കേരളീയ ശില്പകലയുടെ പരിസരവും പാരമ്പര്യവും – ജ്യോതിലാല്‍ ടി.ജി.

കേരളീയ ശില്പകലയുടെ പരിസരവും പാരമ്പര്യവും –  ജ്യോതിലാല്‍ ടി.ജി.

മനുഷ്യസംസ്‌കൃതിയുടെ തുടക്കം മുതല്‍ ശില്പനിര്‍മാണത്തിന് പ്രാധാന്യമുണ്ട്. അതിപ്രാചീനകാലത്ത് അത് ഉപയോഗമൂല്യത്തെമാത്രം കേന്ദ്രീകരിച്ചാണ് ഉണ്ടായത്. ഓരോ ഉപയോഗത്തിനും അനുസൃതമായി രൂപപ്പെടുത്തുക എന്ന പ്രവൃത്തി നടത്തുന്നതിനാല്‍ രൂപപ്പെടുത്തല്‍കല എന്ന അര്‍ത്ഥം വരുന്ന പ്ലാസ്റ്റിക് ആര്‍ട്ട് (Plastic Art) എന്ന് ശില്പകലയെ വിളിക്കുന്നു. ഒരു സ്ഥലത്തില്‍ നിലകൊളളുന്നതിനാല്‍ സ്ഥലകല (Spatial Art) എന്നും പറയാറുണ്ട്.


സാമൂഹ്യമണ്ഡലത്തിലുള്ള ശില്പകലയുടെ വളര്‍ച്ച പ്രാചീനസമൂഹത്തിന്റെ മൂല്യസ്രോതസ്സുകളായിരുന്ന പുരാവൃത്തങ്ങളിലും അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്. ഇത് സമൂഹത്തിന്റെ പൊതുസ്വത്തായിരുന്നു. മനുഷ്യസമൂഹത്തിനുമേല്‍ ശില്പകല വിഗ്രഹങ്ങളായും അനുഷ്ഠാനബിംബങ്ങളായും നിലനിന്നു. ഇവയുടെ അര്‍ത്ഥം നിയതമോ പരിമിതമോ അല്ല. സ്വന്തം സംസ്‌കൃതിക്കും ജീവിതസാഹചര്യങ്ങള്‍ക്കും അനുസരിച്ച് കലാസൃഷ്ടികള്‍ക്ക് രൂപപരിണാമങ്ങള്‍ സംഭവിക്കുന്നു. ജീവിതം പ്രാഥമികാവസ്ഥയില്‍ നിലനിന്നിരുന്ന ആദിവാസി സമൂഹങ്ങളിലും സങ്കീര്‍ണമായ വര്‍ത്തമാനകാലത്തിലും ശില്പകല ചരിത്രത്തെയും വര്‍ത്തമാനത്തെയും ഒരു ചരിത്രബിന്ദുവില്‍ ഘനീഭവിപ്പിക്കുന്നു. അതുകൊണ്ടാണ് ഏണ്‍സ്റ്റ് ഫിഷര്‍ (Ernst Fischer) കലയെ സാമൂഹ്യാനുഭവത്തിന്റെ ഘനീഭാവമെന്ന് വിശേഷിപ്പിച്ചത്.


