കലയിലെ നൈതികഗൃഹങ്ങള്‍ – സുനില്‍ പി. ഇളയിടം

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ‘കലയുടെ നൈതികമാനം’ എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളിലൊന്നില്‍ എനിക്ക് സംസാരിക്കേണ്ടിവന്നിരുന്നു. കലയ്ക്കും സാഹിത്യത്തിനും മറ്റും നീതിയുക്തമായ ഉള്ളടക്കം വേണം എന്ന നിലയിലാണ് ആ വിഷയം പൊതുവെ അവിടെ മനസ്സിലാക്കപ്പെട്ടത്. മനുഷ്യരുടെ നൈതികചോദനകളെ പ്രചോദിപ്പിക്കാന്‍ പോന്നതാവണം കലാസൃഷ്ടികള്‍ എന്ന നിലയില്‍ വാദഗതികള്‍ ഉന്നയിക്കപ്പെട്ടു. മതാത്മകമായ ധാര്‍മ്മികതാ സങ്കല്പങ്ങളെ കലയില്‍ സന്നിവേശിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അത്തരമൊരു സംവാദവേദിയില്‍ എനിക്കെന്താണ് ചെയ്യാനുള്ളത് എന്ന് സുഹൃത്തുക്കളിലൊരാള്‍ കൗതുകത്തോടെ എന്നോട് ചോദിക്കുകയും ചെയ്തു.


കലയും സാഹിത്യവും മറ്റും ധാര്‍മ്മികപ്രചോദനകേന്ദ്രങ്ങളായി നിലകൊള്ളണം എന്ന ആശയം ഒട്ടുംതന്നെ അംഗീകരിക്കുന്ന ആളല്ല ഞാന്‍. കലാചിന്തയില്‍ വളരെ മുമ്പേ കയ്യൊഴിയപ്പെട്ട ഒരാശയമാണത്. ടോള്‍സ്റ്റോയിയേയും ഗാന്ധിജിയേയും പോലുള്ള സമുന്നതരായ മനുഷ്യര്‍ അത്തരം ആശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് എന്നത് ശരിയാണ്. അന്നാകരിനീനയും യുദ്ധവും സമാധാനവും പോലുള്ള തന്റെ മഹത്തായ രചനകളെ സ്വയം നിരസിച്ച ടോള്‍സ്റ്റോയ് ഉയര്‍ത്തെഴുന്നേല്പ് എന്ന കൃതിയെ മാത്രമേ അവസാനകാലത്ത് വില വച്ചിരുന്നുള്ളുവത്രേ, അതിലെ ധാര്‍മ്മികമൂല്യത്തിന്റെ പേരില്‍, അന്നാകരിനീന വായിച്ചുകൊണ്ടിരുന്ന ചെറുമകളോട് ‘നിനക്ക് കൊള്ളാവുന്ന മറ്റെന്തെങ്കിലും വായിച്ചുകൂടേ’ എന്ന് ടോള്‍സ്റ്റോയ് ചോദിച്ചതായും കേട്ടിട്ടുണ്ട്. കഥയാവാമെങ്കിലും അദ്ദേഹം അവസാനഘട്ടത്തില്‍ പുലര്‍ത്തിയിരുന്ന കലാദര്‍ശനത്തിന്റെ വെളിപ്പെടല്‍ അതിലുണ്ട്.


