ജാതിവിരുദ്ധത ജീവിതപ്രമാണമായി സ്വീകരിക്കുക – സണ്ണി കപിക്കാട്

ജാതിവിരുദ്ധത ജീവിതപ്രമാണമായി സ്വീകരിക്കുക – സണ്ണി കപിക്കാട്

നവോത്ഥാനം എന്ന ചരിത്രപ്രക്രിയയെ തെറ്റിദ്ധരിച്ച സമൂഹമാണ് നമ്മുടേത്. നവോത്ഥാനം എന്ത് മൂല്യമാണ്, എന്ത് ജീവിതവീക്ഷണമാണ് കേരളീയ സമൂഹത്തിന് നല്‍കിയതെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം അവസാനിക്കുന്നില്ല. നവോത്ഥാനം എന്ന സങ്കല്പനം യൂറോപ്പിലെ അടിസ്ഥാനപരമായ ചരിത്രമാറ്റത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് വന്ന വാക്കാണ്. ഒരു സമൂഹം കൊണ്ടുനടന്നിരുന്ന മൂല്യങ്ങളെ കൈയ്യൊഴിയുകയും പുതിയൊരു മൂല്യബോധത്തിലേക്കും ജീവിതത്തിലേക്കും ജീവിതവീക്ഷണത്തിലേക്കും സമൂഹം അടിസ്ഥാനപരമായി പരിവര്‍ത്തനപ്പെടുന്ന ഒരു ചരിത്രപ്രക്രിയയാണ് നവോത്ഥാനം എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. യൂറോപ്പില്‍ ഇത് നടക്കുന്ന സമയത്ത് പേപ്പസിയുടെ കാലമായിട്ടുള്ള ഇരുണ്ടകാലഘട്ടമായിരുന്നു. മധ്യകാലഘട്ടം എന്നു വിളിക്കുന്ന യൂറോപ്പിലെ റോമില്‍ പോപ്പ് എല്ലാ കാര്യവും തീരുമാനിച്ചുകൊണ്ടിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തില്‍ നിന്നും യൂറോപ്പ് പുറത്തുകടന്ന ഒരു ചരിത്രപ്രക്രിയയാണ് നവോത്ഥാനം എന്ന വാക്കുകൊണ്ട് നമ്മള്‍ ഉദ്ദേശിച്ചത്. അങ്ങനെ പുറത്തുകടക്കാന്‍ യൂറോപ്പിനെ പ്രാപ്തമാക്കിയ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് പേപ്പസിക്കു മുമ്പ് യൂറോപ്പില്‍ ഗ്രീക്കോറോമന്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ഗ്രീസിലെയും റോമിലെയും തത്ത്വചിന്തയുടെ, കലയുടെ, രാഷ്ട്രീയചിന്തയുടെ വലിയൊരു പാരമ്പര്യം യൂറോപ്പില്‍ ഉണ്ടെന്ന കണ്ടെത്തലാണ്, യൂറോപ്പിലെ പുതിയ മനുഷ്യന്റെ ജനനത്തിന് ഇന്ധനം നല്‍കിയത്. അങ്ങനെ നവോത്ഥാനത്തില്‍ പുതിയ തത്ത്വചിന്ത വികസിക്കുന്നു. ശാസ്ത്രം വികസിക്കുന്നു. വലിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്നു, സാങ്കേതിക ലോകം വികസിക്കുന്നു. ലോകത്തെക്കുറിച്ചുള്ള അറിവിലൂടെ ജ്യോഗ്രഫി ഉണ്ടാകുന്നു. ഇങ്ങനെ പലതരത്തില്‍ മനുഷ്യന്റെ വൈജ്ഞാനിക മേഖലയില്‍ നടന്ന വലിയ വിസ്‌ഫോടനം യൂറോപ്പില്‍ നവോത്ഥാനത്തിന്റെ പിന്നില്‍ നമുക്ക് കാണാന്‍ കഴിയും. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും കേരളത്തില്‍ നടന്നതും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഈ ചരിത്രപ്രക്രിയയ്ക്ക് നവോത്ഥാനവുമായ് എന്തെല്ലാം സാമ്യങ്ങളാണ് ഉള്ളതെന്ന് നാം ആലോചിക്കണം.


