ഇനി മന്ദസ്മിതത്തിലേക്ക് മടങ്ങാം

എന്‍.ജയകൃഷ്ണന്‍

ഇന്നു നമ്മള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു വാക്കാണ് സാമൂഹിക അകലം. ഉപയോഗിക്കാന്‍ പാടില്ലാത്തതും ജീവിതത്തില്‍ വച്ചുപുലര്‍ത്താന്‍ പാടില്ലാത്തതുമായ സാമൂഹിക അകലം പാലിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ് ഇപ്പോള്‍.

ഈ ലേഖനം അഭിസംബോധന ചെയ്യുന്നത് ഭൂരിഭാഗം വരുന്ന മലയാളി സമൂഹത്തിനോടാണ്. അതില്‍ ജാതിമതഭേദങ്ങളില്ല. മനുഷ്യരുടെ ജനിതകഘടന മാത്രമേയുള്ളൂ എന്നു തുടക്കത്തിലേ പറയട്ടെ. ഞാനും എന്റെ കുടുംബവും തേങ്ങയിടാന്‍ ഒരു കേശവനുമുണ്ടെങ്കില്‍ ജീവിതം കുശാലായി എന്നു ധാര്‍ഷ്ട്യപൂര്‍വം ധരിച്ചുവശായവരാണ് ഭൂരിഭാഗം മലയാളികളും. അതായത് നമുക്ക് നമ്മള്‍ മാത്രമായിരുന്നു പരിചിതര്‍! മറ്റെല്ലാവരും അപരിചിതരായിരുന്നു! അപരിചിതത്വം മലയാളിയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞിരുന്നു. നമ്മില്‍ നിന്നും ഭിന്നമായവയെല്ലാം നമുക്ക് അപരിചിതമോ അപരത്വമോ ആയിരുന്നു. ഈയടുത്തകാലംവരെ ബംഗാളികളും ആസാമികളും മലയാളിക്ക് അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. തമിഴ്‌നാടും ബംഗാളും അന്യസംസ്ഥാനങ്ങളായിരുന്നു. തന്നില്‍നിന്നും ഭിന്നമായതെല്ലാം അന്യമാണെന്ന കടുത്ത സ്വാര്‍ത്ഥചിന്താഗതിയായിരുന്നു ആ ഭാഷാപ്രയോഗത്തിനു പിന്നില്‍പ്പോലും!
ഒരു കാലത്ത് ആരുടെയും നിര്‍ദേശം കൂടാതെ തന്നെ, ഒരു പ്രത്യേക സാഹചര്യത്തിലല്ലാതെ തന്നെ കൃത്യമായ സാമൂഹിക അകലം ജാതീയമായി പാലിച്ചവരാണ് മലയാളികള്‍. കൊറോണക്കാലത്ത് സാമൂഹിക അകലം എന്നു പറയുന്നത് പരസ്പരമുള്ള സ്പര്‍ശം, ആള്‍ക്കൂട്ടമൊഴിവാക്കല്‍ എന്നിവയാണ്. അവ ബാഹ്യമായ സാമൂഹിക അകലം മാത്രമാണ്. വൈറസ് പകരാതിരിക്കാനുള്ള തികച്ചും നിരുപദ്രവകരമായ  സാമൂഹികമായ അകലം. ആ അകലത്തിലൂടെ വൈകാരികമായ അഥവാ വ്യക്തിപരമായ അകലം സംഭവിക്കുന്നില്ല. എന്നാല്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ സാമൂഹിക അകലം പാലിച്ചവരും ശീലിച്ചവരുമാണ് മലയാളികള്‍ എന്നു ഈ സന്ദര്‍ഭത്തില്‍ തിരിച്ചറിയേണ്ടതുണ്ട്. സമൂഹജീവിയാണ് മനുഷ്യനെന്നു ആവുന്നയത്ര ഉറക്കെ വിളിച്ചു പറയുകയും സാമൂഹികപ്രതിബദ്ധതകളില്‍ നിന്ന്, ഉത്തരവാദിത്തങ്ങളില്‍ നിന്ന് വളരെ കൗശലപൂര്‍വം മാറി നില്‍ക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍. അതായത്, എത്രയോ കാലങ്ങളായി മനസ്സിന്റെ ഉള്ളറകളില്‍ കൊണ്ടുനടന്നിരുന്ന കടുത്ത ജാതിചിന്തയും സാമൂഹികഅകലവും അഥവാ സാമൂഹികവിപ്രപത്തിയും കേവലം ബാഹ്യമായി ഇന്ന് സന്ദര്‍ഭവശാല്‍ പാലിക്കുന്നുവെന്നു മാത്രം. മലയാളിയുടെ സാമൂഹികഅകലം അരനൂറ്റാണ്ടു കാലമായി തികച്ചും മാനസികഅകലം കൂടിയായിരുന്നു. സാമൂഹികഅകലം ശാരീരികഅകലമായിരുന്ന ഒരു ഭീകരകാലം തീണ്ടലും തൊടീലും അയിത്തവുമായി നമ്മുടെയിടയിലുണ്ടായിരുന്നുവല്ലോ. ഇന്നു നമ്മള്‍ പുറമേ സാമൂഹിക ജീവിയാണെങ്കിലും അകമേ സമൂഹത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരാണ്. വല്ലപ്പോഴുമേ ഒന്നു തിരിച്ചു നമ്മള്‍ അന്യോന്യം നോക്കാറുള്ളു. മിണ്ടാറുള്ളു. നേരിട്ടുള്ള സംഭാഷണങ്ങള്‍ കുറഞ്ഞ് മിണ്ടാട്ടങ്ങള്‍ ഓണ്‍ലൈന്‍ വഴിയായി. അധരചലനങ്ങള്‍ അന്യോന്യം അപരിചിതമായിരിക്കുന്നു. അതേസമയം ഈ സാമൂഹിക അന്തര്‍മുഖത്വമാകട്ടെ, ഗാര്‍ഹികാന്തരീക്ഷത്തില്‍ ബഹിര്‍മുഖമാകുന്നുമില്ല എന്നതാണ് ഏറെ വിചിത്രം. വീട്ടിലും കുടുംബാംഗങ്ങള്‍ ഓരോ തുരുത്തില്‍ കഴിയുന്നു. പക്ഷേ, കൊറോണകാലത്തു എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടായി. അപ്പോഴും ഭക്ഷണസമയക്രമങ്ങള്‍ പലയിടത്തും പലതായി മാറിക്കൊണ്ടേയിരുന്നു. ഗാര്‍ഹിക പീഡനത്തിന്റെ തോത് വര്‍ധിച്ചതായിട്ടാണ് വനിതാകമ്മീഷന്റെ ഔദ്യോഗികവൃത്തങ്ങളും സൂചിപ്പിക്കുന്നത്. (കേരളത്തില്‍ മാത്രമല്ല.) കാരണം ഭാര്യയും ഭര്‍ത്താവും ഏറ്റവും കൂടുതല്‍ നേരം ഒരുമിച്ചിരിക്കുന്നത് കൊറോണാ കാലത്തണല്ലോ. കൊറോണാ കാലത്തു വച്ചു പുലര്‍ത്തുന്ന ശീലങ്ങള്‍ അക്കാലയളവിലേതു മാത്രമാണെന്നും പിന്നീട് വീണ്ടും ആര്‍ഭാടവും ശൈഥില്യവും നിറഞ്ഞ മനുഷ്യാവസ്ഥയിലേക്കു തന്നെ തിരിച്ചുപോകാമെന്നുള്ള അപകടകരമായ മനോഭാവമാണ് പലരേയും ഭരിക്കുന്നത്.
”വീണപ്പോള്‍ താങ്ങിയ അപരിചിതന്‍
എന്നിലുള്ള ശങ്ക തീര്‍ത്തു തന്നില്ലേ”
എന്ന കല്‍പ്പറ്റ നാരായണന്റെ കവിതയിലെ അപരിചിതനെയാണ് മലയാളികള്‍ മറന്നത്. നമുക്കേറെ പരിചിതമായ ഒരു വാക്കാണ് അപരിചിതത്വം. നമുക്കേറെ പരിചയമുള്ള വ്യക്തിയാണ് അപരിചിതന്‍. കാരണം നമുക്കേറെ പരിചയം നമ്മെ മാത്രമാണല്ലോ.
