ജാബിര്‍ നിന്നോടെങ്ങനെയാണ് നന്ദി പറയേണ്ടത്  – വി.കെ.ശ്രീരാമന്‍

ജാബിര്‍ നിന്നോടെങ്ങനെയാണ് നന്ദി പറയേണ്ടത്   – വി.കെ.ശ്രീരാമന്‍

ഒമാനിലെ റൂവി എന്ന സ്ഥലത്തായിരുന്നു ബോജസ്റ്റ് കോണ്‍ട്രാക്റ്റിങ്ങ് കമ്പനിയുടെ ആസ്ഥാനം. പ്രധാനമായും കെട്ടിടനിര്‍മ്മാണമായിരുന്നു കമ്പനി ഏറ്റെടുത്തിരുന്ന ജോലി. 1983 ലാണ് ഒരു ടൈംകീപ്പറുടെ തസ്തികയില്‍ ഞാനാ കമ്പനിയില്‍ എത്തിച്ചേരുന്നത്. ഏതാണ്ട് പത്തുമാസമെ ഒമാനിലും ആ കമ്പനിയിലുമായി ഉണ്ടായിരുന്നുള്ളു എങ്കിലും ജീവിതത്തില്‍ ആ പ്രവാസകാലം ഒരടയാളംവച്ചു. ഒരു തീപ്പൊള്ളിയ പാട്. പത്തു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും  ആ തീപ്പാടിലേക്ക് ഇടയ്‌ക്കെല്ലാം കൈവിരല്‍ നീണ്ടുചെല്ലുന്നു.


ബി.സി. എന്ന ചുരുക്കപ്പേരില്‍ ആണ് തൊഴിലാളികള്‍ക്കിടയില്‍  കമ്പനി അറിയപ്പെട്ടിരുന്നത്. ഓരോ സൈറ്റുകള്‍ക്കും ക്രമനമ്പറുകളുണ്ട്. ഞാന്‍ ജോലിക്കുചേര്‍ന്ന പണിയിടം ബി.സി. 53 എന്ന് അറിയപ്പെട്ടു.


പഞ്ചാബികളും പഠാണികളും സിന്ധികളും ബംഗാളികളും തമിഴരും മലയാളികളുമെല്ലാം ഉണ്ടായിരുന്നു ബി.സി.53 ല്‍ തൊഴിലാളികളായിട്ട്. ആശാരിമാര്‍, ഇഷ്ടിക പടുക്കുന്നവര്‍, തേപ്പുകാര്‍, ചായമടിക്കുന്നവര്‍, കോണ്‍ക്രീറ്റു ചെയ്യുന്നവര്‍, ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യുന്നവര്‍ അങ്ങനെ പലതരം പണിക്കാര്‍.


ഇഷ്ടികയും കല്ലും ചുമന്നും മുട്ടും പലകയും പൊക്കിയും കണ്ടെയ്‌നറുകള്‍ തട്ടുന്ന സിമന്റു ചാക്കുകള്‍ പുറത്തേറ്റി വേച്ചു വേച്ചു നടന്നും പകലുകള്‍ അടിവച്ചളന്ന് തീര്‍ക്കുന്ന ആ മനുഷ്യരുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ പലപ്പോഴും അപമാനം കൊണ്ടു സ്വയം ഉരുകി.


അവരുടെ നീലനിറത്തിലുള്ള പണിക്കുപ്പായങ്ങളില്‍ വിയര്‍പ്പു പടര്‍ന്നൂറി വെള്ളനിറം വടുക്കെട്ടി അവരില്‍ പലരും തളര്‍ന്നുവീണു.


