ആദിവാസികള്‍ക്ക് അതിജീവനം സാധ്യമോ ? – സി.ആര്‍.നീലകണ്ഠന്‍

ആദിവാസികള്‍ക്ക് അതിജീവനം സാധ്യമോ ?  – സി.ആര്‍.നീലകണ്ഠന്‍

യഥാര്‍ത്ഥത്തില്‍ ആദിവാസികളില്‍ നിന്നും കേരളം പഠിക്കേണ്ട ഒരു കാലമാണിത്. മണ്ണിനെയും വനങ്ങളെയും ജൈവവൈവിദ്ധ്യങ്ങളെയും സംരക്ഷിക്കാതെ മനുഷ്യന് നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് ആ സമീപനം.


ആധുനിക സമൂഹത്തിലെ ആദിവാസികളുടെ ജീവിതം എങ്ങനെയായിരിക്കണം? ലോകമെങ്ങുമുള്ള രാജ്യങ്ങളില്‍ ഈ വിഷയം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത് ആര് തീരുമാനിക്കണം എന്നത് അതിലേറെ പ്രധാനമാണ്. അല്ലെങ്കില്‍ അതാണ് ഏറ്റവും പ്രധാനം. ഒരു കാലത്ത് ഈ ഭൂമിയിലവരുടെ മുന്‍തലമുറക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത്തെ ആധുനിക അമേരിക്കയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന കാലത്ത്, 1854 ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് സിയാറ്റിലിലെ ഗോത്രമൂപ്പനു എഴുതിയ കത്തിന് മൂപ്പന്‍ എഴുതിയ മറുപടി നാം ഓര്‍ക്കുമല്ലോ. അത് വായിക്കുമ്പോള്‍ നമുക്ക് തോന്നാം ഇന്നും അതെല്ലാം മറ്റൊരു തരത്തില്‍ ഇന്ത്യയിലും കേരളത്തിലും ബാധകമാണെന്ന്. ‘സിയാറ്റില്‍ എന്ത് തന്നെ പറഞ്ഞാലും വാഷിംഗ്ടണിലെ മൂപ്പനറിയാം അദ്ദേഹത്തിന്റെ തീരുമാനത്തിനു സൂര്യോദയം പോലെ, കാലാവസ്ഥ പോലെ ഉറപ്പുണ്ടാകും എന്ന്. അദ്ദേഹം ഞങ്ങളോട് സൗഹൃദത്തിനായി അഭ്യര്‍ഥിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ദയകൊണ്ട് മാത്രമാണ്. തിരിച്ചുള്ള ഞങ്ങളുടെ സൗഹൃദം കൊണ്ട് അദ്ദേഹത്തിനൊരു ഗുണവുമില്ല എന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. അദ്ദേഹത്തോടൊപ്പം ഒട്ടനവധി ജനങ്ങളുണ്ട്. വിശാലമായ പുല്‍മേടുകളിലെ പുല്‍ക്കൊടികള്‍ പോലെയാണവര്‍. എന്നാല്‍ എന്റെ ജനത എണ്ണത്തില്‍ വളരെ കുറവ് മാത്രം. കൊടുങ്കാറ്റു തകര്‍ത്ത ഒരു വനത്തില്‍ അങ്ങിങ്ങായി ബാക്കി നില്‍ക്കുന്ന മരങ്ങള്‍ പോലെ. എന്റെ അഭിപ്രായത്തില്‍ നല്ലവനായ, മഹാനായ അദ്ദേഹം ഞങ്ങളില്‍ നിന്നു കുറെ ഭൂമി വാങ്ങാന്‍ ഉദ്ദേശിക്കുന്നു, ബാക്കി ഭൂമിയില്‍ സമാധാനപരമായി ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കും. ഇത് വളരെ നീതിപൂര്‍വ്വകമായതും ഉദാരവുമാണ്. കാരണം ചുവപ്പുമനുഷ്യര്‍ക്കു (റെഡ് ഇന്ത്യന്‍) ബഹുമാനിക്കപ്പെടാന്‍ ഒരു അവകാശവുമില്ല. അതുകൊണ്ടുതന്നെ ഇത്, ബുദ്ധിപൂര്‍വ്വവുമാണ്. ഇനി ഞങ്ങള്‍ക്ക് വിശാലമായ ഒരു രാജ്യം ആവശ്യമില്ലല്ലോ.’ അട്ടപ്പാടിയിലെയും വയനാട്ടിലെയും പത്തനംതിട്ടയിലെയും മറ്റും ആദിവാസികള്‍ക്കും ഇത് തന്നെ ഇന്ന് നമ്മള്‍ അടങ്ങുന്ന പൊതുസമൂഹത്തോടും സര്‍ക്കാരിനോടും പറയാം . അവരുടെ ഭൂമികളെല്ലാം തന്നെ ഇന്ന് മറ്റുള്ളവര്‍ കയ്യടക്കിയിരിക്കുന്നു. ദിവസേനയെന്നോണം അവരുടെ എണ്ണം കുറഞ്ഞുവരികയാണല്ലോ.