മലയാളിയുടെ വൈജ്ഞാനിക മണ്ഡലത്തില്‍ 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ വളരെ വലിയൊരു പൊട്ടിത്തെറി ഉണ്ടായി എന്ന് പറയാന്‍ കഴിയും. അതാണ് മലയാളിയിലെ പുതിയ മനുഷ്യനെ സൃഷ്ടിച്ചത് എന്നു പറയാം. മലയാളിയുടെ ചരിത്രത്തിലെ ഇരുണ്ട ഭൂതകാലമല്ലാതെ അതിനിടയില്‍ എവിടെയെങ്കിലും ആധുനിക മനുഷ്യന് മാതൃകയാക്കാവുന്ന ഒരു ചരിത്രഘട്ടം നമുക്ക് കണ്ടെത്താനും പറ്റില്ല. യൂറോപ്പ് കണ്ടെത്തിയ പോലെ വളരെ ആദരണീയമായ ഒരു വൈജ്ഞാനികമായ പാരമ്പര്യത്തെ, മനുഷ്യഭാവനയുടെ പാരമ്പര്യത്തെ ഇന്ത്യാക്കാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കൊളോണിയല്‍ ആധുനികതയാണ് മലയാളിയില്‍ നവോത്ഥാനത്തിന്റെ അടിത്തറയായത്. ആധുനികവല്‍ക്കരണം നടന്നതിന്റെ ഭാഗമായാണ് സമൂഹത്തിന്റെ അടിസ്ഥാനശിലകള്‍ ബ്രാഹ്മണ്യത്തിന്റെ ജാതിജീവിതത്തിന്റെ, ജാതിശരീരങ്ങളുടെ, ജാതിസ്വപ്‌നങ്ങളുടെ അടിസ്ഥാനശിലയെ പിടിച്ചുലച്ചത്. അതുണ്ടാക്കിയ സാഹചര്യങ്ങളില്‍ നിന്നുമാണ് മലയാളി പ്രബുദ്ധത യഥാര്‍ത്ഥത്തില്‍ രൂപംകൊള്ളുന്നത്. അതുകൊണ്ട് ശ്രീനാരയണ ഗുരു പറഞ്ഞത് എനിക്ക് സന്യാസം നല്‍കിയത് ബ്രിട്ടീഷുകാരാണെന്നാണ്. ആ വാക്കിന്റെ അര്‍ത്ഥവും ചരിത്രപരമായ വ്യാപ്തിയും നമ്മള്‍ മനസ്സിലാക്കിയില്ല. വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണെന്നു പറഞ്ഞു. അതിനു മുമ്പ് എന്തു പറയപ്പെട്ടുവെന്നത് പറയുന്നില്ല. ലോകാ സമസ്താ സുഖിനോഭവന്തു, ശൂദ്രനെ അക്ഷരം പഠിപ്പിക്കരുത് എന്നിങ്ങനെ പറഞ്ഞിരുന്നു. വളരെ കൗശലപൂര്‍വ്വം കാര്യങ്ങള്‍ മറച്ചുവയ്ക്കുകയും മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഒരാഖ്യാനപാടവം മലയാളിക്കുണ്ടെന്നുള്ളത് കൂടുതല്‍ ജാഗ്രതയോടെ കാണേണ്ടതാണ്.


