ജീവിതം നമ്മള്‍ തിരിച്ചുപിടിക്കും – മാഗ്ലിന്‍ ഫിലോമിന

ജീവിതം നമ്മള്‍ തിരിച്ചുപിടിക്കും – മാഗ്ലിന്‍ ഫിലോമിന
മത്സ്യത്തൊഴിലാളികളായ ഞങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ഞങ്ങള്‍ നിരന്തരം ദുരന്തം അനുഭവിക്കുന്ന വിഭാഗമാണ്. സുനാമിയും അതിനുശേഷമുണ്ടായ ഓഖിയും, ഇതുരണ്ടും മാത്രമല്ല ഇതിനു സമാനമായ കാലാകാലങ്ങളിലുണ്ടാകുന്ന കടലേറ്റങ്ങളിലും ഞങ്ങള്‍ നിരന്തരം ദുരിതം അനുഭവിക്കുന്നവരാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. പത്തും ഇരുപതും വര്‍ഷമായി താമസിക്കുന്നവരുണ്ട്. അതൊന്നും സര്‍ക്കാരുകള്‍ ദുരന്തമായി കണ്ടിട്ടില്ല. ചെറുതോ വലുതോ ആയുള്ള ദുരന്തമായിട്ട് നൂറുകണക്കിന് വീടുകള്‍ നഷ്ടപ്പെട്ടപ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിശ്ശബ്ദതയായിരുന്നു അനുഭവപ്പെട്ടിരുന്നത്.
ഞങ്ങള്‍ ഇത്തരം ഒരു ദുരന്തം ലോകത്ത് ആര്‍ക്കുമുണ്ടാകരുതേയെന്നു ആഗ്രഹിക്കുന്നവരാണ് പ്രത്യേകിച്ച്‌വെള്ളവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു ദുരന്തമുണ്ടായാല്‍ അത് ഞങ്ങളെകൂടി ബാധിക്കുന്നതാണ് എന്ന് കരുതുന്നവരാണ്. ഇത് പ്രകൃതി ഞങ്ങള്‍ക്ക് തന്നിട്ടുള്ള പ്രത്യേക കഴിവാണോയെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. കടലില്‍ ആരുടെയെങ്കിലും വള്ളം അപകടത്തില്‍പ്പെട്ടാല്‍ തുറയില്‍ നിന്ന് യാതൊരു വിഭാഗീയചിന്തയുമില്ലാതെ ഉടനെ ചെന്ന് അതിനെ രക്ഷിച്ചെടുക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ കര്‍ത്തവ്യം. യാതൊരുവിധ ശാസ്ത്രീയ സുരക്ഷാസന്നാഹങ്ങളുമില്ലാതെയാണ് ഇത് നടത്തുന്നത്. ഇതായിരുന്നു ഓഖി ഉണ്ടായ സമയത്ത് അധികാരികള്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് ജീവന്‍ പണയംവെച്ച് കടലില്‍ അന്ന് രക്ഷിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കറിയാമായിരുന്നു ഞങ്ങള്‍ക്കിടയില്‍ വൈദഗ്ധ്യമുള്ള ആളുകള്‍ ഉണ്ടെന്ന്. ഒഴുക്കിലും തിരയിലും എങ്ങനെ നീന്തണം, ബോട്ട് ഓടിക്കണം എന്നൊക്കെ ഇത്തരം പ്രകൃതിയുടെ പ്രതിഭാസങ്ങളെമല്ലിട്ട് ആര്‍ജ്ജിച്ചെടുത്ത കഴിവാണ്. ആ ആത്മവിശ്വാസത്തിലാണ് ഞങ്ങളുടെ സഹോദരര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ തീവ്രത ടിവിയില്‍ നിന്നും മറ്റും മനസ്സിലാക്കി യാതൊരു വീണ്ടുവിചാരമില്ലാതെ ദുരന്തമുഖത്തെത്തിയത്. ആരുടെയും ക്ഷണത്തിനും നിര്‍ദ്ദേശത്തിനും കാത്തുനില്‍ക്കാതെ ഏകദേശം മുന്നൂറിലേറെ വള്ളങ്ങളും അഞ്ഞൂറിലേറെ മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനത്തിനേര്‍പ്പെട്ടത്. എത്തിച്ചേരാനുള്ള വഴികളെക്കുറിച്ച് മാത്രമായിരുന്നു ഞങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നത്. പോലീസിന്റെയും മറ്റ് സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ അത് പരിഹരിക്കാനും പറ്റി. അതുപോലെ വള്ളം കൊണ്ടുപോകുന്നതിനും മറ്റുമായി ഗവണ്‍മെന്റും വേണ്ടസഹായങ്ങള്‍ ചെയ്തു തന്നു. ഇത്തരം ദുരന്തങ്ങളെ അഭിമുഖീകരിച്ചുള്ള അനുഭവങ്ങളും പ്രതിസന്ധികളെ നേരിട്ട് നേടിയ ചങ്കുറപ്പും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകും എന്ന പൂര്‍ണ്ണബോധ്യമുണ്ടായിരുന്നു. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ വളരെയേറെ ചാരിതാര്‍ത്ഥ്യമുണ്ട്. കേരളം മുഴുവന്‍ ഒരു മനസ്സോടെ നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരം ദുരന്തങ്ങളെ നേരിട്ട് ശീലമുള്ള ജനവിഭാഗമെന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നില്‍ നില്‍ക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ടെന്ന തിരിച്ചറിവാണ് അതിനു കാരണം. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ജീവനുകള്‍ക്ക് പകരംഞങ്ങള്‍ക്ക്ഒരുപാട്ജീവനുകള്‍ തിരിച്ചുപിടിക്കാന്‍ പറ്റി. അതാണ്ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന കാര്യം.