അമേരിക്കന്‍ പ്രസിഡന്റിന് അന്ന് ഇവരോട് ചോദിക്കാനുള്ള ഔചിത്യമെങ്കിലും ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് യാതൊന്നുമില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന് സത്യവാങ്മൂലം നല്‍കിയത് ഇടതുപക്ഷ സര്‍ക്കാരായിരുന്നു. അങ്ങനെ ചെയ്താല്‍ ഇവിടെ രക്തപ്പുഴ ഒഴുകുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. കോടതിവിധി മറികടക്കാന്‍ നിയമസഭ നിയമനിര്‍മ്മാണം നടത്തി. ഭരണപ്രതിപക്ഷങ്ങള്‍ അതില്‍ യോജിച്ചു, കെ.ആര്‍ ഗൗരി ഒഴിച്ചെല്ലാവരും പിന്തുണച്ചു. അതിനു പകരം ഇവര്‍ക്ക് മറ്റു ഭൂമി നല്‍കുമെന്ന പ്രഖ്യാപനം നടത്തി. കൊടുക്കാന്‍ കണ്ടെത്തിയ ഭൂമികള്‍ മിക്കതും മനുഷ്യവാസത്തിന് യോജിക്കാത്തവയായിരുന്നു. ആറളത്ത് വനഭൂമിക്കടുത്തുള്ള എസ്റ്റേറ്റ് ഭൂമി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ തൊഴിലാളി വര്‍ഗ യൂണിയനുകള്‍ തന്നെ എതിര്‍പ്പുമായി രംഗത്ത് വന്നു. ആദിവാസികള്‍ക്ക് അട്ടപ്പാടിയില്‍ കൊടുത്ത ഭൂമി അത് കാറ്റാടി വൈദ്യുതിക്കമ്പനിക്കു കൈമാറിയതും ജനകീയ സര്‍ക്കാര്‍. അതെ ഭൂമി തന്നെയാണ് ചെങ്ങറ സമരക്കാരെ വഞ്ചിച്ചു കൊണ്ട് നല്‍കിയതും എന്ന തമാശയും ഉണ്ട്.


ആദിവാസികളുടെ സംരക്ഷണത്തിനാണ് ഭരണഘടനയില്‍ വ്യക്തമായ വകുപ്പുകളും ഷെഡ്യുളുകളും ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ ഷെഡ്യുള്‍ഡ് പ്രദേശങ്ങള്‍ ഉണ്ടാക്കാന്‍ ഒരു സര്‍ക്കാരും തയ്യാറാകാതിരുന്നതിന്റെ പിന്നില്‍ അവര്‍ക്കു ഭൂമിയില്‍ ഒരാവകാശവും ഇല്ലാതാക്കുക എന്ന ലക്ഷ്യം തന്നെയായിരുന്നു. കേരളവികസനമാതൃക എന്ന പേരില്‍ ഇപ്പോഴും ചിലരൊക്കെ അഹങ്കരിക്കുന്നുണ്ടല്ലോ. അങ്ങനെയൊന്നുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നവരെല്ലാം കടുത്ത ഇടതുപക്ഷവിരുദ്ധരായി മുദ്രയടിക്കപ്പെടുകയും ചെയ്യും. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസപരിഷ്‌കരണം മുതലായവ നമ്മുടെ സാമൂഹ്യജീവിതനിലവാരം മറ്റു സംസ്ഥാനക്കാരേക്കാള്‍ വളരെയധികം ഉയര്‍ത്തുന്നു. വിദ്യാഭ്യാസം, വിശേഷിച്ചു സ്ത്രീകളുടെ വിദ്യാഭ്യാസം, ആയുര്‍ദൈഘ്യം, ശിശുമരണനിരക്കു തുടങ്ങിയ സൂചകങ്ങള്‍ ആണ് ഇതിനടിസ്ഥാനം. എന്നാല്‍ ഈ പറഞ്ഞ ഒരു സൂചകങ്ങളും ബാധകമാകാത്ത വിഭാഗങ്ങളാണ് കേരളത്തില്‍ തന്നെ ജീവിക്കുന്ന ആദിവാസികള്‍ എന്ന വസ്തുത ഒരു സര്‍ക്കാരിനും നിഷേധിക്കാന്‍ കഴിയില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഒട്ടും തന്നെ മെച്ചമല്ല, ചില കാര്യങ്ങളില്‍ താഴെയാണ് കേരളത്തിലെ ആദിവാസികളുടെ അവസ്ഥ എന്ന് സര്‍ക്കാര്‍ കണക്കുകള്‍തന്നെ സമ്മതിക്കുന്നു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും പട്ടിണി മരണം, അടിസ്ഥാനസൗകര്യമില്ലായ്മ, ആരോഗ്യസേവനങ്ങളിലെ അപര്യാപ്തത തുടങ്ങിയവ നമ്മുടെ മുന്നിലുണ്ട്. സ്വന്തം കുട്ടിയുടെ മൃതശരീരം ചാക്കില്‍ കെട്ടി കൊണ്ടുവരേണ്ടി വന്ന ആദിവാസിയുടെ അവസ്ഥ മുമ്പൊരിക്കല്‍ ഭാര്യയുടെ ശവം ചുമന്ന ഒറീസയിലെ ആദിവാസിയുടെ ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അട്ടപ്പാടിയില്‍ മാത്രം പോഷകാഹാരക്കുറവ് മൂലം 32 ശിശുമരണം സംഭവിച്ചിരിക്കുന്നു. ഒരു വയര്‍ നിറയ്ക്കാന്‍ വേണ്ട അരി മോഷ്ടിച്ച മധുവിന് പരിഷ്‌കൃത സമൂഹം നല്‍കിയ ശിക്ഷ നമ്മള്‍ കണ്ടതാണ്. ആദിവാസികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വേണ്ട അയണ്‍ ഗുളികകള്‍ പോലുമില്ലെന്ന് അവിടെ പരിശോധന നടത്തിയ യുണിസെഫിന്റെ സംഘം കണ്ടെത്തിയതാണ്. സ്ത്രീകളില്‍ അനീമിയ വ്യാപകമാണ്.


