കാഴ്ചയിലെ പെണ്ണുഴുത്തുകള്‍ – മഞ്ജുഷ ഹരി

കാഴ്ചയിലെ പെണ്ണുഴുത്തുകള്‍ – മഞ്ജുഷ ഹരി
ഒറ്റയായും കൂട്ടമായുമുള്ള മുന്നേറ്റങ്ങള്‍ സമൂഹത്തിലെ ഏതു മേഖലയിലും സാധ്യമാക്കുകയാണ് സമകാലിക സ്ത്രീജീവിതങ്ങള്‍. ‘പാട്രിയാര്‍ക്കലായ സാമൂഹികഘടന’യെന്ന ആവര്‍ത്തനവിരസത ഉള്‍ക്കൊള്ളാതെ ഇത്തരം ഇടങ്ങളെക്കുറിച്ചുള്ള ചര്‍ച്ച മുന്നോട്ടുനീങ്ങുന്നില്ല. മാറ്റമില്ലാതെ തുടരുന്ന സാമൂഹിക സ്ഥാപനങ്ങളുടെ ചെറുമാതൃകകള്‍ ലിംഗസമത്വമെന്ന വിശാലസങ്കല്പത്തെ അതിലംഘിച്ചുകൊണ്ട് എവിടെയും പ്രത്യക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ പാര്‍ശ്വ-കീഴാളവത്കരണ സമവാക്യങ്ങളില്‍ നിന്ന് കുതറി നീങ്ങുവാനുള്ള സ്ത്രീയുടെ ഏതൊരു ശ്രമവും ശ്രദ്ധേയമാകുന്നു.
ജനപ്രിയതയില്‍ മുന്നില്‍ നില്‍ക്കുന്ന സിനിമപോലുള്ള തൊഴില്‍മേഖലയില്‍ ഉപരിപ്ലവമായ കാഴ്ചകള്‍ക്കപ്പുറം പെണ്ണിടങ്ങളില്‍ എന്തു സംഭവിക്കുന്നുവെന്ന ചിന്ത മുന്നോട്ടുവച്ച സംഘടനയാണ് ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്.’ അപമാനവും സമത്വവും ലിംഗനീതിയും ചര്‍ച്ചയാക്കപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ രൂപംകൊണ്ട കൂട്ടായ്മയെന്ന നിലയില്‍ ഡബ്ല്യു.സി.സി.യുടെ ലക്ഷ്യങ്ങള്‍ മുന്‍പേ നിര്‍വചിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തൊഴില്‍മേഖലയില്‍ തുല്യമായ ഇടം കണ്ടെത്തിക്കൊണ്ട് സ്ത്രീയുടെ കാഴ്ചകളെയും അനുഭവങ്ങളെയും ചലച്ചിത്രരൂപത്തിലേക്ക് മാറ്റിയെഴുതുകയെന്നത് ഈ പശ്ചാത്തലത്തില്‍ പ്രധാനമാകുന്നു.
മാമാങ്കം സ്‌കൂള്‍ ഡാന്‍സ് ഓഫ് ഡാന്‍സ്, മിനില്‍ സിനിമ, കേരള ചലച്ചിത്ര അക്കാദമി, ഫാറ്റിസ് ഇവയുടെ പിന്തുണയോടെ ഡബ്ല്യു.സി.സി. ഒന്‍പത് സ്ത്രീ സംവിധായകരുടെ ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനം ‘9 പെണ്‍സിനിമകള്‍’ ഈയ്യിടെ കൊച്ചിയില്‍ നടത്തുകയുണ്ടായി. മലയാളത്തിന്റെ പ്രിയകഥാകാരി കെ.ആര്‍. മീരയായിരുന്നു പരിപാടിയുടെ ഉദ്ഘാടക. ഡബ്ല്യു.സി.സിക്ക് എല്ലാ പിന്തുണയും ആദ്യംമുതല്‍ക്കേ നല്‍കിയിട്ടുള്ള കെ.ആര്‍. മീര, സമൂഹത്തിലുള്ള സ്ത്രീയുടെ ഇടപെടലിനെക്കുറിച്ചും അവളുടെ നിലപാടുകളെക്കുറിച്ചും സംസാരിച്ചു. പെണ്‍കാഴ്ചകളുടെ വിനിമയമാണ് തങ്ങളുടെ ലക്ഷ്യങ്ങളിലൊന്ന് എന്ന് ആമുഖമായി സജിത മഠത്തില്‍ പറഞ്ഞിരുന്നു. അതിനു മുന്നോടിയായിവേണം ഇത്തരമൊരു ശ്രമം നോക്കിക്കാണുവാന്‍. സ്ത്രീകളായ ഒന്‍പത് സംവിധായകരുടെ ഒന്‍പത് ചെറുസിനിമകള്‍, പെണ്ണിടങ്ങളുടെ ദൃശ്യവിതാനങ്ങളെ അടയാളപ്പെടുത്തുന്നവയായിരുന്നു. ഔപചാരികതളില്ലാതിരുന്ന ഉദ്ഘാടന ചടങ്ങില്‍ സജിത മഠത്തില്‍, റിമ കല്ലിങ്കില്‍, രമ്യനമ്പീശന്‍ പരിപാടിയുടെ ക്രൂറേറ്ററായ അര്‍ച്ചന പത്മിനി തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു.
