ആദില്‍ അഹമ്മദ് ധറില്‍ നിന്ന് ഷാ ഫൈസലിലേക്കുള്ള ദൂരം – കെ. അരവിന്ദാക്ഷന്‍

ആദില്‍ അഹമ്മദ് ധറില്‍ നിന്ന് ഷാ ഫൈസലിലേക്കുള്ള ദൂരം  – കെ. അരവിന്ദാക്ഷന്‍

ആദില്‍ അഹമ്മദ് ധറില്‍ നിന്ന് ഷാ ഫൈസലിലേക്കുള്ള ദൂരം

കെ. അരവിന്ദാക്ഷന്‍


ഹിംസ ഹിംസകൊണ്ട് ജയിച്ച ചരിത്രം ഭൂമിയിലില്ല. സചേതനമായ അഹിംസ മാത്രമേ, അഹിംസയുടെ ജീവവായുവായ സംഭാഷണം കൊണ്ടേ ഹിംസയെ അധ:കരിക്കാനാവൂ.


2019 ഫെബ്രുവരി പതിനാലിന് ഇന്ത്യന്‍ സി.ആര്‍.പി.എഫിനു നേരെ പുല്‍വാമയിലുണ്ടായ അതിനിന്ദ്യവും പൈശാചികവുമായ ചാവേറാക്രമണത്തിന് പിന്നില്‍ പത്തൊമ്പതുകാരനായ ആദില്‍ അഹമ്മദ് ധര്‍ ആയിരുന്നു. അയാളുടെ പൈശാചികത കൊണ്ട് നഷ്ടപ്പെട്ടത് നിഷ്‌ക്കളങ്കരായ നാല്പത് മനുഷ്യജീവനുകളാണ്. ഏറെപ്പേര്‍ക്ക് പരിക്കേറ്റു. അവരുടെ മാതാപിതാക്കളും കുഞ്ഞുങ്ങളും സഹോദരീസഹോദരന്മാരും ഭാര്യമാരും ഇനി ജീവിതകാലം മുഴുവന്‍ തീ തിന്ന് വേദനിക്കേണ്ടി വരും. ഒപ്പം അവരുടെ വേദനയില്‍ നീറ്റലുള്ള ഇന്ത്യന്‍ ജനതയും. 


ആദില്‍ അഹമ്മദ് ധര്‍ തന്റെ ഗണ്‍ദിബാഗാ ഗ്രാമത്തിന് പുറത്ത് യാതൊരു മേല്‍വിലാസവുമില്ലാത്ത, പ്ലസ്ടു വരെ പഠിച്ച ഒരു യുവാവാണ്. ഭീകര വാദികളുടെ കൊടുംപട്ടികയിലൊന്നും അയാളുടെ പേരില്ല. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭീകര സംഘടനയ്ക്ക് ഇസ്ലാമിക് പരിവേഷം കൊടുക്കുന്ന സലാഫിയിലോ താലിബന്‍, ജയ്ഷ് ഇ മൊഹമ്മദ് എന്നീ ഭീകരസംഘടനകള്‍ ആശയം സ്വാംശീകരിക്കുന്ന ദിയോബാന്ദിയില്‍ നിന്നോ അല്ല അഹമ്മദ് ധര്‍  വരുന്നത്. ഇസ്ലാമിലെ കാരുണ്യത്തിന്റെയും ആത്മീയതയുടെയും അന്തസ്സത്തയെന്നറിയപ്പെടുന്ന സൂഫിസത്തിന്റെ സഹയാത്രികനായിരുന്നു അയാള്‍. കഴിഞ്ഞ പതിനേഴ് വര്‍ഷത്തിലാദ്യമായാണ് കാശ്മീരിന്റെ പ്രാദേശിക മേഖലയില്‍ നിന്ന് ഒരു യുവാവ് ചാവേറായി പരിണമിക്കുന്നത്. 


പ്രവാചകനെ സ്തുതിക്കുന്ന നാത്ത് കവിത ധര്‍ പാടുമായിരുന്നത്രേ. വീട്ടില്‍ അമ്മയെ അടുക്കള ജോലിയില്‍ സഹായിക്കുമായിരുന്നു. വീട് പുലര്‍ത്താന്‍ അയാള്‍ പെയിന്ററായി. മരമില്ലില്‍ തൊഴിലാളിയായി. പിന്നെയെങ്ങനെ ഇയാള്‍ ഒരു കൊടും ഭീകരനായി?


ഒരിക്കല്‍ സ്‌കൂളില്‍ നിന്നും മടങ്ങി വരുമ്പോള്‍ പോലീസ് അവനെ തടഞ്ഞുനിര്‍ത്തി മണ്ണില്‍  മൂക്കുരപ്പിച്ച് അപമാനപ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ആ അപമാനമായിരിക്കുമോ കാരണം?


