കോവിഡാനന്തര പ്രകൃതിജീവിതം

കോവിഡാനന്തര പ്രകൃതിജീവിതം

കോവിഡാനന്തര പ്രകൃതിജീവിതം

ടി.പി. കുഞ്ഞിക്കണ്ണൻ

പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ ഒട്ടേറെയുണ്ടെങ്കിലും ലഭ്യമായ അറിവ് വച്ചുനോക്കുമ്പോൾ, ജീവൻ തുടിക്കുന്നത് നമ്മുടെ ഈ ഭൂമിയിൽ മാത്രമാണ്. പ്രാണവായുവിന്റെയും ശുദ്ധജലത്തിന്റെയും സാന്നിധ്യമാണ് ഇതിനടിസ്ഥാനം. സൂക്ഷ്മാണുക്കൾ മുതൽ അപാരങ്ങളായ ജന്തുക്കളും വൃക്ഷലതാദികളുമെല്ലാം അവയിൽ ജീവൻ തുടിക്കുന്നതുവഴി പലതരം ധർമങ്ങൾ അറിഞ്ഞും അറിയാതെയും ഈ ഭൂമുഖത്ത് നിറവേറ്റുന്നു. അതിന്റെ പച്ചപ്പിലാണ് നാമെല്ലാം ജീവിച്ചുപോകുന്നത്. ജീവജാലങ്ങളുടെ എണ്ണംവച്ചു നോക്കുമ്പോൾ വളരെ ചെറിയൊരു ദശാംശത്തിൽ ഒതുങ്ങുന്നതാണ് മനുഷ്യന്റേത്. എന്നാൽ, സമ്പാദിക്കാനും കരുതിവയ്ക്കാനുമുള്ള ദുരമൂത്ത ആഗ്രഹം, ബാക്കിയെല്ലാറ്റിനെയും കീഴടക്കണമെന്ന വെമ്പലിലേക്ക് എത്തിക്കുന്നു. ഇത് മണ്ണിനെയും വെള്ളത്തെയും മനുഷ്യാധ്വാനത്തെയും വല്ലാതെ കീറിമുറിക്കുന്നു. പ്രാണവായുവിനെപ്പോലും ഒരു അപൂർവവസ്തു ആക്കുന്നു. ഈ രീതിയിൽ നോക്കിയാൽ ലോകത്ത് ഇന്നുള്ള പരിസ്ഥിതിത്തകർച്ചയ്ക്കും ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും അടിസ്ഥാനം, സമ്പാദിക്കാനുള്ള, കീഴടക്കാനുമുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹമാണെന്നു കാണാം. വെട്ടിപ്പിടിത്തത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രഹരശക്തി കൂടിവന്നതോടെ, ഒരു ചെറിയ പിഴവു പറ്റിയാൽപോലും ഈ ഭൂമി തകർന്നടിഞ്ഞുപോകാം എന്നതാണ് അവസ്ഥ.

ഇന്നത്തെ പ്രതിസന്ധി

ഇന്നത്തെ ലോകത്ത് രണ്ടുതരം ഭീഷണികൾ സജീവമാണ്. കോവിഡും കാലാവസ്ഥാ മാറ്റവും. മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം കോവിഡിന്റെ ഉറവിടം ആവാസവ്യവസ്ഥയുടെ തകർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതാണ്ടെല്ലാ മഹാമാരിയും പരിസ്ഥിതിത്തകർച്ചയിൽ നിന്നാണ് ഉടലെടുക്കുന്നത്. പരിസ്ഥിതിത്തകർച്ച കാലാവസ്ഥാവ്യതിയാനത്തിന് ശക്തിപകരുന്നു. കാലാവസ്ഥാവ്യതിയാനം, ആവാസവ്യവസ്ഥകളെ നശിപ്പിക്കുന്നു. ഈ രീതിയിൽ ഇന്നത്തെ ലോകം നേരിടുന്ന പ്രധാന ഭീഷണികൾ ചേർന്ന് ഒരു ദൂഷിതവലയം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെ മുറിച്ചുകടക്കാൻ, ഇന്നത്തെ സ്ഥിതിയിൽ മനുഷ്യന്റെ കൂട്ടായ്മ മാത്രം പോര, എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയും മണ്ണും മനുഷ്യനുമെല്ലാം സുരക്ഷിതമായിരിക്കണമെന്ന് പണ്ഡിതർ സൂചിപ്പിക്കുന്നു.

