ആരാണ് സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശത്രു ?

ആരാണ് സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശത്രു ?

ബാലചന്ദ്രൻ വടക്കേടത്ത്

ആചാര്യ നരേന്ദ്രദേവിനെ ഇപ്പോഴാരും ഉദ്ധരിക്കാറില്ല. ഇന്ത്യൻ സോഷ്യലിസ്റ്റുകൾക്കുണ്ടായ വഴിമാറിപ്പോകൽ അവരിൽ പലരേയും മറവിയിലേക്കെത്തിച്ചു എന്ന യാഥാർത്ഥ്യം നമ്മുടെ മുമ്പിലുണ്ട്. എന്നാൽ സോഷ്യലിസ്റ്റുകളിൽ ചിലർ ജനാധിപത്യത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങളിൽ ചിലതൊക്കെ ഇന്നും പ്രസക്തമായിരിക്കുന്നു എന്ന് ഞാൻ വിചാരിക്കുന്നു. അതിലൊന്നാണ് നരേന്ദ്രദേവിന്റെ പ്രതിപക്ഷ സംസ്‌കാരത്തെക്കുറിച്ചുള്ള ഉപദർശനം. അത് നെഹ്‌റുവിന്റെ ഭരണകാലത്തായിരുന്നു. എടുത്ത് പറയാവുന്ന പ്രതിപക്ഷസാന്നിദ്ധ്യം പാർലമെന്റിലില്ല. സോഷ്യലിസ്റ്റ് മനോഭാവമുള്ളവർ കോൺഗ്രസ്സ് വിട്ട് പ്രതിപക്ഷമാകാൻ തീരുമാനിക്കുന്നു. പ്രതിപക്ഷമില്ലാത്ത ഒരു ഭരണക്രമം. ജനാധിപത്യത്തിൽ അനുപേക്ഷണീയമാകുമോ എന്ന് അവർ സംശയിച്ചിരുന്നു. തങ്ങൾ കോൺഗ്രസ്സ് വിടുന്നത് ആ പാർട്ടിയോടുള്ള വിയോജിപ്പുകൊണ്ടല്ല എന്നും പ്രതിപക്ഷത്തിന്റെ അനിവാര്യത എടുത്തുകാണിക്കാനാണ് എന്നും പറഞ്ഞുവച്ചു. നരേന്ദ്രദേവ് കുറച്ചുകൂടി ആഴത്തിൽ ചെന്ന് പ്രശ്‌നങ്ങൾ വിശകലനം ചെയ്ത് പ്രതിപക്ഷം എന്തായിരിക്കണം, എപ്രകാരമായിരിക്കണം എന്ന് വ്യക്തമാക്കി. സർക്കാർ കൊണ്ടുനടക്കുന്ന രാഷ്ട്രീയപാർട്ടിയുടെ ജനാധിപത്യപ്രവർത്തനങ്ങളേക്കാൾ ഒരു പടികൂടി മുന്നിലായിരിക്കണം പ്രതിപക്ഷത്തിന്റെ ജനാധിപത്യം എന്നായിരുന്നു വാദം. അതുപോലെ ഭരണപക്ഷം എത്രമാത്രം വർഗീയ വിരുദ്ധമാണോ അതിനേക്കൾ വർഗീയ വിരുദ്ധമായിരിക്കണം പ്രതിപക്ഷ മനോഭാവം. സാമുദായികതയും മതവിഭാഗീതയതും ജാതിവൈരുദ്ധ്യങ്ങളും നിലനിൽക്കുന്ന ഒരു സമൂഹക്രമത്തിൽ പ്രതിപക്ഷത്തിന്റെ ശരിയായ പങ്ക് നിർവചിക്കുകയായിരുന്നു ദേവ് ചെയ്തത്. ഈ ആശയം ഈ കാലത്ത് എത്രപേർ അംഗീകരിക്കും എന്നെനിക്കറിയില്ല. പ്രതിപക്ഷത്തെ ജനാധിപത്യചർച്ചയിലേക്ക് കൊണ്ടുവരികയും ഭരണപക്ഷം എന്നാൽ പ്രതിപക്ഷം കൂടി ചേർന്നതാണെന്ന ജനാധിപത്യപ്രക്രിയയുടെ ഒരു യാഥാർത്ഥ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യാൻ കാണിച്ച ആ ശുഷ്‌കാന്തി വാസ്തവത്തിൽ ഒരു മാതൃകയായി മാറേണ്ടിയിരുന്നു. എന്നാൽ കാലാകാലങ്ങളിൽ ഉണ്ടായ തെരഞ്ഞെടുപ്പുകളും ഭരണമാറ്റങ്ങളും ഈ യാഥാർത്ഥ്യത്തിൽ നിന്നു അകന്നു ‘ഭൂരിപക്ഷം'(ങമഷീൃശ്യേ) എന്ന സങ്കല്പനത്തിലേക്ക് വികസിക്കുന്നതാണ് പിന്നീട് നാം കാണുന്നത്. ആ വക വസ്തുതകളിലേക്ക് വരുന്നതിന് മുമ്പായി ചരിത്രപരമായ മറ്റു ചില കാര്യങ്ങൾ നമുക്കു പരിശോധിക്കാം.
