിൽ അവതരിപ്പിക്കപ്പെട്ടു. സാക്ഷാൽ സി.ബി.ഐയെപ്പോലും പിന്നിലാക്കുന്ന തരത്തിൽ മമ്മൂട്ടിശരീരം ജനമനസ്സുകളിൽ പ്രാമുഖ്യം നേടിയെടുത്തു.

യഥാർത്ഥ സി.ബി.ഐ. ഉദ്യോഗസ്ഥരെപ്പോലും പിന്നിലാക്കുന്ന ആധികാരികത ഈ താരശരീരം ജനമനസ്സുകളിൽ സൃഷ്ടിച്ചെടുക്കുകയും സി.ബി.ഐ. എന്ന പേരുകേട്ടാൽ സേതുരാമ അയ്യർ എന്ന നായകന്റെ ചിന്ത മലയാളികളുടെ മനസ്സിൽ വന്നു പതിക്കുകയും ചെയ്തു. ഈ ചിത്രങ്ങളിലെ സഹതാരങ്ങൾ അദ്ദേഹത്തിനു ചുറ്റും തിരിയുന്ന കഥാപാത്രങ്ങൾ മാത്രമായി മാറി. കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ റോളുകളിലൂടെ മലയാളി പ്രേക്ഷകന്റെ മനസ്സുകളിൽ മമ്മൂട്ടി ശരീരം ബിംബവൽക്കരിക്കപ്പെടുകയും, മറ്റൊരു ശരീരത്തിനും ചോദ്യം ചെയ്യാൻ പറ്റാത്ത ഔന്നത്യം കൈവരിക്കുകയും ചെയ്തു. വർഷങ്ങൾകൊണ്ട് ആർജ്ജിച്ചെടുത്ത ഈ ഉടലധികാരത്തിന്റെ തികച്ചും വ്യത്യസ്തമായ സിനിമാഭിനയ പ്രകടനമാണ് പ്രീസ്റ്റ് എന്ന സിനിമയിൽ പ്രേക്ഷകർ കാണുന്നത്. ചില സന്ദർഭങ്ങളിൽ സ്‌ക്രീനിലെ താരസാന്നിധ്യത്തിൽ രണ്ടാമനായി വരുന്നുവെങ്കിൽപ്പോലും ഈ പുരോഹിത (താര) ശരീരം, കഴിഞ്ഞകാലങ്ങളിൽ നേടിയെടുത്ത അംഗീകാരം പ്രതിഫലിപ്പിക്കുന്നതായി പ്രേക്ഷകർക്കനുഭവവേദ്യമാകുന്നു. യവനികയിലെ ഈരാളിയും, സിബിഐയിലെ സേതുരാമയ്യരും, ഫാദർ കാർമനിൽ ലയിച്ചതുപോലെയുള്ള ഒരനുഭവം സൃഷ്ടിക്കുന്നതിൽ ഈ സിനിമയ്ക്കു സാധിച്ചതിനാലാണ്. വസ്ത്രമായ ളോഹ ചുരുങ്ങിയ സീനുകളിൽ മാത്രം ഉപയോഗിച്ച് പ്രീസ്റ്റിനെ വിജയിപ്പിക്കുവാൻ മമ്മൂട്ടിശരീരത്തിന് സാധിച്ചത്.