ആദിവാസിക്ക് വേണ്ടി ഇക്കാലമത്രയും മാറി മാറി വന്ന സര്‍ക്കാരുകള്‍ മുടക്കിയ തുക ആയിരക്കണക്കിന് കോടികളാണ്. അതില്‍ നടക്കുന്ന അഴിമതികളുടെ നിരവധി കഥകള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. അനുഷ്ഠാനപരമായ ചില നടപടികള്‍ ഒഴിച്ചാല്‍ ഈ കൊള്ള നടത്തുന്ന ഉദ്യോഗസ്ഥരോ അതിനു കൂട്ടുനിന്ന് പങ്കുപറ്റുന്ന രാഷ്ട്രീയ നേതാക്കളോ ഒരിക്കല്‍ പോലും ശിക്ഷിക്കപ്പെടാറില്ല.


വികസനമെന്ന വാക്കു തന്നെ ഇവരെ സംബന്ധിച്ചിടത്തോളം അസംബന്ധമാണ്. നിലനില്പില്ലാത്തവര്‍ക്കെന്തു വികസനം? വനാവകാശനിയമം കടലാസില്‍ മാത്രമാണിവര്‍ക്കു സഹായകമാകുന്നത്. സ്വന്തമായി ഭൂമിയോ ജീവനോപാധികളോ ഇല്ലാത്ത ഒരു സമൂഹത്തിനു തങ്ങളുടെ അറിവും കലകളും സംരക്ഷിക്കാന്‍ കഴിയില്ല. ആദിവാസികളെ അവരുടെ സംസ്‌കാരവും കലയും അറിവും സംരക്ഷിച്ചു കൊണ്ട് നിലനിര്‍ത്തണമോ അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരണമോ എന്നതാണ് പ്രശ്‌നമായി പലരും ഉന്നയിക്കുന്നത്. അവരെ ഭരിക്കുന്ന നിയമങ്ങളും വ്യവഹാരങ്ങളുമെല്ലാം മറ്റുള്ളവര്‍ ഉണ്ടാക്കിയതും അവരുടെ ഭാഷയിലും യുക്തിയിലും ഉള്ളവയുമാണ്. അത് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ തന്നെ ഇവര്‍ ക്രൂരമായി പീഢിപ്പിക്കപ്പെടുന്നു, വഞ്ചിക്കപ്പെടുന്നു. പ്രമുഖ രാഷ്ട്രീയനേതാക്കളടക്കം ഇവരുടെ പേരില്‍ ഭൂമി തട്ടിയെടുക്കുന്നു എന്നും നമുക്കറിയാം. അതുകൊണ്ട് ഇവരെ മുഖ്യധാരയില്‍ കൊണ്ടു വരണമെന്ന് വാദിക്കുന്നവരുണ്ട്. അവര്‍ക്കു പൊതുവിദ്യാഭ്യാസം നല്‍കണം എന്നു കണ്ട് ഒട്ടനവധി ഗോത്രവര്‍ഗ്ഗ സ്‌കൂളുകളും കോളജുകളും ഹോസ്റ്റലുകളും ഉണ്ടാക്കുന്നു. പക്ഷേ, അവിടെയും കടുത്ത അവഗണനയാണ് കിട്ടുന്നത്. ഇതിനായി മുടക്കുന്ന പണം വലിയ തോതില്‍ കൊള്ളയടിക്കപ്പെടുന്നു.