കേരളത്തിലെ പ്രളയം തനിയാവര്‍ത്തനം – ഡോ. സി.എം. ജോയി

കേരളത്തിലെ പ്രളയം തനിയാവര്‍ത്തനം  – ഡോ. സി.എം. ജോയി

കേരളത്തില്‍ 2018ലും 2019ലും ആഗസ്റ്റില്‍ പ്രളയമുണ്ടായി. കുറഞ്ഞനേരം കൊണ്ട് കൂടുതല്‍ മഴ ഉണ്ടായി എന്നതാണ് രണ്ട് പ്രളയത്തിനും കാരണമായി വിശ്വസിക്കുന്നത്. കാലാവസ്ഥാ വ്യതിയാനകാലത്ത് നിമിഷ പ്രളയത്തിലേക്ക് നയിക്കുന്ന ഇത്തരം മഴകള്‍ പതിവാണുതാനും. കാലാവസ്ഥാ വ്യതിയാനത്തിന് കാരണം ആഗോളതാപനമാണെന്നും ഇതിന് കാരണം ഹരിതഗൃഹവാതകങ്ങളാണെ ന്നും തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളാണ്. അതായത്, കാലാവസ്ഥാ വ്യതിയാനം മനുഷ്യനിര്‍മിതമാണെന്ന് സാരം. മനുഷ്യനിര്‍മിതമായ കാരണങ്ങളോട് പ്രകൃതി പ്രതികരിക്കുന്നത് എങ്ങനെയാണെന്ന് പ്രവചിക്കുക അസാധ്യമാണ്. എന്തുകൊണ്ട് ഇത്തരം പ്രളയമഴകള്‍ ഉണ്ടാകുന്നു എന്നതിന് ഉത്തരം ലഭിക്കുകയെന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. പ്രപഞ്ചത്തില്‍ ഭൂമി ഉണ്ടായ നാള്‍മുതലുള്ള ജലത്തിന്റെ അളവിന് ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ മഴയിലൂടെ അത് ലഭിക്കുന്ന സ്ഥലങ്ങളെ ആശ്രയിച്ചാണ് അവിടങ്ങളിലെ പ്രളയവും വരള്‍ച്ചയുമെന്നത് നമുക്കറിവുള്ള വസ്തുതയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം മഴ ലഭിക്കുമ്പോള്‍ ഭൂപ്രകൃതിയുടെ പ്രത്യേകതകളനുസരിച്ച് ഉരുള്‍പൊട്ടലുകളും, പ്രളയവുമായി സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്നു എന്നതാണ് സത്യം. കാരണം നമ്മുടെ സംസ്ഥാനം മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്നായി വ്യത്യസ്ത രീതിയില്‍ കിടക്കുകയും കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്നു എന്നതും പ്രത്യേകതകളാണ്.


നമ്മുടെ 44 നദികളില്‍ 41 നദികളും പശ്ചിമഘട്ടത്തില്‍ തുടങ്ങി മലനാടും ഇടനാടും തീരപ്രദേശവും താണ്ടി കായലുകളിലും ലക്ഷദ്വീപ് കടലിലും ചെന്നുചേരുന്നവയാണ്. കബനി, ഭവാനി, പാമ്പാര്‍ എന്നീ മൂന്ന് നദികള്‍ പശ്ചിമഘട്ടത്തില്‍ നിന്നാരംഭിച്ച് കിഴക്കോട്ടൊഴുകി തമിഴ്‌നാട്ടിലെ കാവേരിയിലാണ് ചെന്നുചേരുന്നത്. കേരളത്തിലെ നദികള്‍ കായലിലും കടലിലും ചെന്നു ചേരുന്നതിനുമുമ്പ് തോടുകളും, ഇടതോടുകളും, അരുവികളുമായി പിരിഞ്ഞ് സംസ്ഥാനമാകെ ഒരു ജല ശ്യംഖല ഉണ്ടാക്കുന്നു എന്നതാണ് കേരളത്തിന്റെ പച്ചപ്പിന് കാരണം. നമ്മുടെ നദികളില്‍ ഒഴുക്കില്ലാതായാല്‍ വേലിയേറ്റ സമയത്ത് കടലില്‍ നിന്നും കായലില്‍നിന്നും ശുദ്ധജല നദികളില്‍ ഉപ്പുവെള്ളം കയറുന്ന പ്രതിഭാസവും നാം നേരിടുന്നുണ്ട്.  


ഹൈറേഞ്ചിലെ മഴ


പണ്ടൊക്കെ നമ്മുടെ ഹൈറേഞ്ചുകളില്‍ മഴ പെയ്താല്‍ പത്തും പന്ത്രണ്ടും മണിക്കൂറെടുത്താണ് വെള്ളം ഒഴുകി നമ്മുടെ ഇടനാട്ടിലും തീരപ്രദേശത്തും എത്തിയിരുന്നത്. എന്നാല്‍ ഇന്ന് രണ്ടും മൂന്നും മണിക്കൂറിനുള്ളില്‍ പെയ്ത്തുവെള്ളം പുഴകളിലൂടെ മലയടിവാരത്തില്‍ എത്തിച്ചേരുന്നുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഹൈറേഞ്ചിന് സമൂലമായ എന്തോ മാറ്റമുണ്ടായിട്ടുണ്ട് എന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. അതുപോലെതന്നെ പണ്ടുണ്ടായതിനേക്കാള്‍ അനേകം മടങ്ങ് ഉരുള്‍പൊട്ടലാണ് മഴക്കാലത്ത് സംസ്ഥാനത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങള്‍ നേരിടുന്നത്. വെള്ളം താഴെ എത്തുമ്പോള്‍ ഒഴുകിപ്പോകാന്‍ ഇടമില്ലാതെ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്നതും പതിവായിരിക്കുന്നു. അതുകൊണ്ട് ഇടനാടിനും, തീരദേശമേഖലയ്ക്കും രൂപമാറ്റം വന്നിരിക്കുന്നു എന്ന് അനുമാനിക്കേണ്ടിവരും. കേരളം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മുമ്പില്‍ പണ്ടുമുതലേ ജലമിച്ച സംസ്ഥാനമായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇന്ന് വേനല്‍ക്കാലമായാല്‍ പുഴകളില്‍ ജലം ഒഴുകുവാന്‍ ഇല്ല. അതിനാല്‍ വേലിയേറ്റം മൂലം പുഴകളിലൂടെ കൂടുതല്‍ കൂടുതല്‍ പുഴയ്ക്കകത്തേക്ക് ഓരുവെള്ളം എത്തിക്കുകയാണ്.


