കിടയറ്റ അഫ്ഗാന്‍ ശാന്തിദൂതന്മാര്‍

by ezhuthuadmins2 | September 17, 2021 3:10 am

കിടയറ്റ അഫ്ഗാന്‍ ശാന്തിദൂതന്മാര്‍
ജോര്‍ജ് പട്ടേരി
സമീപകാലത്തെ ഏറ്റവും പ്രധാന ചര്‍ച്ചാവിഷയം താലിബാനും അഫ്ഗാനിസ്ഥാനുമായിരുന്നു. താലിബാന്‍ ശക്തികള്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിന്റെ ഗതിവേഗം ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. പ്രസ്താവനകളുടെയും പ്രചാരണങ്ങളുടെയും എല്ലാം ഉള്ളടക്കം അഫ്ഗാനിസ്ഥാന്‍ എന്നാല്‍ താലിബാനാണെന്ന സമവാക്യമായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ എന്നാല്‍ താലിബാന്‍ അല്ല. താലിബനെക്കൂടാതെ മറ്റു നിരവധി കാര്യങ്ങള്‍ അഫ്ഗാനിസ്ഥാനിലുണ്ട്. അസാമാന്യമായ ധീരത, പൗരുഷം, പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള സിദ്ധി എന്നീ ഗുണവിശേഷങ്ങളുള്ള ഒരു ജനതയുടെ പുണ്യപുരാതന ഭൂമിയാണത്.
എന്റെ ഓര്‍മ ശരിയാണെങ്കില്‍, 1971-ലാണ് ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍ പൂനെയിലെ അഗഖാന്‍ കൊട്ടാരം സന്ദര്‍ശിച്ച് മഹാത്മാഗാന്ധിയുടെ സഹധര്‍മിണി കസ്തൂര്‍ബാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ആറടി പൊക്കമുള്ള കറുത്ത മുടിയും താടിയുമുള്ള, കുര്‍ത്തധാരിയായ ഈ പത്താന്‍ ഏറെ ആകര്‍ഷകമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. അദ്ദേഹത്തിന്റെ കോമളമായ സ്വരത്തിന് ആരെയും സ്വാധീനിക്കാനുള്ള ഒരപൂര്‍വ സിദ്ധിയുണ്ടായിരുന്നു. പ്രത്യേകിച്ചും അന്നവിടെ കൂടിയ ജനക്കൂട്ടത്തെ മഹാത്മാഗാന്ധിജി എന്ന മഹത്‌വ്യക്തിയെക്കുറിച്ചും അദ്ദേഹത്തിന്റെ സന്ദേശത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. ഗാന്ധിജിയെക്കുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹം ഞങ്ങളുടെ യുവമനസ്സുകളില്‍ കത്തിജ്വലിപ്പിക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു. ബാദുഷാഖാന്‍, അതിര്‍ത്തിഗാന്ധി, മുസ്ലീംഗാന്ധി എന്നീ പേരുകളില്‍ കൂടി അറിയപ്പെട്ടിരുന്ന ഈ മനുഷ്യനെക്കുറിച്ച്, അതിര്‍ത്തി പ്രവിശ്യയായ അഫ്ഗാനിസ്ഥാനിലെ അദ്ദേഹത്തിന്റെ നിസ്തുലമായ ‘വിപ്ലവ’ പ്രസ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ തികച്ചും അജ്ഞരായിരുന്നു.
ശാന്തിദൂതന്റെ ജനനം.
ബ്രിട്ടീഷ് ഇന്ത്യയിലെ അതിര്‍ത്തി പ്രവിശ്യയായ അഫ്ഗാനിസ്ഥാനിലെ ചാര്‍സാദ തഹ്‌സിലിലെ ഉസ്മാന്‍സായി ഗ്രാമത്തിലാണ് 1890 ഫെബ്രുവരി 6-ാം തീയതി ബാദുഷഖാന്റെ ജനനം. അദ്ദേഹത്തിന്റെ നിര്യാണം, 1988 ജനുവരി 20-ാം തീയതിയായിരുന്നു. പുതിയതായി രൂപംകൊണ്ട പാക്കിസ്ഥാനിലെ പെഷവാറിലായിരുന്നു, മരിക്കുമ്പോള്‍ അദ്ദേഹം. അദ്ദേഹത്തിന്റെ കബറിടം, അഫ്ഗാനിസ്ഥാനിലെ കൈബറിനക്കരെയുള്ള ജലാലാബാദിലാണ്. അദ്ദേഹത്തെ ജലാലാബാദില്‍ കബറടക്കിയത്, അഭൂതപൂര്‍വമായ പല സംഭവങ്ങള്‍ക്കും വഴിവച്ചു.