ഇന്ത്യൻ ജനാധിപത്യം പൂർണവളർച്ചയിലെത്തി എന്നാണല്ലോ നമ്മുടെ വിശ്വാസം. സ്വാതന്ത്ര്യസമരവും രാഷ്ട്രനിർമിതിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുവന്ന മൂല്യങ്ങളെ നാം ജനാധിപത്യവുമായി ചേർത്തുവച്ചു വായിക്കുന്നു. ഒരു ഭരണഘടനാ പ്രത്യയശാസ്ത്രം മാത്രമാണോ ജനാധിപത്യം? അത് രൂപപ്പെട്ട കാലത്ത് ഭരണസംവിധാനം എന്നതിനേക്കാൾ ഉപരി ഒരു ജീവിതമൂല്യമായി ജനാധിപത്യത്തെ സ്വീകരിച്ചവരുണ്ട്. ആ അർത്ഥത്തിൽ രണ്ടു രീതിയിൽ ജനാധിപത്യം ഇവിടെ നിരൂപിക്കപ്പെട്ടുപോന്നു. ഭരണഘടനാരൂപം ആയിരിക്കെ ജനാധിപത്യം സംരക്ഷിച്ചുനിർത്തിയിരുന്ന സത്യവും നീതിയും സ്വാതന്ത്ര്യവും ഗൗരവത്തോടെ വിലയിരുത്തപ്പെട്ട എല്ലാ നിയമനിർമാണങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായി സംഭവിക്കുന്നു എന്ന് തോന്നി. നീതിബോധം വലിയ ജനാധിപത്യമൂല്യമായി പരിഗണിക്കപ്പെട്ടു. അങ്ങനെ ആകൃതിപ്പെട്ട ഇന്ത്യൻ ജനാധിപത്യത്തിൽ പൊരുത്തക്കേടുകൾ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം ജനകീയ പ്രതിരോധങ്ങൾ ഉണർന്നുണ്ടാവുകയും ജനാധിപത്യത്തിന്റെ കാലാകാലങ്ങളിലുള്ള പുനർനിർമാണത്തിൽ രാഷ്ട്രീയപാർട്ടികൾ അവരുടേതായ പങ്ക് നിർവഹിക്കുകയും ചെയ്തുപോന്നു.
കാലം മാറിയപ്പോൾ കോലം മാറി എന്ന് പറഞ്ഞതുപോലെ, രാഷട്രീയ പ്രസ്ഥാനങ്ങൾ തന്നെ ജനാധിപത്യത്തിൽ നിന്നകന്ന കാഴ്ച നമ്മെ അമ്പരപ്പിക്കാൻ തുടങ്ങി. പാർലമെന്ററി ജനാധിപത്യത്തിന്റെ പേരിൽ അധികാരത്തിലെത്തുന്നവർ ജനകീയ വിരുദ്ധത പ്രകടിപ്പിക്കാൻ തുടങ്ങുന്നു. നിയമനിർമാണങ്ങളിൽ ഭരണം നിർവഹിക്കുന്നവന്റെ സ്വകാര്യതാല്പര്യങ്ങൾ ഇടപെടുന്നു. വിശ്വാസവും ഭരണകൂടവും തമ്മിൽ അകലുന്നതും രാഷട്രീയ പ്രസ്ഥാനങ്ങൾ ജനങ്ങളെ നേരിട്ട് വെല്ലുവിളിക്കുന്നതും നാം കേൾക്കുന്നു. തെരഞ്ഞെടുപ്പുകൾ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കുന്നതും കലാപങ്ങൾക്ക് ഇടവരുത്തുന്നതും സ്വാഭാവികമായി. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാവി സംശയാസ്പദമാവുന്ന വിധത്തിൽ പരിണമിക്കപ്പെടുന്നതായി ചിലർക്കെങ്കിലും തോന്നുന്നത്. ഇന്ത്യൻ ജനാധിപത്യത്തിൽ എന്ത് സംഭവിക്കുന്നു എന്ന ചോദ്യം ഉയർന്നുവരുന്നു. അതുകൊണ്ട് ജനാധിപത്യ പുനർനിർമിതിയെക്കുറിച്ചാണ് പുതിയ ആശങ്ക. ആരായിരിക്കും അതിന് മുൻകൈ എടുക്കുക? നിലവിലുള്ള രാഷ്ട്രീയപാർട്ടികൾക്ക് അതിന് കഴിയുമോ? ഇന്ത്യൻ ബുദ്ധിജീവികൾ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും?
