ആദിവാസിക്ക് ഭൂമി വേണം, അതു കിട്ടിയേ പറ്റൂ, കൊടുത്തേ തീരൂ – കെ.കെ സുരേന്ദ്രന്‍

ആദിവാസിക്ക് ഭൂമി വേണം, അതു കിട്ടിയേ പറ്റൂ, കൊടുത്തേ തീരൂ  – കെ.കെ സുരേന്ദ്രന്‍

കോടികളുടെ ആദിവാസി വികസന പദ്ധതികള്‍ നീതിരഹിതമായി നടപ്പാക്കാത്ത ഭരണകൂടവും ദുരിതപൂരിതമായി ‘വികസിക്കുന്ന’ ആദിവാസി ജീവിതവും. നീരീക്ഷണങ്ങളും അനുഭവസാക്ഷ്യങ്ങളും.


ഒന്ന്


കഴിഞ്ഞ ദിവസം വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി പബ്ലിക്ക് ലൈബ്രറിയുടെ വരാന്തയിലൊരുക്കിയ വായനാമുറിയിലിരുന്ന് ഞാന്‍ പത്രമാസികകള്‍ നോക്കുകയാണ്. മൂന്ന് നിലകളുള്ള മുനിസിപ്പാലിറ്റി വക കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ലൈബ്രറി. കോണിപ്പടികള്‍ കയറിയെത്തുന്നിടത്തെ ഒരു സ്ഥലത്താണ് ഞാനിരിക്കുന്നത്. അതിനപ്പുറത്ത് ഗ്ലാസ് ഭിത്തികൊണ്ട് മറച്ച ഒരു ഓഫീസാണുള്ളത്. ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ TRIBAL എന്ന് കറുത്ത നിറത്തില്‍ ഗ്ലാസിലെഴുതി വച്ചിട്ടുണ്ട്. ബത്തേരിയിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസാണത്. ഒരു ആദിവാസി പെണ്‍കുട്ടി അവിടെ വന്ന് സംശയത്തോടെ അങ്ങുമിങ്ങും നോക്കുന്നതായി കണ്ടു. അത് ട്രൈബല്‍ ഓഫീസ് തന്നെയാണെന്ന എന്റെ വര്‍ത്തമാനം ശ്രദ്ധിക്കാതെ അവള്‍ താഴോട്ട് തന്നെ പോയി. കുറച്ചുകഴിഞ്ഞ് പണിയരുടെ സാമ്പ്രദായികവേഷം ധരിച്ച ഒരു മുത്തശ്ശിയെകൂട്ടി അവള്‍ വീണ്ടും കോണിപ്പടി കയറിവന്നു. വളരെ പാടുപെട്ടാണാ വൃദ്ധ കോണിപ്പടികള്‍ കയറുന്നത്. കിതച്ചുകൊണ്ടിടയ്ക്കിടെ നിന്ന് വളരെ പ്രയാസപ്പെട്ടവര്‍ മുകളിലെത്തി നെടുവീര്‍പ്പിട്ട് നിന്നു. പെണ്‍കുട്ടിയുടെ കൈപിടിച്ച് ഓഫീസിലേക്ക് കയറിയ അവര്‍ മാത്രം പെട്ടെന്ന് തന്നെ പുറത്തിറങ്ങിവന്നു. ഞാനവരോട് അവിടെയുള്ള ബെഞ്ചിലിരിക്കാന്‍ പറഞ്ഞെങ്കിലും അവര്‍ ഇരുന്നില്ല. അടുത്തുള്ള ചുമരില്‍ ചാരിയവര്‍ അങ്ങനെ നിന്നു.


സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയിലെ ആദിവാസികള്‍ എല്ലാ കാര്യങ്ങള്‍ക്കും ആശ്രയിക്കേണ്ടുന്ന താഴെത്തട്ടിലുള്ള പട്ടികവര്‍ഗ്ഗ ഓഫീസാണിത്. മലയാളത്തിലെഴുതിയ ഒരു ബോര്‍ഡോ ദിശാസൂചിയോ ഇല്ലാത്ത കോണിപ്പടികള്‍ക്കു മുകളില്‍ ചില്ലുകൂട്ടിലുള്ള അതിന്റെ നില്‍പ്പ് പലതും വൃഞ്ജിപ്പിക്കുന്നുണ്ട്. പതിനെട്ടാം പടിക്ക് മുകളിലുള്ള ഇത്തരം ഓഫീസുകള്‍ അതിന്റെ ഗുണഭോക്താക്കളില്‍ നിന്നും കൃത്യമായ ഉയരവും അകലവും ദൂരവും പാലിച്ചങ്ങനെ നില്‍ക്കുകയാണ്. വെള്ളച്ചിയിലേക്ക് തിരിച്ചുവരാം (നേരത്തെ കണ്ട മുത്തശ്ശിയുടെ പേരതാണ്). സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ഒന്നാം മൈലിലുള്ള ‘വെള്ളിമാട്’ പണിയ കോളനിയിലാണവരുടെ വീട്. അവരുടെ മകന്‍ എന്തോ അസുഖം ബാധിച്ച് മരിച്ചുപോയി. ചിലപ്പോഴത് അമിത മദ്യപാനം മൂലവുമാകാം. ധനസഹായത്തിനായി അപേക്ഷകൊടുത്തതിനെക്കുറിച്ചന്വേഷിക്കാന്‍ ബന്ധുവായ പെണ്‍കുട്ടിയെക്കൂട്ടി അവര്‍ വന്നതാണ്. ഇത്രയും കാര്യങ്ങള്‍ പറഞ്ഞപ്പോഴേക്കും അവരുടെകൂടെ വന്ന പെണ്‍കുട്ടി തിരിച്ചുവന്നു. അവര്‍ രണ്ടുപേരും കോണിപ്പടിയിറങ്ങിപ്പോയി. മകന്റെ അകാലമരണത്തിന്റെ പേരിലുള്ള ധനസഹായം കിട്ടാന്‍ ഇനിയും വെള്ളച്ചി ഈ കോണിപ്പടികളെത്ര തവണ കയറിയിറിങ്ങണം! എന്തായാലും വെള്ളച്ചിക്ക് കിട്ടുന്ന ചെക്കുമായി പോകേണ്ട ബാങ്കും ട്രഷറിയുമൊക്കെ കെട്ടിടങ്ങളുടെ താഴത്തെ നിലയിലാണ്, പതിനെട്ടാം പടികയറണ്ട. വെള്ളച്ചി പാര്‍ക്കുന്ന വെള്ളിമാട് പണിയക്കോളനിക്ക് ഒരു ദുരന്തകഥ പറയാനുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബൂബക്കറെന്ന ഒരു നരാധമന്‍ പണിയവിഭാഗത്തില്‍പ്പെടുന്ന അഞ്ച് ആദിവാസികളെ വെടിവച്ച് കൊന്ന കോളനിയാണത്.


