ജീന്‍ എഡിറ്റിംഗും നൈതിക പ്രശ്‌നങ്ങളും -ഡോ. ഷാജു തോമസ്

ജീന്‍ എഡിറ്റിംഗും നൈതിക പ്രശ്‌നങ്ങളും -ഡോ. ഷാജു തോമസ്

ചൈനീസ് ശാസ്ത്രജ്ഞനായ ഹീ ജിയാന്‍ക്വിയുടെ (He Jiankui) നേതൃത്വത്തില്‍ ‘ക്രിസ്പര്‍-കാസ് 9 സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യഭ്രൂണത്തില്‍ ജീന്‍ എഡിറ്റിംഗ് വിജയകരമായി നടത്തിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് എതിരെ പ്രതിരോധശേഷിയുള്ള മനുഷ്യശിശുക്കളെ സൃഷ്ടിക്കുന്നതിനാണ് ഈ വിദ്യ പ്രയോഗിച്ചതെന്ന് ഹീ അവകാശപ്പെട്ടു. 2018 നവംബര്‍ 27-28 തീയതികളില്‍ ഹോംങ്കോംഗില്‍ നടന്ന മനുഷ്യജീനോം എഡിറ്റിംഗിന്റെ രണ്ടാം ആഗോള ഉച്ചകോടിയിലാണ് ഹീ തന്റെ പരീക്ഷണ വിജയം അവതരിപ്പിച്ചത്. ‘ആയിരം ശേഷി പദ്ധതി’ പ്രകാരം അമേരിക്കയില്‍ നിന്ന് ചൈനയിലേക്ക് മടങ്ങി എത്തിയ ജീവശാസ്ത്രജ്ഞനാണ് ഹീ ജിയാന്‍ക്വി.

മനുഷ്യരില്‍ കാണപ്പെടുന്ന പാരമ്പര്യരോഗങ്ങളായ ബീറ്റാ തലാസ്സീമീയ, സിസ്റ്റിക് ഫൈബ്രോസിസ്, ഹീമോഫീലിയ, ഡയബറ്റിസ് പോലുള്ളവയെ പരിഹരിക്കുന്നതിനും എയ്ഡ്‌സ് തുടങ്ങിയ വൈറസ്ജന്യ വ്യാധികളെ ചെറുക്കുന്നതിനും മനുഷ്യജീനോമിനെയും തദ്വാര മനുഷ്യരേയും പ്രാപ്തരാക്കുന്നതിനുള്ള സാധ്യതകളാണ് ഹീയുടെ പരീക്ഷണ വിജയത്തിലൂടെ കരഗതമായിരിക്കുന്നുവെന്നാണ് മനുഷ്യജീനോം എഡിറ്റിംഗിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്.

എന്താണ് ജീനോം (ജീന്‍) എഡിറ്റിംഗ്? ജീവികളിലെ സ്വാഭാവസവിശേഷതകളെ നിര്‍ണ്ണയിക്കുന്നതും അവയെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതും കോശങ്ങളിലെ കോശമര്‍മ്മത്തില്‍ സ്ഥിതിചെയ്യുന്ന ക്രോമസോമുകളില്‍ ക്രമീകരിച്ചിരിക്കുന്ന ഡീ ഓക്‌സീറൈബോ ന്യൂക്ലിക് ആസിഡ് അല്ലെങ്കില്‍ ഡി.എന്‍.എ. എന്ന വന്‍ തന്മാത്രയിലാണ്. ഇതിന്റെ രാസഘടന കണ്ടുപിടിച്ചതിന് 1962-ല്‍ ജെയിംസ് വാട്‌സണ്‍, ഫ്രാന്‍സിസ് ക്രിക്ക്, മോറിസ് വില്‍ക്കിന്‍സ് എന്നിവര്‍ നൊബേല്‍ സമ്മാനം നേടി. തന്മാത്ര ജീവശാസ്ത്രത്തില്‍ ഒരു കുതിച്ചുചാട്ടത്തിന് ഈ കണ്ടുപിടുത്തം സഹായിച്ചു. പിരിയന്‍ ഗോവണി ആകൃതിയിലുള്ള ഡി.എന്‍.എയുടെ രാസഘടന വ്യക്തമായതോടുകൂടി അതിന്റെ പ്രവര്‍ത്തനരീതികളും അനാവരണം ചെയ്യപ്പെട്ടു. ഡി.എന്‍.എയുടെ ഇരട്ടിക്കല്‍ അല്ലെങ്കില്‍ പ്രതിരൂപീകരണത്തിലൂടെയാണ് തലമുറകളിലേക്ക് സ്വഭാവവിശേഷങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് തെളിയിക്കപ്പെട്ടു. ജീവികളുടെ വളര്‍ച്ചയ്ക്കുവേണ്ട പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്നതില്‍ ഡി.എന്‍.എയുടെ പകര്‍പ്പെടുക്കല്‍/അനുലേഖനം അനിവാര്യമാണെന്നും കണ്ടെത്തി. ഇതോടുകൂടി ഓരോ സ്വഭാവങ്ങള്‍ നിര്‍ണയിക്കുന്നതിലും ഓരോ പ്രോട്ടീനുകള്‍ ഉല്പാദിപ്പിക്കുന്നതിലും ഒരു നിശ്ചിതഭാഗം ഡി.എന്‍.എയുടെ പങ്ക് വ്യക്തമായി. ഈ ഭാഗത്തുള്ള ഡി.എന്‍.എ. അനുക്രമത്തെ (DNA sequence  അവ നൈട്രജന്‍ ബേസുകളായ അഡിനീന്‍ (Adenine), തൈമീന്‍ (Thymine), ഗുവാനിന്‍ (Guanine), സൈറ്റോസിന്‍ (Cytosine) എന്നിവയാണ്.) ജീന്‍ എന്നും വിശേഷിപ്പിച്ചു. ജീനോം (Genome) എന്ന വാക്ക് ജീവികളുടെ കോശങ്ങളില്‍ വിന്യസിപ്പിക്കപ്പെട്ടിരിക്കുന്ന മൊത്തം ഡി.എന്‍.എ. അല്ലെങ്കില്‍ ജനിതകവസ്തുവിനെ കുറിക്കുന്നതായി. ഈ ജീനോമില്‍ ഉള്ള നിശ്ചിത ഡി.എന്‍.എ. ഭാഗങ്ങളെ (ജീനുകളെ) മുറിച്ചു മാറ്റുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും ഉതകുന്ന നൂതന സാങ്കേതികവിദ്യയാണ്. ക്രിസ്പര്‍ – കാസ് 9 (CRISPR – Cas 9). ഇതില്‍ ക്രിസ്പര്‍ എന്നത് ക്ലസ്റ്റേഡ് റെഗുലര്‍ലി ഇന്റര്‍സ്‌പേസഡ് ഷോര്‍ട്ട് പാലിന്‍ഡ്രോമിക് റിപ്പീറ്റ്‌സ് (Clustered Regularly Interspaced Short Palindromic Repeats) എന്നാണ്. കാസ് 9 ആകട്ടെ ക്രിസ്പര്‍ അസോസിയേറ്റഡ് എന്‍സൈം ആണ്. ഡി.എന്‍.എ. ശൃംഖലയിലെ ജീന്‍ അനുക്രമങ്ങളെ കൃത്യമായി മുറിക്കുന്നതിനാണ് ഈ രാസാഗ്നി സഹായിക്കുന്നത്.

