അസ്ഥിരമാകുന്ന മണ്‍സൂണും കേരളത്തിലെ അതിതീവ്രമാകുന്ന മഴയും  – എസ്. അഭിലാഷ്, പി. വിജയകുമാര്‍, എ.വി.ശ്രീനാഥ്

(അന്തരീക്ഷ ശാസ്ത്ര വിഭാഗം, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല)


ആഗോളതാപനവും മാറുന്ന കാലാവസ്ഥയും കാരണം ലോകത്തെമ്പാടും തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങളായ വരള്‍ച്ച, പ്രളയം, ഉഷ്ണ-ശീതതരംഗങ്ങള്‍, വിനാശകരമായ ഇടിമിന്നല്‍മേഘങ്ങള്‍, മേഘവിസ്‌ഫോടനം, ശക്തികൂടിയ ചുഴലിക്കാറ്റുകള്‍ എന്നിവ സമീപ പതിറ്റാണ്ടുകളില്‍ വര്‍ദ്ധിച്ചുവരുന്നു.  ആഗോളമായി കാലാവസ്ഥാമാറ്റം അനുഭവപ്പെടുകയും അത് ആവാസ വ്യവസ്ഥയുടെ ഘടനയും താളവും തെറ്റിക്കുകയും ചെയ്യുന്നു.  ഇപ്പോള്‍ ദൃശ്യമാവുന്ന ഈ മാറ്റങ്ങളുടെ വ്യാപ്തി കാലാവസ്ഥയില്‍ സ്വാഭാവികമായി സംഭവിക്കാവുന്നതിലും എത്രയോ ഏറെയാണെന്ന് ശാസ്ത്രീയ പഠനങ്ങളിലെ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ ഉറപ്പിക്കുന്നു. ഉപകരണാടിസ്ഥിത നിരീക്ഷണങ്ങളിലൂടെ വ്യക്തമാവുന്നത് 19-ാം നൂറ്റാണ്ട് മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ഭൂമിയുടെ താപനിലയില്‍ 1.1 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനയുണ്ടായി എന്നും അതിന് മുഖ്യകാരണം ഫോസില്‍ ഇന്ധനങ്ങളുടെ കൂടിയ ഉപയോഗത്താലും വനനശീകരണ പ്രവര്‍ത്തനങ്ങളാലും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയും സമാനസ്വഭാവമുള്ള മറ്റ്‌വാതകങ്ങളുടെയും അളവിലുണ്ടായ വര്‍ദ്ധനയാണെന്നുമാണ്. ഇതില്‍തന്നെ ഏറ്റവും കൂടുതല്‍ താപവര്‍ദ്ധന രേഖപ്പെടുത്തിയത് ഒടുവിലത്തെ 35 വര്‍ഷങ്ങളിലാണ്. 2010നു ശേഷമുള്ള കാലയളവിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂട്കൂടിയ അഞ്ച് വര്‍ഷങ്ങളും ഉള്‍പ്പെടുന്നത്. കഴിഞ്ഞ ഒരുദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിച്ച താപവര്‍ദ്ധനയുടെ നിരക്കിനേക്കാള്‍ പത്തുമടങ്ങിലധികമാണ് ഇപ്പോഴത്തെ താപനത്തിന്റെ വേഗം.


