ജനങ്ങളുടെ ജാഗ്രതയിലാണ് ജനാധിപത്യത്തിന്റെ വിശുദ്ധി – ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജനങ്ങളുടെ ജാഗ്രതയിലാണ് ജനാധിപത്യത്തിന്റെ വിശുദ്ധി – ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജനങ്ങളുടെ ജാഗ്രതയിലാണ് ജനാധിപത്യത്തിന്റെ വിശുദ്ധി


? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഈ കാലഘട്ടത്തില്‍ തമസ്‌കരിക്കപ്പെടുന്നു എന്ന ആശങ്ക പൊതുവെ ഉണ്ടല്ലോ. അതിനെക്കുറിച്ച്?


ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നുള്ളത് നമ്മുടെ ഭരണഘടനയില്‍ പറഞ്ഞു വച്ചിട്ടുള്ളതാണ്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥ എന്നുള്ളത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടകം കൂടിയാണ്. ഈ അടിസ്ഥാന ഘടകം മാറ്റാന്‍ പാര്‍ലമെന്റിന്  അധികാരമില്ല, കോടതിക്കും അധികാരമില്ല. ആര്‍ക്കും അധികാരമില്ല. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഭാവങ്ങള്‍  സുപ്രീംകോടതി പറഞ്ഞുവച്ചിട്ടുണ്ട്. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്, മതേതര രാഷ്ട്രമാണ്. പരമാധികാര രാജ്യമാണ്,  സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ നിലവിലുള്ള രാജ്യമാണ,് തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനം നമുക്കുണ്ട്. ഈ അടിസ്ഥാനഘടകങ്ങള്‍ ഒന്നും മാറ്റാന്‍ പറ്റില്ല എന്ന് ഭരണഘടനയുടെ വ്യാഖ്യാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ ഭരണഘടന നിലവിലുള്ളിടത്തോളം കാലം ഇന്ത്യയിലെ ജനാധിപത്യം സുരക്ഷിതമായിരിക്കും. 


ജനപക്ഷത്തു നിന്ന് ചിന്തിച്ചു കഴിഞ്ഞാല്‍ ഈ രാജ്യത്ത് ജനാധിപത്യം സുരക്ഷിതമായി നിലനിര്‍ത്തേണ്ടത് ഇവിടുത്തെ ജനങ്ങള്‍ പ്രബുദ്ധരായ ആണ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഏത് തിരഞ്ഞെടുപ്പെടുത്ത്  നോക്കിയാലും മൂന്നില്‍ രണ്ടു ശതമാനം ആളുകള്‍ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂ എന്ന് കാണാം. ചിലപ്പോള്‍ അതിലും കുറവായിരിക്കും. വോട്ട് ചെയ്യാത്തവര്‍ ആരാണ് എന്ന്  ഞാന്‍ പലപ്പോഴും അന്വേഷിച്ചിട്ടുണ്ട്. നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെ സാധാരണക്കാരല്ല. വിദ്യാസമ്പന്നരാണ് വോട്ട് ചെയ്യാതിരിക്കുന്നത് എന്ന്  ഇതിനെക്കുറിച്ച് പഠനം നടത്തിയ ഒരു വ്യക്തി ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി.  ഈ സമൂഹം വോട്ട് ചെയ്യാറില്ലായെങ്കിലും അഭിപ്രായം പലയിടത്തും മുഷ്ടിചുരുട്ടിയും ചുരുട്ടാതെയും രേഖപ്പെടുത്തും.