ചോദ്യങ്ങൾ അനവധിയാണ്. ഒരുകാര്യം തീർച്ച. നമ്മുടെ ജനാധിപത്യക്രമം അപ്പാടെ കീഴ്‌മേൽ മറിഞ്ഞിരിക്കുന്നു. സമൂഹത്തിലുണ്ടാകുന്ന വൈരുദ്ധ്യങ്ങളെ പരിഹരിക്കേണ്ട രാഷ്ട്രീയപാർട്ടികൾ, കൂടുതൽ വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുന്ന പ്രസ്ഥാനങ്ങളായി മാറുമ്പോൾ, ആര് ആരെ സംരക്ഷിക്കും എന്ന സംശയവും ബാക്കിയാവുന്നു. നെഹ്‌റുവിൽ നിന്ന് നേരന്ദ്രമോദി വരെ എത്തിനിൽക്കുന്ന രാഷ്ട്രീയവും, അതിന്റെ പോരായ്മകളും ചർച്ചചെയ്യാതെ ജനാധിപത്യം വീണുപോയ ചതിക്കുഴികൾ മനസ്സിലാക്കുക പ്രയാസമാകും എന്നാണ് എന്റെ വിശ്വാസം. ദേശീയത എന്ന ബൃഹത് ആഖ്യാനം ശിഥിലമായിക്കഴിഞ്ഞിരക്കുന്നു. പ്രാദേശികമായി ചെറിയ രാഷ്ട്രീയപാർട്ടികൾ ആവിർഭവിക്കുന്നതിലൂടെ ദേശീയത പ്രദേശതയ്ക്ക് വഴിമാറിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. ഭാഷാടിസ്ഥാനത്തിലും വംശാടിസ്ഥാനത്തിലും വർഗാടിസ്ഥാനത്തിലും സംഘടനാസംവിധാനങ്ങൾ വന്നു. ഇന്ത്യ വളർത്തിയെടുത്ത ദേശീയ ജനാധിപത്യം എന്ന സങ്കല്പം തകർന്നടിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയതോടെ, മതവും ജാതിയും രാഷ്ട്രീയപ്രയോഗങ്ങളാകാനും സമാരംഭിച്ചു. ചുരുക്കിപ്പറഞ്ഞാൽ, അദ്വാനിയുടെ രഥയാത്ര മുതൽ ആരംഭിച്ച വംശീയ ധ്രുവീകരണം ജനാധിപത്യത്തിന്റെ മതേതര ഭാവത്തേയും ദേശീയ കാഴ്ചപ്പാടിനേയും വർഗീയവൽക്കരിക്കുകയും തെരഞ്ഞെടുപ്പ് എന്നത് വർഗീയവാദികളുടെ ഉത്സവമായിത്തീരുകയും ദേശീയ പ്രാദേശിക ഭരണകൂടങ്ങൾ മതവിവേചനം ആദർശമായി അംഗീകരിച്ചു നിയമനിർമാണങ്ങളിൽ ഏർപ്പെടുന്നതും നിത്യസംഭവങ്ങളായിത്തീർന്നിരക്കുന്നു. അതിന്റെ ഭാഗമായി ഭരണഘടനാ ലംഘനങ്ങളും നടക്കുന്നു. വംശീയമായി പരിവർത്തനവിധേയമാവുക ജനാധിപത്യത്തെ എത്രമാത്രം ദുഷിപ്പിക്കുമെന്ന് ഇപ്പോൾ പഠിച്ചറിഞ്ഞ ജനതകൂടിയാണ് നാം. അതിന്റെ പ്രതിഫലനങ്ങൾ എന്ന മട്ടിൽ ചെറുതും വലുതുമായ പ്രതിഷേധസ്വരങ്ങൾ നാടുനീളെ ഉയരുന്നുണ്ടെങ്കിലും സർക്കാരുകൾ വല്ലാത്ത മൗനം അവലംബിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തിൽ ഈ മൗനം ഫാഷിസത്തിന്റെ അടയാളപ്പെടുത്തലാണ്. ഇങ്ങനെ ജനങ്ങളെ ശ്രദ്ധിക്കാതിരിക്കുകയും അവരുടെ അഭിപ്രായങ്ങളെ മാനിക്കാതിരിക്കുകയും ചെയ്യുന്ന ഭരണകൂടം ജനാധിപത്യത്തെ അട്ടിമറിക്കാൻ സന്ദർഭം കാത്തിരിക്കുന്നു എന്നുതന്നെ സമ്മതിക്കണം. അവരുടെകീഴെ പാർലമെന്ററി വ്യാമോഹങ്ങൾ സംരക്ഷിക്കപ്പെട്ടുവെങ്കിലും മൂല്യാധിഷ്ഠിത ജനാധിപത്യം പരിരക്ഷിക്കപ്പെടുമെന്ന് വിചാരിക്കാൻ ന്യായമില്ല. രാഷ്ട്രീയ വർഗീയത ശക്തമായിരിക്കുന്നു ഇന്ത്യൻ ജനാധിപത്യത്തിൽ.
പെട്ടെന്ന് ദുഷിച്ചുപോകുന്നതാണോ ജനാധിപത്യം? അങ്ങനെ മനസ്സിലാക്കേണ്ടിവരുന്നു. പക്ഷെ, ജനാധിപത്യം തെറ്റായ ഒരു പ്രത്യയശാസ്ത്രമാണ് എന്ന് ഇതിനർത്ഥമില്ല. എക്കാലത്തും എല്ലാ ജനങ്ങൾക്കും സ്വീകാര്യമായ ഒന്നാണ് ജനാധിപത്യം അഥവാ പാർലമെന്ററി ഡെമോക്രസി! കമ്മ്യൂണിസമോ ഫാസിസമോ അതിന് പകരമാവില്ല. ചിലപ്പോൾ ജനാധിപത്യത്തിന്റെ പോപ്പുലറിസത്തിലേക്കുള്ള ചാഞ്ചാട്ടം യുക്താനുഷ്ഠമായി പരിശോധിക്കേണ്ടിയും വരുന്ന സന്ദർഭങ്ങൾ വിരളമല്ല.
ജനാധിപത്യത്തിന്റെ പുനർനിർമിതി എന്ന ആലോചന സമാരംഭിക്കേണ്ടത്, ജനാധിപത്യത്തിലെ ‘ഭൂരിപക്ഷ’ സങ്കല്പത്തിൽ നിന്നാണ്. സർഗാത്മകമായ ഒരു പ്രതിപക്ഷ സംസ്‌കാരത്തെക്കുറിച്ചും അതോടൊപ്പം ആലോചിക്കേണ്ടിവരുമെന്ന് കരുതുന്നു. പ്രതിപക്ഷം ഭരണരംഗത്ത് തെറ്റല്ല എന്നാണ് എന്റെ പക്ഷം. എന്നാൽ പ്രതിപക്ഷം വേണ്ട എന്ന സങ്കല്പത്തിലാണ് അധികാര രാഷ്ട്രീയം ഇന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ്സ് മുക്ത രാജ്യം എന്ന മുദ്രാവാക്യം അതിന്റെ പ്രത്യക്ഷമായ അടയാളപ്പെടുത്തലാണ്. ഭൂരിപക്ഷത്തിന്റെ ബലത്തിൽ രാഷ്ട്രീയപാർട്ടികൾ ഇടപെടാൻ ഭാവിക്കുമ്പോൾ, തങ്ങളല്ലാതെ മറ്റാരും ആവശ്യമില്ല എന്ന മനോഭാവം