ഗോവിനും ബ്രാഹ്മണനും സൗഖ്യമാണെങ്കില്‍ ലോകാസമസ്താ സുഖിനോ ഭവന്തു എന്നാണ് പറയുന്നത്. ഇതുപറയാതിരുന്നിട്ട് എന്തു സൗഖ്യത്തിന്റെ കാര്യമാണ് നമ്മള്‍ പറയുന്നത്. ഇതു പറയാതെ പശുവിന്റെ പേരില്‍ കൂട്ടക്കൊലനടത്തിയിട്ട് നമ്മള്‍ വാപൊളിച്ചിട്ട് കാര്യമില്ല. ഇതു മനസ്സിലാക്കിയാല്‍ നമുക്ക് ഉത്തരം കിട്ടും. ഗുരു പറഞ്ഞത് ബ്രിട്ടീഷുകാരാണ് സന്യാസം തന്നത് എന്നാണ്. ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന്‍ ജയിക്കാന്‍ നിങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കണം. എന്തുകൊണ്ടെന്നാല്‍ അവരാണ് എനിക്ക് സന്യാസം തന്നത്. അപ്പോള്‍ ശിഷ്യന്‍ ചോദിക്കുന്നു ഇതുകൊണ്ടെന്താണ് അങ്ങ് ഉദ്ദേശിക്കുന്നത്, ഗുരുവിന് ദീക്ഷ നല്‍കിയത് ബ്രിട്ടീഷുകാരാണോയെന്ന്. ഇതിനു മറുപടിയായി ജ്ഞാനത്തിനുവേണ്ടി തപസു ചെയ്ത ശംബുഖന്റെ തല രാമന്‍ അറുത്തുകളയുകയായിരുന്നല്ലേ എന്നാണ് പറഞ്ഞത്. ഇന്ന് ആഘോഷിക്കപ്പെടുന്ന ബ്രാഹ്മണമൂല്യം സമൂഹത്തില്‍ നില്‍ക്കുന്നിടത്തോളം കാലം അവര്‍ണ്ണനായ ഒരു ജ്ഞാനാന്വേഷി ഉണ്ടാകുന്നില്ലെന്നാണ് ഗുരു കേരളത്തോട് പറഞ്ഞത്. അത് മുഴുവന്‍ വായിക്കാനും പഠിക്കുവാനും മനസ്സിലാക്കാനും നമുക്ക് കഴിഞ്ഞില്ല. നമ്മുടെ ജാഗ്രതക്കുറവാണ് ഇന്ന് കേരളത്തില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തിനു പിന്നിലുള്ളത്. നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട 19-ാം നൂറ്റാണ്ടില്‍ ഉയര്‍ത്തികൊണ്ടുവന്ന മൂല്യങ്ങളിലേക്ക് നമ്മള്‍ മടങ്ങിപോകണമെന്നു പറയുന്നത് വിഡ്ഢിത്തമാണ്.


കേരളത്തില്‍ ജാതിജീവിതങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ പരിശ്രമിച്ച നിരവധി ധാരകളെയാണ് നമ്മള്‍ നവോത്ഥാനമെന്ന് വിളിക്കുന്നത്. ഇത് ഓരോ ധാരയും സവിശേഷമായ ധര്‍മ്മങ്ങളാണ് നിറവേറ്റിയതെന്ന് നമ്മള്‍ അറിയണം. അയ്യങ്കാളി നിറവേറ്റിയ ധര്‍മ്മമല്ല വി.