ജനവിധി മതനിരപേക്ഷ ജനാധിപത്യത്തിന്റെ മരണമണിയോ – ഡോ. സണ്ണി ജേക്കബ്

ജനവിധി മതനിരപേക്ഷ ജനാധിപത്യത്തിന്റെ മരണമണിയോ – ഡോ. സണ്ണി ജേക്കബ്

ഏഴു ഘട്ടങ്ങളിലായി 45 ദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി. ആകാംക്ഷയോടെ എല്ലാവരും കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെതന്നെ, ഏകപക്ഷീയമായ ഒരു വിജയമാണ് ഉണ്ടായത്. ഒരു ഭാഗത്ത് വലിയ തോതിലുള്ള വിജയാഹ്ലാദവും മറുവശത്ത് തികഞ്ഞ ആശയക്കുഴപ്പവും വേവലാതിയും നിരാശയുമാണുളളത്.


തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യദിനം മുതല്‍ത്തന്നെ ഭരണാധികാരികളുടെ വ്യക്തമായ കൈകടത്തല്‍ ദൃശ്യമായിരുന്നു. പ്രതിപക്ഷം ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ ഏഴു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിപോലും കേന്ദ്ര ഭരണാധികാരികളെ സഹായിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കമ്മീഷന്റെ അധികാര ദുര്‍വിനിയോഗം വ്യക്തമായുണ്ടായിരുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ മാത്രം സഹായിക്കുന്ന കമ്മീഷന്‍ അനുവര്‍ത്തിച്ചതെന്ന പരാതിയും ഉയര്‍ന്നിരുന്നു.


പ്രതിപക്ഷ മഹാസഖ്യത്തെ പരിഹസിച്ച കേന്ദ്ര ഭരണകക്ഷി തന്നെ വസ്തുത വിചിത്രവും ശ്രദ്ധേയവുമത്രേ. എന്‍.ഡി.എയുടെ മുഖ്യകക്ഷിക്ക് സവിശേഷമായ ലക്ഷ്യമുണ്ടായിരുന്നു. അവര്‍ സമര്‍പ്പണ ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയും വിജയം നേടുകയും ചെയ്തു.


ഇന്ത്യയെന്ന സങ്കല്പം അപകടത്തിലായിരിക്കുന്നുവെന്ന് പലരും പറഞ്ഞുകഴിഞ്ഞു. ആര്‍.എസ്.എസ്. നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും മോദിയും ഒരിക്കല്‍കൂടി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യവ്യവസ്ഥയ്ക്കുതന്നെ വലിയ അപകടം നേരിടേണ്ടിവരുമെന്ന ആശങ്ക ഇന്ത്യയില്‍ പലര്‍ക്കുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷവും രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലല്ലാ മോദി പ്രവര്‍ത്തിച്ചത്. മറിച്ച്, ബി.ജെ.പിയുടെ പ്രധാന പ്രചാരകന്‍ എന്ന നിലയിലായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് നാഗപ്പൂര്‍ കേന്ദ്രമാക്കി നിയന്ത്രണം നടത്തിയിരുന്ന തന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥവൃന്ദത്തിലൂടെയായിരുന്നു. മന്ത്രിമാര്‍ എല്ലാവരും തന്നെ ഏറെക്കുറെ ഏറാന്‍മൂളികള്‍ എന്ന നിലയിലേക്ക് താഴ്ത്തപ്പെടുകയുണ്ടായി. കഴിഞ്ഞ അഞ്ചു വര്‍ഷവും ഭരണഘടനാ സ്ഥാപനങ്ങള്‍ എല്ലാംതന്നെ ഏറെ സമ്മര്‍ദ്ദത്തിലാക്കപ്പെടുകയോ അസ്ഥിരപ്പെടുത്തുകയോ ഉണ്ടായി. റിസര്‍വ് ബാങ്ക്, സി.ബി.ഐ., സുപ്രീം കോടതി, കേന്ദ്ര വിജിലന്‍സ്, ഇലക്ഷന്‍ കമ്മീഷന്‍, യു.ജി.സി., പ്ലാനിംഗ് കമ്മീഷന്‍ (നീതി ആയോഗ്), ഗവര്‍ണര്‍മാര്‍ എന്നിവ അവയില്‍പെടും. പ്രധാനമന്ത്രിയുടെ ചൊല്‍പടിക്ക് നില്‍ക്കാന്‍ അവയെല്ലാം പ്രേരിതരായി. നവലിബറല്‍ കോര്‍പ്പറേറ്റ് അജണ്ടയും ഭൂരിപക്ഷ ദേശീയതയും കൂട്ടിക്കലര്‍ത്തിയ വിഷലിപ്തമായ ഒരു അജണ്ടയാണ് നടപ്പിലാക്കിയത്. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യവും, സഞ്ചിതമായ സംസ്‌കാര പാരമ്പര്യങ്ങളും ഭരണഘടനാ മൂല്യങ്ങളും പാടെ തകര്‍ക്കപ്പെട്ടു. ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമായ മാധ്യമങ്ങളെ വിലക്കെടുക്കുകയോ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്തുകൊണ്ട് ഭരണകക്ഷിയുടെ പ്രചാരണങ്ങള്‍ക്കായി വലിയ തോതില്‍ ഉപയുക്തമാക്കി. ഹിന്ദുത്വത്തിനു അനുകൂലമായ നിലപാടുകളെടുക്കുന്നതിന് ജനങ്ങളെ അവ സ്വാധീനിക്കുകയും ചെയ്തു.