ധാര്‍മ്മികപ്രചോദനത്തിന്റെ പ്രഭവമായി വര്‍ത്തിക്കുകയാണ് കലയുടെ ദൗത്യം എന്നുവന്നാല്‍ ലോകത്തെ കലാസൃഷ്ടികളില്‍ ഭൂരിഭാഗവും ആ നിമിഷം റദ്ദായിപ്പോകും. ധാര്‍മ്മികതയോ കേവലനീതിസങ്കല്പമോ ഉയര്‍ത്തിപ്പിടിക്കുന്ന കലാസൃഷ്ടികള്‍ ഇല്ലെന്നല്ല. പക്ഷേ, കലയുടെ ചരിത്രത്തില്‍ എത്രയോ ചെറിയൊരു പങ്കാണ് അവയ്ക്കുള്ളത്. പൗരാണികകാലം മുതലുള്ള നാനാതരം കലാസൃഷ്ടികളെ പരിഗണിച്ചാല്‍ അവയില്‍ എത്രയോ ചെറിയ ഒരു പങ്കാണ് ധാര്‍മ്മികപ്രചോദനത്തിലേക്ക് നയിക്കാന്‍ പോന്നവയായി അവശേഷിക്കുന്നത് എന്ന് വ്യക്തമാകും. അതുകൊണ്ട് ധാര്‍മ്മികപ്രചോദനത്തെ ഒരു മാനദണ്ഡമായിവച്ചാല്‍ അത് കലയുടെ അസ്തിത്വത്തെത്തന്നെ റദ്ദാക്കുന്നതിലേ അവസാനിക്കുകയുള്ളൂ. ഇങ്ങനെ പറയുന്നതിനര്‍ത്ഥം കലയ്ക്കും സാഹിത്യത്തിനും നൈതികമായ ഉള്ളടക്കം ഇല്ലെന്നാണോ? നിശ്ചയമായും അല്ല. കലയും സാഹിത്യവും കേവലാസ്വാദനത്തിന്റെയും അതുവഴി കൈവരുന്ന രസാനുഭവത്തിന്റെയും മാത്രം ലോകമല്ല. ആസ്വാദനവും അത് പകരുന്ന രസാനുഭൂതിയും കലയുടെ വാഗ്ദാനമായിരിക്കെത്തന്നെ അതിനപ്പുറത്തേക്ക് നീങ്ങുന്ന ഒരടിസ്ഥാനതലം കലയില്‍ സന്നിഹിതമായിരിക്കുന്നുണ്ട്. കലയുടേയും സാഹിത്യത്തിന്റെയും നൈതികമാനം കുടികൊള്ളുന്നത് അതിലാണെന്നാണ് ഞാന്‍ കരുതുന്നത്.


കലയുടേയും സാഹിത്യത്തിന്റെയും സവിശേഷമാനത്തെ തിരിച്ചറിയണമെങ്കില്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ഔപചാരിക ധാരണകളും കലപകരുന്ന യാഥാര്‍ത്ഥ്യബോധവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം, യാഥാര്‍ത്ഥ്യത്തെ ക്കുറിച്ചുള്ള നമ്മുടെ ഏത് ധാരണയും അടിസ്ഥാനപരമായി ഭാഷാപരമാണ്. വാക്കുകളിലൂടെയോ നമുക്ക് ലോകത്ത അറിയാനാകൂ, വാക്കിന്റെ വെളിച്ചമില്ലായിരുന്നുവെങ്കില്‍ മൂന്നുലോകവും ഇരുളാണ്ടുപോകുമായിരുന്നു എന്ന് നമ്മുടെ പഴയ സാഹിത്യചിന്തകന്മാരിലൊരാള്‍ പറഞ്ഞതും അതുകൊണ്ടാണ്. ഭാഷയിലാണ് യാഥാര്‍ത്ഥ്യം തെളിയുന്നത്. അവ്യാകൃതമായ ഇരുള്‍പ്പരപ്പുപോലെ നമ്മെ വലയം ചെയ്യുന്ന യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഓരോന്നിനേയും വേര്‍തിരിച്ചെടുത്ത് യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അബോധമാക്കി പരിവര്‍ത്തനപ്പെടുത്തുന്നത് വാക്കാണ്. സ്വര്‍ഗ്ഗവും നരകവും, പച്ചയും നീലയും, ജീവിതവും മരണവും, ആഴിയും ആകാശവും ഒക്കെ വാക്കുകളാണ്. അവയിലൂടെയാണ് നാം ലോകത്തെ അറിയുന്നത്. അവയിലൂടെയേ ലോകത്തെ അറിയാനാകൂ. ‘ആദിയില്‍ വചനമുണ്ടായിരുന്നു’ എന്നുപറയുന്നതിന്റെ പൊരുള്‍ ഇതുകൂടിയാകാം.


