ചിരിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങുക! – അഗസ്റ്റിൻ പാംപ്ളാനി

ചിരിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങുക!  – അഗസ്റ്റിൻ പാംപ്ളാനി

അബദ്ധജഡിലമായ തീരുമാനങ്ങളുടെകൂടി  പരമ്പരയാണ് ചരിത്രം. പല വിഡ്ഢിത്തങ്ങളും ആവർത്തനസ്വഭാവം കൊണ്ടും ബഹുജനസമ്മതി കൊണ്ടും തെറ്റിദ്ധരിക്കപ്പെട്ട് മത്സരക്കളത്തിലെ പുതിയ ആദർശങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പൊന്നുപൊതിഞ്ഞ പുതിയ കളിപ്പാട്ടങ്ങൾക്ക് വേണ്ടി മനുഷ്യർ അഹോരാത്രം അദ്ധ്വാനിക്കുന്നു. മഹായുദ്ധങ്ങൾ നടത്തി പിടിച്ചെടുത്ത  പമ്പരങ്ങളുടെയും പീപ്പികളുടെയും മുകളിലിരുന്ന് ഗർവ്വ് വിളമ്പുന്നു.  നട്ടുച്ചക്ക് വിളക്കും കത്തിച്ച് പിറകോട്ടുനടന്ന ഡയോജിനസിനെ കണ്ട് ചിരിക്കുന്നവരെ നോക്കി ഡയോജിനസ് ചിരിച്ച ആ ചിരിയല്ലേ ചരിത്രത്തിന്റെ മഹാചിരി?


സോളമൻ ദൈവത്തോട് പൊന്നും  പണവും ചോദിക്കാതെ വിജ്ഞാനം ചോദിച്ച കഥ വിഖ്യാതമാണല്ലോ. ഡാനിഷ് തത്ത്വചിന്തകനായ സോറീൻ കീർക്കെഗാദ് സോളമനെയും തോല്പിച്ചില്ലേ എന്ന് സംശയിക്കണം. ഏഴാം സ്വർഗത്തിലെത്തിയ അദ്ദേഹത്തിന് മെർക്കുറി ദേവൻ നൽകിയ മോഹനവാഗ്ദാനം അധികാരം, യുവത്വം  പൊന്ന്, സ്ത്രീകൾ, ദീർഘായുസ്  ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം തിരഞ്ഞെടുക്കാം എന്നാണ്. കിർക്കെഗാദിന്റെ തിരഞ്ഞെടുപ്പിൽ മെർക്കുറി തന്നെ ചിരിച്ചുകാണും. ‘എനിക്ക് എന്നും ചിരിക്കാനുള്ള വരം തന്നാൽ മതി.’ തെറ്റിദ്ധാരണകൾ അരങ്ങുവാഴുന്ന ലോകത്തെ നോക്കി ചിരിക്കുകയല്ലാതെ എന്ത് ചെയ്യാനാവും എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഉണ്ണാനും പണിയാനും വേണ്ടിയുള്ള ലോകത്തിന്റെ ഒാട്ടങ്ങളുടെ വേഗതയാണ് അദ്ദേഹത്തെ വീണ്ടും ചിരിപ്പിക്കുന്നത്. ഇൗ ഒാട്ടക്കാർ എന്നിട്ട് എന്ത് നേടി എന്ന കീർക്കെഗാദിന്റെ ചോദ്യം ഇന്നും ഏറ്റു വാങ്ങാനാളില്ലാതെ ബാക്കിയാവുന്നു.  എന്റെ പ്രതിധ്വനി മാത്രമേ എനിക്ക് കൂട്ടായുള്ളു എന്ന് കിർക്കെഗാദിന്റെ വിലാപം തനിയെ ഇരിക്കുന്ന കോവിഡ് കാലത്ത് ശരിയായ ഒരു അസ്തിത്വ പ്രഖ്യാപനം  തന്നെയായിരിക്കുന്നു.