മമ്മൂട്ടി പ്രീസ്റ്റ്

പ്രീസ്റ്റ് എന്ന ചലച്ചിത്രത്തിൽ കുറ്റാന്വേഷകരെ സഹായിക്കുകയും, അതേപോലെ ബാധ ഒഴിപ്പിക്കുന്നതിൽ മനഃശാസ്ത്രജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ…….. ചെയ്യുന്ന മമ്മൂട്ടി പ്രീസ്റ്റ് ശരീരം, 1972-ൽ തുടങ്ങിയ ചലച്ചിത്ര അഭിനയത്തിന്റെ ആധികാരികതയുടെ മൂല്യത്തിന്റെ പിൻബലത്തിൽ ചോദ്യം ചെയ്യപ്പെട്ടാൻ പറ്റാത്ത പുരോഹിത-കുറ്റാന്വേഷണ ഉദ്യോഗസ്ഥ ശരീരമായി മാറുകയാണ്. കുറ്റാന്വേഷണത്തിൽ തുടങ്ങുന്ന സിനിമ, ക്രമേണ പ്രേത, പിശാച് ബാധിതയായ പെൺകുട്ടിയെ രക്ഷപ്പെടുത്തുന്ന ഹൊറർ ഫിലിമായി മാറുകയാണ്. ഈ ചിത്രത്തിൽ ഒരേ സമയം കുറ്റാന്വേഷകനും, പിശാചിനെ ബഹിഷ്‌ക്കരിക്കുന്ന പുരോഹിതനുമായി അഭിനയിക്കുകയാണ് മമ്മൂട്ടി. ഇതുവരെ മമ്മൂട്ടി താരശരീരം അഭിനയിപ്പിച്ചു വിജയിപ്പിച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ റോളിനു തന്നെയാണ് സിനിമയിൽ പ്രസക്തി എന്നുള്ളത്, ഈ താരശരീരത്തിന്റെ പരിണാമത്തിൽ മുഖ്യഘടകമായി മാറിയത് കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ പൂർവ റോളുകൾ തന്നെയായതുകൊണ്ടാണ്. ഇത്തരത്തിൽ രൂപപ്പെടുത്തിയെടുത്ത ശരീരത്തിന് വെറും മന്ത്രവാദിയായ പുരോഹിതന്റെ റോൾ കൈകാര്യം ചെയ്യേണ്ടതിന്റെ പരിമിതി ഈ ശരീരത്തിന് ഒരു ഡിറ്റക്ടീവ് ഭാവം കൊടുക്കേണ്ടത് അനിവാര്യമായി മാറ്റി. സിനിമയുടെ വാണിജ്യ വിജയത്തിന് ഇത് മറ്റൊരനിവാര്യതയായി മാറിയെന്നത് മറ്റൊരു വാസ്തവം.

താരശരീരത്തിലെ മൂന്നു ഭാവങ്ങൾ

രണ്ടു മണിക്കൂർ ഇരുപത്തിയേഴ് മിനിറ്റ് ദൈർഘ്യമുള്ള സിനിമയിൽ പിശാചിനെ ബഹിഷ്‌ക്കരിക്കാൻ കഴിവുള്ള പുരോഹിതനിൽ നിന്നും, പോലീസ് ഉദ്യോഗസ്ഥരെപ്പോലും അതിശയിപ്പിക്കുന്ന കൂർമ്മബുദ്ധിയുള്ള കുറ്റാന്വേഷകനിലേക്കും പിന്നീട് വീണ്ടും എക്‌സോർസിസം നടത്തുന്ന പാരാസൈക്കോളജിസ്റ്റായും രൂപഭാവമാറ്റങ്ങൾ നടത്തുവാൻ ഈ താരശരീരത്തിന് സാധിക്കുന്നുണ്ട്. സിനിമയുടെ തുടക്കത്തിൽ (00:07:06) ഒരു പുരോഹിതന്റെ തന്നെയെന്നും തോന്നിപ്പിക്കുന്ന അടക്കം വന്ന ശബ്ദത്തിൽ പ്രഭാതപ്രാർത്ഥന നടത്തി, കൊന്തയുമായി വരുന്ന താരം, തന്നോട് ചില രഹസ്യങ്ങൾ പറയാൻ വന്ന പെൺകുട്ടിയോട് (അവൾ പ്രേതമാണെന്നറിഞ്ഞുതന്നെ) ചില ചോദ്യങ്ങൾ ചോദിക്കുന്നത് കുറ്റാന്വേഷണ ദൗത്യത്തിൽ അതീവ വൈദഗ്ധ്യമുള്ള രീതിയിലാണ്. പിന്നീട് (00:15:11-00:18:35) കൊലപാതകം നടന്ന വീട്ടിലെ സന്ദർശനത്തിൽ പോലീസിനൊപ്പം, ഒരു രണ്ടാമനായി വരുമ്പോഴും കൊല നടന്ന മുറിക്കുള്ളിൽ സൂക്ഷ്മനിരീക്ഷണം നടത്തുന്ന സിബിഐ ഉദ്യോഗസ്ഥന്റെ ഭാവപ്രകടനങ്ങൾ കൃത്യമായി നടത്തുന്നു. 00:18:35 മിനിറ്റിൽ പ്രേതബാധയുള്ള കുട്ടിയുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന ദൃഷ്ടി പായിക്കുമ്പോൾ, ഈ താരശരീരത്തിൽ ഒരേ സമയം, എക്ലോർസിസ്റ്റ് ആയ പുരോഹിതനെയും, സിബിഐ ഓഫീസറേയും പ്രേക്ഷകർക്കു ദർശിക്കുവാൻ സാധിക്കുന്നു. പാരാസൈക്കോളജിയിൽ പാണ്ഡിത്യമുള്ള മനശ്ശാസ്ത്രജ്ഞനേയും ഇവിടെ കൃത്യമായി ഈ ശരീരം അവതരിപ്പിക്കുന്നുണ്ട്.