ജനാധിപത്യത്തിന്റെ പ്രാണനായി മാറുന്നത് ആരെയാണ് അലോസരപ്പെടുത്താതിരിക്കുക? ഭരണകൂടം എന്നാൽ പ്രതിപക്ഷം കൂടി ഉൾപ്പെടുന്നതാണ് എന്ന യാഥാർത്ഥ്യം നിഷേധിക്കപ്പെടുകകൂടിയാണ്. നരേന്ദ്രദേവ് പ്രതിപക്ഷ പ്രാധാന്യത്തെ സൂചിപ്പിച്ചതിലൂടെ, പാർലമെന്ററി ഭരണസംവിധാനത്തിൽ പ്രതിപക്ഷത്തിന്റെ ക്രിയാധികാരം ഭംഗിയായി സൂചിപ്പിക്കുകയായിരുന്നു. എന്നാൽ ഈയടുത്ത കാലത്തായി പ്രതിപക്ഷത്തെ ധിക്കാരത്തോടെ അവഗണിക്കുന്ന ഒരു രീതിശാസ്ത്രം പ്രബലമായിരിക്കുന്നു. ‘ഞങ്ങൾ ജയിച്ചവരാണ്, നിങ്ങൾ തോറ്റവരും’ എന്ന ഒരു പ്രസ്താവന ഒരു രാഷ്ട്രീയ നേതാവിന്റേതായി ഞാൻ കാണുകയുണ്ടായി. അതായത് ജയിച്ചവന്റെ രാഷ്ട്രീയം ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമാണ്. പരാജിതന്റെ രാഷ്ട്രീയം അവഗണിക്കപ്പെടേണ്ടതാണ് എന്നർത്ഥം. പാർലമെന്റിലേയും നിയമസഭയിലേയും അംഗബലം പരിശോധിച്ചാണ് ഭരണക്കാരെ നിശ്ചയിക്കുന്നത് എന്നതിലെ സാങ്കേതികതയെ ഞാൻ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ആ പ്രബലതയെ അധികാരധാർഷ്ട്യമായി സ്വീകരിച്ചുകൊണ്ടുള്ള ഭരണകൂട നിലപാടുകൾ പരിശോധിക്കപ്പെടുകയും വേണം. ചോർന്നുപോവുന്ന ജനാധിപത്യമൂല്യാനുഭവങ്ങളെ തിരിച്ചുപിടിക്കാൻ അതുപകരിക്കും. നിലവിലുള്ള രാഷ്ട്രീയപാർട്ടികൾ ആ രീതിയിലേക്ക് മാറും എന്നും ഞാൻ വിചാരിക്കുന്നില്ല. ജനാധിപത്യത്തിന്റെ എല്ലാ ജീർണതകളും അവരുടെ സൃഷ്ടികൾ തന്നെയാണ്.
പരാജയപ്പെടുന്നവരുടെ രാഷ്ട്രീയം വിശകലനം ചെയ്തുകൊണ്ടല്ലാതെ ജനാധിപത്യത്തിന്റെ ഭാവികാല നിർമിതി സംഭവിക്കും എന്ന് ഞാൻ കരുതുന്നില്ല. ശരികൾ തോറ്റു പിൻമടങ്ങുകയാണ്. ഭൂരിപക്ഷം എന്ന വാൾമുനയിൽ ജനങ്ങളേയും അവരുടെ രാഷ്ട്രീയ വിശ്വാസങ്ങളേയും ഭയപ്പെടുത്തി നിർവീര്യമാക്കുന്ന ശൈലി പ്രത്യേകമായി നോക്കിക്കാണണം. ”മെജോറിറ്റി” ഒരു ശത്രുതാപദമായി നമ്മുടെ രാഷ്ട്രീയത്തിൽ മാറുന്നത് ആണ് ആ ശൈലി.
