ആഗോളഗ്രാമം – ടി.കെ. സന്തോഷ്‌കുമാര്‍

പ്രളയകാലത്തെ മാധ്യമപാഠങ്ങള്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ നാളിതുവരെയുള്ള കാലാവസ്ഥാ ചരിത്രത്തെ കീഴ്‌മേല്‍ മറിച്ച മഹാപ്രളയമായിരുന്നു 2018 ആഗസ്റ്റ് 15 മുതല്‍ മൂന്നുനാലു ദിവസം കേരളക്കരയിലുണ്ടായത്. നാലഞ്ചു ജില്ലകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഒലിച്ചുപോകുന്ന സന്നിഗ്ദ്ധഘട്ടം! മഴയുടെ പ്രവചനാതീതമായ സംഹാരതാണ്ഡവം! മനുഷ്യാവാസകേന്ദ്രങ്ങള്‍ ഓരോന്നായി വെള്ളത്തിനടിയിലാകുന്ന സന്ദര്‍ഭം! കേരളം സമീപഭൂതകാലത്തിലൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തഘട്ടങ്ങള്‍! അതിനെ അതിന്റെ സമഗ്രതയിലും ദുരന്തപൂര്‍ണ്ണതയിലും പകര്‍ത്തിയെടുത്തു നമ്മുടെ ദൃശ്യവാര്‍ത്താ മാധ്യമങ്ങള്‍. ഇതിനുമുമ്പ് – കഴിഞ്ഞ നൂറ്റാണ്ടില്‍ – ഉണ്ടായിട്ടുള്ള മഹാപ്രളയങ്ങളൊന്നും ഇത്തരത്തില്‍ ദൃശ്യപ്പെടുത്തിയിട്ടില്ല. അന്ന് ഇത്തരം സാങ്കേതികവിദ്യകളോ മാധ്യമാവിഷ്‌കാരങ്ങളോ ഉണ്ടായിരുന്നില്ല. ഈ പ്രളയം സംഭവിച്ചിരിക്കുന്നത് മാധ്യമ നിര്‍മ്മിതമായ ഒരു വിവര-വിനിമയ സമൂഹത്തിലാണ്. ജീവനും സ്വത്തിനും യാതൊരുവിധ സംരക്ഷണും സാധ്യമാകാത്തവിധമുള്ള പ്രളയം. ആ പരമയാഥാര്‍ത്ഥ്യത്തെ ആഗോളം ദൃശ്യാത്മാകമാക്കി ടെലിവിഷന്‍ വാര്‍ത്താ സംവിധാനം. എല്ലാം തത്സസമയം എന്ന സവിശേഷതയുമുണ്ട്. ഇവിടെ വിവര വിനിമയ ദൗത്യം എന്ന മാധ്യമധര്‍മ്മം ജീവന്‍ രക്ഷാദൗത്യമായി പരിണമിച്ചു. 
തുള്ളി മുറിയാതെ പെയ്തിറങ്ങിയ പേമാരിയും അതില്‍ നിറഞ്ഞുകവിഞ്ഞ മനുഷ്യനിര്‍മ്മിതമായ അണക്കെട്ടുകളും അതിന്റെ പൊട്ടിച്ചിതറലില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയുള്ള തുറന്നുവിടലും കുത്തൊഴുക്കും കരകവിയലും പ്രാണനും വാരിപ്പിടിച്ച് മനുഷ്യരടക്കമുള്ള ജീവിവര്‍ഗ്ഗങ്ങള്‍ നടത്തിയ പിടയലും  രക്ഷാസന്നാഹങ്ങളും എല്ലാം ജലധിനടുവില്‍ നിന്നുകൊണ്ട് ലോകത്തിന് തത്സമയം പകര്‍ന്നു നല്‍കിയപ്പോള്‍ ടെലിവിഷന്‍ വാര്‍ത്താമാധ്യമങ്ങള്‍ നിര്‍വഹിച്ചത്, പരമമായൊരു ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുവാന്‍ മാത്രമല്ല, രക്ഷാപ്രവര്‍ത്തനത്തിന്റെ സ്വയംവാഹകരായി മാറുവാന്‍ കൂടി വാര്‍ത്താച്ചാനലുകള്‍ക്ക് സാധ്യമായി – അവിശ്രമം, അവിരാമം, അശാന്തം! ഇത് മലയാള ടെലിവിഷന്‍ ചരിത്രത്തിലെ മാത്രമല്ല, മലയാള മാധ്യമ ചരിത്രത്തിലെതന്നെ അവിസ്മരണീയ മുഹൂര്‍ത്തമാണ്.