കുറ്റാന്വേഷണത്തിന്റെ രണ്ടാം പാദത്തിൽ (00:21:00-00:23:11) വരെ ആധികാരികമായി ആത്മഹത്യയാണെന്ന പോലീസ് വാദത്തെ തള്ളിക്കളയുന്നു. അമേയയെന്ന കുട്ടിയെ നിരീക്ഷിക്കുമ്പോൾ ഒരു മനശ്ശാസ്ത്രജ്ഞന്റെ ഭാവപ്രകടനങ്ങൾ പ്രതിഫലിപ്പിക്കുന്ന നോട്ടവും ഭാവവും ഈ താരശരീരം അനായാസം കൈകാര്യം ചെയ്യുന്നു (00:23:41-00:26:11) ആശുപത്രിയിൽ കുട്ടിയെ കാണാൻ വരുന്ന പുരോഹിതൻ, ‘അമയ പലതും കാണുന്നുണ്ട് എനിക്കറിയാം’ എന്ന സംഭാഷണത്തിലൂടെ മമ്മൂട്ടി തന്റെ താരശരീരത്തിന്റെ ആധികാരികത പ്രേക്ഷകരിൽ ഉറപ്പിക്കുന്നു. പിന്നീട് ലെൻസുകൾ വെച്ച്, കൊലപാതകശ്രമം നടന്ന ജനാലകൾ പരിശോധിക്കുമ്പോഴും, സമീപപ്രദേശത്തെ സിസിടിവികൾ പരിശോധിക്കണമെന്നു പറയുമ്പോഴും ഒരു കുറ്റാന്വേഷക-പുരോഹിതന്റെ റോളിലേക്ക് ഈ താരശരീരം കൃത്യമായി ഇറങ്ങുന്നു. കൊലപാതകത്തിന് നേതൃത്വം കൊടുത്ത ഡോക്ടറുടെ കഴുത്തിൽ കൈയിലുണ്ടായിരുന്ന ദണ്ഡ് വച്ച് പിടിക്കുമ്പോൾ, മമ്മൂട്ടിയിലെ സിബിഐ ശരീരത്തിന്റെ ഭാവം പ്രേക്ഷകരിലെത്തുന്നു. ഒരു പുരോഹിതൻ ചെയ്യേണ്ട കാര്യമല്ലേയെന്ന ഒരു സന്ദേഹവും ഇവിടെ പ്രേക്ഷകർക്കുണ്ടാകാത്തത്, വർഷങ്ങളായി മമ്മൂട്ടി താരശരീരം ചെയ്ത കുറ്റാന്വേഷക റോളുകളുടെ പ്രഭാവലയത്തിൽ അകപ്പെടുന്നതുകൊണ്ടുതന്നെയാണ്. 00:46:12-00:46:27ൽ പറയുന്ന ‘നമ്മുടേ കേസേ കഴിഞ്ഞിട്ടുള്ളൂ, എന്റെ കേസ് തുടങ്ങാൻ പോകുന്നതേയുള്ളൂ’ എന്ന സംഭാഷണം മമ്മൂട്ടിയുടെ അധരങ്ങളിൽ നിന്നു വരുമ്പോൾ സിനിമയുടെ തുടർന്നുള്ള മുന്നോട്ടുപോക്കിന് ആധികാരികത കിട്ടുകയാണ്.

