കണ്ണൂർ ഒരു പ്രതീകമാണ്

കണ്ണൂർ ഒരു പ്രതീകമാണ്

അവരുടെ സ്വപ്‌നങ്ങള്‍, വ്യഥകള്‍, ഭക്ഷണരീതികള്‍, ആചാരങ്ങള്‍ ഇവയെല്ലാം ഭാഷയിലുണ്ട്‌. നഷ്ടപ്പെട്ടു പോകുന്ന ഒരു ഭാഷയെ തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തുമ്പോള്‍ അതിനൊപ്പമുള്ള ജനതയും നമുക്കൊപ്പം ഒഴുകിയെത്തുന്നു. പതിനായിരം ഭാഷകളില്‍ 3500 ഭാഷകള്‍ നശിച്ചപ്പോള്‍ എത്രയധികം ആളുകളും അവരുടെ സംസ്‌കാരവുമാണ്‌ ഇല്ലാതായത്‌. ഭാഷകള്‍ അതിജീവനത്തിനായി പിടയുകയാണ്‌. ഭാഷകളുടെ പിടച്ചില്‍ അതിജീവനത്തിനു വേണ്ടിയാണ്‌. ചെറു ഭാഷകള്‍ നടത്തുന്ന യുദ്ധമാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ യുദ്ധം. അത്‌ നമ്മള്‍ തിരിച്ചറിയുന്നില്ല. ചെറിയ ഭാഷകള്‍ നഷ്ടപ്പെട്ടുപോയാല്‍ നമുക്ക്‌ വലിയ നഷ്ടങ്ങളുണ്ടാകും. നമ്മുടെ പൈതൃകം തന്നെ മാഞ്ഞുപോകും. വളരെ കുറച്ചാളുകള്‍ സംസാരിക്കുന്ന ഭാഷ, അവരുടെ കാലശേഷം ഇല്ലാതാകുകയാണ്‌. ഇങ്ങനെ നഷ്ടമായ്‌കൊണ്ടിരിക്കുന്ന ഭാഷകള്‍ തമ്മില്‍ വലിയൊരു യുദ്ധം നടക്കുന്നുണ്ട്‌. എത്ര ചെറിയ ഭാഷയാണെങ്കിലും അത്‌ വെറുമൊരു ഭാഷ മാത്രമല്ല. ഭാഷ ആശയവിനിമയം നടത്തുന്നതിനോ, സംസാരിക്കുന്നതിനോ എഴുതുന്നതിനോ മാത്രമുള്ളതല്ല. ഇംഗ്ലീഷ്‌ സാഹിത്യം ഒരു ആഗോള സാഹിത്യമാണ്‌. ഇംഗ്ലീഷ്‌ ആഗോള ഭാഷയായതിനാല്‍ ഇംഗ്ലീഷ്‌ ഭാഷയില്‍ എഴുതുന്നതെല്ലാം ആഗോളസാഹിത്യമാകുന്നു. അവരെല്ലാം ആഗോള സാഹിത്യകാരന്മാരുമാകുന്നുണ്ട്‌. ആഗോള ഭാഷയില്‍ എഴുതുന്നവരില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്‌. ആഗോള സാഹിത്യത്തെ നിലനിര്‍ത്തുന്നത്‌ ചെറിയ രാജ്യങ്ങളിലെ ചെറിയ ഭാഷകള്‍ സംസാരിക്കുന്ന ആളുകളാണ്‌. എല്ലായിടത്തും ചെറുതിന്റേതായ സാന്നിധ്യം ഇന്നുണ്ട്‌. എല്ലാറ്റിനേയും സംരക്ഷിക്കുന്നത്‌ ഈ ചെറുതാണ്‌. ബുക്‌ ഫെയറുകളില്‍ നിന്നൊക്കെ ആളുകള്‍ നിരവധി പുസ്‌തകങ്ങള്‍ വാങ്ങുന്നുണ്ട്‌. പക്ഷേ, അവരത്‌ വായിക്കുന്നുണ്ടോ എന്നത്‌ സംശയമാണ്‌. ഭൂരിഭാഗം ആളുകളും പുസ്‌തകത്തെ ഇന്ന്‌ ആര്‍ഭാട വസ്‌തുവായി കണ്ട്‌ വാങ്ങിവെക്കുന്നു. വായിക്കുന്നവര്‍ വളരെ കുറവാണ്‌. വായനക്കാരുടെ എണ്ണം കുറഞ്ഞു എന്നത്‌ തീര്‍ച്ചയുള്ള കാര്യമാണ്‌. എന്നാല്‍ വായനക്കാരുടെ എണ്ണം കുറഞ്ഞുവെന്നത്‌ നാം ഒരിക്കലും സമ്മതിക്കാത്ത കാര്യമാണ്‌. ഒരു കാലത്ത്‌ എല്ലാവരും വായിക്കുമായിരുന്നു. 50 വര്‍ഷം മുമ്പ്‌ അക്ഷരം പഠിച്ചിട്ടില്ലാത്തവര്‍ പോലും വായിച്ചിരുന്നു.