വീണവര്‍ക്ക് ഉപ്പുഗുളികയും വെള്ളവും കൊടുത്ത് ‘ഉഠോ’ എന്ന് അലറേണ്ടതും ടൈംകീപ്പറുടെ ചുമതലയാണ്. ഹെല്‍പ്പര്‍ എന്ന തസ്തികയിലുള്ള വെയിലത്ത് പണിയെടുത്തവരാണ് തളര്‍ന്നുവീണവരില്‍ ഏറെയും. ഹെല്‍പ്പര്‍മാരായി മലയാളികള്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല ബി.സി.അമ്പത്തിമൂന്നില്‍.  മലയാളികളൊക്കെ എന്‍ജിനീയറോ ഫോര്‍മാനോ മേസ്തിരിയോ ഇലക്ട്രീഷ്യനോ പ്ലംമ്പറോ ആയിരുന്നു. അവര്‍ ഇംഗ്ലീഷിലാണ് എല്ലാവരോടും സംസാരിച്ചിരുന്നത്. ഒരിക്കല്‍ ആന്ധ്രക്കാരനായ നരസയ്യ എന്ന ഹെല്‍പ്പര്‍ വന്ന് എന്നോട് ഹിന്ദിയില്‍ ചോദിച്ചു.


‘സാബ്, നിങ്ങള്‍ കേരളത്തിലുള്ളവരുടെ മാതൃഭാഷ ഇംഗ്ലീഷ് ആണോ ‘


ബി.സി.53ല്‍ പണിയെടുക്കുന്ന മനുഷ്യരെ നിര്‍ഭയം ശകാരിച്ചുകൊണ്ട് കലിപൂണ്ടു പാഞ്ഞുനടന്നു മലയാളികളായ എന്‍ജിനീയറും ഫോര്‍മാനുമെല്ലാം. തൊഴിലാളിവര്‍ഗ്ഗത്തിന്റെ മഹത്വം കവലകള്‍തോറും ദിനേന വിളംബരം ചെയ്യുന്നു. തിരഞ്ഞെടുപ്പിലൂടെ ലോകത്തിലാദ്യമായി അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് ഗവന്‍മെന്റുണ്ടായ നാട്ടില്‍ നിന്നു വരുന്ന മനുഷ്യര്‍ക്ക് ഇത്രയും നീചവും നികൃഷ്ടവുമായ വാക്കുകള്‍ എങ്ങനെ തൊഴിലാളികള്‍ക്കുനേരെ പ്രയോഗിക്കാന്‍ കഴിയുന്നു എന്നു ഞാനമ്പരന്നു.


ജോണ്‍ ജേക്കബ് എന്ന ഒരു ഫോര്‍മാനു നേരെ കിഷന്റാം എന്ന യു.പി.ക്കാരന്‍ ഇരുമ്പിന്റെ ഷവല്‍ ഉയര്‍ത്തി അട്ടഹസിച്ചുകൊണ്ട് പാഞ്ഞു ചെന്നതും ജോണ്‍ ജേക്കബ് വാട്ടര്‍ ടാങ്കിന്റെ ഗോവണിയില്‍ കയറി നിലവിളിച്ച് ആളെ കൂട്ടിയതും മാത്രമായിരുന്നു പത്തുമാസത്തിനിടെ ആകപ്പാടെ ഞാന്‍കണ്ട സായുധ വിപ്ലവം.


മനുഷ്യര്‍ പ്രത്യേകിച്ച് മലയാളികള്‍ക്ക് ഇത്രയും സംസ്‌കാരശൂന്യരാവാന്‍ കഴിയുമെന്ന് വേദനയോടെ ഞാന്‍ മനസ്സിലാക്കുന്നത് ഒമാനിലെ ബി.സി. അമ്പത്തിമൂന്നില്‍ വച്ചാണ്. വര്‍ഷങ്ങള്‍ക്കുശേഷം അതേ മലയാളി സമൂഹത്തില്‍ നിന്ന് തേജസുറ്റ ഒരു കാരുണ്യത്തിന്റെ മുഖം ഞാന്‍ കണ്ടെത്തി. ജാബിര്‍ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമൊത്ത് മസ്‌കറ്റിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്നു. തലശ്ശേരിയാണ് ജാബിറിന്റെ സ്വദേശം.