മലയാളിയുടെ പൊതുആസ്വാദന മാനദണ്ഡങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആണ്‍കോയ്മയുടെ അടയാളങ്ങള്‍ അത്രയെളുപ്പത്തില്‍ അടര്‍ത്തിമാറ്റുവാന്‍ സാധ്യമല്ല. മുഖ്യധാരാ സിനിമയുടെ സംവിധാനമേഖലയില്‍ സമീപകാലത്തുണ്ടായ ശക്തമായ സ്ത്രീസാന്നിധ്യങ്ങള്‍ ഈ സിദ്ധാന്തങ്ങളെ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന കാഴ്ചയും നാം കാണുന്നുണ്ട്. അക്കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന ചില ഷോര്‍ട്ട്ഫിലിമുകളാണ് ‘പെണ്‍സിനിമ’കളുടെ  കൂട്ടത്തിലുണ്ടായിരുന്നത്. ആണിടങ്ങളുടെ നിരാകരണമോ റാഡിക്കല്‍ ഫെമിനിസത്തിന്റെ പ്രദര്‍ശനങ്ങളോ ആയിരുന്നില്ല ഇവയൊന്നും തന്നെ. മറിച്ച് സമൂഹത്തിലെ സ്വാഭാവികമായ കാഴ്ചകളെ സ്ത്രീ എങ്ങനെ അനുഭവിക്കുന്നുവെന്ന ആഖ്യാനമാതൃകയാണ് ഇവര്‍ മുന്നോട്ടുവച്ചത്. സ്വാഭാവികമായും സ്ത്രീയനുഭവങ്ങളുടെ സങ്കീര്‍ണ്ണതയും ലാളിത്യവും സൂക്ഷ്മതയും ഓരോ ഫിലിമിലും പ്രകടമായിരുന്നു. സ്ത്രീ, അവളുടെ എല്ലാ സവിശേഷതകളോടും കൂടി കാണുന്ന കാഴ്ചകളുടെ നിറവും ശബ്ദവും ചലനവും വൈകാരികതയും അവയില്‍ അത്രമേല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിന്റെ സൂക്ഷ്മ വായനയിലാണ് ലോകത്തെ ആണ്‍കാഴ്ചകളും പെണ്‍കാഴ്ചകളും സംവേദനങ്ങളും വ്യത്യസ്തമാകുന്നത്. അവളുടെ കാഴ്ചപ്പാടിലുള്ള രാഷ്ട്രീയം, ആഖ്യാനശൈലി, ക്രാഫ്റ്റ്, ജന്‍ഡര്‍ എന്ന സങ്കല്പം, ചിഹ്നവ്യവസ്ഥ ഇവയെല്ലാം ഈ സിനിമകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
വിവിധ സാമൂഹിക സാംസ്‌കാരിക പാരമ്പര്യങ്ങളിലുള്ള സ്ത്രീസംവിധായകരുടെ മികച്ച ഷോര്‍ട്ട് ഫിലിമുകളുടെ തെരഞ്ഞെടുപ്പ് നടത്തിയത് ക്യൂറേറ്ററായ അര്‍ച്ചന പത്മിനിയാണ്. സിനിമയോടുള്ള സത്യസന്ധമായ സമീപനമാണ് ഈ ഒന്‍പത് ഷോര്‍ട്ട്ഫിലിമുകളുടെ പ്രത്യേകതയായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തവയാണ് ഏതാണ്ടെല്ലാ ഷോര്‍ട്ട് ഫിലിമുകളും എന്നത് എടുത്തുപറയേണ്ടതാണ്.
ഇന്ദിരസെന്‍ സംവിധാനം ചെയ്ത ‘കഥാര്‍സിസ്’ ആയിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചത്. ആക്രമരാഷ്ട്രീയത്തിന്റെ ഇരകളിലൂടെയാണ് കാമറ ചലിക്കുന്നത്. വെട്ടിയവനും വെട്ടേറ്റവനും അവരുടെ കുടുംബങ്ങളും ഇവിടെ ഇരകളാണ്. ഇതിനിടയില്‍ സ്ത്രീജീവിതത്തിന്റെ ആയാസതകളിലൂടെയും അനായാസതകളിലൂടെയും കഥ സഞ്ചരിക്കുന്നുണ്ട്. വെട്ടേറ്റവന്റെ ജീവിതാവസ്ഥകള്‍ വെട്ടിയവനില്‍ വികാരവിമലീകരണം സാധ്യമാക്കുമ്പോള്‍ കൊന്നുകൊണ്ട് അവനെ മുക്തനാക്കുകയാണ്. ഋജുവായ ആഖ്യാനത്തിലൂടെ ആഴത്തിലേക്ക് സഞ്ചരിക്കുന്ന അനുഭവമാകുന്നു ‘കഥാര്‍സിസ്.’ അനഘ ആനന്ദിന്റെ ‘ഇന്ദു’, കെ.ആര്‍. മീരയുടെ ‘മരിച്ചവളുടെ കല്യാണം’ എന്ന കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണ്. പ്രകൃതിയും കവിതയും നിരര്‍ത്ഥകമായ പ്രണയവും മരണവും ഇതില്‍ ബിംബങ്ങളാകുന്നു. വിദ്യാര്‍ത്ഥിനിയുടെ പ്രണയം അധ്യാപകന് സ്വീകരിക്കുവാന്‍ കഴിയുന്നില്ല. വിവാഹത്തിനു മുന്‍പേ അവള്‍ക്കും വരനുമുണ്ടാകുന്ന മരണത്തിന്റെ ഭീകരത ചിതാഭസ്മത്തിന്റെ കലശത്തില്‍ പ്രതിഫലിക്കുകയാണ്.