ഇങ്ങനെ ഭാഷാപരമായി നിലവില്‍ വരുന്ന യാഥാര്‍ത്ഥ്യബോധത്തിന്റെ പ്രകൃതമെന്താണ്? യാഥാര്‍ത്ഥ്യത്തിന്റെ തത്സ്വരൂപം തന്നെയാണോ ഭാഷാപരമായി നമുക്ക് അനുഭവവേദ്യമാകുന്നത് ? ഭാഷയുടെ പ്രകൃതത്തെ സംബന്ധിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളിലൊന്നാണിത്. യാഥാര്‍ത്ഥ്യബോധം ഉളവാകുന്നത് ഭാഷവഴിയാണെങ്കിലും ഭാഷാപരമായ യാഥാര്‍ത്ഥ്യബോധവും യാഥാര്‍ത്ഥ്യത്തിന്റെ തത്സ്വരൂപവും തമ്മില്‍ നിര്‍ണ്ണായകമായ ചില അകലങ്ങളുണ്ട്. ഭാഷയുടെ ആന്തരിക വൈരുദ്ധ്യമാണത്. ഒഴിവാക്കാനാവാത്ത ഒരാന്തരവൈരുദ്ധ്യം, ഭാഷയില്‍ തെളിയുന്ന യാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യത്തിന്റെ സാമാന്യസ്വരൂപമാണ് എന്നതാണ് ഇവിടെയുള്ള അടിസ്ഥാനപ്രശ്‌നം. എന്നാല്‍ യാഥാര്‍ത്ഥ്യമാകട്ടെ ഓരോ സന്ദര്‍ഭത്തിലും; ഓരോ ആവിഷ്‌കാരത്തിലും, അത്യന്തം മൂര്‍ത്തവുമാണ്. ലളിതമായ ഒരുദാഹരണം പറഞ്ഞാല്‍ നാം ‘മരം’ എന്ന് ഒരു മരത്തെക്കുറിച്ച് പറയുമ്പോള്‍ ആ മരത്തിന്റെ അനന്യതയും ‘മരം’ എന്ന വാക്കില്‍ സന്നിഹിതമാകുന്നില്ല. അതുകൊണ്ടാണ് ‘മരം’ എന്ന വാക്കുകൊണ്ട് എല്ലാ മരങ്ങളേയും സൂചിപ്പിക്കാന്‍ നമുക്ക് കഴിയുന്നത്. ഒരു മരത്തിന്റെ സവിശേഷതയെ, അതിന്റെ അനന്യതയെ ‘മരം’ എന്ന വാക്ക് സൂചിപ്പിക്കുന്നുണ്ടെങ്കില്‍ ഓരോ മരത്തേയും സൂചിപ്പിക്കാന്‍ ഓരോ വാക്ക് ആവശ്യമായിവരും. അതോടെ ലോകത്തെമ്പാടും എത്രമരങ്ങളുണ്ടോ അത്രയും വാക്കുകള്‍ അവയെ സൂചിപ്പിക്കാന്‍ ആവശ്യമായി വരും. മരങ്ങളെന്നതുപോലെ ഇലകളും പൂക്കളും ജന്തുജാലങ്ങളുമെല്ലാം ഇങ്ങനെ സൂചിപ്പിക്കപ്പെടാന്‍ തുടങ്ങിയാല്‍ അനന്തകോടി വാക്കുകളുടെ ഇരുള്‍പ്പരപ്പായി ഭാഷ മാറും. ഓരോ മരത്തെക്കുറിച്ചും ഓരോ വാക്കുകളുണ്ടെങ്കില്‍, അതറിയാന്‍തന്നെ ഒരു ജീവിതം മതിയാകാതെ വരും. അതോടെ ഭാഷ മനുഷ്യന് അഭിഗമ്യമല്ലാത്ത ഒന്നായിത്തീരും. വാക്ക് ലോകത്തെ പ്രകാശിപ്പിക്കാതെ പിന്‍വാങ്ങും.