കലയെ സാമൂഹികവ്യവഹാരങ്ങള്‍ക്ക് പുറത്തുനിര്‍ത്തി മനസ്സിലാക്കാന്‍ സാധ്യമല്ല. കലാകാരന്‍ ഒരു സൃഷ്ടി നടത്തുന്നത് ഒരു സാമൂഹ്യാനുഭവമാണ്. കല ഒരു സാമൂഹ്യാനുഭവമെന്ന നിരീക്ഷണത്തെ ശരിവയ്ക്കുന്നതാണ് ശില്പകലയുടെ രൂപപരിണാമങ്ങള്‍. ഒരു വ്യക്തിയുടെയോ ഗോത്രത്തിന്റെയോ പൊതുസംവേദനത്തിന് ഉതകുന്ന ചിഹ്നമായി, മതവും സാമൂഹികാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടാണ് ശില്പകല വളര്‍ന്നുവികസിച്ചത്. ഒരു യാദൃശ്ചിക സാമൂഹികസൃഷ്ടി ആവര്‍ത്തിക്കപ്പെടുന്ന അനുഷ്ഠാനമായി മാറുന്നതുപോലെ ശില്പകല സാമൂഹികജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന അനുഷ്ഠാനനിര്‍മിതിയായി മാറുന്നു. ഒരു സാമൂഹികഘടനയ്ക്കുള്ളിലെ വിശ്വാസങ്ങളേയും പുരാവൃത്തങ്ങളേയും നിലനിര്‍ത്തുകയും, ഒരു തലമുറയില്‍നിന്ന് മറ്റൊന്നിലേക്ക് കൈമാറുകയും ചെയ്തുകൊണ്ടാണ് ശില്പകല നിലനില്‍ക്കുന്നത്. ഒരു സമൂഹം അഥവാ ഗോത്രം ഭദ്രതയും സ്ഥിരതയും കൈവരിക്കുന്നത്, അതിന്റെ സാമൂഹികഘടനയിലെ എല്ലാ വിശ്വാസികളുടേയും മനസ്സില്‍ പരസ്പരവിശ്വാസത്തിന്റെ വികാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് മൂര്‍ത്തമായ ഒരു സംവേദനബിംബത്തിന്റെ സാന്നിദ്ധ്യത്തിലാണ്. അത്തരം ഒരു സംവേദനബിംബത്തെ സൃഷ്ടിക്കുന്നത് പൊതുമണ്ഡലത്തില്‍ സൃഷ്ടിക്കപ്പെടുന്ന വികാരങ്ങളുടെ സംയോജനത്തിലൂടെയാണ്. അപ്രകാരമുള്ള ഒരു സാഹചര്യത്തിലാണ് ശില്പകല ഒരു അനുഷ്ഠാന പ്രതിബിംബം എന്ന രൂപം കൈക്കൊള്ളുന്നത്.


ചരിത്രാതീതകാലം മുതലുള്ള നിര്‍മിതിയില്‍ മണ്ണില്‍ ചുട്ടെടുത്തവയും കല്ലില്‍ തീര്‍ത്തവയും മാത്രമേ അവശേഷിച്ചിട്ടുള്ളു. 1920-കളില്‍ സിന്ധുസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടു. അക്കാലവും സംസ്‌കൃതിയും വായിക്കാന്‍ കഴിയുന്നത് ശില്പഭാഷയിലൂടെയാണ്. ശില്പവും വാസ്തുശില്പവും മാത്രമേ അതിന്റെ അടയാളമായി ലഭിച്ചിട്ടുള്ളു. എല്ലാ പുരാതന സംസ്‌കൃതികളിലും ശില്പങ്ങളിലെ ദൃശ്യഭാഷ ചരിത്രഗവേഷണത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട്.


ആദ്യഘട്ടത്തില്‍ ഒരുപക്ഷേ, മതവുമായി ശില്പകലയ്ക്ക് നേരിട്ട് ബന്ധമുണ്ടാവണമെന്നില്ല. ആദ്യകാലമനുഷ്യന്‍ ഒരു മതാനുയായി എന്നതിനേക്കാള്‍ സ്വയം പരിശീലിപ്പിച്ചത് ഒരു ആത്മീയാന്വേഷി എന്ന നിലയില്‍ ആയിരുന്നിരിക്കണം. മതചിന്ത ഉത്ഭവിക്കുന്നതിന് മുന്‍പുതന്നെ ശില്പകല ദൈനംദിനജീവിതത്തിന്റെ ഭാഗമായി നിലകൊണ്ടിരുന്നു. മതം ജനഹൃദയങ്ങളില്‍ എത്തിയതിനുശേഷമാണ് ഇവയ്ക്ക് നിയതമായ മതാത്മകാര്‍ത്ഥങ്ങളും ഉണ്ടായത് എന്നുവേണം കരുതാന്‍. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ശില്പകല സാമൂഹികജീവിതത്തിന്റെ ഭാഗമായിത്തീരുകയും ജനജീവിതത്തില്‍നിന്ന് ഇഴപിരിച്ച് എടുക്കാനാകാത്തവിധം അഭേദ്യമായിത്തീരുകയും ചെയ്തു.


കരകൗശലത്തിന്റെ പിന്തുടര്‍ച്ച ആയിട്ടായിരുന്നു കേരളത്തില്‍ ചിത്രശില്പകലകള്‍ വളര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ ഗോത്രസ്വഭാവവും മതേതരസ്വഭാവവും ഇത്തരം ശില്പങ്ങളില്‍ ഉറഞ്ഞുകൂടി കിടക്കുന്നുണ്ട്. പില്‍ക്കാലത്ത് ശൈവ-വൈഷ്ണവമതത്തിന്റെ കടന്നുകയറ്റത്താല്‍ മതപരമായ ഒരു അധികാരവ്യവസ്ഥ കേരളത്തിലെ തനതു ശില്പകലാരീതിയെ ഗണ്യമായരീതിയില്‍ സ്വാധീനിക്കുകയാണ് ഉണ്ടായത്. കേരളത്തിലെ ബൗദ്ധ-ജൈനശില്പങ്ങള്‍ ശൈവ-വൈഷ്ണവമതശില്പങ്ങളായി പരിണമിക്കുന്ന ചരിത്രം നമുക്ക് അറിവുള്ളതാണല്ലോ. ഉദാ: നിലമ്പേരൂര്‍ ഭഗവതിക്ഷേത്രം (എറണാകുളം ജില്ല). പ്രാചീനകേരളത്തില്‍ ധാരാളം ബൗദ്ധപള്ളികളും ജൈനക്ഷേത്രങ്ങളും ഉണ്ടായിരുന്നു എന്നതിന് അനവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവയില്‍ മിക്കതും പിന്നീട് ഹിന്ദുക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. സാമൂഹികമായ മാറ്റങ്ങള്‍ക്കനുസരിച്ച് കലയും മാറിക്കൊണ്ടിരിക്കുന്നു.


കേരളത്തില്‍ ഒരുകാലത്ത് സജീവമായിരുന്ന ബൗദ്ധ-ജൈനശില്പങ്ങളുടെ സാന്നിദ്ധ്യം വെളിവാക്കുന്നത് ശില്പകലയുടെ ആവിഷ്‌കാരപൂര്‍ണിമയാണ്. ജൈനന്റെയും ബുദ്ധന്റെയും ഒമ്പതാം നൂറ്റാണ്ടുമുതല്‍ പഴക്കമുള്ള ശില്പങ്ങള്‍ക്ക് ഗുപ്തകാലശില്പങ്ങളുടെ സൗകുമാര്യമോ ഭാവഗരിമയോ ഇല്ല. മറിച്ച്, ധ്യാനനിരതവും ആത്മജ്ഞാനത്താല്‍ പ്രശോഭിതവുമാകുന്ന സജീവമായ ആത്മചൈതന്യത്തിന്റെ രൂപാവിഷ്‌കാരങ്ങളാണെന്നു കാണാം. ബൗദ്ധ-ജൈനശില്പകലയുടെ സാന്നിദ്ധ്യങ്ങള്‍ക്ക് ഉപരിയായി കേരളത്തിലാകമാനം നിറഞ്ഞുനില്‍ക്കുന്നത് ഹിന്ദുദൈവഗണങ്ങളുടെ വിവിധരൂപത്തിലെ ആവിഷ്‌കാരങ്ങളാണ്. ഇവയ്‌ക്കൊപ്പംതന്നെ പൂര്‍വസംസ്‌കൃതിയുടെ അവശിഷ്ടം എന്നപോലെ ദ്രാവിഡ ചിഹ്നങ്ങള്‍ ഒരു മതത്തിന്റെയും അര്‍ത്ഥവ്യാപ്തിക്ക് ഉതകാത്തവിധം ചോദ്യചിഹ്നങ്ങളായി നിലകൊള്ളുന്നു.


