അര്‍ത്ഥരഹിത ശബ്ദങ്ങളും അടിക്കുറിതെറ്റിയ ചിത്രങ്ങളും  – ടി.കെ സന്തോഷ്‌കുമാര്‍

ഉല്പാദനത്തിലെയും ഉപഭോഗത്തിലെയും അതിസാങ്കേതികത്വവും കമ്പോളസമ്മര്‍ദ്ദവും മാധ്യമപ്രവര്‍ത്തനത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നു. ഏതു നുണയും സത്യമായി ആഘോഷിക്കപ്പെടുന്നു. വ്യാജവും ജനപ്രിയവുമായ വിനോദവ്യവസായമായി മാധ്യമപ്രവര്‍ത്തനം മാറുന്നു.


വയലന്‍സ്- സമകാലിക സമൂഹത്തിന്റെ മുഖമുദ്രയായി അതുമാറിയിട്ടുണ്ട്. വിവരസാങ്കേതിക വിദ്യയുടെ വിസ്‌ഫോടനം മൂലം വ്യാപകമായ ദൃശ്യ-ശ്രാവ്യ-സാമൂഹിക മാധ്യമങ്ങളുടെ അതിസമ്മര്‍ദ്ദം, ഉദാരവല്‍ക്കരണ അനന്തരകാലത്തെ അതിജീവനസമ്മര്‍ദ്ദം, അരിയാഹാരം മുതല്‍ ആതുരാലയം വരെ കമ്പോളവല്‍കരിക്കപ്പെട്ടപ്പോഴുണ്ടായ കിടമത്സരം, മൂല്യനിര്‍ണ്ണയം തന്നെ റദ്ദാക്കിക്കളയുന്ന മൂല്യരഹിത വിദ്യാഭ്യാസ സമ്പ്രദായം, അടിമുടി അരാഷ്ട്രീയവല്‍കരിക്കപ്പെട്ട അധികാരരാഷ്ട്രീയം- ഇങ്ങനെ ഒട്ടനവധി കാരണങ്ങള്‍ ഈ വയലന്‍സിനു പിന്നിലുണ്ട്. ഇവയില്‍ ഏതാണ് പ്രധാനം എന്നാലോചിച്ചാല്‍ ഒന്നുമറ്റൊന്നിനെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നുണ്ട് എന്നു പറയാം. പക്ഷേ സംശയം വേണ്ടാ, ഏതൊരു കാരണത്തേയും പൊതുമണ്ഡലത്തില്‍ ആദര്‍ശവല്‍കരിക്കുന്ന ധര്‍മ്മം നിര്‍വഹിക്കുന്നത് മാധ്യമങ്ങളാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ മറ്റേ തൂണുകള്‍ ക്ഷയിച്ചാലും ക്ഷിയിക്കാന്‍ പാടില്ലാത്തത് മാധ്യമങ്ങള്‍ തന്നെയാണ്, മാധ്യമങ്ങള്‍ ക്ഷയിക്കുന്നു എന്നതിനര്‍ത്ഥം പൊതുസമൂഹമാകെ നശിക്കുന്നു എന്നാണ്. ചിലര്‍ പറയാറുണ്ട് സമൂഹത്തിലുള്ളതാണ് മാധ്യമങ്ങളല്‍ പ്രതിഫലിക്കുന്നതെന്ന്. ശരിയാണ്, പക്ഷേ, സമൂഹമാധ്യമങ്ങളൊഴികെ, വ്യവസ്ഥാപിത പത്രാധിപ സമൂഹം കൈകാര്യം ചെയ്യുന്ന ഏതൊരു മാധ്യമത്തിനും ദിശാബോധം തെറ്റിയ സമൂഹത്തിന്റെ കാവലാളുകള്‍ ആകാന്‍ സാധിക്കും. (കാവല്‍ നായ്ക്കള്‍ എന്നാണല്ലോ മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്!)


സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുക. തത്സമയ ദൃശ്യവാര്‍ത്താമാധ്യമങ്ങളുടെ കടന്നുവരവോടെ, അനുനിമിഷം പൊട്ടിമുളയ്ക്കുന്ന വാര്‍ത്തകളുടെ തന്നെ സമ്മദര്‍ദ്ദം പ്രബലമായി, അന്തരീക്ഷത്തില്‍ പറന്നു നടക്കുന്ന വാര്‍ത്തകള്‍ ദൃശ്യവാര്‍ത്താ ഇടങ്ങളില്‍ കയറിക്കൂടി. വാസ്തവത്തില്‍ ടെലിവിഷന്‍ വാര്‍ത്താചാനലുകളുടെ അതിപ്രസരം മാധ്യമപ്രവര്‍ത്തനത്തിന്റെ വ്യവസ്ഥാപിത ശൈലിയെ ആകെത്തന്നെ പൊളിച്ചടുക്കി. പിന്നാലെ വന്ന സാമൂഹ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും സിറ്റിസണ്‍ ജേണലിസത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് വാര്‍ത്തകളെ ശൈലീതലം മുതല്‍ അവതരണതലം വരെ സ്വതന്ത്രമാക്കി. ആര്‍ക്കും എന്തും ആവിഷ്‌കരിക്കാമെന്നു വന്നതോടെ, അച്ചടിമാധ്യമങ്ങള്‍ പതിറ്റാണ്ടുകളായി രൂപപ്പെടുത്തിയ പ്രസാധനത്തിലെ മൂല്യവ്യവസ്ഥകള്‍ തലകുത്തി വീണു. ഇത് പരമ്പരാഗത അച്ചടി മാധ്യമങ്ങളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ഇപ്പോഴും പത്രമാധ്യമങ്ങള്‍ ആ അമ്പരപ്പില്‍ത്തന്നെയാണ്. അതുകൊണ്ടാണ് വ്യവസ്ഥാപിത പ്രസാധക മൂല്യസങ്കല്പങ്ങളില്‍ നിന്നകന്ന്, ഇതര മാധ്യമങ്ങളുടെ സ്വാധീനതയില്‍ വീണുപോകുന്നത്. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്തോടെ പത്രങ്ങള്‍ കെട്ടിലും മട്ടിലും ഉള്ളടക്ക  നിര്‍മ്മിതിയിലും മാറ്റം വരുത്തി, ഫോട്ടോകളും കാര്‍ട്ടൂണുകളും ഒന്നാംപുറത്ത് കൂടുതല്‍ കോളങ്ങളില്‍ നിറഞ്ഞു. ഒറ്റനോട്ടത്തില്‍ വിവരവിനിമയം സാധ്യമാകുന്നവിധം ഉള്ളടക്കം തിരുത്തി എഴുതപ്പെട്ടു. പൊതുവില്‍ പത്രം എന്നത് ദൃശ്യാനുഭവമായി, വിനിമയം അനായാസപ്പെട്ടു. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും സമൂഹമാധ്യമങ്ങളും രംഗം കൈയടക്കിയതോടെ പത്രങ്ങളുടെ ഉള്ളടക്ക നിര്‍മ്മിതി കൂടുതല്‍ പ്രശ്‌നസങ്കീര്‍ണ്ണമായി, അതിജീവനത്തിന്റെ തന്ത്രങ്ങള്‍ ഓരോ പത്രവും പയറ്റി നോക്കി. ഒട്ടുമിക്ക പത്രങ്ങളും ജനപ്രിയ ഘടകങ്ങള്‍ സ്വാംശീകരിക്കാനാണ് ശ്രമിച്ചത്. മഞ്ഞപ്പത്ര സംസ്‌കാരമാണ് അതില്‍ മുന്നിട്ടു നിന്നത്. സെക്‌സും ക്രൈമും അതിലെ വയലന്‍സും പത്രത്താളുകളെ മുന്‍കാലങ്ങളേക്കാള്‍ ആവേശഭരിതമാക്കി.