ഇത്തരമൊരു പ്രതിസന്ധിയില്‍ ചെന്നുപെടാതെ ഭാഷയ്ക്ക് നിലകൊള്ളാനാവുന്നത് വസ്തുവിന്റെ സാമാന്യത്തെ യാഥാര്‍ത്ഥ്യമെന്ന നിലയില്‍ പ്രകാശിപ്പിക്കുന്നതുകൊണ്ടാണ്. അങ്ങനെ ‘ഇല’ എന്ന വാക്കിന് ലോകത്തെ ഏതിലയെയും പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നു. നൂറ്റാണ്ടുകള്‍ ജീവിക്കുന്ന വൃക്ഷത്തിന്റെയും ഒരാഴ്ചകൊണ്ട് വാടിക്കരിയുന്ന ചെടിയുടെയും ‘ഇല’കള്‍ ഒരു മഹാവൃക്ഷത്തിന്റെയും ഒരു കാട്ടുചെടിയുടെയും ‘ഇല’കള്‍ ലോകത്തിലെ ചെടികളിലും മരങ്ങളിലുമുള്ള അനന്തകോടി ‘ഇല’കള്‍… എല്ലാം പരസ്പരം വ്യത്യസ്തമായിരിക്കുമ്പോള്‍ത്തന്നെ ‘ഇല’ എന്ന സാമാന്യനാമത്താല്‍ രേഖപ്പെടുത്തപ്പെടുന്നു. അതായത് യാഥാര്‍ത്ഥ്യത്തിന്റെ അനന്യവും മൂര്‍ത്തവും സവിശേഷവുമായ അംശത്തെ ഒഴിവാക്കി അതിന്റെ സാമാന്യതലത്തെയാണ് ഭാഷ പ്രതിനിധാനം ചെയ്യുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ അനന്യതയെ ഒഴിവാക്കിക്കൊണ്ടാണ് അത് വാക്കില്‍ ഇടംപിടിക്കുന്നത് എന്നുപറയാം. യാഥാര്‍ത്ഥ്യത്തിന്റെ സൂക്ഷ്മസ്വരൂപം ഒഴിഞ്ഞുപോകുന്ന ഇടമാണ് വാക്ക്. ലോകത്ത് എത്ര ഇലകളുണ്ടോ അത്രയും തരം ഇലകളുണ്ട്. എങ്കിലും അവയെയെല്ലാം നാം ‘ഇല’ എന്ന വാക്കുകൊണ്ട് അടയാളപ്പെടുത്തുന്നു. ആ വാക്കില്‍ ഒരിലയുടേയും സൂക്ഷ്മ യാഥാര്‍ത്ഥ്യമില്ല.


എന്തുകൊണ്ടാണ് മനുഷ്യവംശത്തിന് കവിത ആവശ്യമായിവരുന്നത്? സമീപകാലത്ത് അന്തരിച്ച ജോണ്‍ ബര്‍ജര്‍ എന്ന കലാവിമര്‍ശകന്‍ ഇതിന് നല്‍കിയ ഉത്തരം മേല്പറഞ്ഞ പ്രശ്‌നവുമായി കൂടിക്കുഴഞ്ഞുകിടക്കുന്ന ഒന്നാണ്. എല്ലാ അനുഭവങ്ങള്‍ക്കും പേരുണ്ടായിരുന്നുവെങ്കില്‍ കവിത ആവശ്യമില്ലായിരുന്നു എന്ന് ബര്‍ജര്‍ പറയുന്നു. അനുഭവങ്ങള്‍ക്ക് അനന്തവൈവിധ്യമുണ്ട്.