സോവ്യറ്റ് – അഫ്ഗാന്‍ യുദ്ധത്തിനിടയില്‍ ഒരു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്, അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വിലപിക്കുന്നവര്‍ക്ക്, പെഷവാറിനും ജലാലാബാദിനുമിടയില്‍ സുരക്ഷിതമായി സഞ്ചരിക്കാന്‍ വേണ്ടിയായിരുന്നു. ഖൈബര്‍പാസിന്റെ രണ്ടറ്റത്തുമുള്ള നഗരങ്ങളാണ് പെഷവാറും ജലാലാബാദും. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമിടയിലുള്ള ഔദ്യോഗികമായ അതിര്‍ത്തിയാണ്, കൈബര്‍.
അദ്ദേഹത്തിന്റെ കുടുംബക്കാര്‍ ധനികരായ ഭൂവുടമകളായിരുന്നു. നന്നേ ചെറുപ്പത്തില്‍ത്തന്നെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി അദ്ദേഹം സ്വയം സമര്‍പ്പിച്ചു. വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും പ്രാധാന്യം മനസ്സിലാക്കി. തന്റെ ആദ്യത്തെ സ്‌കൂള്‍ സ്ഥാപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം കേവലം 20 വയസ്സായിരുന്നു. തന്റെ ആശയാദര്‍ശങ്ങള്‍ക്കു പ്രചാരം നല്‍കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഇന്ത്യയിലുടനീളം അദ്ദേഹം ചുറ്റിസഞ്ചരിച്ചു. ജനങ്ങള്‍ ആദരവ് ആര്‍ജിക്കേണ്ടത് തങ്ങളുടെ കര്‍മങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും, മറിച്ച് അവരുടെ ജാതിയുടെയോ മതത്തിന്റെയോ, മറ്റു വിഭാഗീയതയുടെയോ പേരിലായിരിക്കരുതെന്നും ഖാന്‍ വിശ്വസിച്ചു. സവിശേഷമായ അധികാരാവകാശങ്ങളെ അദ്ദേഹം അപലപിക്കുകയും മിതത്വം, സത്യസന്ധത, ധീരത എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാതൃകാപരമായി ജീവിതം നയിക്കുകയും ചെയ്തു. ഇക്കാലത്താണ്, എല്ലാ നേതാക്കളുടെയും രാജാവ് എന്നര്‍ത്ഥം വരുന്ന ‘ബാദ്ഷാഖാന്‍’ എന്ന അദ്ദേഹത്തിന്റെ വിളിപ്പേര് സ്ഥിരമായത്.
ഗാഫര്‍ഖാന്‍ മഹാത്മാഗാന്ധിയെ കണ്ടുമുട്ടുന്നതും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതും 1919-ലാണ്. റൗലറ്റ് നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടക്കുന്ന കാലമായിരുന്നു അത്. ഈ നിയമമനുസരിച്ച് വിചാരണ കൂടാതെ രാഷ്ട്രീയ എതിരാളികളെ തടവില്‍ വയ്ക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടായിരുന്നു. പിറ്റേവര്‍ഷം, ഖിലാഫത്ത് പ്രസ്ഥാനത്തില്‍ അദ്ദേഹം ചേര്‍ന്നു. തുര്‍ക്കിയിലെ സുല്‍ത്താനുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ മുസ്ലീംങ്ങളുടെ ആത്മീയബന്ധം ദൃഢീകരിക്കുകയായിരുന്നു, പ്രസ്ഥാനത്തിന്റെ ലക്ഷ്യം. 1921-ല്‍, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയുടെ ജില്ലാ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1929-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൊതുയോഗത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഗാഫര്‍ഖാന്‍ റെഡ് ഷേര്‍ട്ട് പ്രസ്ഥാനം രൂപവത്കരിച്ചു. ഖുദായ് ഖിദ്മാഗര്‍ – ദൈവത്തിന്റെ സേവകര്‍ – എന്നാണ് ഈ പ്രസ്ഥാനം പഷ്തൂണുകളുടെ ഇടയില്‍ അറിയപ്പെട്ടത്. ഇത് യഥാര്‍ത്ഥത്തില്‍, ഒരു സാമൂഹിക പരിഷ്‌കരണ സംഘടനയാണ്. അഹിംസാമാര്‍ഗത്തിലടിയുറച്ച ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ അവര്‍ പിന്തുണച്ചു. പഷ്തൂണുകളുടെ രാഷ്ട്രീയ അവബോധം വര്‍ധിപ്പിക്കുന്നതിനും അവര്‍ ശ്രമിച്ചു.
