എഴുത്തെന്ന വാഴ്‌വിന്റെ സത്യം

by ezhuthuadmins2 | December 2, 2017 10:36 am

കെ. ജയകുമാര്‍

സാഹിത്യത്തിന് പാണ്ഡിത്യം വേണമെന്ന് തോന്നുന്നില്ല. പാണ്ഡിത്യം കൂടുന്തോറും സാഹിത്യത്തിന്റെ ഗുണനിലവാരം താഴേക്ക് പോകാനാണ് സാധ്യത. എഴുത്ത് മുറിയിലേക്ക് എഴുത്തുകാരനിലെ പണ്ഡിതനെ അധികം കടത്തിവിടുന്നത് നല്ലതല്ല. ഭാഷയുണ്ടായ കാലം മുതല്‍ വാല്മീകി, വ്യാസന്‍, ഷേക്‌സ്പിയര്‍, ഹോമര്‍ തുടങ്ങിയ മഹാന്മാര്‍ എഴുതുന്നു. എഴുത്തും സാഹിത്യവും പുസ്തകവും ഒരിക്കലും മരിക്കുന്നില്ല. നമുക്ക് ഏല്‍പ്പിച്ചു തന്ന ഭാരങ്ങള്‍, നമ്മള്‍ കടന്നുപോകുന്ന ധാര്‍മ്മികമായ പ്രതിസന്ധികള്‍ ഇതെല്ലാം ചേര്‍ന്ന് വളരെ ലളിത സുന്ദരമായ ജീവിതത്തെ അത്യന്തം സങ്കീര്‍ണ്ണമായി നമ്മള്‍ ജീവിച്ച് പോകുമ്പോള്‍ അതില്‍ കുറേപ്പേര്‍ ആ ജീവിതത്തെ പകര്‍ത്തിവെക്കുന്നു. അഥവാ അവര്‍ അനുഭവിച്ചത് പകര്‍ത്തുന്നു. കാലഘട്ടങ്ങള്‍ മാറുമ്പോള്‍ എഴുത്തുകാര്‍ പിന്നെയും എഴുതിക്കൊണ്ടിരിക്കുന്നു. പണ്ട് ഷേക്‌സ്പിയറിന്റെ കാലെത്ത കഥാപാത്രങ്ങളായ റോമിയോയും ജൂലിയറ്റും എങ്ങനെ പ്രേമിച്ചുവോ അതുപോലെ തന്നെയാണ് ലൈലയും മജ്‌നുവും പ്രേമിച്ചത്. അങ്ങനെ തന്നെയാണ് ബഷീറിന്റെ കഥാപാത്രങ്ങളും പ്രേമിച്ചത്. പുതിയ കാലത്തെ കഥാപാത്രങ്ങളും അതു തന്നെയാണ് പിന്തുടരുന്നത്. പണ്ട് പ്രേമലേഖനം എഴുതിയ സ്ഥാനത്ത് ഇപ്പോള്‍ എസ്.എം.എസ് ആയി. സാങ്കേതികവിദ്യ മാറിയെന്നല്ലാതെ പ്രണയത്തിന്റെ സങ്കേതം മാറിയിട്ടില്ല.

തന്നേക്കാള്‍ ദു:ഖം അനുഭവിച്ചവര്‍ ഉള്ളതിനാല്‍ താന്‍ എഴുതുന്നില്ല എന്ന് ഒരു എഴുത്തുകാരനും എഴുത്തുകാരിയും വിചാരിക്കുന്നില്ല. എല്ലാ എഴുത്തുകാരും അനുഭവിക്കുന്ന ജീവിത വൃഥകളും സംഘര്‍ഷങ്ങളും ഏറെക്കുറെ സമാനമാണെങ്കിലും ഓരോരുത്തര്‍ക്കും തോന്നും തന്റെ ഈ സംഘര്‍ഷം പറയേണ്ടതാണെന്ന്. ഇതിന് ലോകത്തിന് മുന്നില്‍ ഒരു സ്ഥാനമുണ്ടെന്ന്. അങ്ങനെ പറയാതെ പോകാനുള്ളതല്ല എന്ന് തോന്നുന്നത് കൊണ്ട് ഇത് പറയാന്‍ താന്‍ ബാധ്യസ്ഥനാണ്. താന്‍ അനുഭവിച്ച ദു:ഖം പങ്കിടാന്‍ തനിക്ക് അവകാശമുണ്ട്. അത്രയും തീഷ്ണമായ പ്രതിസന്ധിയിലൂടെയാണ് താന്‍ കടന്നു പോകുന്നത് എന്ന് തോന്നുമ്പോള്‍ ആ എഴുത്തുകാരന് തന്റെ അനന്യത കൈവരും. ഈ തോന്നലാണ് ഒരാളെ കലാകാരനാക്കുന്നത്. നമ്മുടെ അനുഭവങ്ങള്‍ക്ക് നമ്മള്‍ തന്നെ ഒരു മഹത്വം കൊടുക്കുമ്പോള്‍, നമ്മുടെ വികാരങ്ങളെപ്പറ്റി നമുക്ക് ഒരു മൂല്യം ആര്‍ജിക്കുവാന്‍ തോന്നും. ഇതാണ് ഒരു എഴുത്തുകാരനായി മാറുന്നതിന്റെ ആദ്യ ലക്ഷണം.

അവനവന്റെ ഹൃദയവികാരത്തെപ്പറ്റിയും അതിന്റെ പ്രാധാന്യത്തെ കുറിച്ചും അനന്യതയെപ്പറ്റിയും മറ്റുള്ളവരോട് പറയാന്‍ തനിക്ക് ബാധ്യതയുണ്ടെന്ന് വിചാരിക്കുന്ന ഒരു ആത്മാനുരാഗി കൂടി എഴുത്തുകാരനില്‍ ഉണ്ട്. തന്റെ അനുഭവങ്ങള്‍ക്ക് മൂല്യമുണ്ടെന്നും അത് മറ്റുള്ളവരോട് പറയുന്നതു മൂലം മനുഷ്യരാശിക്ക് പ്രയോജനപ്രദമാകുമെന്ന തോന്നലാണ് ഓരോ എഴുത്തുകാരന്റേയും സ്വത്വം. എഴുത്തുകാരന് തന്റെ അനുഭവങ്ങളോട് പ്രത്യേകമായ ഉത്തരവാദിത്വവും നിരീക്ഷണവും ഉണ്ടാകും. അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ അത് എഴുതുന്നവനാണ് യഥാര്‍ത്ഥ എഴുത്തുകാരന്‍. ഒരു എഴുത്തുകാരനുണ്ടാകുന്നത് അയാളുടെ മനസിലുണ്ടാകുന്ന മാറ്റത്തിലൂടെയാണ്. അതായത് അയാള്‍ ജീവിതത്തെ എങ്ങനെ കാണുന്നു, അനുഭവിക്കുന്നു എന്നുള്ള പരിശീലനത്തിലൂടെയാണ് രൂപപ്പെടുന്നത്. നമ്മുടെ അനുഭവങ്ങളെ എങ്ങനെ ജാഗ്രതയോടെ നോക്കിക്കാണാമെന്നത് ഇത്തരം സാഹിത്യക്യാമ്പുകളിലൂടെ ആര്‍ജിച്ചെടുക്കാം.

Source URL: http://ezhuthu.org/%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8/