അന്നത്തെ അധികാരികളും ജനങ്ങളും മുഖത്ത് തുപ്പിയപ്പോഴും ചാട്ടവാറുകൊണ്ടടിച്ചപ്പോഴും കുരിശ് ചുമപ്പിച്ചപ്പോഴും യേശു, പഴയനിയമത്തിലേതുപോലെ തിരിച്ചടിക്കുകയല്ല ചെയ്തത്. ദക്ഷിണാഫ്രിക്കയില്‍ മാരിറ്റ്‌സ്ബര്‍ഗ് തീവണ്ടി സ്റ്റേഷനില്‍ വച്ച് തണുപ്പുള്ള ഒരു രാത്രിയില്‍ മോഹന്‍ദാസ് ഗാന്ധിയെന്ന യുവാവിനെ വെള്ളക്കാര്‍ തീവണ്ടിയില്‍ നിന്ന് വലിച്ച് പുറത്തിട്ടപ്പോള്‍ അയാള്‍ ആ രാത്രി മുഴുവന്‍ നിശബ്ദനായി ചിന്തിച്ചത്, ഏതെങ്കിലും ഭീകര പ്രവര്‍ത്തനത്തിന്റെ മാര്‍ഗ്ഗങ്ങളായിരുന്നില്ല. എന്തുകൊണ്ട് അഹമ്മദ് ധര്‍ അഹിംസയുടെ വഴികളിലൂടെ സഞ്ചരിച്ചില്ല, സൂഫിസത്തിലൂടെ കടന്നുപോയിട്ടും. 


ഇനി വടക്കന്‍ കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ ലോലാബ് താഴ്‌വരയിലെ സോഗമെന്ന കുഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഷാ ഫൈസല്‍ എന്ന യുവാവിന്റെ കഥ പരിശോധിക്കാം. ഇന്ത്യന്‍ സിവില്‍  സര്‍വീസ് പരീക്ഷയില്‍ (2009) അയാള്‍ ഒന്നാം റാങ്ക് നേടി. വേള്‍ഡ്‌വര്‍ത്തും ഷെക്‌സ്പിയറും തോമസ് ഹാര്‍ഡിയും അയാള്‍ വായിച്ചു. മാര്‍ക് ട്വയിനും ഓസ്‌കാര്‍ വൈല്‍ഡും അയാള്‍ക്ക് പ്രിയങ്കരരാണ്. ഉറുദുവിലെ അല്ലാമലനും പേഴ്‌സ്യന്‍ ഭാഷയിലെ റുമിയും അയാള്‍ക്ക് മന:പാഠമാണ്. വില്‍ഡ്യൂറന്റും ടോയിന്‍ബിയും നെഹ്‌റുവും അയാള്‍ വായിച്ചിട്ടുണ്ട്. ഭീകരാക്രമണം നടന്ന പുല്‍വാമയിലെ അസിസ്റ്റന്റ് കമ്മീഷണറായിട്ടാണ് ഐ.എ.എസ്സിനുശേഷം അയാള്‍ നിയമിതനായത്. നിഷ്‌ക്കളങ്കരായ മനുഷ്യരെ ജയിലിലടയ്ക്കുന്നതിനും അനാവശ്യമായി കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതിനും അയാള്‍ കാരണക്കാരനായി. തിരഞ്ഞെടുപ്പില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതിന് അയാള്‍ സാക്ഷിയായി. ഈ വ്യവസ്ഥിതിയുടെ അകത്ത് നിന്നുകൊണ്ട് കാശ്മീരിലെ സഹോദരങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവില്ലെന്ന് അയാള്‍ക്ക് ബോധ്യപ്പെട്ടു. ഒരു ഭാഗത്ത് സ്‌റ്റേറ്റ്, മറുഭാഗത്ത് മതതീവ്രവാദികള്‍. അയാള്‍ ജോലി രാജിവച്ചു. 2018 ല്‍ ഹാര്‍വാര്‍ഡിലെ കെന്നഡി സ്‌കൂള്‍ ഓഫ് കൊമേഴ്‌സില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. ഇന്ത്യയില്‍ തിരിച്ചെത്തി. നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്സ്, പി.ഡി.പി, ഹുറിയത്ത്, ബി.ജെ.പി ഇവയൊന്നും തന്റെ വഴിയല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ‘കാശ്മീര്‍ ഒരു ശവപ്പറമ്പാണ്, എവിടെയും ഒരു ശവക്കുഴിയുണ്ട്’. ഹിംസയുടെ സംസ്‌കാരത്തിന് അറുതി വരുത്താന്‍ ജനാധിപത്യ പ്രക്രിയയാണ് അനിവാര്യം. 2002 – 2007 കാലയളവില്‍ അടല്‍ ബിഹാരി വാജ്‌പേയും മന്‍മോഹന്‍സിങ്ങും മുന്നോട്ടുകൊണ്ടുപോയ സംഭാഷണം തുടരണം. വ്യത്യസ്ത തലങ്ങളില്‍ ഇതുണ്ടാവണം. സംഭാഷണത്തിന് തയ്യാറാകുന്ന എല്ലാവരുമായും. കാശ്മീരില്‍ നിന്ന് ഭീകരവാദികളാല്‍ പുറത്താക്കപ്പെട്ട് നരകയാതനയനുഭവിക്കുന്ന പണ്ഡിറ്റ്മാരെയും ഉള്‍പ്പെടുത്തണം.