തന്റെ വീടിന് മുന്നിലുള്ള കോളനിയും പട്ടിണിക്കോലങ്ങളായ ആദിവാസികളുമൊക്കെ അശ്രീകരമായ കാഴ്ച്ചയായതിനാലാണ് ഇയാള്‍ അവരെ കൊന്നതെന്നായിരുന്നു അന്ന് വന്ന വാര്‍ത്തകള്‍. രണ്ട് ഭാര്യമാരും കുട്ടികളുമായി ഒരു സിദ്ധനേയും കുടുംബത്തേയും കൂടെ കൂട്ടിയായിരുന്നു പോലും അബൂബക്കറിന്റെ വാസം. സിദ്ധന്റെ സഹവാസം ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളും വിഭ്രാന്തിയുമാണയാളെക്കൊണ്ടതു ചെയ്യിച്ചതെന്ന ഒരു വാദവുമുണ്ട്. എന്തായാലും ഞാന്‍ വളര്‍ത്തിയിരുന്ന പോത്തുകളെ പോലെ തനിക്കെപ്പോള്‍ വേണമെങ്കിലും കൊല്ലാവുന്ന ജന്തുക്കളാണീ പണിയരെന്നുള്ള ഒരു കാഴ്ച്ചപ്പാടായിരിക്കണം അയാളെക്കൊണ്ടതു ചെയ്യിച്ചത്. വെടിവച്ചല്ല തോക്കിന്റെ പാത്തികൊണ്ടടിച്ചും കത്തികൊണ്ട് കുത്തിയുമാണ് രണ്ട് സ്ത്രീകളേയും ഒരു പുരുഷനേയും രണ്ട് കുട്ടികളേയും ഇയാള്‍ വകവരുത്തിയതെന്നും പറയുന്നു. എന്തായാലും സെഷന്‍സ് കോടതി അബൂബക്കറിനെ വധശിക്ഷയ്ക്ക് വിധിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഇയാളെ മാനസികരോഗിയെന്ന് പറഞ്ഞ് വെറുതെ വിട്ടു. അഞ്ചാളെ പച്ചയ്ക്ക് കൊന്ന ആ ഭീകരന്‍ അങ്ങനെ അഞ്ചുകൊല്ലത്തില്‍ കുറഞ്ഞ തടവുശിക്ഷ വാങ്ങി സ്വതന്ത്രനായി! കൊല്ലപ്പെട്ടവര്‍ ആദിവാസികളായതിനാലും, അതില്‍തന്നെ ഏറ്റവും അടിത്തട്ടിലുള്ളവരായതിനാലുമാണിങ്ങനെ സംഭവിച്ചതെന്ന് വിശ്വസിക്കുന്നവരാണധികവും. സമ്പത്തും സ്വാധീനവും ഉപയോഗിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അയാള്‍ രക്ഷപ്പെട്ടതെന്നും അയാള്‍ മനോരോഗിയല്ല വംശവെറിയനാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. കൊലപാതകമൊക്കെ നടത്തുന്നവര്‍, അതും ബോധപൂര്‍വ്വം, മനോവൈകല്യമുള്ളവരായിരിക്കുമല്ലോ. അതിന്റെ പേരില്‍ ശിക്ഷയില്‍ നിന്നൊഴിവാക്കുന്നതാണ് മനസ്സിലാകാത്തത്. കുട്ടികളടക്കം അഞ്ചുപേരെ പച്ചയ്ക്ക് കൊന്നവന്‍ മനോരോഗിയാണെന്ന പേരില്‍ ശിക്ഷയിളവ് നേടുന്നത് കേരളീയ നീതിന്യായ സംവിധാനം ചര്‍ച്ച ചെയ്യേണ്ട കാര്യം കൂടിയാണ്.


എന്തായാലും ചോരവാര്‍ന്ന് മരിച്ച് കിടക്കുന്ന സ്ത്രീകളേയും കുട്ടികളേയുമൊക്കെ അന്ന് കണ്ടവര്‍ ഇപ്പോഴും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയപ്പാടും വേപഥുവും അവരുടെ മുഖത്ത് മിന്നിമറയുന്നു. കുറച്ച് ആദിവാസികള്‍ ചത്തു എന്ന നിസ്സാരത അനാദിവാസി പൊതുസമൂഹം വയനാട്ടില്‍ പങ്കുവയ്ക്കുന്നു. അത്രതന്നെ. ഈ സംഭവത്തിനൊരനുബന്ധം അടുത്തകാലത്തുണ്ടായി. മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റും സഹകാരിയും, കോണ്‍ഗ്രസ് നേതാവുമായ ഒ.എം. ജോര്‍ജെന്ന ഒരാള്‍ ആദിവാസി ലൈംഗീക പീഡനത്തിന് പോക്‌സോ കേസില്‍പ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടു. അയാളുടെ വീട്ടിലെ ജോലിക്കാരായ പണിയ ദമ്പതികളുടെ ഹൈസ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണയാള്‍ പീഡിപ്പിച്ചത്. ഒ.എം ജോര്‍ജിനെ സഹായിക്കാനും കേസില്‍ നിന്നും രക്ഷിച്ചെടുക്കാനും പോയതിന്റെ പേരില്‍ കുണ്ടാട്ടില്‍ ഉമ്മര്‍ എന്ന കോണ്‍ഗ്രസുകാരനും അറസ്റ്റ് ചെയ്യപ്പെട്ടു. ഇയാള്‍ നമ്മുടെ കൊലപാതകി അബൂബക്കറിന്റെ മകനാണത്രേ. അബൂബക്കറിന്റെ തോക്കായാലും, ദാരിദ്ര്യമായാലും മാറാവ്യധികളായാലും, അമിത മദ്യപാനമായാലും ആദിവാസി ജീവിതം എന്നും അകാലദുര്‍മരണത്തിന്റെ കരാളഹസ്തങ്ങളിലാണ്, അന്ന് മരിച്ച കെമ്പിയും വെള്ളച്ചിയും മുതല്‍ ധനസഹായത്തിനായി ചില്ലുമേടയിലേക്ക് കോണിപ്പടി കയറുന്ന വെള്ളച്ചി വരെ ഇരകളുടെ പരമ്പര കാലാതിവര്‍ത്തിയാവുന്നു.