അന്ധകാരയുഗത്തിന്റെ നിശാവേളകളിലാണ് വസന്തത്തിന്റെ വിത്തുകൾ പാകപ്പെടുന്നത് എന്ന് പറയാറുണ്ട്. ലോകചരിത്രത്തിലും  മാനവചരിത്രത്തിലും കാത്തിരിപ്പിന്റെയും ഏകാന്തതയുടെയും മൗനത്തിന്റെയും ഒക്കെ കാലയളവ് ദീർഘമാണെങ്കിലും അത് വെറുതെ പഴകാറില്ല. ഏറ്റവും ഉജ്വലമായതിനെ പുറത്തുകൊണ്ടുവരാറാണ് പതിവ്. ആയിരം കോടി വർഷങ്ങളുടെ സുദീർഘ മൗനത്തിനുശേഷമാണ് പ്രപഞ്ചം  ജീവന്റെ ആദ്യത്തെ ഒാംകാരം ഉരുവിടുന്നത്. പിന്നെയുമെടുത്തു ഒരു നാനൂറ് കോടി കൂടി, ആദ്യത്തെ പൈതലിന്റെ കരച്ചിലിനുവേണ്ടി! ‘ഉദരപ്രസ്ഥത്തിനും’ വാനസപ്രസ്ഥത്തിനും ഇടയിലെ ഒരു ഹ്രസ്വകാലയളവ് മാത്രമാണ് ഒച്ചയുണ്ടാക്കാനുള്ള ജീവിതരാശിയെന്നാണല്ലോ വേദകാലം മുതലുള്ള ഉൾക്കാഴ്ച.


ഒരു തച്ചന്റെ പുത്രന്റെ മുപ്പത് വർഷത്തെ നസ്രത്തിലെ ലോക്ക്ഡൌൺ. ചരിത്രത്തിന്റെ  ഭാഗധേയം മുഴുവനും പുനർനിർണയിക്കാൻ  പോന്നതായിരുന്നു അത്. ബോധിസത്വന്റെ അടഞ്ഞ കണ്ണുകൾ വിപരീത വഴിയിലൂടെയുള്ള ഒരേ സന്ദേശമാണ്; ആരവങ്ങളിൽ നിന്നും മൗനത്തിലേക്കും  സൈന്യബലത്തിൽനിന്നും ഏകാംഗസൈന്യത്തിന്റെ ആത്മബലത്തിലേക്കുമുള്ള മടക്കം. ഉദാത്തമായ കാഴ്ചകൾക്കുവേണ്ടി വല്ലപ്പോഴും കണ്ണുകൾ അടച്ചുപിടിക്കണം. ഇരുട്ടുകൊണ്ടു കണ്ണുകഴുകുക എന്നൊക്കെ കാവ്യഭാഷ.


ചരിത്രത്തിൽ സ്ഥായിയായിട്ടുള്ള  വചനങ്ങളുടെയൊക്കെ പിതൃത്വം മൗനത്തിന്റെ വാല്മികങ്ങൾക്ക് അവകാശപ്പെട്ടതാണ്. തടവറകളുടെ ഇരുളും ശൂന്യതയുമൊക്കെയാണ് മഹാത്മാക്കളുടെ കത്തുകളിലെയും കൃതികളിലെയും സനാതന വചനങ്ങളുടെ വെളിച്ചവും ജീവനും. ഏദനിലെ ആദിമനുഷ്യന്റെ ഏകാന്തതയിൽ നിന്നും സമൂഹമുണ്ടായെങ്കിൽ ആൾക്കൂട്ടത്തിന്റെ കടന്നുകയറ്റത്തിൽനിന്നും മനുഷ്യനെ രക്ഷിക്കാനുള്ള പ്രകൃതിയുടെ വഴിയായിരുന്നിരിക്കണം സാമൂഹിക അകലം സൃഷ്ടിക്കൽ. മനുഷ്യന് ഇനി തുണ വേണ്ട എന്ന രീതിയിൽ ദൈവം തീരുമാനം മാറ്റിയതുപോലെ. ആധുനികതയെക്കാളുമൊക്കെ ഒത്തിരി ആധുനികമായിരുന്നിരിക്കണം ആദിയുടെ പഴമ.