‘ഞാനാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നത്, എന്റെ വോട്ട് ഈ ജനാധിപത്യത്തിന്റെ സുരക്ഷിതമായ ഭാവിക്ക് അനിവാര്യവുമാണ്’ എന്നുള്ള ഒരു അടിസ്ഥാന ഉത്തരവാദിത്വബോധം  എല്ലാവര്‍ക്കും ഉണ്ടാകേണ്ടതാണ്.  മൗലികമായ ഉത്തരവാദിത്വബോധത്തോടുകൂടി ജനങ്ങള്‍  തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാവുകയും തിരഞ്ഞെടുപ്പ് പ്രക്രിയ ജനങ്ങള്‍ കൂടുതല്‍ ഗൗരവമായി എടുക്കുകയും വേണം. അതിനെ കേവലമായ ഒരു കാറ്റ് വീശലായോ തരംഗമായോ വൈകാരിക പ്രകടനമായോ ഒന്നും കാണാതെ ആളുകള്‍ ബോധപൂര്‍വ്വം ചിന്തിച്ച് തീരുമാനമെടുക്കുന്ന, ഇന്ത്യയുടെ സുസ്ഥിരമായ ഒരു ഭാവിയെ കണക്കാക്കി നല്ല നേതാക്കന്മാരെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാകണം തിരഞ്ഞെടുപ്പ്. ഉത്തരവാദിത്വബോധമൂള്ള ജനങ്ങളുടെ പങ്കാളിത്തമാണ്, യഥാര്‍ത്ഥത്തില്‍, ജനാധിപത്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്. നൈയാമികമായിട്ടും അല്ലാതെയും ജനാധിപത്യം ഇന്ത്യയില്‍ സുരക്ഷിതമാണ്. പക്ഷേ, ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യബോധം ഉണരേണ്ടിയിരിക്കുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ചില പ്രവണതകള്‍ തെരഞ്ഞെടുപ്പുകളില്‍ കാണാറുണ്ട.് അതെല്ലാം മാറ്റിയിട്ട് വിശുദ്ധവും സുതാര്യവും വ്യക്തവും സ്വതന്ത്രവും ആയിട്ടുള്ള ഒരു തീരുമാനം ജനങ്ങള്‍ എടുക്കുകയും ആ തീരുമാനത്തിന്റെ  അടിസ്ഥാനത്തില്‍ വോട്ട് രേഖപ്പെടുത്തുകയും വേണം. അപ്രകാരമുള്ള ഒരു തിരഞ്ഞെടുക്കപ്പെട്ട സമൂഹത്തില്‍ ഉത്തരവാദിത്വബോധത്തോടുകൂടി ഈ രാജ്യത്തെ നയിക്കാന്‍ പ്രാപ്തനായ ജനപ്രതിനിധികള്‍ ഉണ്ടാവുകയും ചെയ്യുന്ന സംവിധാനത്തിലാണ് ജനാധിപത്യത്തിന്റെ ഭാവി അടങ്ങിയിരിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. ജനങ്ങളുടെ കയ്യില്‍ അത് ഭദ്രമാണ്. പക്ഷേ, ജനങ്ങള്‍ പങ്കുചേരണം. ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരാനും പങ്കെടുക്കാനും മുഴുവന്‍ ജനങ്ങളും തയ്യാറാകണം. എല്ലാ പൗരന്മാരും ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേര്‍ന്നു വോട്ടുചെയ്യാനും ജനാധിപത്യത്തിന്റെ ഭാഗമായിട്ട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും തയ്യാറാകണം. അതൊരു മൗലിക ഉത്തരവാദിത്വമായി കാണണം. അവിടെയാണ് ജനാധിപത്യത്തിന്റെ ഭാവി സുരക്ഷിതമാവുക. ഇന്ന് ഇപ്രകാരം ഒരു കാഴ്ചപ്പാട് കാണാനില്ല. പോളിംഗ് ശതമാനം പരിശോധിക്കുകയാണെങ്കില്‍ അത് മനസ്സിലാക്കാന്‍ പറ്റും.


രാഷ്ട്രീയ ഭരണകൂട ദുര്‍സ്വാധീനം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെമേലും നീതിന്യായ നിര്‍വഹണത്തിന്റെ മേലും ചെലുത്തുന്നുവെന്ന ആശങ്ക ഈയിടെ ശക്തമായിരുന്നുവല്ലോ. അത്തരം സാഹചര്യങ്ങളില്‍ താങ്കളെടുത്ത ഉറച്ച നിലപാടുകളെക്കുറിച്ച്? ഇനിയും അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാന്‍ കഴിയുമോ ?


ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണം. നീതി, നിയമ, ഭരണനിര്‍വഹണ സംവിധാനങ്ങളുടെ പവിത്രതയാണ് ജനാധിപത്യ സംവിധാനത്തെ സമ്പന്നമാക്കുന്നത്.  പുറത്തുനിന്നുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും സ്വാധീനത്തിനു വഴങ്ങിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് കണ്ടുകഴിഞ്ഞാല്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള  വിശ്വാസം നഷ്ടപ്പെടും.  ജനങ്ങളുടെ വിശ്വാസമാണ് ജുഡീഷ്യറിയുടെ നിലനില്പുതന്നെ. ജുഡീഷ്യറി അവതാളത്തിലായാല്‍ രാജ്യവും  അവതാളത്തിലാകും. അതുകൊണ്ടാണ് അത്രയും ശക്തമായ നിലപാടുകള്‍ എടുത്തത്. അത് ഒരു വ്യക്തിക്കെതിരെയല്ല ഒരു പ്രവണതയ്‌ക്കെതിരെ ഉള്ളതായിരുന്നു. ആ നിലപാട് അപ്രകാരം എടുക്കുന്നില്ലായെന്നുണ്ടെങ്കില്‍  നാളെ ചരിത്രം മനസ്സാക്ഷിയുള്ള ഒരു വ്യക്തിയുടെ മൗനത്തെ കുറ്റപ്പെടുത്തും. അറിവുള്ളവരുടെ മൗനമാണ് അറിവില്ലാത്തവരുടെ അക്രമത്തേക്കാള്‍ ഭീകരം  എന്നുള്ളത് എന്റെ ഒരു ബോധ്യമാണ്. ഇപ്പോള്‍ പറയേണ്ടത് പറയേണ്ടപ്പോള്‍  പറയേണ്ടതുപോലെ പറയേണ്ടിടത്ത് പറയാനുള്ള വിവേകവും ചങ്കൂറ്റവും ഒരു വ്യക്തിക്കുണ്ടാവണം. ഉത്തരവാദിത്വബോധമുള്ള ഒരു പൗരന്റെ, പ്രത്യേകിച്ച്, അറിവും വിവരവും പദവിയുമുള്ള പൗരന്റെ ഉയര്‍ന്ന ചുമതല കൂടിയാണത്.  


ഇനിയും അത്തരം ഒരു സാഹചര്യം ഉണ്ടാകുമോ ഇല്ലയോ എന്ന് ചോദിച്ചാല്‍ ഉണ്ടാവില്ല എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ, ഉണ്ടാകാതിരിക്കാന്‍ പൊതുസമൂഹത്തിന് ശക്തമായ നിലപാടുകള്‍ സ്വീകരിക്കാം. ജനങ്ങളുടെ ജാഗ്രതയിലാണ് ജനാധിപത്യ സ്ഥാപനങ്ങളുടെ വിശുദ്ധി അടങ്ങിയിരിക്കുന്നത്. എവിടെയെങ്കിലും ഈ വിശുദ്ധിക്ക് കളങ്കം വരുന്നു എന്ന് കണ്ടാല്‍ അതിനെ കന്യകയുടെ ചാരിത്ര്യശുദ്ധി സംരക്ഷിക്കുന്ന തീവ്രതയോടെ പരിരക്ഷിക്കാന്‍ ആ സ്ഥാപനത്തില്‍പെട്ടവരും സ്ഥാപനങ്ങളോട് ബന്ധപ്പെട്ടവരും ആ സ്ഥാപനത്തെ അപ്രകാരം വിശുദ്ധിയോടെ നിലനിര്‍ത്താന്‍ ബാദ്ധ്യസ്ഥരായ എല്ലാവരും തയ്യാറാകണം.  പൊതുസമൂഹവും മാധ്യമങ്ങളും ജുഡീഷ്യറിയും  ഓരോ കാവല്‍നായ്ക്കളാണ്.  അവരുടെ ഉത്തരവാദിത്വം നന്നായി നിര്‍വഹിച്ചാല്‍ ഒരിക്കലും അത്തരം പ്രവണതകള്‍ ഉണ്ടാകില്ല. ജാഗ്രതക്കുറവാണ് പലപ്പോഴും പ്രശ്‌നങ്ങളുടെ കാരണം.