വാര്‍ത്താവിനിമയം – അറിയുക അറിയിക്കുക – എന്ന പ്രാഥമിക മാധ്യമ ധര്‍മ്മത്തെ പച്ചയായ ജീവിത/പ്രകൃതിയാഥാര്‍ത്ഥ്യത്തിന്റെ ദുരന്തമുഖത്തുനിന്നുകൊണ്ട് ഒരു ദേശത്തിന്റെ മുഴുവന്‍ ആവശ്യബോധമായി വളര്‍ത്തിയെടുക്കുവാന്‍ ദൃശ്യവാര്‍ത്താ മാധ്യമങ്ങള്‍ക്ക് സാധ്യമായി. ഏതേതൊക്കെ ജനവാസകേന്ദ്രങ്ങളാണ് വെള്ളത്തിനടിയിലാകുന്നത്, എവിടെയെല്ലാമാണ് മനുഷ്യജീവനുകള്‍ കുടുങ്ങിക്കിടക്കുന്നത്, ഭക്ഷണവും വെളിച്ചവുമില്ലാതെ എവിടെല്ലാമാണ് ജീവനുകള്‍ ഇരുട്ടിലാകുന്നത്, വീടുകളുടെ മച്ചുകളിലേക്ക് ജലനിരപ്പുയര്‍ന്ന് അവസാന നിലവിളി മുഴങ്ങുന്നതെവിടെയെല്ലാമാണ് – എന്നിങ്ങനെയുള്ള അനേകം പ്രളയസന്ദര്‍ഭങ്ങളെ ഹൃദയപൂര്‍വം,, നേരോടെ, നിരന്തരം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭരണകൂട സംവിധാനത്തിലേക്കും ഇതര സന്നദ്ധഹസ്തങ്ങളിലേക്കും എത്തിക്കുവാന്‍ ദൃശ്യവാര്‍ത്താ മാധ്യമങ്ങള്‍ക്ക് സാധിച്ചു എന്നത് നിസ്സാരകാര്യമല്ല. അത് മനുഷ്യകേന്ദ്രീകൃത മാധ്യമപ്രവര്‍ത്തനത്തിന്റെ ദൃശ്യാഖ്യാനമായിരുന്നു. വാര്‍ത്താ മുറികളുടേയും ന്യൂസ് സ്റ്റുഡിയോകളുടേയും സുരക്ഷിതത്വത്തിനപ്പുറം സ്വന്തം ജീവനുപോലും വിലകല്പിക്കാതെ വാര്‍ത്താശേഖരണത്തിനും ഇതരമനുഷ്യരക്ഷയ്ക്കുവേണ്ടി, ഇടിഞ്ഞുതാഴുന്ന കരയിലും ഇളകിമറിയുന്ന ജലത്തിലും വ്യോമപഥത്തിലും പാറിനടന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ മാധ്യമചരിത്രത്തിലെ മലയാള സന്ദര്‍ഭത്തില്‍ പുതുചരിത്രം രചിക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇളകിമറിയലുകളില്‍ കുതറാതെ, പതറാതെ അവിരാമം വാര്‍ത്താദൗത്യം, ജീവന്‍രക്ഷാ ദൗത്യം – നിര്‍വഹിച്ച അവരെ ഭരണകൂടം – മുഖ്യമന്ത്രി – പ്രത്യേകം അഭിനന്ദിച്ചു. വാസ്തവത്തില്‍ അതുമാത്രം ചെയ്താല്‍പ്പോരാ, അക്കാലയളവിലെ – വിലമതിക്കാനാകാത്ത – സേവനപ്രവര്‍ത്തനത്തിന് പൊതുഖജനാവില്‍ നിന്ന് ആനുകൂല്യങ്ങള്‍ നല്‍കുകയും വേണം. (ആ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരില്‍ പലരും തുച്ഛമായ വേതനത്തിനാണ് ജോലി ചെയ്യുന്നതെന്ന് ഓര്‍ക്കുക).