പാഴായിപ്പോകുന്നവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള മിസ്റ്റിക്കൽ ദൈവശാസ്ത്രമാണ് ടാഗോർ ആവിഷ്കരിക്കുന്നത്. ‘നഷ്ടപ്പെട്ട നാഴികകളെയോർത്തു ഒട്ടേറെ ദിനങ്ങളിൽ ഞാൻ ദുഖിതനായിരുന്നെങ്കിലും ദൈവമേ അവയൊന്നും നഷ്ടപ്പെട്ടവയായിരുന്നില്ല. എന്റെ ജീവിതത്തിന്റെ ഒാരോ നിമിഷങ്ങളെയും അങ്ങ് തൃക്കരങ്ങളിൽ സംവഹിച്ചിരുന്നു. ചരാചരങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒളിച്ചിരുന്ന് അങ്ങ് വിത്തുകളെ മുളകളായും മുളകളെ പുഷ്പങ്ങളായും പുഷ്പങ്ങളെ ഫലങ്ങളായും രൂപപ്പെടുത്തുന്നു.’


കോവിഡിനോടനുബന്ധിച്ചുള്ള ആഗോള ലോക്ക്ഡൗണിനെപ്പറ്റി യാതൊരു ദീർഘദർശനവുമില്ലാതെ തന്നെ റഷ്യൻ കഥാകൃത്തായ ആന്റൺ ചെക്കോവ് പന്തയം (ഠവല ആല)േ എന്ന ചെറുകഥയിലൂടെ ‘ലോക്ക്ഡൗണി’ൽ സംഭവിക്കേണ്ട മനുഷ്യാവസ്ഥയുടെ ഉൽകൃഷ്ടമൂല്യങ്ങളിലേക്കുള്ള മടക്കയാത്രയെ അതിസുന്ദരമായി വരച്ചുകാട്ടിയിരുന്നു.  സ്വയം ഏറ്റെടുത്തതും പതിനഞ്ച് വത്സരങ്ങൾ നീണ്ടതുമായ  തടവറവാസത്തിലൂടെ കടന്നുപോകുകയാണ് കഥാനായകനായ യുവ അഭിഭാഷകൻ. ധനവാനായ ആതിഥേയന്റെ ഭവനത്തിലെ അത്താഴവിരുന്നിന് അഭിഭാഷകനും ക്ഷണിക്കപ്പെട്ടു. പതിവുപോലെ ഒരു തർക്കം. ജീവപര്യന്തമാണോ വധശിക്ഷയാണോ കൂടുതൽ മെച്ചം? വധശിക്ഷയിൽ പെട്ടെന്ന് മരിക്കാമെന്നും ജീവപര്യന്തം ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും ആതിഥേയൻ. അല്ല, ജീവപര്യന്തമാണ് മെച്ചമെന്ന് വിരുന്നുകാരനായ യുവാവ്. ആർക്കുപറ്റും പതിനഞ്ച് വർഷം ജയിലിൽ കിടക്കാനെന്നെ് ആതിഥേയൻ. കാണിച്ചുതരാമെന്ന് അഭിഭാഷകൻ.


പന്തയത്തിന്റെ വ്യവസ്ഥകൾ തീരുമാനമായി.വീട്ടുപടിയെ ലക്ഷ്മണരേഖയാക്കിയ മോദിജിയുടെ അടച്ചുപൂട്ടലിനെക്കാളും ഭീകരം. പതിനഞ്ച് വത്സരങ്ങൾ ധനവാന്റെ പൂന്തോട്ടത്തിലെ ലോഡ്ജിൽ യുവാവ് താമസിക്കണം. കിളിവാതിലിലൂടെ മാത്രം  പുറംലോകം കാണാം.  സമ്പർക്കം ഭക്ഷണം കൊണ്ടുവരുന്ന ആളോട് മാത്രം.  അങ്ങിനെ പതിനഞ്ച് വത്സരങ്ങൾ പൂർത്തിയാക്കുന്ന ദിവസം യുവാവിന് ധനവാൻ രണ്ട് ദശലക്ഷം റൂബിൾ നൽകുന്നതായിരിക്കും.