ടെലിവിഷന്‍ വാര്‍ത്താചാനലുകളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കുംവിധം സൈബര്‍ മാധ്യമങ്ങള്‍ ആധിപത്യം ചെലുത്തിയതോടെ മാധ്യമങ്ങളില്‍ നിന്ന് പൊതുവേ ശരി-തെറ്റുകള്‍ ഇല്ലാതായിത്തുടങ്ങി. പൊതുസമൂഹത്തെ യാതൊരുവിധത്തിലും സ്വാധീനിക്കാത്ത (ഒറ്റപ്പെട്ട) കൊലപാതകങ്ങളും ഒളിച്ചോട്ടങ്ങളും തട്ടിക്കൊണ്ടുപോകലുകളും അപഥലൈംഗിക കഥകളും എല്ലാത്തരം മാധ്യമങ്ങളുടെയും ഇഷ്ടവിഷയങ്ങളായി. വാര്‍ത്ത എന്നത് തികച്ചും കഥയായി മാറി. വിനോദചാനലുകളെപ്പോലെ വാര്‍ത്താചാനലുകള്‍ക്കും റേറ്റിംഗില്‍ കയറിക്കൂടാന്‍ സാധിച്ചു. ലക്കും ലഗാനുമില്ലാതെ വാര്‍ത്താവിതരണം മുഴുനീളെ സംഭവിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് മാധ്യമങ്ങള്‍ തന്നെയാണ്. മത്സരയോട്ടത്തില്‍, സമയവും സാവകാശവുമെടുത്ത് തയ്യാറാക്കുകയും വിന്യസിക്കുകയും ചെയ്യേണ്ട പത്രവാര്‍ത്തകള്‍ തന്നെ അബദ്ധത്തിലേക്ക് വഴുതി വീണു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ദിനപത്രത്തിന്റെ മുഖ്യവാര്‍ത്തയ്‌ക്കൊപ്പം, ‘ യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസുകള്‍’ എന്ന അടിക്കുറിപ്പോടെ നല്കിയ ചിത്രം മാറിപ്പോയത് ഇത്തരം പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടത്. ഏതൊരു പത്രസ്ഥാപനത്തിലും ഒന്നാംപുറം, വിശേഷിച്ച് മുഖ്യവാര്‍ത്ത ഏറ്റവും ഉത്തരവാദിത്തപ്പെട്ട പത്രാധിപന്മാരുടെ കൈകളിലൂടെ, അതീവജാഗ്രതയോടെയാണ് തയ്യാറാകുന്നത്. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഉത്തരക്കടലാസിനു പകരം, യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെത്തിയ മറ്റു രേഖകളില്‍ ഏതെങ്കിലും ഒന്ന് ആ വാര്‍ത്തയ്‌ക്കൊപ്പം നല്‍കാന്‍ പാടില്ലല്ലോ, ചിത്രങ്ങള്‍/ ഫോട്ടോകള്‍ ചിലത് സ്വയം സംസാരിക്കുന്ന വാര്‍ത്താചിത്രങ്ങളാകാം.


മറ്റു ചിലത് വാര്‍ത്തയുടെ ഉള്ളടക്കത്തെ ആധികാരികമാക്കുന്നതാകാം. ഇവിടെ മാറിപ്പോയ ചിത്രം വാര്‍ത്തയെ ആധികാരികമാക്കുന്നതായിരുന്നു എന്നത് അടിക്കുറിപ്പിലൂടെ വ്യക്തമാണ്. ഇതിനെ വെറും നോട്ടപ്പിശകായിട്ടല്ല, കാണേണ്ടത്. വാര്‍ത്താമുറിയുടെ സമ്മര്‍ദ്ദങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അവരുടെ യഥാര്‍ത്ഥ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിറകോട്ടു വലിക്കുന്നതിന്റെ സാക്ഷ്യമാണ്. ആവര്‍ത്തിച്ചുള്ള കൃത്യതപ്പെടുത്തലില്‍ നിന്ന് അവര്‍ക്ക് അവരറിയാതെ ഒഴിഞ്ഞുപോകേണ്ടി വരുന്നു. കേരളകൗമുദിയുടെ പത്രാധിപരായിരുന്ന കെ. സുകുമാരന്‍ പത്രത്തിന്റെ ആദ്യ പതിപ്പ് എത്ര വൈകിയിട്ടാണെങ്കിലും ആദ്യാവസാനം വായിച്ചു തീര്‍ത്തിട്ടേ ഉറങ്ങാറുള്ളായിരുന്നുവത്രേ. അതിനുശേഷമായിരിക്കും പത്രത്തിന്റെ തുടര്‍ന്നുള്ള അച്ചടി, അതാണ് അന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ ശൈലി. ഇന്ന് ഈ വിവരസാങ്കേതിക യുഗത്തില്‍ ഒരു പത്രാധിപര്‍ക്കും എവിടെ ഇരുന്നുവേണമെങ്കിലും തന്റെ പത്രത്തിന്റെ ഫൈനല്‍ പരിശോധിക്കാവുന്നതേയുള്ളൂ. അപ്പോള്‍ സൗകര്യങ്ങള്‍ കുറവായതുകൊണ്ടല്ല, ആ തൊഴിലിനോടുള്ള സമീപനമാണ് പ്രധാനം.