മഞ്ഞുപാളികളില്‍ അകപ്പെട്ടുപോയ പുരാതന അന്തരീക്ഷ അംശങ്ങളില്‍നിന്നും മനസ്സിലാവുന്നത് കഴിഞ്ഞ 800,000 വര്‍ഷങ്ങളില്‍ 20-ാം നൂറ്റാണ്ടുവരെയുള്ള കാലയളവില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 170 മുതല്‍ 300 പി.പി.എം(parts per million) വരെ എന്ന വ്യാപ്തിയില്‍ മാത്രം വ്യത്യാസപ്പെട്ടു എന്നാണെങ്കില്‍, കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളില്‍ അത് എത്തിനില്‍ക്കുന്നത് 412 പി.പി.എം എന്ന അവസ്ഥയില്‍ ആണെന്നത് അസാധാരണവും ആശങ്കാജനകവുമാണ്. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കാര്‍ബണ്‍ അന്തരീക്ഷത്തില്‍ ഇത്രമേല്‍ വര്‍ദ്ധിച്ചത് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മറ്റ് ഹരിതഗൃഹവാതകങ്ങളായ മീഥൈന്‍, നൈട്രസ് ഓക്‌സൈഡ് മുതലായവ രാസവളങ്ങള്‍ ആശ്രയിച്ചുള്ള കൃഷി തുടങ്ങിയ മനുഷ്യ പ്രവര്‍ത്തനങ്ങളിലൂടെ അന്തരീക്ഷത്തില്‍ എത്തുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവിലുള്ള വര്‍ദ്ധനയെ അടിസ്ഥാനപ്പെടുത്തി കണക്കുകൂട്ടാവുന്ന അതേരീതിയില്‍ തന്നെയാണ് 1900 നുശേഷം ആഗോളമായി താപവര്‍ദ്ധന എന്നത് ഭൂമിയുടെ ഊര്‍ജ്ജ സന്തുലിതാവസ്ഥയില്‍ മനുഷ്യന്റെ ഇടപെടല്‍ വെളിപ്പെടുത്തുന്നു.


കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലം


നിരീക്ഷണങ്ങളുടേയും സിദ്ധാന്തങ്ങളുടേയും ഗണിതശാസ്ത്ര മാതൃകകളുടേയും സഹായത്തോടെ നടത്തിയിട്ടുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ കൂടിയ അളവിലുള്ള സാന്നിദ്ധ്യം താപവര്‍ദ്ധന, താളംതെറ്റിയ മഴ, തീവ്രസ്വഭാവമുള്ള കാലാവസ്ഥാ സംഭവങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കും എന്നതാണ്. ചൂട് കൂടിയ പ്രദേശത്ത് കരയും കടലും തമ്മിലും ഭൂമധ്യരേഖാപ്രദേശവും ധ്രുവപ്രദേശവും തമ്മിലും ഉണ്ടാകുന്ന താപവ്യത്യാസം ആഗോള വായു ചംക്രമണത്തെ ഒട്ടാകെ സ്വാധീനിച്ച് ഋതുക്കളുടെ സ്വഭാവത്തിലും തീവ്രതയിലും മാറ്റങ്ങള്‍ വരുത്തിയേക്കാം. 


അന്തരീക്ഷത്തിലുള്ള ഈര്‍പ്പത്തിന്റെ അളവാണ് മുഖ്യമായും പേമാരികളുടെ തീവ്രത നിയന്ത്രിക്കുന്നത്. ഭാവിയിലെ കാലാവസ്ഥ ഇപ്പോഴത്തേതിനേക്കാള്‍ ചൂടുകൂടിയതായിരിക്കും. അന്തരീക്ഷവും സമുദ്രവും ചൂടുപിടിക്കുമ്പോള്‍ അത് മഴയുടെ സ്വഭാവത്തില്‍ ഉണ്ടാക്കുന്ന വ്യത്യാസം അത്യധികം സങ്കീര്‍ണ്ണമായിരിക്കും. ചൂട് കൂടിയ അന്തരീക്ഷത്തിന് കൂടിയ അളവില്‍ ബാഷ്പത്തെ സ്വീകരിക്കാന്‍ സാധിക്കുന്നതിനാല്‍ ഭാവിയില്‍ ചാറ്റല്‍മഴ കുറയുകയും ചെറിയ സമയത്തില്‍ പെയ്യുന്ന തീവ്രമഴ കൂടുകയും ചെയ്യുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. ഒരു പ്രദേശത്തെ മഴയുടേയും താപനിലയുടേയും ദീര്‍ഘകാല വ്യതിയാനമാണ് അവിടത്തെ കാലാവസ്ഥാ മാറ്റത്തിന്റെ മുഖ്യസൂചകങ്ങള്‍. 