സംഗീതവും വായനയും ഉറക്കവുമായി യുവാവിന്റെ ആദ്യവർഷങ്ങൾ കടന്നുപോയി. ആദ്യവർഷങ്ങളിൽ തന്നെ ഏതാണ്ട് അറുനൂറോളം കൃതികൾ വായിച്ചു. പിന്നീട് പുതിയ നിയമം മാത്രം വായിക്കാൻ അയാൾ ഒരു വർഷത്തിലേറെയെടുത്തു. തത്ത്വചിന്തയും ദൈവശാസ്ത്രവുമായി തുടർന്ന് വായന. പതിനാല് വത്സരങ്ങൾ  പൂർത്തിയാകാൻ  പോകുന്നു. ഇതിനിടെ ധനവാന്റെ സമ്പത്തെല്ലാം നഷ്ടമായി. രണ്ട് മില്യൺ നൽകിയാൽ കുത്തുപാളയെടുക്കേണ്ട അയാൾ യുവാവിനെ കൊല്ലുവാൻ തന്നെ തീരുമാനിച്ചു. കത്തിയുമായി തടവറയിലെത്തിയ അയാൾ  ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ മേശപ്പൂറത്തെ കുറിപ്പെടുത്ത് മെഴുകുതിരിവെട്ടത്തിൽ വായിക്കുകയാണ് :


“”നാളെ പന്ത്രണ്ട് മണിയാകുമ്പോൾ ഞാൻ എന്റെ സ്വാതന്ത്ര്യവും ഇതര മനുഷ്യരുമായി ഇടപഴകാനുള്ള അവകാശവും വീണ്ടെടുക്കുന്നു. പക്ഷെ ഇൗ മുറി വിട്ടിറങ്ങുന്നതിനും സൂര്യപ്രകാശം കാണുന്നതിനും മുന്നേ താങ്കളോട് ഏതാനും വാക്കുകൾ പറയണമെന്ന് എനിക്ക് തോന്നുന്നു. എന്നെക്കാണുന്ന ദൈവത്തിന്റെ മുൻപാകെയെന്നവണ്ണം ശുദ്ധമായ മനഃസാക്ഷിയോടുകൂടി ഞാൻ പറയുന്നു: നിങ്ങളുടെ പുസ്തകങ്ങളിൽ  ലോകത്തിന്റെ വലിയ കാര്യങ്ങൾ എന്ന് വിളിക്കുന്നവയെയെല്ലാം,സ്വാതന്ത്ര്യത്തെയും ജീവിതത്തെയും ആരോഗ്യത്തെയും, ഞാൻ പുച്ഛിച്ചുതള്ളുന്നു. … നിങ്ങളുടെ കവികളും പ്രതിഭാശാലികളും സൃഷ്ടിച്ച മേഘച്ചീളുകളെ  വെല്ലുന്ന സ്വർഗ്ഗീയ  സൗന്ദര്യങ്ങൾ എന്നെ സന്ദർശിക്കുകയും അവർ എന്റെ  കർണ്ണപുടങ്ങളിൽ മന്ത്രിച്ച കഥകൾ എന്റെ മസ്തിഷ്കത്തിൽ ചുഴലിക്കാറ്റുകൾ തന്നെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. … മാനവരാശിയുടെ അശ്രാന്തചിന്തകൾ  യുഗാന്തരങ്ങളിലൂടെ വിരചിച്ചതെല്ലാം ഒരു സൂചിമൊട്ടെന്നവണ്ണം എന്റെ ശിരസ്സിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു.’