1930-കളുടെ അവസാനകാലത്ത് ഗാന്ധിജിയുടെ ഏറ്റവും അടുത്ത ഉപദേശികളിലൊരാളായി മാറാന്‍ ഗാഫര്‍ഖാനു സാധിച്ചു. 1947-ലെ ഇന്ത്യാവിഭജനം വരെ ഖുദായ് ഖിദ്മാഗര്‍ വളരെ സജീവമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ സഹായിച്ചു.
ഇന്ത്യാവിഭജനത്തെ എക്കാലവും എതിര്‍ത്ത ആളായിരുന്നു, ഗാഫര്‍ ഖാന്‍. ബ്രിട്ടീഷുകാരുടെ ഭരണശേഷവും അദ്ദേഹം പാക്കിസ്ഥാനില്‍ കഴിയാനാണ് ആഗ്രഹിച്ചത്. അവിടെ താമസിച്ചുകൊണ്ട് ന്യൂനപക്ഷമായ പഷ്തൂണുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം പോരാടി. സ്വതന്ത്രഭരണാധികാരമുള്ള ഒരു പഷ്തൂണിസ്ഥാന്‍ അല്ലെങ്കില്‍ പക്തൂണിസ്ഥാന്‍ ആയിരുന്നു ആത്യന്തികലക്ഷ്യം. പത്താനിസ്ഥാന്‍ എന്നും അതിനു പേരുണ്ട്. പാക്കിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഒരു പ്രദേശമാണിത്. തന്റെ ആദര്‍ശങ്ങള്‍ക്കുവേണ്ടി വലിയ വില നല്‍കേണ്ടിവന്നു, അദ്ദേഹത്തിന്. വര്‍ഷങ്ങളോളം അദ്ദേഹത്തിനു ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. പിന്നീട്, അദ്ദേഹം അഫ്ഗാനിസ്ഥാനിലാണ് അധിവസിച്ചത്.
ഖാനും ഗാന്ധിയും പങ്കുവച്ച ഒരു വലിയ ദര്‍ശനമുണ്ടായിരുന്നു. മറ്റെല്ലാറ്റിനേക്കാളും ശക്തമാണീ ദര്‍ശനം. സ്വതന്ത്രവും അവിഭക്തവും മതനിരപേക്ഷവുമായ ഇന്ത്യ എന്ന സങ്കല്പമായിരുന്നു അത്, ഹിന്ദുക്കളും മുസ്ലീങ്ങളും സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും സഹോദര്യത്തിലും ജീവിക്കുന്ന ഒരിന്ത്യ. അഹിംസാ സിദ്ധാന്തം നങ്കൂരമിട്ടിരിക്കുന്നത് ഖുര്‍ആനിലാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. വിശുദ്ധ യുദ്ധത്തില്‍ (ജിഹാദ്) ഉപയോഗിക്കുന്ന ആയുധവും ഇതുതന്നെയാണ്. പ്രവാചകന്റെ ആയുധമാണത്. പക്ഷേ, പലര്‍ക്കും ഇക്കാര്യം അറിവില്ല. ആ ആയുധത്തിന്റെ പേരാണ്, ക്ഷമയും നീതിയും. ഈ ഗ്രഹത്തിലെ ഒരു ശക്തിക്കും ഇതിനെതിരെ നില്‍ക്കാനാവില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോയതിനുശേഷവും ഇന്ത്യ വിഭജിക്കരുതെന്ന് ആവശ്യപ്പെടുകവഴി മുസ്ലീങ്ങള്‍ക്കിടയില്‍ത്തന്നെ ഖാന് ശത്രുക്കളെ സമ്പാദിക്കേണ്ടിവന്നു. തന്റെ അനുയായികളുടെ ഭാഗത്തുനിന്നുപോലും അദ്ദേഹത്തിനു ഇക്കാരണത്താല്‍ കൊടിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. ഹിന്ദുഭൂരിപക്ഷമുള്ള ഇന്ത്യയും മുസ്ലീം ഭൂരിപക്ഷമുള്ള പാക്കിസ്ഥാനും എന്ന ദ്വിരാഷ്ട്രവാദത്തിന്റെ വക്താക്കളായിരുന്നു അവരെല്ലാം. അക്കാലത്താണ് ‘അതിര്‍ത്തിഗാന്ധി’ എന്ന രണ്ടാമതൊരു വിളിപ്പേരുകൂടി അദ്ദേഹത്തിനു നല്‍കപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രദേശത്തു നിന്നുള്ള ഗാന്ധി, അഫ്ഗാനിസ്ഥാനടുത്തുള്ള പ്രദേശത്തുനിന്നുള്ള ഗാന്ധി എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ‘ഖുദായ് ഖിദ്മാഗര്‍’ ആണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നേട്ടം.

Source URL: http://ezhuthu.org/%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a6/