അതേസമയം, പ്രതിപക്ഷ ഐക്യം എന്ന സങ്കല്പം ഒരു സ്വപ്നമായിത്തന്നെ നിലനിന്നു. പ്രതിപക്ഷകക്ഷികളുടെ മുഖ്യനേതാക്കന്മാരുടെയെല്ലാം പ്രഭാഷണങ്ങള്‍ വെറും മുദ്രാവാക്യങ്ങളായി മാറി. ഇന്ത്യയെന്ന സങ്കല്‍പം ഇന്ത്യയുടെ ജനാധിപത്യ-സോഷ്യലിസ്റ്റ്-മതനിരപേക്ഷ മൂല്യങ്ങള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള പ്രസംഗങ്ങളെല്ലാം വെറും അധരവ്യായാമങ്ങളായി ചുരുങ്ങി. ഐക്യത്തോടെ ഭരണകക്ഷിയെ നേരിടുന്നതില്‍ അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍തന്നെ വിലങ്ങുതടിയായി.


തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ന്യൂനപക്ഷ പീഡനം, ഭൂരിപക്ഷ വര്‍ഗീയതയുടെ സ്പഷ്ടമായ അജണ്ട എന്നിവയെല്ലാംതന്നെ പ്രതിക്ഷം വിസ്മരിച്ചു. നോട്ടുനിരോധനം, ജി.എസ്.ടി., കോര്‍പ്പറേറ്റ്‌വത്കരണം, വര്‍ഗീയവത്കരിക്കല്‍, അധികാര കേന്ദ്രീകരണം എന്നിവയെയെല്ലാം ഒറ്റക്കെട്ടായി എതിര്‍ക്കുന്നതില്‍ പ്രതിപക്ഷം പറ്റേ പരാജയപ്പെട്ടു. പ്രതിപക്ഷകക്ഷികളുടെതന്നെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നതിനു അത് അവസരമൊരുക്കി. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുന്നതിനു ആര്‍.എസ്.എസിനെ പരോക്ഷമായ ചില പ്രതിപക്ഷകക്ഷികള്‍ സഹായിക്കുകയാണോ?