‘നിങ്ങളുടെ പുസ്തകങ്ങളെയും, വിജ്ഞാനത്തെത്തന്നെയും ലോകത്തിന്റെ എല്ലാ അനുഗ്രഹങ്ങളെയും  ഞാൻ അവഗണിക്കുന്നു. ഇവയെല്ലാം മരീചിക പോലെ അർത്ഥശൂന്യവും നൈമിഷികവും വഞ്ചനാത്മകവും മിഥ്യാപരവുമാണ് എന്ന് ഞാനറിയുന്നു. നിങ്ങൾ വിജ്ഞാനിയും അഭിമാനിയും നല്ലവനും ആയാലും തറയിലെ പൊത്തിലൊളിക്കുന്ന എലിയെപ്പോലെ നിങ്ങൾ ജീവിച്ചിരിപ്പില്ലായിരുന്നു എന്ന വണ്ണം മൃത്യു നിങ്ങളെ തുടച്ചുനീക്കുന്നതായിരിക്കും. നിങ്ങളുടെ അഭിവൃദ്ധിയും ചരിത്രവും അമർത്യരായ  പ്രതിഭകളുമെല്ലാം ഭൂഗോളത്തിനൊപ്പം ചാമ്പലാകുകയോ മരവിച്ചുപോകുകയോ ചെയ്യും. യുക്തി നഷ്ടപ്പെട്ട നിങ്ങൾ വെറുതെ അപഥസഞ്ചാരം നടത്തുന്നു. നിങ്ങൾ കള്ളങ്ങളെ സത്യമായും വൃത്തികേടിനെ സൗന്ദര്യമായും കണക്കാക്കുന്നു.” … “”നിങ്ങൾ വിലമതിക്കുന്നതിനെയെല്ലാം ഞാൻ തിരസ്കരിക്കുന്നു എന്നത് പ്രവർത്തിയിൽ കാണിച്ചുതരുവാൻ ഒരുകാലത്ത് ഞാൻ പറുദീസയെന്ന് കരുതിയതും ഇന്ന് ഞാൻ പുച്ഛിക്കുന്നതുമായ രണ്ട് ദശലക്ഷങ്ങളെ ഞാനിതാ പുച്ഛിച്ചുതള്ളുന്നു. പണത്തിനുള്ള എന്റെ അവകാശം ഇല്ലാതാക്കുന്നതിനും നമ്മൾ തമ്മിലുള്ള ഉടമ്പടി മനപ്പൂർവം ലംഘിക്കുന്നതിനുമായി നിശ്ചയിക്കപ്പെട്ട സമയത്തിന് അഞ്ച് മണിക്കുറുകൾ മുന്നേ ഞാനിവിടെ നിന്നും പുറത്തുചാടുന്നതായിരിക്കും.”


ദുരഭിമാനവും ധനാസക്തിയും തമ്മിലുള്ള പന്തയത്തിന്റെ പരിസമാപ്തിയിലാണ് കഥയുടെ സനാതന സന്ദേശം. രാത്രിയിൽ മാത്രം പുഷ്പിക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്ന നിശാഗന്ധി പോലെ ലോക്ക്ഡൗണിന്റെ ഇരുളിലെ സ്നാനത്തിലൂടെയാണ് അയാൾ സ്വന്തം സ്വത്വത്തിന്റെ സുഗന്ധം കണ്ടെത്തുന്നത്. തടവറയുടെ അടച്ചുപൂട്ടലിൽ അയാൾ യഥാർത്ഥ ഗൃഹപ്രവേശം നടത്തുകയായിരുന്നു. പൂട്ടുകൾ തുറക്കുന്നത് പുറത്തുകടക്കാനല്ല അകത്തുകയറാനാണ്.