വളർച്ചയുടെ പരിധി: ഒരു പുനരന്വേഷണം (Limits to Growth : Revisited) എന്ന ഗ്രന്ഥത്തിൽ യൂഗോ ബാർദി ഇപ്രകാരം പറയുന്നു, ജനങ്ങളല്ല പ്രശ്‌നം അവരുടെ ഭ്രാന്തമായ ഉപഭോഗമാണ്. എന്നാൽ ജനങ്ങളിൽ ഭൂരിഭാഗവും ഉപഭോഗ ഭ്രാന്തരല്ല. കാരണം, ഭൂരിഭാഗം ജനങ്ങളും ദരിദ്രരും പട്ടിണിക്കാരുമാണ്. പിന്നെ ഏത് ജനങ്ങളാണ് പ്രശ്‌നക്കാർ? സമ്പത്തിന്റെ ന്യൂനഭാഗം കയ്യാളുന്ന ഭൂരിപക്ഷം വരുന്ന ജനങ്ങല്ല. മറിച്ച്, സമ്പത്തിന്റെ ഭൂരിപക്ഷം കയ്യാളുന്ന ന്യൂനപക്ഷം വരുന്ന ജനങ്ങളാണ് പ്രശ്‌നക്കാർ. അവരെ പ്രതിനിധാനം ചെയ്യുന്ന മുതലാളിത്ത കമ്പോളമാണ് കാലാവസ്ഥാ മാറ്റമടക്കമുള്ളവയുടെ യഥാർത്ഥ ഉത്തരവാദി. മുതലാളിത്ത ചലനനിയമങ്ങൾ, ലാഭത്തിനായുള്ള കമ്പോളമത്സരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തും ലാഭമാക്കുക, അതാണ് മുതലാളിത്ത യുക്തി.

കമ്പോളയുക്തിക്കനുസരിച്ച്, മുതലാളിമാർ ലാഭത്തിനായി പരസ്പരം മത്സരിക്കുന്നു. ചിലപ്പോൾ പോരടിക്കുന്നു. പ്രകൃതിവിഭവങ്ങളും കമ്പോളവും കയ്യടക്കാനായി ഭൂമി വെട്ടിപ്പിടിക്കുന്നു. കമ്പോളത്തിന്റെ അനന്ത സാധ്യതകൾ സ്വന്തമാക്കാനായി പരിമിതമായ പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക മുതലാളിത്തം പ്രവർത്തിക്കുന്നത്. മനുഷ്യാധ്വാനത്തെ മാത്രമല്ല, എക്കാലത്തേയും ഉൽപ്പാദന പ്രക്രിയയിൽ മുതലാളിത്തം ചൂഷണം ചെയ്തത്. അക്കൂട്ടത്തിൽ പ്രകൃതിയും പ്രകൃതിവിഭവങ്ങളുമുണ്ട്. ഇക്കാര്യം മുതലാളിത്തം ബോധപൂർവം മറച്ചുവയ്ക്കുകയായിരുന്നു. ജീവനുള്ളതെല്ലാം അതായത് ജൈവസമ്പത്തെല്ലാം തങ്ങളുടെ നിയന്ത്രണത്തിൽ എന്നതാണ് ഇന്നത്തെ സമീപനം. ജൈവസമ്പത്തിന് മേലുള്ള ഈ അധികാര സ്ഥാപനത്തെപ്പറ്റി ജൈവഅധികാരം എന്നൊക്കെ പറയുന്നു. ഇത്തരം പ്രവണതകളെല്ലാം കൂടുതൽ അപകടകരമാണെന്ന് ദിനംപ്രതിയെന്നോണം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഉപജീവനത്തിനായി പാടുപെടുന്ന ദരിദ്രരല്ല, മറിച്ച് വിഭവം ധൂർത്തടിക്കുന്ന സമ്പന്നരാണ് ഭൂമിയെ ചൂടാക്കുന്നത്. ഇതൊന്നും സാധാരണ ജനങ്ങളുടെ ജീവിതഗുണത വർധിപ്പിക്കാനല്ലെന്നതും ഏതാനും പേരുടെ അമിതലാഭത്തിനുവേണ്ടിയാണെന്നതും തിരിച്ചറിയണം.