ആരോടാണ് കൂറ്? ഇരയോടോ വേട്ടക്കാരനോടോ -ഡോ. മേരി ജോര്‍ജ്ജ്

ആരോടാണ് കൂറ്? ഇരയോടോ വേട്ടക്കാരനോടോ -ഡോ.  മേരി ജോര്‍ജ്ജ്
കാലം ചെയ്ത പിതാവ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍! എന്റെ മനോദര്‍പ്പണത്തില്‍ അദ്ദേഹത്തിന്റെ രൂപം ഒരു വിശുദ്ധന്റേതെന്നപോലെ നിലകൊള്ളുന്നു. അദ്ദേഹം മലബാറിലെ കുടിയേറ്റക്കാരോടൊപ്പം മലേറിയ, ടൈഫോയിഡ് തുടങ്ങിയ ഭീകരരോഗങ്ങളോട് സദാ സമരത്തിലായിരുന്നു. കുടിയേറ്റക്കാര്‍, ആദിവാസികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും, ആതുരസേവനവും അന്നവും എത്തിക്കുന്നതിനായുള്ള നിരന്തര യുദ്ധത്തിലായിരുന്നു അദ്ദേഹം. അന്ന് അത്തരം പിതാക്കന്മാര്‍ കത്തോലിക്കാ സഭയില്‍ പലരുണ്ടായിരുന്നു. അവരോടൊപ്പം കൈകോര്‍ക്കാന്‍ കര്‍മ്മനിരതരായ നിരവധി വൈദികരും കന്യാസ്ത്രീകളുമുണ്ടായിരുന്നു. അതിന്റെ ഫലമായി ആതുരസേവന, വിദ്യാഭ്യാസമേഖലകളില്‍ കേരളം മുന്നേറി. കേരള വികസന മോഡലിന് അടിത്തറയിടുകയായിരുന്നു അതുവഴി. അന്ന് വൈദികരും, കന്യാസ്ത്രീകളും ഈ മേഖലകളില്‍ യൂറോപ്പില്‍ നിലനിന്നിരുന്ന കിരാതനിയമമായ ‘ഇരുമ്പുവേതന നിയമ’ത്തിലായിരുന്നു. അതായത് അത്യാവശ്യം വേണ്ടതുമാത്രം വേതനമായി വാങ്ങി. അധികം ലഭിക്കുമായിരുന്നത് അതതുമേഖലകളില്‍ പുനര്‍വിന്യസിക്കാന്‍ അവസരം നല്‍കി.
ഇന്നു കഥമാറി. താരതമ്യങ്ങളില്ലാത്ത മാറ്റം. ഇന്ന് സഭാസ്ഥാപനങ്ങള്‍ ക്രോണിക്യാപിറ്റലിസത്തിന്റെ മായാമോഹങ്ങളില്‍ വീണുപോയിരിക്കുന്നു. കിടമത്സരത്തില്‍ എങ്ങനെ ഒന്നാമതെത്താമെന്ന ചിന്ത സദാ വേട്ടയാടപ്പെടുന്നു. സഭയുടെ പരമ്പരാഗത ഗുണങ്ങളായ ദാരിദ്ര്യം, ഉപവി, സമര്‍പ്പണം, കരുതല്‍ ഇതൊക്കെ വേരറ്റുപോയി. ദിവ്യാഗ്രഹവും ആഢംബരവും മുഖമുദ്രയായി വളര്‍ന്നിരിക്കുന്നു, പോരെങ്കില്‍ ഉദരംഭരികളും. ദൈവത്തിനുള്ളത് ദൈവത്തിനും, സീസറിനുള്ളത് സീസറിനും നല്‍കുന്നതിനുപകരം നേര്‍ച്ചപ്പണം നിര്‍മ്മിതികളിലേക്ക് ആവാഹിക്കപ്പെടുന്നു. സഭാവിശ്വാസികളുടെ വോട്ടുവാങ്ങി വിജയിച്ച് ഭരണരഥത്തിലേറുന്നവര്‍ ജനവഞ്ചകരാകുന്നു. കള്ളന്മാരായി മുദ്രകുത്തപ്പെടുന്നു. അപ്പോഴും സഭാ നേതൃത്വം മൗനം വിദ്യയാക്കുന്നു. അത്തരം സഭാ നേതൃത്വത്തോട് ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് ചോദിക്കുന്നത് വിഡ്ഢിത്തമാണ്. പകരം ബൈബിള്‍ പറയട്ടെ” വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടി അവന്റെ അടുക്കല്‍ കൊണ്ടുവന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു? യേശുവാകട്ടെ കുനിഞ്ഞ് വിരല്‍കൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. (യോഹന്നാന്‍ 8ല്‍ 3-8). ഇരയുടെ പരാതി ലഭിച്ച ഉടന്‍ അത് വത്തിക്കാന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമായിരുന്നു. അടിയന്തര നടപടികള്‍ സ്വീകരിച്ചശേഷം ബാക്കി ഇന്ത്യന്‍ നിയമസംവിധാനം തീരുമാനിക്കട്ടെ എന്ന രീതിയില്‍ കാത്തിരിക്കാമായിരുന്നു. പകരം വേണ്ടപ്പെട്ടവര്‍ കാണിച്ചത് ഗര്‍ഹണീയമായ അലംഭാവമാണ്. വത്തിക്കാനില്‍ പരാതി എത്തേണ്ടിടത്ത് എത്താതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ‘ഫ്രാങ്കോയെ കല്ലെറിയാന്‍ ഞങ്ങളില്‍ പാപമില്ലാത്തവനാര്’ എന്ന ആത്യന്തിക സന്ദേശമാണ് വിശ്വാസികള്‍ക്കും പൊതുജനത്തിനും കൈമാറിയത്. പൂര്‍വ്വാശ്രമത്തില്‍ വൈദികനായിരുന്ന റോബിന്റെ കാര്യം ജനം ഓര്‍ത്തു. അവര്‍ ഫ്രാങ്കോയ്ക്ക് ശിക്ഷ വിധിച്ചു. അല്ലാത്തപക്ഷം ചെന്നായ ചെമ്മരിയാടിന്റെ കുപ്പായം ധരിച്ച കഥ ആവര്‍ത്തിക്കുമെന്നവര്‍ ആശങ്കപ്പെട്ടു. ഇനിയുമെത്ര കന്യാസ്ത്രീകള്‍..? കന്യാസ്ത്രീകളോടൊത്തു ജനവും സമരപ്പന്തലിലേക്ക് എത്തിച്ചേര്‍ന്നു. മറ്റാരെയും കുറ്റപ്പെടുത്തേണ്ട. ഇവിടെ ആദ്യവും അവസാനവും കുറ്റക്കാരന്റെ ഭാഗത്ത് സഭ തന്നെയാണുള്ളത്. സഭയുടെ അനവസരത്തിലെ നിര്‍വ്വികാരതയാണുള്ളത്.
ഇരയായ സഹോദരിയോട് ഒരു വാക്ക്
”ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്, ആദിയും അന്തവും” (വെളിപാട് 21-ല്‍ 6). ആ ദൈവത്തെ മുറുകെപ്പിടിച്ചുകൊണ്ട് വെറും 28 വയസ്സുള്ള തെരേസ പട്ടാപ്പകലും ഗുണ്ടകളും, മോഷ്ടാക്കളും, വ്യഭിചാരികളും അടക്കിവാണിരുന്ന ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച കല്‍ക്കട്ട നഗരത്തിന്റെ ചേരികളിലൂടെ ആലംബഹീനരും, താന്തരും, രോഗികളും, മരണാസന്നരായിവരെ തേടി ഇറങ്ങിയത്. അവര്‍ക്ക് ആലംബവും ആശ്വാസവുമായത്.