കരച്ചിലിനും പുഞ്ചിരിക്കുമിടയില്‍ പിറക്കുന്ന മനുഷ്യന്‍ – ബാലചന്ദ്രന്‍ വടക്കേടത്ത്

കരച്ചിലിനും പുഞ്ചിരിക്കുമിടയില്‍ പിറക്കുന്ന മനുഷ്യന്‍ – ബാലചന്ദ്രന്‍ വടക്കേടത്ത്

‘ഇല്ല വിശേഷം, ചിത്തഭ്രമമാ- ണിയ്യിടെ നമ്മള്‍ക്കല്പാല്പം’ കരച്ചിലിനും പുഞ്ചിരിക്കുമിടയില്‍ പിറക്കുന്ന മനുഷ്യന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഇല്ല വിശേഷം, ചിത്തഭ്രമമാ- ണിയ്യിടെ നമ്മള്‍ക്കല്പാല്പം


ഇടിഞ്ഞുപൊളിഞ്ഞ ലോകം എന്ന കവിത ഈ വരികളിലൂടെ അക്കിത്തം അവസാനിപ്പിക്കുന്നു. അറുപതുകളിലെ ഒരു വ്യക്തി നേരിട്ട മനോഭാവത്തിന്റെ ഒരു വാങ്മയ പരിണാമമായി ഞാനിതിനെ വായിക്കുന്നു. ലോകത്തേയും മനുഷ്യനേയും ആഴത്തില്‍ പരിശോധിക്കുന്ന ഒരു കവിക്ക് പല വസ്തുതകളും തുറന്നു സമ്മതിക്കേണ്ടിവരും. അക്കിത്തവും ഈ കവിതയില്‍ അതേ ചെയ്യുന്നതുള്ളൂ. ഒരുപക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം മുതല്‍ അങ്ങോട്ടുള്ള മിക്കവാറും കവിതകളില്‍, യാഥാര്‍ത്ഥ്യങ്ങളുടെ തുറന്നുപറച്ചിലുകള്‍ നാം കേള്‍ക്കുന്നു.


മനുഷ്യന്‍ നേരിടുന്ന മൗലികമായ പ്രശ്‌നങ്ങളാണ് കവിതയ്ക്കാധാരമാവുന്നത്. അതു രാഷ്ട്രീയമാവാം ജീവിതമാവാം. പ്രത്യയശാസ്ത്ര പ്രശ്‌നവുമാകാം. അതുകൊണ്ട് അക്കിത്തം കവിതയില്‍ പ്രധാനമായ രണ്ടു തലങ്ങള്‍ നാം കാണുന്നു. ഒന്ന് സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടേതാണ്. രണ്ടാമത്തേത് ഭാവപരവുമാണ്. ഇതിഹാസത്തിന്റെ രചനയ്ക്ക് പ്രേരകമായ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അക്കിത്തം അതു രേഖപ്പെടുത്തുന്നുണ്ട്. എഴുതാനുള്ള ആശയങ്ങള്‍ ധാരാളമാണ്. എന്നാല്‍ അതൊക്കെ ഇമേജറിയായി മനസ്സില്‍ രൂപപ്പെടാതെ കവിതയാക്കാന്‍ ആവില്ല എന്നാണ് കവി മനം. അതിനാലാകണം ധാരാളമായി ഇമേജറികള്‍ കവിതയില്‍ രൂപപ്പെടുന്നതും ആവിഷ്‌ക്കാരോപാധിയായി പരിണമിക്കുന്നതും.


‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’ എന്ന കവിതയില്‍ സാമൂഹ്യയാഥാര്‍ത്ഥ്യവുമായി വായനക്കാരെ അടുപ്പിക്കാന്‍ കവി കണ്ടെത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്. സമൂഹികസത്തയും വ്യക്തിസത്തയും തമ്മിലുള്ള ഒരു സംഘര്‍ഷം അതനുഭവിക്കുന്നു. എഴുന്നേറ്റപ്പോള്‍ തന്റെ ഹൃദയം ‘നിശ്ശബ്ദ’മാണ് എന്ന് പറഞ്ഞു തുടങ്ങുന്ന കവിത, നമ്പ്യാരെ ഓര്‍മിപ്പിക്കുന്നവിധം ഒരു ‘ഘോഷ’ കാലത്തിലേക്ക് കടന്നുചെല്ലുന്നു. ധാര്‍മികഭ്രംശവും മൂല്യച്യുതിയും അസഹനീയമായ യുദ്ധസന്നാഹങ്ങളും നിറഞ്ഞ ഒരു ലോകം ശൂന്യത സൃഷ്ടിക്കുന്നു എന്ന അഭിപ്രായവും കവിക്കുള്ളതാണ്. ചായം മുക്കിയ കീറത്തുണികളുടെ വേദാന്തമാണ് ചുറ്റും മുഴങ്ങുന്നത്. മനുഷ്യന് നരകം നേരുന്ന ദുര്‍ലക്ഷണങ്ങള്‍ അനവധിയുണ്ട്. അതെല്ലാം മനുഷ്യനെ അലോസരപ്പെടുത്തുന്നു. അതുകൊണ്ട് കവി ഉറക്കെപ്പറയുന്നു, ‘മനുഷ്യന് നരകം നേരും ദുര്‍ലക്ഷണമേ ചിരി നിര്‍ത്തു’.


ഒരു പുഞ്ചിരിയെങ്കിലും മറ്റുള്ളവര്‍ക്കായ് പൊഴിക്കാന്‍ സന്ദര്‍ഭം കണ്ടെത്തിയ കവിയാണ് ഇവിടെ ‘ചിരി’ നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്. ചിരിയുടെ ഭാവപ്രതിസന്ധികള്‍ എന്ത് എന്നാലോചിക്കാന്‍ അതു പ്രേരകമാവുന്നു. നന്മയുടേയും സ്‌നേഹത്തിന്റേയും ഭാഗത്താണ് കവി. ചുരുക്കിപ്പറഞ്ഞാല്‍ മാനവികതയാണ് കവിതയിലൂടെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയം. അത് മനുഷ്യനെ അറിയലാണ്. സമൂഹത്തിലെ ധാര്‍മികമായ മൂല്യനിര്‍ണയവുമാണ്-ജീവിതത്തിന്റെ അപനിര്‍മിതിയുമാണ്.


പുഞ്ചിരിയോടൊപ്പം കരച്ചിലും കവിതയെിലെ ഭാവമായി നിര്‍മിക്കപ്പെടുന്നു.