രണ്ട്


ആദിവാസികളുടെ ദുര്‍ഗതിയും മറ്റ് പ്രശ്‌നങ്ങളും മനസ്സിലാക്കാന്‍ ആദിവാസി വിഷയകമായി 9/7/19 ലെ മാതൃഭൂമി ദിനപ്പത്രത്തില്‍ വന്ന ഫോട്ടോയടക്കമുള്ള വാര്‍ത്തകള്‍ നമുക്ക് പരിശോധിക്കാം. ഒന്നാമത്തെ വാര്‍ത്ത തൊട്ടടുത്ത തമിഴ്‌നാട്ടില്‍ നിന്നുള്ള കാട്ടാന ഒരാദിവാസി വൃദ്ധനെ കൊന്ന കഥയാണ്. കാട്ടാനകളുടെ ആക്രമത്തിലോ ആത്മരക്ഷയിലോ അനവധിയാളുകള്‍ അവിടെ മരിച്ചു. അവസാനത്തെ മരണം ആദിവാസിയുടേതാണ്. അടുത്ത വാര്‍ത്ത, ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതിയുടെ കെട്ടഴിച്ച് ആദിവാസികള്‍, എന്നാണ്. മേപ്പാടിയില്‍ ജനമൈത്രി പോലീസ് നടത്തിയ പരാതി പരിഹാര അദാലത്തിലാണ് സംഭവം. ആദിവാസികള്‍ക്ക് റേഷന്‍കാര്‍ഡില്ല, ഉള്ളതില്‍ തന്നെ പലരുടെയും പേരില്ല, പെന്‍ഷന്‍ ലഭിക്കുന്നില്ല, വീടു നിര്‍മ്മാണം പാതിവഴിയിലുപേക്ഷിച്ചു, സ്വന്തമായി വീടില്ല, ഭൂമിയില്ല അങ്ങനെപോകുന്നു പരാതികള്‍. ഇത്രയും പരാതികള്‍ മേപ്പാടിയില്‍ നിന്നു മാത്രമെങ്കില്‍ വയനാട് ജില്ല മൊത്തമെടുത്താല്‍ എത്രയുണ്ടാകും ? സര്‍ക്കാര്‍ തലത്തില്‍ നിസ്സാരമായി പരിഹരിക്കാവുന്ന ഇത്തരം പരാതികളുമായി ആദിവാസികള്‍ നടക്കാന്‍ തുടങ്ങിയിട്ടെത്ര കാലമായി ! ഭൂമിക്ക് വേണ്ടിയുള്ള സമരം തന്നെ അവര്‍ ചെയ്യാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞു!