ഹൈന്ദവമായ മതസൃഷ്ടികള്‍ ശില്പവേലയിലൂടെ നിലനില്‍ക്കുന്നത് വിചിത്രമായ രൂപസൃഷ്ടികളിലൂടെയാണ്. അവയില്‍ പലതും വിഗ്രഹനിര്‍മാണപ്രക്രിയയുടെ അപൂര്‍വതകളാല്‍ സമ്പന്നമാണ്. സൗന്ദര്യശാസ്ത്രപരമായി വിലയിരുത്തുമ്പോള്‍ ചലനബോധത്താലും വിചിത്രമായ ആഖ്യാനതന്ത്രങ്ങളാലും അവ വ്യത്യസ്തങ്ങളാണ്. പത്മനാഭസ്വാമിക്ഷേത്രത്തിലെ കുലശേഖരമണ്ഡപവും അവയില്‍ കൊത്തിയ രാമായണകഥകളും തിരുന്നാവായയിലെ ശില്പങ്ങളും വിചിത്രമായ ആഖ്യാനസൃഷ്ടികളുടെ ഭണ്ഡാകാരങ്ങളാണ്. കവിയൂര്‍ക്ഷേത്രത്തില്‍നിന്ന് തുടങ്ങുന്ന കേരളീയ ശില്പകലയുടെ മാതൃകകള്‍ മതവിശ്വാസങ്ങളുടെ പ്രാഗ്‌രൂപങ്ങള്‍ എന്ന നിലയ്ക്ക് സാമൂഹികമനസ്സിന്റെ ആഴമേറിയ സര്‍ഗചേതനകളെ പ്രകടമാക്കുന്നു.


ശില്പകല ഒരു ഭാഷയാണോ? എന്ന ലേഖനത്തില്‍ റൊളാംഗ്ബാര്‍ത്ത് (Roland Barthes) കലയുടെധര്‍മത്തെ ഇങ്ങനെ ചോദ്യം ചെയ്യുന്നു. ”സത്യത്തില്‍, ചിത്ര-ശില്പകല ഒരു ഭാഷയാണോ എന്ന ചോദ്യം ഒരു സദാചാരപരമായ ചോദ്യമാണ്. അതിനുത്തരം ലഘൂകരിച്ച ഒരു മറുപടിയാണ്. ആ മറുപടി വ്യക്തിയുടെ, കലാകാരന്റ അവകാശങ്ങളെ മാനവികതയുടെ മൊത്തം മൂല്യങ്ങളെയും സംരക്ഷിക്കുന്ന ഒന്നായിരിക്കണം. കല ഒരു സാമൂഹികചിഹ്നം എന്ന നിലയ്ക്ക് സൂചിതമാക്കുന്ന അര്‍ത്ഥപരിണാമങ്ങള്‍ ഒരു ജനതയുടെയും സംസ്‌കാരത്തിന്റെയും അര്‍ത്ഥപരിണാമങ്ങളാണ്. ഈ സംസ്‌കാരപരിണാമം കാലാനുഗതമായി മാറുന്ന മൂല്യസംഹിതകള്‍ക്കനുസരിച്ച് രൂപാന്തരീകരിക്കപ്പെട്ട ഒന്നാണ്.”


പരമ്പരാഗത കാവുകളിലും കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഭഗവതീക്ഷേത്രങ്ങളിലും കാണുന്ന ആരാധനാശില്പങ്ങള്‍ പരമ്പരാഗത ശില്പസംസ്‌കൃതിയെക്കുറിച്ചുള്ള അറിവിനെ വികസിപ്പിക്കാനുതകുന്നു. തെന്നിന്ത്യയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും വ്യാപിച്ച സാംസ്‌കാരികാധിനിവേശത്തിന്റെ സവിശേഷമായ പശ്ചാത്തലത്തില്‍ വേണം കേരളീയ ശില്പകലയുടെ പരിണാമത്തെ അന്വേഷിക്കേണ്ടത്.