ഇതിന്റെ മറ്റൊരു മുഖമാണ് ചരിത്രത്തെയും ശത്രുപക്ഷത്ത് നിലനിർത്താനുള്ള താല്പര്യം. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു. അല്ലെങ്കിൽ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് ചരിത്രം വളച്ചൊടിക്കപ്പെടേണ്ടതുണ്ട് എന്ന ബോധ്യത്തിൽ, തെറ്റായ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്ന ഫാഷിസത്തിലേക്ക് പ്രവേശിക്കുന്ന പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്ന ഈ മാർഗം തെറ്റി നടക്കാൻ പ്രേരിപ്പിക്കുക ജനാധിപത്യത്തെയാണ്. ഞാനോർമിക്കുന്നത് യോഗി ആദിത്യനാഥിന്റെ വിജ്ഞാന പുസ്തകമാണ്. വിദ്യാർത്ഥികൾക്ക് സാമൂഹ്യ-ചരിത്രജ്ഞാനമുണ്ടാക്കാൻ അവതരിപ്പിക്കപ്പെട്ട ആ കൃതിയിൽ ഒഴിവാക്കപ്പെട്ട പ്രധാന ചരിത്രവസ്തുത സ്വാതന്ത്ര്യസമരമാണ്. ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യം രാഷ്ട്രീയമായി സ്വതന്ത്രമായത് കുട്ടികൾ അറിയേണ്ടതില്ല എന്ന് സ്റ്റേറ്റ് സർക്കാർ തീരുമാനിക്കുന്നു. ഗാന്ധി എന്നൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നുവെന്ന് പറയാൻ പോലും മടിക്കുന്നു. നമ്മുടെ സമൂഹം പരിവർത്തനവിധേയമായത് പ്ലാനിംഗ് ബോർഡ് എടുത്തുകളഞ്ഞ ദിവസമാണ് എന്ന് എഴുതുന്ന ഒരു സർക്കാർ എത്രമാത്രം ചരിത്രത്തെ അപമാനിക്കുന്നു? ജനാധിപത്യത്തിൽ ചരിത്രം ഒരു ഗൃഹാതുരതയാണ്. അങ്ങനെ ഒരു ഗൃഹാതുരത നിലനിൽക്കേണ്ടതില്ല എന്ന് രാഷ്ട്രീയപാർട്ടികൾ തീരുമാനിച്ചാൽ, അവരുടെ കാഴ്ചപ്പാടിൽ എല്ലാം വ്യാജമായി മാറുമെന്ന് തീർച്ച. ചരിത്രം വ്യാജമാകുന്നതുപോലെ ദേശീയത വ്യാജമാകും. ഒരു പട്ടാള ദേശീയതയെക്കുറിച്ച് അക്കൂട്ടർ ആലോചിക്കും. മതേതരത്വം വ്യാജമുദ്രവാക്യമാകും. എന്നു വച്ചാൽ ജനാധിപത്യത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകൾ അതിവ്യാജമാകും എന്ന് നിങ്ങൾ അറിയുക എന്നാണ് അവരുടെ സന്ദേശം. ഈ മട്ടിലൊരു അവബോധം ഇന്ത്യൻ സാഹചര്യത്തിൽ ഏതാണ്ട് ആകൃതിപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സമൂഹത്തെ സങ്കീർണവും കലുഷവുമാക്കലാണ് ലക്ഷ്യം. കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ ഈ രാജ്യത്തുണ്ടായ സ്ത്രീപീഡനങ്ങളുടെയും ബലാൽസംഗങ്ങളുടെയും പശുവിന്റെ പേരിൽ നടന്ന കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും ചരിത്രപശ്ചാത്തലം നാം ശ്രദ്ധിച്ചിട്ടേയില്ല. അതിന്റെ പുറകിലെ രാഷ്ട്രീയം പരിശോധിച്ചിട്ടേയില്ല. ഒരു ഫാഷിസ്റ്റ് സമൂഹനിർമിതി നടന്നുകൊണ്ടിരിക്കുന്നു എന്ന് ഇത്തരം സംഭവവികാസങ്ങൾ സൂക്ഷ്മമായി നമ്മെ അറിയിക്കുന്നു.
മാധ്യമസ്വാതന്ത്ര്യം ഇന്നെവിടെയാണ്? സത്യസന്ധമായി വാർത്തകൾ ചെയ്യാൻപോലും കഴിയുന്നില്ല. വ്യാജവാർത്തകൾ ചെയ്യുന്നു എന്ന് തെറ്റായ പ്രചരണം നടത്തി, എത്രയോ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു. കൊല്ലപ്പെടുന്നു. സോഷ്യൽ മീഡിയകളിൽ ഭരണതലത്തിലുള്ള പ്രശ്‌നങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ, എന്തും സംഭവിക്കാമെന്നതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ആകെ അഞ്ഞൂറിൽ താഴെ ആളുകൾ ലൈക്ക് ചെയ്ത സച്ചിദാനന്ദന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് നിർത്തലാക്കിയതിന്റെ ചിരി ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. ജുഡീഷ്യറിയും അപകടത്തിലാണ് എന്ന് നമുക്കറിയാം. സത്യവും നീതിയും പുലരേണ്ട ജുഡീഷ്യറി അട്ടിമറിക്കപ്പെടുന്നു. ഭരണകൂടങ്ങൾ അതിന്റെ മര്യാദകൾ കാറ്റിൽ പറത്തുന്ന അവസരം തീവ്രമായി സംജാതമായിരിക്കുന്നു.