1974-75 ല്‍ തന്നെ പ്രത്യേക പട്ടികവര്‍ഗ്ഗ ഉപപദ്ധതി (TSP) ആരംഭിച്ചതാണ്. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷം. വിവിധ വകുപ്പുകള്‍ വെവ്വേറെ നടത്തിയിട്ട് ഒന്നും ശരിയാവാത്തതിനാലാണു പോലും ഇങ്ങനെ പ്രത്യേക ഉപപദ്ധതി കേരളത്തില്‍ തുടങ്ങിയത്. കഴിഞ്ഞ 44 വര്‍ഷമായി എന്തൊക്കെ പദ്ധതികള്‍ നടത്തി എത്ര പണം ചിലവഴിച്ചു എന്നൊക്കെ ഒരു പരിശോധന നടത്തേണ്ടേ? ആദിവാസികളിപ്പോഴും ഭൂമി, വീട്, റേഷന്‍കാര്‍ഡെന്നൊക്കെയുള്ള ആവശ്യങ്ങളുമായി ജനമൈത്രി പോലീസിന്റെയൊക്കെ പുറകെ പോകുകയാണ്. പദ്ധതി വിഹിതം മൂന്ന് ഹെഡ്ഡുകളിലായാണ് വകയിരുത്തുന്നത്. സംസ്ഥാന പദ്ധതി വിഹിതം, തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്‍ഡ് ഇന്‍ എയ്ഡ്, കേന്ദ്രാവിഷ്‌കൃത/കേന്ദ്രസഹായ/ അധികകേന്ദ്രസഹായ പദ്ധതി വിഹിതം എന്നിവയാണവ. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് ഈ ഹെഡ്ഡുകളില്‍ വകയിരുത്തുന്നത്. ഉദാഹരണത്തിന് 2009-10 സാമ്പത്തിക വര്‍ഷം 230 കോടി രൂപയാണ് വകയിരുത്തിയത്. ഓരോ വര്‍ഷവും ഈ കണക്ക് ലക്ഷത്തിലാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രസിദ്ധീകരിക്കുന്നത്. ഈ നിരക്കിലും അനുപാതത്തിലും 44 വര്‍ഷം ചിലവഴിച്ച തുക എത്രയായിരിക്കും. പ്രത്യേക പട്ടിക വര്‍ഗ്ഗ ഉപവകുപ്പ് രൂപീകരിച്ചപ്പോള്‍ മറ്റ് വകുപ്പുകള്‍ അവരുടെ പട്ടികവര്‍ഗ്ഗ പദ്ധതികള്‍ ഉപേക്ഷിച്ചിട്ടൊന്നുമില്ല. എല്ലാ വകുപ്പും അവരുടെ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാന്‍ വേറെയും തുക ചിലവിടുന്നു. എന്നിട്ടാണ് ആദിവാസികള്‍ ഇല്ലായ്മയുടേയും വല്ലായ്മയുടേയും കഥകള്‍ പറഞ്ഞ് അദാലത്തുകള്‍ക്കെത്തുന്നത്. കേരളം ഭരിച്ച, ഭരിക്കുന്ന ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ തരിമ്പെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ഈ ജനതയ്ക്ക് ഈ ഗതി വരില്ലായിരുന്നു. ഇക്കാര്യങ്ങള്‍ ശരിയായി നോക്കാനും നടത്താനും രണ്ട് എം.എല്‍.എ മാരും ഒരു മന്ത്രിയും ഉണ്ടെന്നോര്‍ക്കണം. കഴിഞ്ഞ 62 വര്‍ഷക്കാലം, പട്ടികവര്‍ഗ്ഗക്കാരിയായ ജയലക്ഷ്മി മുതല്‍ കെ. കരുണാകരന്‍ വരെ ഈ വകുപ്പ് ഭരിച്ചിരുന്നെന്നോര്‍ക്കണം. പി.കെ ചാത്തന്‍ മുതല്‍ ഏ.കെ ബാലന്‍ വരെ സഖാക്കളും അല്ലാത്തവരുമൊക്കെ ദലിതര്‍ക്കും പട്ടികവര്‍ഗ്ഗത്തിനും ക്ഷേമമുണ്ടാക്കിയിട്ടാണവര്‍ക്ക് ഈ ഗതി. കേരളവികസന മാതൃക പോലെ ഒരു കേരള പട്ടികവര്‍ഗ്ഗ വികസന മാതൃക ഉണ്ടാക്കാമായിരുന്നു. അത്രമേല്‍ ഫണ്ടുകള്‍ ചെലവഴിച്ചിട്ടും ഏറ്റവും മോശം മോഡലായി (The Worst Kerala Model) പട്ടികവര്‍ഗ്ഗ വികസന കാര്യത്തില്‍ കേരളം.