ആലപ്പാടിന്റെ തേങ്ങലും ചെറുത്തുനില്‍പ്പും

ആലപ്പാടിന്റെ തേങ്ങലും ചെറുത്തുനില്‍പ്പും

കണ്മുമ്പില് പ്രിയപ്പെട്ടതെല്ലാം അപ്രത്യക്ഷമാവുന്നത് കണ്ട് തകര്ന്ന നെഞ്ചോടെ കടലിനെ നോക്കി അലമുറയിടുകയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ ആലപ്പാട് പ്രദേശത്തെ തീരവാസികള്. ജനിച്ച വീടും കളിച്ചുനടന്ന തീരഭൂമിയും കടലിന്റെ മടിത്തട്ടിലേക്ക് ഇഴുകിചേരുന്നത് നോക്കിനില്ക്കാനേ ഇവര്ക്ക് കഴിയുന്നുള്ളൂ. പൊതുമേഖലാ സ്ഥാപനങ്ങളെ മുന്നിര്ത്തിയുള്ള കരിമണല് ഖനനത്തില് നാശമടയുന്ന ആലപ്പാട് എന്ന കൊച്ചുഗ്രാമത്തിനു നേരെ അധികൃതര് ഇനിയും കണ്ണടച്ചാല് ഈ പ്രദേശം ചരിത്രത്താളുകളില് അവശേഷിക്കാന് അധികകാലം വേണ്ട.


കൊല്ലം ജില്ലയുടെ വടക്കേ അറ്റത്തുള്ള പ്രദേശമാണ് ആലപ്പാട്. കടലിനും കായലിനുമിടയില് ഒരു വരപോലെയാണ് ഇന്ന് ആലപ്പാട് ഗ്രാമം. പ്രദേശത്തെ 90 ശതമാനം ആളുകളും ഈ കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികളാണ്. ഇവരുടെ ഉപജീവനം പോലും ഇല്ലാതാക്കിക്കൊണ്ട് ഒരു നാട് പൂര്ണ്ണമായും നാമാവശേഷമാകുന്ന കരിമണല് ഖനനമാണ് ആലപ്പാട് ഉള്പ്പെട്ട തീരദേശമേഖലയില് നടക്കുന്നത്. 50 വര്ഷത്തിലേറെയായി നടക്കുന്ന കരിമണല് ഖനനത്തിനെതിരെ യുവജനങ്ങള് രംഗത്തു വന്നതോടെ സോഷ്യല് മീഡിയയില് ‘സ്റ്റോപ്പ് മൈനിങ്ങ് സേവ് ആലപ്പാട്’ ഹാഷ് ടാഗുകള് വ്യാപകമായി. കാല്നൂറ്റാണ്ടായി ആലപ്പാടിന്റെ സംരക്ഷണത്തിനായി സമരങ്ങള് നടക്കുന്നുണ്ടെങ്കിലും മാധ്യമങ്ങളോ രാഷ്ട്രീയ കക്ഷികളോ സമരത്തെ കണ്ടതായി നടിച്ചില്ല. പ്രദേശവാസികളുടെ നേതൃത്വത്തില് നവംബര് ഒന്നിന് ആരംഭിച്ച റിലേ നിരാഹാര സമരം നൂറോളം ദിവസങ്ങള് പിന്നിട്ടതോടെ പരിസ്ഥിതി പ്രവര്ത്തകരും ചലച്ചിത്ര, സാമൂഹ്യപ്രവര്ത്തകരും ഉള്പ്പെടെ ആലപ്പാടിനെ നെഞ്ചേറ്റി. അതേസമയം, സര്ക്കാരിന്റെ ഭാഗത്തു നിന്നും ദുരിതബാധിതര്ക്ക് അനുകൂലമായ നടപടികള് ഉണ്ടാകാത്തതും വിഷയത്തെ ദിവസേന സങ്കീര്ണ്ണമാക്കുന്നു.