കോവിഡ് കാലത്തിന്റെ വീർപ്പുമുട്ടലുകളിലൂടെയൊക്കെ മനുഷ്യനിൽ സംഭവിക്കേണ്ട അന്ത:സ്ഫോടനങ്ങളുടെയെല്ലാം നേർക്കാഴ്ചയാകുന്നു ഇൗ പരിവർത്തനം. മാനവരാശിയുടെ നൻമയുടെ കനലുകളൊക്കെ ചാരത്തിനടിയിൽ മങ്ങിക്കത്തുന്നത് സാമൂഹിക അകലം സൃഷ്ടിക്കുന്ന ഏകാന്തതയുടെ ഇരുളിൽ തെളിഞ്ഞുകാണാം. ആ മങ്ങിയ വെളിച്ചത്തിൽ ജീവിതത്തിൽ ഭാസുരങ്ങളെന്ന് കരുതുന്നവയൊക്കെ നിഷ്പ്രഭമാകുന്നു. ലോക്ക്ഡൗണിന് ശേഷം മാനവരാശി കൈവരിച്ചിരിക്കേണ്ട പുതിയ ആത്മബോധങ്ങളുടെ ദർപ്പണമാണ് പന്തയത്തിലെ യുവാവ്.


കോവിഡ് കാലത്തിന്റെ അകലവും ഏകാന്തതയുമൊക്ക മാനവരാശിക്ക് മഹാചിരികൾ വീണ്ടെടുക്കുവാനുള്ള സമയമാണ്. ഇനിയും നനയാത്ത മഴയിൽ ആദ്യമായൊന്ന് കുളിരുകൊള്ളുവാനും ഇനിയും പൊള്ളാത്ത വെയിലിനെ ഒന്ന് രുചിച്ചുനോക്കുവാനുമൊക്കെയുള്ള അവസരം. ഇനിയും ചവിട്ടിയിട്ടില്ലാത്ത മണ്ണിനെ ആദ്യമായൊന്ന് സ്പർശിക്കുവാനുള്ള വിശുദ്ധവാരങ്ങൾ.  പുതിയ ആത്മവിദ്യയുടെ അന്വേഷണങ്ങൾ ആരംഭിക്കുക. ലിങ്കൺ മകന്റെ സ്കൂളിലെ പ്രിൻസിപ്പലിന് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിൽ പറയുന്നത് പോലെ, ‘പുസ്തകങ്ങളുടെ അത്ഭുതങ്ങളെപ്പറ്റി അവനെ പഠിപ്പിക്കുക; ഒപ്പം ആകാശത്തിലെ പക്ഷികളുടെയും സൂര്യവെളിച്ചത്തിലെ തേനീച്ചകളുടെയും മലയോരങ്ങളിലെ പുഷ്പങ്ങളുടെയും നിഗൂഢതകളും കൂടി പഠിപ്പിക്കുക.’ മുൻപിൽ വിളമ്പിയ ചോറല്ലാതെ നെ•ണിയെയോ നെൽക്കതിരിനെയോ ഇന്നേവരെ കണ്ടിട്ടില്ലാത്തവർക്ക് ആദ്യകാഴ്ചകളുടെ ലഹരിയുമായി  ഭൗമസീമകളിലൂടെ ഒരു പുതിയ തീർത്ഥാടനം ആരംഭിക്കാം. കോവിഡിന് നന്ദി പറയാം.


ലോക്ക്ഡൗണിന് ശേഷം ലോകം ഘട്ടം ഘട്ടമായി വീണ്ടും പൂട്ടഴിക്കുമ്പോൾ മാനവരാശിക്ക് ആത്മപരിശോധനക്ക് ഒത്തിരിയേറെ ചോദ്യങ്ങൾ ബാക്കിയാവുന്നു. കോവിഡ് കാലത്തെ യുദ്ധസന്നാഹങ്ങളിലും രാജ്യങ്ങൾ പരസ്പരം നടത്തുന്ന കുറ്റാരോപണങ്ങളിലും ഇരുളിൽ വിതക്കപ്പെടേണ്ട വസന്തത്തിന്റെ വിത്തുകൾ ഞെരിഞ്ഞമരുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ലീഗ് ഒാഫ് നേഷൻസ് ഉണ്ടായതുപോലെയോ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം എെക്യരാഷ്ട്രസംഘടനഉണ്ടായതുപോ