ഭീകരര്‍ നടത്തിയെന്നു പറയപ്പെടുന്ന പുല്‍വാമ ആക്രമണവും തുടര്‍ന്നുണ്ടായ അവകാശവാദങ്ങളും വാദപ്രതിവാദങ്ങളും ഇന്ത്യന്‍ ജനതയെ സത്യം അറിയുന്നതിനു സഹായിച്ചില്ല. ദേശീയതയെ ഉയര്‍ത്തിക്കാട്ടിയ ഭരണകക്ഷിയും നേതാക്കളും തങ്ങള്‍ക്കനുകൂലമായി അവയെ ഉപയോഗിച്ചു. ദേശീയതയും മതചിന്തയും ജനങ്ങളില്‍ ഉണര്‍ത്തുന്നതിനു അവ ഇടയാക്കി.


മാധ്യമങ്ങള്‍ പക്ഷപാതം പുലര്‍ത്തി. പ്രധാനമന്ത്രിയെയും പാര്‍ട്ടിയെയും ഉയര്‍ത്തിക്കാട്ടുന്നതില്‍ എല്ലാ ആഴ്ചയിലെയും ഏഴു ദിവസവും 24 മണിക്കൂറും വ്യാപൃതരായി. അസത്യ വാര്‍ത്തകളും കപടമായ മുഖാമുഖങ്ങളും അവതരിപ്പിച്ചുകൊണ്ട് ടെലിവിഷന്‍ അരങ്ങുതകര്‍ത്തു. തിരഞ്ഞെടുപ്പുകാലം മുഴുവന്‍ മാധ്യമങ്ങള്‍ അത്തരത്തില്‍ നീതിപുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.


മുസ്ലീങ്ങളെ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തുന്ന തുടര്‍സംഭവങ്ങളും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള കടന്നാക്രമങ്ങളും, ദളിതര്‍ക്കെതിരെയുള്ള പീഡനങ്ങളും നിരവധിയായി ഉണ്ടായത് എങ്ങനെയാണ് വിസ്മരിക്കാനാവുക?


ലാലുപ്രസാദിനെയും കൂട്ടരെയും ജയിലിലടച്ചപ്പോള്‍, കുറ്റമാരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട പല കുറ്റവാളികളെയും ജയിലില്‍ നിന്നു വിമുക്തനാക്കി. അവരില്‍ ചിലരെ പ്രമുഖമായ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളാക്കുകയും അവര്‍ ജയിക്കുകയും ചെയ്തു.


ലാലുപ്രസാദ് യാദവ് പരീക്ഷിച്ച ആശയമായിരുന്നു മഹാസഖ്യം. ഉത്തര്‍പ്രദേശില്‍ എസ്.പി., ബി.എസ്.പി. എന്നീ കക്ഷികള്‍ ചെറിയ കക്ഷികളുമായി സഖ്യമുണ്ടാക്കി. ഈ സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മത്സരിച്ചതിന്റെ കാരണം വിചിത്രമാണ്.


പുറമേ, പ്രിയങ്കാഗാന്ധിയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ പ്രദേശങ്ങളുടെ ചുമതല നല്‍കുകയുണ്ടായി. ഐക്യത്തോടെ വര്‍ഗീയതയെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിനു പ്രിയങ്കയുടെ പതിമൂന്നാം മണിക്കൂറിലുള്ള പ്രവേശം തടസ്സമായി ഭവിച്ചു. പാര്‍ട്ടിയുടെ ഉദ്ദേശ്യശുദ്ധിയെത്തന്നെ സംശയിക്കുന്നതിനു അത് സാഹചര്യമൊരുക്കി. പ്രതീക്ഷിച്ച തോതിലുള്ള പ്രകടനം കാഴ്ചവയ്ക്കുന്നതിനു എസ്.പി. – ബി.എസ്.പി. സഖ്യത്തിനു സാധിക്കാതെ വന്നത് കോണ്‍ഗ്രസ്-പ്രിയങ്ക ഘടകങ്ങള്‍ മൂലമത്രേ. ഉത്തരപ്രദേശില്‍ എസ്.പി-ബി.എസ്.പി. സഖ്യത്തെ യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ്സാണ്. ഇന്ത്യയ്ക്കും ഭാവി രാഷ്ട്രീയത്തിനും ഇത് ഉപകരിക്കുകയോ ഗുണം ചെയ്യുകയോ ഇല്ല.