കൊല്ലം നീണ്ടകര മുതല് കായംകുളം തോട്ടപ്പള്ളി വരെ 42 കിലോമീറ്റര് നീളത്തിലെ കായലോര മണലില് വന് തോതില് ധാതു നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കരിമണല് കേരളാ തീരത്താണെന്നാണ് പഠനങ്ങളില് തെളിഞ്ഞിരിക്കുന്നത്. കേരളത്തിന്റെ പെട്രോള് ആയാണ് കരിമണലിനെ വിശേഷിപ്പിക്കുന്നത്. 1965 ല് ഈ മേഖലയില് ഖനനം ആരംഭിച്ചതായാണ് പറയപ്പെടുന്നത്. നീണ്ടകര മുതല് കായംകുളം പൊഴി വരെ 22 കിലോമീറ്ററില് ആണ് ഇപ്പോള് ഖനനം. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന് റെയര് എര്ത്ത് ലിമിറ്റഡ് (IREL) ഉം കേരളാ മിനറല്സ് & മെറ്റല്സ് ലിമിറ്റഡ് (KMML) ഉം ആണ് തീരമേഖലയെ ചൂഴ്ന്ന് അശാസ്ത്രീയ ഖനനം നടത്തുന്നത്. 1955 ലെ ലിത്തോ മാപ്പ് പ്രകാരം ഖനനം തുടങ്ങുന്നതിനു മുമ്പ് 89.5 ചതുരശ്ര കിലോമീറ്റര് ആയിരുന്ന ആലപ്പാട് ഗ്രാമത്തിന്റെ വിസ്തൃതി ഇപ്പോള് 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഏകദേശം 20,000 ഏക്കര് ഭൂമി കടലായി മാറിക്കഴിഞ്ഞു. ആലപ്പാടിന്റെ സമീപപ്രദേശമായ വെള്ളനാതുരുത്തില് കടലും കായലും തമ്മില് 20 മീറ്റര് മാത്രമാണ് അകലം. കടലും കായലും ഒന്നുചേരാന് അധികനാള് ഇല്ലെന്ന യാഥാര്ത്ഥ്യത്തിലേക്കാണ് ഇത് വിരല് ചൂണ്ടുന്നത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുകുളം പഞ്ചായത്തിലും ഖനനം നടത്താനുള്ള നീക്കത്തെ പ്രദേശവാസികള് ചെറുത്തു നില്പ്പിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. ഏകദേശം 7,500 കുടുംബങ്ങളാണ് ഇന്ന് ആലപ്പാട് പഞ്ചായത്തിലുള്ളത്. ആലപ്പാട് പഞ്ചായത്തില് പ്രധാനമായും ഖനനം നടക്കുന്നത് വെള്ളനാതുരുത്തും പൊന്മനയുമാണ്. ഇരു പ്രദേശങ്ങളുടെയും സിംഹഭാഗം കടല് കവര്ന്നു കഴിഞ്ഞു. പൊന്മനയില് 1,500 കുടുംബങ്ങള് ഉണ്ടായിരുന്നിടത്ത് ഇപ്പോള് മൂന്നു കുടുംബങ്ങള് മാത്രമാണ് ശേഷിക്കുന്നത്.


അശാസ്ത്രീയമായ ഖനനം ഈ തീരത്തെ മാത്രമല്ല കേരളത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ വരും കാലങ്ങളില് മാറ്റിമറിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നല്ല വളക്കൂറുള്ള മണ്ണായതിനാല് ഒരു കാലത്ത് ഉണ്ടായിരുന്ന കായബലമുള്ള തെങ്ങിന്തോപ്പുകളും, മത്സ്യപ്രജനനത്തിന് അനുകൂല സാഹചര്യമുള്ള തീരമായതിനാല് സമൃദ്ധമായ മത്സ്യസമ്പത്തും, മനോഹരമായ ബീച്ചും ഇന്ന് ആലപ്പാടിന്റെ ഓര്മ്മകളില് മാത്രം അവശേഷിക്കുന്നു. പ്രദേശത്തെ മൂന്നു കൃഷിവരെ ഇറക്കിയിരുന്ന മൂക്കുംപുഴ പാടവും പനക്കടപ്പാടങ്ങളും എന്നേ കടല് കവര്ന്നു കഴിഞ്ഞു. കടലാമ ഉള്പ്പെടെയുള്ള നിരവധി ജീവിവര്ഗങ്ങള് പോലും തീരത്തു നിന്നും അപ്രത്യക്ഷമായി.