അടുത്തിടെ സുപ്രീംകോടതി വിധി നിര്‍ണ്ണയിച്ച ശബരിമല, റാഫേല്‍ കേസ്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗികത, മൂന്നാം ലിംഗക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിധി തുടങ്ങി സമീപകാലത്ത് ഉണ്ടായ വിധികളെ എങ്ങനെ നോക്കിക്കാണുന്നു ?


 സുപ്രീംകോടതിയുടെ ഏതെങ്കിലുമൊരു കേസിനെക്കുറിച്ച്, ഏതെങ്കിലുമൊരു വിധിയെക്കുറിച്ചല്ല, ഞാനിത് പരാമര്‍ശിക്കുന്നത്. എന്റെ പരാമര്‍ശം ചില പൊതു നിരീക്ഷണങ്ങളാണ്. സുപ്രീംകോടതിയുടെ കുറെ വിധികള്‍ നോക്കിക്കഴിഞ്ഞാല്‍ ജനങ്ങളുടെ ഇപ്പോഴത്തെ താല്പര്യം എന്തിനെക്കുറിച്ചാണ് എന്നതിനെ ചുറ്റിപ്പറ്റിയാണ് പല വിധികളും വരുന്നത്. അപകടകരമായ പ്രവണതയാണിത്. ജനങ്ങള്‍ക്കെന്തിലാണ് താല്‍പര്യമെന്ന് നോക്കേണ്ടത് നിയമം നിര്‍മ്മിക്കുന്നവരും നിയമം നടപ്പാക്കുന്നവരും ആണ്.  ഭരണഘടനയുടെ താല്പര്യം എന്താണ് എന്ന് മാത്രമേ കോടതി നോക്കാന്‍ പാടുള്ളൂ. കോടതി പലപ്പോഴും ആവശ്യമില്ലാത്ത മേഖലകളിലേക്ക് കടന്നുചെന്ന് പൊതുജനതാല്പര്യത്തെ കണക്കാക്കിയാണ് വിധികള്‍ എഴുതുന്നത് എന്ന് പലയിടത്തുനിന്നും നിരീക്ഷണം ഉണ്ടായിട്ടുണ്ട്. അത് സംഭവിക്കാന്‍ പാടില്ല. ഭരണഘടനയിലെ, ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷണവും അതിന്റെ പരിപോഷണവും മാത്രമേ കോടതിക്ക് പറഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളത് നിയമം ഉണ്ടാക്കുന്നവര്‍ നോക്കണം. അവരുണ്ടാക്കുന്ന നിയമങ്ങളും നടപ്പാക്കുന്ന നിയമങ്ങളും പൊതുജന താല്പര്യത്തിനെതിരാണോയെന്നേ കോടതി പരിശോധിക്കേണ്ടതുള്ളൂ. പൊതുജനതാല്‍പര്യം എന്തിലാണ് എന്ന് കോടതി നോക്കേണ്ട ആവശ്യമില്ല. നോക്കാന്‍ പാടില്ല. ഭരണഘടന അത് വിവക്ഷിക്കുന്നില്ല. ഈ ഒരു അപകടത്തിലാണ് പലപ്പോഴും പല കോടതികളും ചെന്ന് പെട്ടിട്ടുള്ളത്. സുപ്രീംകോടതി മാത്രമല്ല പല കോടതികള്‍ക്കും ഈ ഒരു അപകടം സംഭവിക്കാറുണ്ട്. കോടതിയുടെ ഉത്തരവാദിത്വം, നിയമം ഭരണഘടനാപരമാണോ  ഭരണനടപടി ഭരണഘടനാപരമാണോ എന്നുമാത്രം പരിശോധിക്കലാണ്. നിയമമുണ്ടാക്കല്‍ കോടതിയുടെ ഉത്തരവാദിത്വമല്ല. പൊതുക്രമം നിശ്ചയിക്കലും കോടതിയുടെ ഉത്തരവാദിത്വമല്ല. പൊതുക്രമം നിശ്ചയിക്കപ്പെട്ടതില്‍  വല്ല അപാകതകളുമുണ്ടോ   അതായത്  ഭരണഘടനാപരമായ അപാകതയുണ്ടോയെന്ന്  മാത്രമേ കോടതി പരിശോധിക്കാന്‍ പാടുള്ളൂ. അല്ലാതെയുള്ള