ക്രൈസ്തവരുടെ ജാതീയത – ലിയോണാള്‍ഡ് മാത്യു

by ezhuthuadmins2 | July 11, 2018 6:03 am

പ്രണയിച്ച പെണ്ണിനൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതിനാണ് കെവിന് ജീവന്‍ നഷ്ടമായത്. പെണ്‍വീട്ടുകാരുടെ ജാതിവെറിയായിരുന്നു കാരണം. ദളിത് ക്രൈസ്തവനായ കെവിനു സവര്‍ണ്ണ ക്രൈസ്തവ പശ്ചാത്തലമുള്ള നീനുവും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്കെത്തി എന്നത് കെവിനെ കൊലപ്പെടുത്തുക എന്നതിലേക്ക് നീനുവിന്റെ കുടുംബത്തെ എത്തിച്ചു. 
കെവിന്‍ കൊല്ലപ്പെടാനിടയായ കാരണം ജാതീയതയാണെന്നും കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ജാതീയത നിലനില്‍ക്കുന്നുണ്ടെന്നും യാക്കോബായ സഭയില്‍നിന്നും ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. തന്റെ സഭയില്‍ ദളിത് ക്രിസ്ത്യാനികളുമായുള്ള മിശ്രവിവാഹം അപൂര്‍വ്വമായേ നടക്കാറുള്ളൂ എന്നും സവര്‍ണ്ണതയും ജാതീയതയും ശക്തമായി നിലനില്‍ക്കുന്നത് സുറിയാനി സഭയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്രൈസ്തവര്‍ക്ക് ജാതിയില്ലെന്ന് പറയുന്നവരുണ്ട്. ക്രൈസ്തവ സഭയിലെ ജാതീയത വെറും വാക്കില്‍ തള്ളിക്കളയാവുന്നതല്ല. 
കാലങ്ങളായി ദളിതരോട് സവര്‍ണ ജാതിക്കാര്‍  പുലര്‍ത്തുന്ന സമീപനത്തിന്റെ പ്രതിഫലനംതന്നെയാണ് കെവിന്റെ ജീവന്‍ അപഹരിച്ചത്. കെവിന്റെ കൊലപാതകത്തില്‍ രണ്ട് മതവിഭാഗത്തിനും പങ്കുണ്ട്. നീനുവിന്റെ അച്ഛന്‍ ക്രൈസ്തവനും അമ്മ ഇസ്ലാം മതത്തില്‍നിന്നുമാണ്. കെവിന്റെ കൊലപാതകം നടത്താന്‍ നേതൃത്വം നല്‍കിയതും ഈ രണ്ട് മതവിഭാഗത്തില്‍പ്പെട്ടവരാണ്. അതിനാല്‍ത്തന്നെ ഈ രണ്ടു മതങ്ങളും ദളിതരോടുപുലര്‍ത്തുന്ന സമീപനവും ചര്‍ച്ചചെയ്യേണ്ടതുണ്ട്. പുലയ വിഭാഗത്തില്‍നിന്നും ക്രൈസ്തവ മതം സ്വീകരിച്ചവരെ പുലയ ക്രിസ്ത്യാനികളെന്നും പുതുക്രിസ്ത്യാനികളെന്നും വിശേഷിപ്പിച്ചുള്ള തരംതിരിവ് ക്രൈസ്തവര്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും സുറിയാനി ക്രൈസ്തവര്‍ക്കിടയില്‍. ഇസ്ലാമുകള്‍ക്കിടയില്‍ ദളിതനനുഭവിക്കുന്ന വിവേചനം ചെറുതല്ലതാനും. അതിനാല്‍ത്തന്നെ കെവിന്റെ ജാതിക്കൊല നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവേചനത്തിന്റെ ഭാഗമാണ്.

Source URL: http://ezhuthu.org/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%be%e0%b4%a4%e0%b5%80%e0%b4%af%e0%b4%a4-%e0%b4%b2%e0%b4%bf%e0%b4%af/