ഭരണകൂടങ്ങൾ ജനാധിപത്യമര്യാദകൾ പാലിക്കാതെ വരുമ്പോൾ ജനങ്ങൾ പ്രക്ഷുബ്ധരാകും എന്ന കാര്യത്തിൽ സംശയമില്ല. അവർ മുദ്രാവാക്യം വിളിക്കും. മുഷ്ടി ചുരുട്ടും. അത് തങ്ങൾക്കെതിരാണ് എന്ന് കരുതി, തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തിന്റെ പേരിൽ നേരിടാൻ തുടങ്ങിയാൽ ജനാധിപത്യവികാരത്തിനാണ് പോറലേൽക്കുക. ഇപ്പോൾ എല്ലാ രംഗത്തും സംഭവിക്കുന്നത് അതാണ്. വിയോജിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട് എങ്കിൽ, അതിനെതിരായ ഏത് നീക്കവും ഭരണഘടനാ വിരുദ്ധവുമാവും മൗലികാവകാശ ലംഘനവുമാവും. എന്നിട്ടും നമ്മുടെ സർക്കാരുകൾ ജനദ്രോഹ നടപടികളുമായി നീങ്ങുന്നതും ഭൂരിപക്ഷം തങ്ങൾക്ക് ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. പാർലമെന്ററി ജനാധിപത്യം ഉപയോഗിച്ച് ഫാഷിസത്തിലേക്കുള്ള വഴി ബോധപൂർവ്വം വെട്ടുന്ന രാഷ്ട്രീയത്തെ ഈ സമീപനത്തിലൂടെ നമുക്ക് വായിച്ചെടുക്കാൻ പ്രയാസമില്ല.
അതെ, ഇന്ത്യൻ ജനാധിപത്യത്തിന്റെ പൊതുബോധവും ഈ മട്ടിലായിപ്പോയി. ഈ റിയാലിറ്റി എത്ര പേർ മനസ്സിലാക്കുന്നു എന്നതാണ് പ്രശ്‌നം. അത് വേഗത്തിൽ തിരിച്ചറിയുന്നവർ പുതിയ നിലപാടുകൾ സ്വീകരിക്കാൻ ഒരുമ്പെടുകയും ചെയ്യും. വളരെ മുമ്പ് ഹെൻറിക് ഇബ്‌സൻ (ഒലിൃശസ കയലെി) പറഞ്ഞുവെച്ച ചില വാക്കുകളാണ് എന്റെ ഓർമയിൽ വരുന്നത്. സത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ഈ സമൂഹത്തിലെ മോശമായ ശത്രു ഞെരുങ്ങിയ ഭൂരിപക്ഷമാണെന്നാണ് അദ്ദേഹം വാദിച്ചത്. ഒരർത്ഥത്തിൽ ആ നിരീക്ഷണം ശരിയാണുതാനും. ഭൂരിപക്ഷം അട്ടിമറിക്കപ്പെടുന്നതും പണവും ജാതീയതയും ഉപയോഗിച്ച് നിയമസഭാ സാമാജികരെ രാജിവെപ്പിച്ച് സർക്കാരുകളെ കടപുഴക്കുന്നതും നിത്യസംഭവങ്ങളായി മാറുന്നു. സ്റ്റേറ്റുകളിലാണ് അത് നടക്കുന്നത്. കേന്ദ്രത്തിലിരിക്കുന്ന സർക്കാർ മൃഗീയഭൂരിപക്ഷം അധികാരമായി ഉപയോഗിച്ച് ചെയ്യുന്നതാണ് ഇതെല്ലാമെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് ഞെരുങ്ങുന്ന ഭൂരിപക്ഷമാണോ മൃഗീയമായ ഭൂരിപക്ഷമാണോ സ്വാതന്ത്ര്യത്തിനും സത്യത്തിനും എതിരാവുക? പുനർനിർമിതി ആവശ്യപ്പെടുന്ന ജനാധിപത്യം തീർച്ചയായും പരിശോധിക്കേണ്ട മറ്റൊരു വിഷയത്തിലേക്ക് നാം വരികയാണ്. നീതിയും