ടി ഭട്ടതിരിപ്പാടിന്റേത്. ഇവര്‍ രണ്ടുപേരും ചെയ്തതല്ല ഗുരു ചെയ്തത്. എല്ലാ ധാരക്കും അതിന്റേതായ പ്രാധാന്യമുണ്ട്. കേരളീയ നവോത്ഥാനത്തിന്റെ മൗലികമായ പ്രത്യേകത അത് കീഴ്തട്ടില്‍ നിന്നും ആരംഭിച്ചു എന്നത് തന്നെയാണ്. ഇന്ത്യന്‍ നവോത്ഥാനത്തിന് ഇല്ലാത്തൊരു പ്രത്യേകത കേരളീയ നവോത്ഥാനം കീഴ്തട്ടില്‍ നിന്ന് തുടങ്ങിയെന്നതാണ്. കീഴ്തട്ടില്‍ നിന്ന് ആരംഭിച്ചതിന്റെ ഗുണമെന്തെന്നാല്‍ അത് ജാതിയേയും അടിമത്തത്തേയും അയിത്തത്തേയുമെല്ലാം പ്രശ്‌നവത്ക്കരിച്ചു. അതെല്ലാം മനുഷ്യവംശം കൈയ്യൊഴിയേണ്ടതാണെന്ന് മലയാളിയെ പഠിപ്പിച്ചു. മുകള്‍തട്ടില്‍ നിന്നുവന്ന നവോത്ഥാനധാരയില്‍ സമൂഹത്തെ അത് ഒന്നും പഠിപ്പിച്ചിട്ടില്ല. കീഴ്തട്ടില്‍ നിന്നും നവോത്ഥനം രൂപംകൊണ്ടുവെന്നതുകൊണ്ട്, നമ്മുടെ നവോത്ഥാന പാരമ്പര്യമെന്ന് പറയുന്നത് ജാതിവിരുദ്ധ മൂല്യങ്ങളാണെന്ന് യഥാര്‍ത്ഥ്യങ്ങളാണ്. ജാതിവിരുദ്ധവും ബ്രാഹ്മണ്യവിരുദ്ധവുമായ മൂല്യങ്ങളാണ് മലയാളിക്ക് നവോത്ഥാനം നല്‍കിയതെന്ന യാഥാര്‍ത്ഥ്യമാണ് നമ്മള്‍ അംഗീകരിക്കേണ്ടത്. നവോത്ഥാനത്തിന്റെ തുടക്കത്തില്‍ വന്ന ഗുരു ചെയ്തത് നൂറ്റാണ്ടുകളായി ബ്രാഹ്മണന്‍ മാത്രം കൈവശം വച്ചിരുന്ന പ്രതിഷ്ഠക്കുള്ള അവകാശം കൈവശപ്പെടുത്തിക്കൊണ്ടാണ് പ്രബുദ്ധനായ ഒരു മലയാളിയെക്കുറിച്ച് ഗുരു സ്വപ്‌നം കണ്ടതെന്ന് നമ്മള്‍ മനസ്സിലാക്കണം. അദ്ദേഹം അന്നവിടെ എഴുതിവച്ച വാക്യം അത് അരുവിപ്പുറത്തിനു മാത്രം ആയിരുന്നില്ല. ആധുനിക മലയാളി എന്തായിരിക്കണമെന്ന് ജാതിവിരുദ്ധവും അന്യമതസ്ഥരോട് വിദ്വോഷമില്ലാത്തവനും സഹോദരതുല്യരായി ജീവിക്കുന്ന മലയാളിയെ ആദ്യമായി ഒരു രാഷ്ട്രീയ ഉത്തരവ് കേരളത്തിന്റെ ചരിത്രത്തില്‍ പുറപ്പെടുവിക്കുന്നത് ഗുരുവാണ് എന്ന് പറയണം. മാതൃകാസ്ഥാനമാണെന്നു പറഞ്ഞത് അരുവിപ്പുറത്തെക്കുറിച്ചല്ല മറിച്ച് ആധുനിക കേരളത്തെക്കുറിച്ചുള്ള ഗുരുവിന്റെ സ്വപ്‌നമാണ് ആ വാക്കിലുള്ളത് എന്ന് തിരിച്ചറിയാന്‍ മലയാളിക്ക് കഴിയേണ്ടതുണ്ട്. നവോത്ഥാനത്തിന്റെ നീക്കിയിരുപ്പ് എന്ന് പറയുന്നത് ആ മൂല്യമാണ്. ജാതിവിരുദ്ധവും ബ്രാഹ്മണ്യവിരുദ്ധവുമായ മൂല്യമാണ്.