സഹജീവികളില്‍ നിന്നും ആഗ്രഹിച്ചവരില്‍ നിന്നും ആശ്വാസം ലഭിച്ചില്ലെങ്കില്‍ സ്വാഭാവികമായും വിവേകശാലിയായ ഒരു മനുഷ്യന്‍ തിരിയുന്നത് അവന് ഒഴിവാക്കാനാവാത്ത ഏതെങ്കിലും ഒരു നല്ല ശീലത്തിലേക്കായിരിക്കും. രോഗമില്ലാത്തവരും നിരീക്ഷണത്തിലല്ലാത്തവരും ക്വാറന്റൈനില്‍ കഴിയുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുര്യോഗം. ജീവിതത്തിലെ ഏറ്റവും വലിയ ദുരവസ്ഥയും ഒറ്റപ്പെടല്‍ തന്നെ! അപ്പോഴായിരിക്കും ഒരാള്‍ക്ക് വായന/എഴുത്ത്/പുസ്തകം ഒരു കൂട്ടാകുന്നത്. മഹാധീരനായ അലക്‌സാണ്ടര്‍ അനേകം യുദ്ധങ്ങള്‍ ജയിച്ചെങ്കിലും ആരവങ്ങളും ആള്‍കൂട്ടങ്ങളും നിറഞ്ഞ രണാങ്കണങ്ങളില്‍പ്പോലും അയാളില്‍ ഒരു ഏകാകിയുണ്ടായിരുന്നു. മൂന്നു കാര്യങ്ങള്‍ അപ്പോഴും അലക്‌സാണ്ടര്‍ എപ്പോഴും കൂടെ കൊണ്ടുനടന്നിരുന്നുവത്രേ! ഒന്ന്, ഒരു കഠാര. അംഗരക്ഷകരില്ലാതെ നിരായുധനായി ഒറ്റയ്ക്കായ അച്ഛനെ എതിരാളികള്‍ വകവരുത്തിയതിലുള്ള ഭീതിയായിരിക്കാം ആ കഠാരയെ അയാള്‍ സന്തതസഹചാരിയാക്കാന്‍ കാരണം. രണ്ട്,  ദന്തനിര്‍മിതിമായ ചെറിയ പെട്ടിയായിരുന്നു. മൂന്ന്, ഹോമറിന്റെ വിഖ്യാതമായ ഇലിയഡായിരുന്നു. ധീരനായ അക്കിലസിന്റെ കഥ പറയുന്ന ഇലിയഡ്! ഇത്തരത്തില്‍ എല്ലാവര്‍ക്കും ഒരു ഫൗണ്ടേഷണല്‍ ലിറ്ററേച്ചര്‍ നിത്യസഹചാരിയായി ഉണ്ടായിരിക്കും. അതിലൂടെയാവാം അവര്‍ കുറെയെങ്കിലും തങ്ങളുടെ സ്വത്വബോധവും മനുഷ്യത്വവും പ്രകടമാക്കുന്നത്. വ്യക്തിപരമായ എന്റെ ഫൗണ്ടേഷണല്‍ ലിറ്ററേച്ചര്‍ ജ്ഞാനപ്പനയാണ്. ആകാരത്തില്‍  ഹൃസ്വമായ, പോക്കറ്റിലിടാവുന്ന ഹൃദ്യമധുരമായ ജ്ഞാനപ്പാന. ജ്ഞാനപ്പാനയ്ക്ക് വ്യാഖ്യാനം ആവശ്യമില്ല. കാരണം ജ്ഞാനപ്പാന തന്നെ ജീവിതത്തിന്റെ അതിവിശിഷ്ടമായ വ്യാഖ്യാനമാണ്. കൊറോണ പോയാലും ഇനിയങ്ങോട്ട് അകന്നുനില്‍ക്കലാണ് ഈ ലോകത്തിന്റെ കാവ്യനീതി. എന്നാലേ പൊറുതി ലഭിക്കൂ. കൊറോണയോട് യുദ്ധം ചെയ്യുകയല്ല, ആ ശത്രുവിനെ മനസ്സിലാക്കി ജീവിതശൈലി മാറ്റപ്പെടുത്തുകയേ നിവൃത്തിയുള്ളു. നിഴല്‍ യുദ്ധത്തിന്റെ കാലം കഴിഞ്ഞു! അതിജീവനമാര്‍ഗവും അതുതന്നെ! എത്രയേറെ പ്രിയതരമായാലും ഒരു നീര്‍ക്കുമിളപ്പോലെ അത്രമേല്‍ ദുര്‍ബലവും നൈമിഷികവും സ്വാര്‍ത്ഥവുമാണ് മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകളും സ്‌നേഹബന്ധങ്ങളും! ഒരു നോട്ടമോ വാക്കോ പരിഭവമോ പരദൂഷണമോ പരിമിതിയോ മതി ബന്ധങ്ങള്‍ തകരാന്‍! അതുകൊണ്ട് ജീവിതം ഒരു പൂന്താനക്കവിതപ്പോലെ ഭാരരഹിതമായ തൂവലായി എന്റെ മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്നു! ജ്ഞാനപ്പാന മുഴുവന്‍ വായിക്കേണ്ട. ആറ് വരികളിലായി മാത്രം ജ്ഞാനപ്പാനയുടെ വ്യാഖ്യാനവും ജീവിതത്തിന്റെ മുഴുവന്‍ സത്തയും ജ്വലിച്ചുകിടപ്പുണ്ട്. പ്രപഞ്ചസത്യത്തിന്റെ, മനുഷ്യാനുകമ്പയുടെ ലോകാനുരാഗങ്ങളിലേക്ക്, ദു:ഖപര്‍വങ്ങളുടെ വ്യര്‍ഥകളിലേക്ക് ഏകാന്തതകളുടെ വ്യാകുലമോചനങ്ങളിലേക്ക് നിങ്ങളെ അതു നയിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. വളരെ ലളിതസുഭഗമായ വരികള്‍! ഇത്ര സുഭദ്രസുന്ദരമായ വരികള്‍ എന്റെ എളുതായ അനുഭവങ്ങളില്‍ മറ്റൊന്നില്ലത്രേ!