സത്യവും സ്വാതന്ത്ര്യവും അവഗണിച്ചുകൊണ്ടുള്ള ഒരു സമൂഹക്രമത്തിന് നിലനിൽപ്പില്ല. എന്നാൽ നീതിയെക്കുറിച്ച് പറഞ്ഞ് അധികാരത്തിലെത്തുന്നവർതന്നെ അതിനെ നിഷേധിക്കുന്നതും സത്യം മറച്ചുവച്ച് നുണപ്രചരിപ്പിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന്മേൽ മഷിപുരട്ടുന്നതും വെറുമൊരു അനുസരണക്കേടായി വ്യാഖ്യാനിക്കാനാവില്ല. അതിനെ ഞാൻ ഫാഷിസത്തിന്റെ തന്ത്രം എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു. ജനാധിപത്യത്തെ ആ തന്ത്രം കൊണ്ട് കബളിപ്പിക്കുന്നത് തങ്ങൾക്ക് കിട്ടിയ ഭൂരിപക്ഷന്യായവിധികൊണ്ടാകുമ്പോൾ, സ്വാതന്ത്ര്യത്തിനും സത്യത്തിനും ശത്രുപക്ഷം രൂപപ്പെടുകയാണ്. നമ്മുടെ ജനാധിപത്യം അങ്ങനെ രാഷ്ട്രീയപാർട്ടികളും മറ്റു ചിലസാമൂഹ്യപ്രസ്ഥാനങ്ങളും ഒരുക്കുന്ന ചതിക്കുഴികളിൽ പെട്ടുകിടക്കുന്നു. സത്യാനന്തരയുഗം സത്യത്തേയും സ്വാതന്ത്ര്യത്തേയും എടുത്തുമാറ്റി നുണയെയും വഞ്ചനയേയും മൂല്യമായി സ്വീകരിക്കുന്നു. ഈ സമൂഹക്രമം ഭയരഹിതമല്ലാതാകുന്നതും ആത്മാർത്ഥത നഷ്ടപ്പെട്ട വ്യക്തിബോധങ്ങൾ നിറയുന്നതും നീതിശക്തി ദുർബലപ്പെടുന്നതും എന്തുകൊണ്ട് എന്നാലോചിക്കാനും ഈ വ്യവസ്ഥ നമ്മെ പ്രാപ്തമാക്കുന്നു. അറയ്ക്കുന്നു ഈ ജനാധിപത്യമെന്ന് ഉറക്കെ വിളിച്ചുപറയാൻ ഓരോ പൗരനും ഭയയ്ക്കുന്നു. അവനെ ഇരകളായി കാണുന്ന രാഷ്ട്രീയവ്യവഹാരങ്ങൾ രാജ്യദ്രോഹകുറ്റവും അപരത്വവും കുറ്റപത്രമായി നൽകുന്നു. രണ്ടു വിഭാഗമായി ജനത വിഭജിക്കപ്പെട്ടിരിക്കുന്നു. ആരാണ് രാജ്യസ്‌നേഹിയെന്ന സന്ദേഹം രൂപപ്പെടുന്നു. നമ്മുടെ പൗരത്വത്തെക്കുറിച്ചും നമുക്കുതന്നെ സന്ദേഹം തോന്നുന്നു. സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താനുള്ള, വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ ഭരിക്കുന്നവർതന്നെ റദ്ദു ചെയ്യുന്ന സമൂഹാവസ്ഥയിലെ ജനാധിപത്യത്തെ ജനാധിപത്യമെന്ന് വിളിക്കാൻ പറ്റുമോ? ഒരു പുതിയ സംഘർഷത്തിലേക്ക് നമ്മുടെ ഡെമോക്രിസിയും നമ്മുടെ രാഷ്ട്രീയവും തെന്നിവീഴുമ്പോൾ നാം ഭയക്കേണ്ടത് ജനങ്ങളെയാണോ? അവർ നൽക്കുന്ന ഭൂരിപക്ഷത്തെയാണോ?

ഇവിടെനിന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ പുതിയ പ്രശ്‌നങ്ങൾ സമാരംഭിക്കുന്നു.