നമ്മുടെ പുഴകളിലെ വേനല്‍ക്കാല നീരൊഴുക്കെന്നാല്‍ അത് ഭൂഗര്‍ഭജലമാണെന്നതാണ് ആശ്ചര്യമായിട്ടുള്ളത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങൡലതുപോലെ നമ്മുടെ നദികള്‍ക്ക് വേനലില്‍ മഞ്ഞുരുകി ജലം ലഭിക്കാന്‍ യാതൊരു വഴിയുമില്ല. എന്നാലും ഫെബ്രുവരി മുതല്‍ മെയ് വരെ മഴ ഉണ്ടായില്ലെങ്കില്‍പോലും ശക്തമായ നീരൊഴുക്കില്ലെങ്കിലും നമ്മുടെ പുഴകള്‍ മിക്കവയും ഒഴുകുന്ന നിലയിലാണിന്നും. അതിനു കാരണം നമ്മുടെ പശ്ചിമഘട്ട മലമടക്കുകളാണ്. ഇവിടെ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിക്കുന്ന മഴവെള്ളം മഴക്കാടുകളിലൂടെ മലയില്‍ അരിച്ചിറങ്ങി ഭൂഗര്‍ഭത്തിലൂടെ ചരിവനുസരിച്ച് വിവിധ ഇടങ്ങളില്‍ പുഴകളില്‍ ഉറവകളായി എത്തുന്നു എന്നതാണ് ശാസ്ത്രം. ഇന്ന് വേനല്‍ക്കാലങ്ങളില്‍ അവയുടെ അളവ് കുറഞ്ഞിട്ടുണ്ടെന്നത് വാസ്തവമാണ്. അതിന് പ്രധാന കാരണം നമ്മുടെ മഴക്കാടുകളുടെ അഭാവം ജലത്തിന്റെ സ്വാഭാവിക അരിച്ചിറക്കലിനെ ബാധിച്ചിരിക്കുന്നു എന്നതും, കുന്നുകള്‍ക്കും മലകള്‍ക്കും സംഭവിച്ചിട്ടുള്ള രൂപമാറ്റങ്ങളും, ഹൈറേഞ്ചിലെ ഭൂവിനിയോഗത്തില്‍ വന്നിട്ടുള്ള മാറ്റവും ഏറെ വ്യതിയാനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത്തരം തിരിച്ചുപിടിക്കാന്‍ കഴിയാത്തതരം ഹൈറേഞ്ചിലെ രൂപമാറ്റങ്ങള്‍ മഴക്കാലത്ത് ഇടനാട്ടിലും തീരദേശമേഖലയിലും പെയ്തിറങ്ങുന്ന ജലത്തോടൊപ്പം ഹൈറേഞ്ചില്‍നിന്നു വരുന്ന ജലംകൂടിയാകുമ്പോള്‍ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയാണ്. ഇതോടൊപ്പം ഇടനാട്ടിലും തീരദേശമേഖലയിലും നടന്ന അശാസ്ത്രീയമായ നഗരവല്‍ക്കരണങ്ങളും ഇത്തരം ദുരിതത്തെ സങ്കീര്‍ണ്ണമാക്കുന്നു. 


ഇടനാടിനെ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്നത്


കേരളത്തിന്റെ ഇടനാടുകളില്‍ വന്‍ നഗരങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരു നഗരത്തിലും പ്രളയജലം ഒഴുകുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നതാണ് വാസ്തവം. പ്രകൃതിദത്തമായി പ്രളയജലം ഉള്‍ക്കൊണ്ടിരുന്ന പാടശേഖരങ്ങള്‍, കോള്‍നിലങ്ങള്‍, പൊക്കാളിപ്പാടങ്ങള്‍, തടാകങ്ങള്‍, ചിറകള്‍, കുളങ്ങള്‍, തോടുകള്‍, ഇടത്തോടുകള്‍, ചതുപ്പുകള്‍ തുടങ്ങി നിലവിലെ തണ്ണീര്‍ത്തടങ്ങളെല്ലാം കുന്നിടിച്ച് നികത്തി കെട്ടിട സമുച്ചയങ്ങള്‍ തീര്‍ത്തിരിക്കുകയാണ്. മലയിറങ്ങി വരാവുന്ന വെള്ളത്തെക്കുറിച്ചും ഇടനാട്ടിലെ പെയ്ത്തുവെള്ളത്തെക്കുറിച്ചും നാം മറന്നു. പാടത്തിന് നടുവില്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ പോലും മഴവെള്ളം ഒഴുകിപോകുവാന്‍ വേണ്ടത്ര വ്യാസം കലുങ്കുകള്‍ക്ക് ഉണ്ടാക്കിയില്ല.