പ്രകൃതിയില്‍ ബാക്ടീരിയകള്‍ അവയെ ആക്രമിക്കുന്ന വൈറസുകളില്‍ നിന്ന് രക്ഷനേടുന്നതിനായി ആര്‍ജിച്ച ഒരു അതിജീവനതന്ത്രത്തിന്റെ ഭാഗമാണ് ക്രിസ്പര്‍-കാസ് 9. അക്രമകാരികളായ വൈറസുകളുടെ ജീന്‍ശകലങ്ങളെ മുറിച്ചെടുത്ത് സൂക്ഷിക്കുന്നതിന് പ്രകൃതിദത്തമായ കഴിവ് ബാക്ടീരിയകള്‍ക്ക് ഉണ്ട്. ഇങ്ങനെ ബാക്ടീരിയകളുടെ ജീനോമില്‍ സൂക്ഷിച്ചിരിക്കുന്ന വൈറസ് ജീനുകളെ ക്രിസ്പര്‍ ശ്രേണി/വ്യൂഹം എന്ന് പറയുന്നു. ഈ ശ്രേണിഘടനയോട് ബന്ധമുള്ള വൈറസുകള്‍ വീണ്ടും ആക്രമിച്ചാല്‍ അവയെ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും ബാക്ടീരിയകള്‍ക്കു കഴിയും. ബാക്ടീരിയകളുടെ ഉള്ളിലേക്ക് കയറുന്ന വൈറസിനെ നശിപ്പിക്കുന്നതിന് ഈ ക്രിസ്പര്‍ ജീനുകള്‍ അനുലേഖന പ്രക്രിയയിലൂടെ ആര്‍.എന്‍. എ. (റൈബോ ന്യൂക്ലിക് ആസിഡ് – ഞചഅ) കളെ നിര്‍മ്മിക്കുന്നു. ഈ ആര്‍.എന്‍.എ., വൈറസ് ജീനോമിനെ തിരിച്ചറിയുന്നതിന് കാസ്9 എന്‍സൈമിന്റെ ഗൈഡായി പ്രവര്‍ത്തിക്കും. അങ്ങനെ ക്രിസ്പര്‍ – കാസ്9 സംയുക്തമായി വൈറസ് ജീനോമിനെ കീറിമുറിച്ച് നശിപ്പിക്കും. ഇതിനെ അനുകരിച്ചാണ് പരീക്ഷണശാലകളില്‍ ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.

ഒസാക്കാ യൂണിവേഴ്‌സിറ്റിയിലെ യോഷിസുമി ഇഷിനോ (Yoshizumi Ishino) 1980 കളില്‍ തുടക്കമിട്ട ഗവേഷണത്തിന്റെ തുടര്‍ച്ചയായി സ്പാനിഷ് ഗവേഷകരായ ഫ്രാന്‍സിസ്‌ക്കോ മോജിക് (Francisco Mojica), റഡ് ജാന്‍സെന്‍  (Ruud Jansen) എന്നിവര്‍ ചേര്‍ന്ന് രണ്ടായിരത്തിലാണ് ക്രിസ്പര്‍ എന്ന പദപ്രയോഗം മുന്നോട്ടുവച്ചത്. 2007 ആയപ്പോഴേക്കും ഫ്രഞ്ച് ബയോകെമിസ്റ്റായ ഫിലിപ്പീ ഹോര്‍വാത്ത് (Philippe Horvath) ഇതിന്റെ പരീക്ഷണ തെളിവുകള്‍ പ്രസിദ്ധീകരിച്ചു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ജെന്നിഫര്‍ ഡഡ്‌ന (Jennifer Doudna), ജര്‍മ്മന്‍ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇമ്മാനുവലെ ചാര്‍പെന്റിയര്‍ (Emmanuelle Charpentier), എം.ഐ.ടിയിലെ ഫെന്‍ ഷാംങ് (Feng Zhang), ഹാര്‍വാര്‍ഡിലെ ജോര്‍ജ് ചര്‍ച്ച് (George Church) എന്നിവര്‍ ഈ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്.