കടലിന്റെ ഓളങ്ങള്ക്കൊണ്ട് ശാന്തമായിരുന്ന ആലപ്പാട് തീരം ഇന്ന് കൂറ്റന് ജെ.സി.ബി കള്ക്കും മണല് നിറച്ചു പോകുന്ന ലോറികള്ക്കും വഴിമാറി. CRZ നിയമം പോലും പാലിക്കാതെ കൂറ്റന് മെഷീനുകള് ഉപയോഗിച്ചാണ് തീരത്തെ ഖനനം. കരിമണല് കുഴിച്ചെടുത്ത ഭാഗങ്ങളില് ഉണ്ടാകുന്ന ഗര്ത്തങ്ങള് മറ്റു മണ്ണുകള് ഉപയോഗിച്ച് പൂര്വ്വസ്ഥിതിയിലാക്കണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും ജൈവസമ്പത്ത് മാത്രം ലക്ഷ്യംവയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളോ ഇതിനു ഒത്താശ ചെയ്യുന്ന സര്ക്കാരോ തുടര് നടപടികള്ക്ക് നേരെ കണ്ണടയ്ക്കുകയാണ്. മോണോസൈറ്റ്, ഇല്മനൈറ്റ്, ഗാര്നൈറ്റ്, റൂട്ടൈല്, ലൂക്കോസിന്, സിലിമനൈറ്റ്, സിര്ക്കോണ് തുടങ്ങി വ്യാവസായിക പ്രാധാന്യമുള്ള ധാതുക്കള്ക്കു വേണ്ടിയാണ് ഒരു ജനതയുടെ ജീവിതത്തെ കരിനിഴലിലാക്കിയുള്ള ഖനനം.


പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില് കരിമണല് ഖനനം നടക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളും ഇതിന്റെ ഗുണഭോക്താക്കളാകുന്നുണ്ട്. തമിഴ്നാട് തൂത്തുകുടിയിലെ ശാര്ങ്ങ്ധര കെമിക്കല് വര്ക്ക്സും, ആലുവയിലെ കൊച്ചിന് മിനറല്സ് & റൂട്ടൈല്സ് ലിമിറ്റഡ് (CMRL) ഉം ആലപ്പാട് തീരത്തെ സമ്പുഷ്ടമായ മണലിന്റെ ഉപഭോക്താക്കളാണെന്ന ആരോപണവും ശക്തമാണ്.


ജൈവ ധാതുക്കള് കൊണ്ട് പ്രകൃതി സമ്പന്നമാക്കിയ പ്രദേശത്തെ വര്ഷങ്ങളായി വെട്ടിയും കിളച്ചും ദുര്ബലമാക്കിയിരിക്കുകയാണ്. ഒരു സെന്റ് ഭൂമിയില് നിന്നും 2.75 കോടി രൂപയുടെ ധാതുമണല് ലഭിക്കുമെന്നാണ് കണക്ക്. പ്രതിദിനം 200 ലോഡ് ലോറികള് കേരളാ തീരത്തു നിന്നു ഖനനം നടത്തി പോകുന്നു. തുടര്ച്ചയായി തീരം ഇടിയുന്നതോടെ സമീപത്തെ ഭൂമിയും വീടുകളും കടലലിഞ്ഞു. കടലാസില് മാത്രം ഒതുങ്ങുന്ന ഭൂസ്വത്തുക്കള് എവിടെയാണെന്നു കാണിക്കാന് ഇന്ന് കടലിനു മാത്രമേ കഴിയൂ. ഓരോ സര്വേ കഴിയുമ്പോഴും റവന്യൂ റെക്കോര്ഡില് നിന്നും കടലിലടിഞ്ഞ ഭൂമിയുടെ കണക്കുകള് മാറ്റപ്പെടുന്നു. കടലിന്റെ ഈ കര കയറ്റത്തെ തുടര്ന്ന് 1994 ല് ആലപ്പാട് വില്ലേജിലെ 7,200 ഹെക്ടര് ഭൂമിയുടെ കരം പിരിക്കേണ്ടതില്ലെന്നു റവന്യൂ അധികൃതരും തീരുമാനിച്ചു.