കുറഞ്ഞ സമയത്തിനുള്ളില്‍ പെയ്യുന്ന പെരുമഴയ്ക്കിടയാക്കുന്നത് പ്രാദേശികമായ അന്തരീക്ഷ അസ്ഥിരതകളാണ്. ഭൗതികശാസ്ത്രത്തേയും ഗണിതമാതൃകകളേയും ആശ്രയിച്ചാല്‍, പെരുമഴകള്‍ പൊതുവില്‍ വര്‍ദ്ധിക്കും എന്ന് അനുമാനിക്കാമെങ്കിലും ഒന്നോ രണ്ടോ പ്രാവശ്യം തീവ്രതയേറിയ മഴപെയ്താല്‍ത്തന്നെ അത് മനുഷ്യസൃഷ്ഠിയായ കാലാവസ്ഥാമാറ്റമായി ഉറപ്പിക്കാമോ എന്നത് ഒരു തര്‍ക്കവിഷയമാണ്. എങ്കിലും മാറുന്ന കാലാവസ്ഥയുടെ ഒരു പ്രധാനസൂചകം തന്നെയാണ് മഴയുടെ തീവ്രതയിലും ആവൃത്തിയിലും അനുഭവപ്പെടുന്ന വ്യത്യാസങ്ങളും മഴവേളകളിലും മഴശ്യൂന്യവേളകളിലും ഉണ്ടാകുന്ന ദൈര്‍ഘ്യവ്യതിയാനങ്ങളും. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ പെയ്യുന്ന പെരുമഴ പ്രവചനാതീതമായ കെടുതികള്‍ക്കിടവരുത്തുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണല്ലൊ. ലോകത്തെ പല പ്രദേശങ്ങളിലും വരള്‍ച്ചയും പ്രളയും സൃഷ്ടിക്കുന്നതില്‍ എല്‍നിനോ, ലാനിന എന്നീ സാമുദ്രിക പ്രതിഭാസങ്ങള്‍ക്ക് മുഖ്യമായ പങ്കാണുള്ളത്. കര പ്രദേശങ്ങളില്‍ പൊതുവില്‍ എല്‍നിനോ സമയത്ത് വരള്‍ച്ചയും ലാനിന സമയത്ത് അതിവൃഷ്ടിയും അനുഭവപ്പെടുന്നതായി കാണുന്നു. എന്നാല്‍ മാറുന്ന കാലാവസ്ഥയില്‍ ഇത്തരം പ്രതിഭാസങ്ങള്‍ക്ക് പ്രാദേശികമായി ഉണ്ടാക്കാനാവുന്ന സ്വാധീനം കൂടുതല്‍ തീവ്രതയേറാനാണ് സാധ്യത.


മണ്‍സൂണിന് എന്ത് പറ്റി ?


ലോകത്തിലെ തന്നെ ഏറ്റവും ശക്തികൂടിയ മണ്‍സൂണായ ഏഷ്യന്‍ സമ്മര്‍ മണ്‍സൂണിന്റെ ഭാഗമാണ് ഇന്ത്യയില്‍ വര്‍ഷാവര്‍ഷം ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ ഇന്ത്യന്‍ സമ്മര്‍ മണ്‍സൂണ്‍.  ഈ മഴയാണ് ലോകജനസംഖ്യയുടെ ആറിലൊന്നു ജനങ്ങളുടെ ആരോഗ്യത്തിന്റേയും അഭിവൃദ്ധിയുടേയും അടിസ്ഥാനം. വര്‍ഷാ-വര്‍ഷ മഴവ്യതിയാനം 10 മുതല്‍ 20 ശതമാനം വരെ ആകാമെങ്കിലും മണ്‍സൂണ്‍ മഴയെ പൊതുവില്‍ ഒരു സ്ഥിരതയുള്ള പ്രകൃതി പ്രതിഭാസമായാണ് കണക്കാക്കിയിരുന്നത്. പക്ഷേ, സമീപകാലങ്ങളില്‍ ആഗോളതാപനം ഇന്ത്യന്‍ കാലവര്‍ഷത്തെ സാരമായി ബാധിക്കുകയും ഹരിതഗൃഹവാതകങ്ങളുടെ അമിതതോതിലുള്ള പുറംതള്ളല്‍ മഴയുടേയും താപനിലയുടേയും സ്ഥിരത സാരമായി നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായാണ് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പല  പ്രദേശങ്ങളിലും മഴയുടെ അളവും പെയ്ത്തുരീതിയും പതിവില്‍നിന്നു വിപരീതമായി വളരെയേറെ വ്യത്യാസപ്പെടുന്നതായി കാണുന്നു.