ചൂണ്ടച്ചുണ്ടില്‍

ചൂണ്ടച്ചുണ്ടില്‍

വരമ്പില്‍ തപസ്സുചെയ്യുന്ന

വെള്ളക്കൊക്കാണ്‌

ക്ഷമയും വഴിയും കാണിച്ചുതന്നത്‌

തോട്ടിറമ്പില്‍ ചൂണ്ടയുമായി

ധ്യാനിക്കുകയായിരുന്നു

അപ്പനപ്പൂപ്പന്മാരായി

ഞങ്ങള്‍ തോട്ടിറമ്പില്‍

തപസ്സനുഷ്‌ഠിക്കുന്നു…

ആള്‍ക്കൂട്ടത്തെ അപ്പാടെ

കെണിയിലാക്കുന്ന

വലക്കണ്ണികള്‍ ഇല്ലായിരുന്നു

ഒറ്റയാന്മാരെ കുടുക്കുന്നു

ഒറ്റാലുകളും…

ഒരു പാവം ചൂണ്ടയുടെ

ചുണ്ടിലെ കാരുണ്യത്തില്‍

വിരിയുന്ന പൂമീനുകള്‍ക്കറിയില്ല

ചൂണ്ടക്കൊളുത്തില്‍

ഹൃദയം ചേര്‍ത്തുവച്ചാല്‍ മതി

സ്വര്‍ഗ്ഗത്തിലേക്കുള്ള നൂലേണിയില്‍

ചിറകിട്ടടിച്ച്‌ ഉന്നതിയിലേക്കാണന്ന്‌

ചീകിയൊതുക്കു,

മുളകും മഞ്ഞളും തേച്ച്‌

സുന്ദരിക്കുട്ടികളാക്കി

മോഹങ്ങളില്‍ തിളപ്പിച്ച്‌

കണ്ണീര്‍പൂക്കള്‍ വിടര്‍ത്തുന്ന

ഉള്ളിയലങ്കാരങ്ങള്‍ ചാര്‍ത്തി

തുചിമേളകളില്‍

ആത്മസമര്‍പ്പണം നടത്താനുള്ളവരാണ്‌

തങ്ങളെന്ന്‌!

 

പായിപ്ര രാധാകൃഷ്‌ണന്‍