പിന്നീട് …. ഭവനത്തിൽ പ്രേതബാധിതയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനൊരുങ്ങുന്ന ഫാ. കാർമൻ ബനഡിക്ടിനെയാണ് പ്രേക്ഷകർ കാണുന്നത്. പ്രേതത്തെ തേടിയുള്ള ഈ മമ്മൂട്ടി യാത്രയിൽ, താരത്തിനൊപ്പം പ്രേക്ഷകരും ചേരുന്നു. ഒരു മനശ്ശാസ്ത്രജ്ഞന്റെ ഭാവവും, പുരോഹിതന്റെ അടക്കംവന്ന സ്വഭാവവും സമന്വയിപ്പിച്ച്, ഈ താരശരീരം വലിയ ഒരു ഏറ്റുമുട്ടലിനൊരുങ്ങുമ്പോൾ, പ്രേക്ഷകർ ഈ ആധികാരികതയെ അംഗീകരിക്കുന്നു. 01:16:42നുശേഷം എക്‌സോർസിസം നടത്തുന്ന വിദഗ്ധനായ പുരോഹിതനെ മമ്മൂട്ടി തന്റെ ശരീരത്തിനു വഴങ്ങുന്ന പരുവത്തിൽ അനായാസം കൈകാര്യം ചെയ്യുമ്പോൾ, തന്റെ ഗാംഭീര്യം തുളക്കുന്ന ശബ്ദത്തിലൂടെ, ‘Most glorious Prince of the Heavenly Armies…… in the name of the father, of the son and the Holy Ghost, Amen’ എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ പിശാചിനെ ബഹിഷ്‌ക്കരിക്കുന്ന ആചാരത്തിന്റെ സാധൂകരണം സ്‌ക്രീനിൽ സാധ്യമാക്കുകയാണ്. സിദ്ധാർത്ഥനെ പ്രേതത്തിൽ നിന്നും രക്ഷിക്കുന്ന സമയത്ത് (02:14:43) സൂപ്പർതാരത്തിന്റെ മിന്നലാട്ടം പ്രേക്ഷകർക്കു ദർശിക്കുവാൻ കഴിഞ്ഞു. യഥാർത്ഥ കുറ്റവാളികൾ സിനിമയുടെ അവസാന ഭാഗത്ത് ശിക്ഷിക്കപ്പെടുമ്പോൾ, കുന്നിനു മുകളിൽ നിന്ന് നോക്കുന്ന ന്യായാധിപന്റെ റോളിലാണ് ഈ താരശരീരത്തെ നമ്മുക്കു കാണുവാൻ സാധിക്കുന്നത്.

താരശരീരം ചലച്ചിത്ര മൂലധനമാകുമ്പോൾ

പുരോഹിതനിൽ നിന്നും കുറ്റാന്വേഷണ വിദഗ്ധനിലേക്കും പിന്നീട് എക്‌സോർസിസിൽ നിന്നും വീണ്ടും വീരരക്ഷകനിലേക്കും പായുന്ന താരശരീരത്തെയാണ് പ്രീസ്റ്റിൽ പ്രേക്ഷകർക്കു കാണുവാൻ കഴിയുന്നത്. കുറ്റാന്വേഷകന്റെ റോളുകൾ പൂർണ വിജയകരമായി കൈകാര്യം ചെയ്ത താരശരീരത്തിന്റെ ചലച്ചിത്ര മൂലധനവും, യഥാർത്ഥ ജീവസമൂഹത്തിൽ അദ്ദേഹത്തിൽ പ്രകടമാകുന്ന ആധികാരികതയും കൂടിച്ചേരുമ്പോഴാണ് മമ്മൂട്ടി താരശരീരം ശക്തിപ്രാപിക്കുന്നത്. ഈ സംയോജിക്കലിൽ അദ്ദേഹത്തിന്റെ ഉടലധികാരം, കുറ്റാന്വേഷണ സിനിമയിൽ സമ്പൂർണ മേൽക്കൈ നേടുകയും, അധീശ്വതം ഉറപ്പിക്കുകയും ചെയ്യുന്നു. ഈ ഉടലിനെ, മനശ്ശാസ്ത്ര വിദഗ്ധനായ ഫാ. കാർമൻ ബനഡിക്ടിലേക്ക് അച്ചടക്കത്തോടുകൂടി സന്നിവേശിക്കപ്പെട്ടതിലൂടെയാണ്, ഒരു കുറ്റാന്വേഷക – പുരോഹിത ഉടലിന്റെ പിറവിക്കാധാരമായത്.