നടപടികള്‍ പലപ്പോഴും ദോഷകരമാണ്. എന്നു വിചാരിച്ചു കോടതി ഒരിക്കലും നിയമമുണ്ടാക്കിയിട്ടില്ല എന്ന് പറയാന്‍ പറ്റില്ല. ഏതെങ്കിലും തീവ്ര പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിയമത്തിന്റെ അഭാവംകൊണ്ട് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതെ വന്നാല്‍,  ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെടുന്നവണ്ണം ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന്  കണ്ടുകഴിഞ്ഞാല്‍ കോടതി ഇടപെടും. അങ്ങനെ കോടതി ഇടപെട്ട് ഉണ്ടാക്കിയ ചില നിയമങ്ങളില്‍ പെട്ടതാണ് തൊഴില്‍ രംഗത്തുള്ള ലൈംഗികാതിക്രമ നിരോധനവും നിവാരണവും പ്രതിവിധിയും, സംബന്ധിച്ചുള്ള  മാര്‍ഗ്ഗരേഖ.  എന്ന നിയമം.  അതുപോലെ, പ്രകൃതിസംരക്ഷണത്തെകുറിച്ചുള്ള, വനസംരക്ഷണത്തെക്കുറിച്ചുള്ള ഉത്തരവുകള്‍. അങ്ങനെയുള്ള ചില കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം ലിഖിതമായ നിയമങ്ങള്‍ ഇല്ലായിരുന്നു. ലിഖിതമായ നിയമങ്ങള്‍ ഉടന്‍ ഉണ്ടാവാനുള്ള സാധ്യതയും കണ്ടില്ലായിരുന്നു. അതിന്റെയെല്ലാം  അഭാവത്തില്‍, ഭരണഘടനാനുസൃതമായി ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്നില്ലായെന്ന് കണ്ടതുകൊണ്ടാണ് കോടതി ഇടപെട്ട് നിയമമുണ്ടാക്കിയത്. അല്ലാതെ ഒരു റെഗുലര്‍ നിയമനിര്‍മാണം കോടതിയുടെ ഉത്തരവാദിത്വമല്ല. കോടതി ചെയ്യാനും പാടില്ല. ഒരു റെഗുലര്‍ ഭരണം കോടതിയുടെ ഉത്തരവാദിത്തമല്ല. കോടതി ഏറ്റെടുക്കാനും പാടില്ല. അങ്ങനെ കോടതി ചെയ്യുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. കോടതി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒരു സമൂഹമല്ല. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സമൂഹമാണ് ജനാധിപത്യം എന്നത്. ജനാധിപത്യത്തില്‍, ജീവിതക്രമം എന്താണ്, പൊതുക്രമം  എന്താണ് എന്ന് പരസ്പരം ചര്‍ച്ചകളിലൂടെ, ആശയസംവാദത്തിലൂടെ നമ്മുടെ നിയമസഭകളിലോ പാര്‍ലമെന്റിലോ  ചര്‍ച്ച ചെയ്താണ് നിയമമുണ്ടാക്കുന്നത്. നിയമിക്കപ്പെടുന്ന ജഡ്ജിമാര്‍ക്ക് അപ്രകാരമുള്ള സംവാദത്തിനുള്ള സാധ്യതകളൊന്നുമില്ല. ജഡ്ജിമാര്‍ക്ക്  സംവാദത്തിലൂടെ ആര്‍ജിച്ച അറിവുകള്‍ ഇല്ല. അങ്ങനെയുള്ളവര്‍ നിയമനിര്‍മ്മാണം നടത്താന്‍ പോകുമ്പോഴാണ് താളം തെറ്റുന്നത്.  അത്  ഭരണഘടനയ്ക്ക് അനുയോജ്യമായ നടപടിയും അല്ല.