വിഭ്രാന്തിയുടെ പ്രേക്ഷകർ

അടച്ചിട്ട സിനിമാ ഹാളുകളിൽ രൂപപ്പെട്ടുവരുന്നത് വിഭ്രാന്തിയുടെ ഒരു വികാരലോകംതന്നെയാണ്. ഒരു സിനിമാ പ്രേക്ഷകൻ ഈ വിഭ്രാന്തിയുടെ ലോകത്ത് യുക്തിഭദ്രതെയും, വ്യവസ്ഥകളെയു വിട്ട് സിനിമയുടെ വശീകരിക്കലിന് വിധേയപ്പെടുന്നു. ഈ രൂപാന്തരണീകരത്തിൽ പ്രേക്ഷകരുടെ ഉടലുകളും, താരത്തിന്റെ സ്വർഗീയ ഉടലും തമ്മിലുള്ള ബന്ധപ്പെടീൽ സാധ്യമാകുകയും, താരഉടലിന്റെ വശീകരണ പ്രകൃതത്തിന് പ്രേക്ഷക ഉടലുകൾ വിധേയപ്പെടുകയും ചെയ്യുന്നു. ഈ വശീകരിക്കൽ വെറും കളവല്ല, പ്രത്യുത താരഉടലിന്റെ ആധികാരികത ഉറപ്പിക്കുന്ന സിനിമാറ്റിക് നിമിഷങ്ങളാണ് പ്രീസ്റ്റിൽ, ഈ താരഉടലിന്റെ ഉടമസ്ഥൻ, മമ്മൂട്ടി, തന്റെ ഉടലിന്റെ ആധികാരികതയിലൂടെ, താൻ കൈകാര്യം ചെയ്യുന്ന ത്രീ-ഇൻ വൺ കഥാപാത്രങ്ങളുടെ ആധികാരികതയും പ്രേക്ഷകരിൽ ഉറപ്പിക്കുന്നു. ഈ സിനിമാതാരശരീരം ഇതുവരെ നടത്തിപ്പോന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ഉടലധികാര പ്രയോഗത്തിന്റെ ദൃഢീകരണമാണ് പ്രീസ്റ്റിൽ ദർശിക്കുവാൻ സാധ്യമാകുന്നത്. ഒരു സിനിമാ താരം, താൻ ചെയ്ത പ്രധാന വേഷങ്ങളിലൂടെ ഉണ്ടാക്കിയെടുക്കുന്ന സിനിമാ ശരീരം, തീയേറ്ററിനുള്ളിൽ ഒരുതരം നിയമസാധുത (എശഹാശര ഹലഴശശോമര്യ) നേടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രീസ്റ്റിലെ മമ്മൂട്ടി ശരീരം. യവനികയിലെ ഈരാളിയുടെയും, സിബിഐയിലെ അയ്യരുടെയും നോട്ട-രസ-ഭാവ പ്രകടനങ്ങൾ ഫാദർ കാർമൻ ബനഡിക്ടിലേക്ക് വന്നുചേരുന്നത് സൂപ്പർതാര ഉടലിന്റെ നിർമിതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിബിംബവൽക്കരണത്തിന്റെ (വിഗ്രഹവൽക്കരണമെന്നും പറയാം) സിനിമാ അനുഭവ തുടർച്ചതന്നെയാണ്. അല്ലെങ്കിൽ വേഷങ്ങൾ താരത്തെ സൃഷ്ടിക്കുന്നതും, പിന്നീട് താരം വേഷങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്ന സിനിമാ സംസ്‌കാര-വ്യവസായ ഭൂമികയിലെ വ്യവഹാര മാറ്റങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈരാളിയിൽനിന്നും ഫാദർ ബനഡിക്ടിലെത്തിയത് ഈ താരശരീരത്തിന്റെ ചരിത്രപരമായ വളർച്ചയുടെ മൂർത്തികരണത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം സിനിമാ വ്യവസായ ലോകത്തിന്റെ രാഷ്ട്രീയവും വെളിവാക്കുന്നു; ഒപ്പം കമ്പോളം സൃഷ്ടിച്ചെടുക്കുന്ന ചലച്ചിത്രാസ്വാദന അഭിനിവേഷവും.