അര്‍ണോസ് പാതിരിയെന്ന ഏണസ്റ്റ് ഹാങ്‌സ്ലേഡന്‍

ഏതു മനസ്സിലും കാവ്യാനുഭൂതി നിറയ്ക്കുന്ന നാമമാണ് അര്‍ണോസ് പാതിരിയുടേത്. ഫാ. അടപ്പൂര്‍ എസ്.ജെ. രചിച്ച ‘അര്‍ണോസായിത്തീര്‍ന്ന ഏണസ്റ്റ് ഹാങ്‌സ്ലേഡന്‍ – നിസ്തുല പ്രതിഭയായ ഭാഷാശാസ്ത്രജ്ഞന്‍’ എന്ന കൃതി വായിച്ചപ്പോള്‍ അതൊരനുഭവമായിത്തീര്‍ന്നു. ഇംഗ്ലീഷില്‍ വിരചിതമായ കൃതി മലയാളത്തിലേക്ക് അതിമനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഡോ. കെ.എം. മാത്യുവാണ്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ പ്രതിഭാശാലിയുമായ ഡോ. എ. അടപ്പൂര്‍ അര്‍ണോസ് പാതിരിയെപ്പറ്റി നടത്തിയിട്ടുള്ള ഈ ഗവേഷണങ്ങള്‍ മലയാള ഭാഷയ്ക്ക് നല്‍കിയിട്ടുള്ള മികച്ച സംഭാവനകളാണ്. മറ്റു ചിലര്‍ അര്‍ണോസ് പാതിരിയെപ്പറ്റി ഗവേഷണം നടത്തിയിട്ടുണ്ടെങ്കിലും ആഴത്തിലുള്ള ഗവേഷണം നടത്താന്‍ അടപ്പൂരച്ചനേ സാധിച്ചിട്ടുള്ളൂ. ചെറുപ്പത്തിലേ അര്‍ണോസ് കൃതികള്‍ ആസ്വദിച്ച എനിക്ക് അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയണമെന്നു തോന്നി. പുത്തന്‍പാനയ്ക്കു ഞാന്‍ സംഗീതം നല്‍കി സി.ഡിയായി പ്രകാശനം ചെയ്തിട്ടുണ്ട്. ജര്‍മനിയില്‍ ഓസ്റ്റര്‍ കപ്പേളനില്‍ പോകാനും അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയാനും എനിക്ക് ആഗ്രഹമുണ്ടായി. മ്യുണ്‍സ്റ്ററിനടുത്താണ് ഓസ്റ്റര്‍ കപ്പേളന്‍. ജോണ്‍ ഏണസ്റ്റ് ഹാങ്‌സ്ലേഡന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ദൈവാലയത്തിലെത്തി അധികൃതരുമായി സംസാരിക്കുകയും അവര്‍ എന്നെ ഏണസ്റ്റ് പഠിച്ച സ്‌കൂളിലെത്തിക്കുകയും ചെയ്തു. അവിടെ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററില്‍ ആദ്യനാമം ഏണസ്റ്റിന്റേതാണ്. ആകെ 20 വര്‍ഷമാണ് ഏണസ്റ്റ് ജര്‍മനിയില്‍ ജീവിച്ചിട്ടുള്ളത്. സ്‌കൂള്‍പഠനത്തിനുശേഷം അദ്ദേഹം ജസ്വിറ്റ് സൊസൈറ്റിയില്‍ ചേരുകയും തത്ത്വശാസ്ത്രപഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം ഇന്ത്യയിലേക്കു പുറപ്പെട്ടത്. ഇന്ത്യയിലേക്കുള്ള യാത്രയില്‍ കപ്പലിലെ അനുഭവങ്ങളെല്ലാം ഈ പുസ്തകത്തില്‍ അനാവരണം ചെയ്തുകാണിച്ചിട്ടുണ്ട്. പുസ്തകത്തിലെ രണ്ടാം അധ്യായം – ‘അര്‍ണോസിന്റെ ജീവിതത്തിന്റെ ഏറ്റവും വിശദമായി അറിയപ്പെടുന്ന ഹ്രസ്വകാലം’ – വായിക്കുന്നവര്‍ക്ക് ആ അനുഭവങ്ങളില്‍ പങ്കുചേരുവാനുള്ള അവസരമാണ് ലഭിക്കുന്നത്. ഔസ്ബുര്‍ഗില്‍ നിന്നാണ് യാത്ര പുറപ്പെടുന്നത്. ഫ്രാന്‍സ് കാസ്പര്‍ ഷില്ലിംഗര്‍ നല്‍കുന്ന അനുഭവവിവരണം എത്രയോ ഹൃദയസ്പര്‍ശിയാണ്. ഒന്നാം അധ്യായത്തില്‍ അര്‍ണോസ് പാതിരി – വ്യക്തി, കാലം, സംഭാവന ഇവയാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. കുടുംബപശ്ചാത്തലവും ബാല്യവുമെല്ലാം അവിടെ വായിക്കാം. രണ്ടാം അധ്യായത്തിലെ സഹയാത്രികരുടെ മരണം ഏണസ്റ്റിനെ വികാരാധീനനാക്കി. വെബറും മേയറും മരണമടഞ്ഞു. അവരെ കടലില്‍ത്തന്നെയാണ് സംസ്‌കരിച്ചത്. ഷില്ലിംഗര്‍ എല്ലാം വിവരിച്ച് എഴുതിയിട്ടുള്ളതുകൊണ്ട് ഏണസ്റ്റ് ഹാങ്‌സ്ലേഡന്റെ യാത്രയെപ്പറ്റി നേരില്‍ക്കാണുന്ന അനുഭവം അനുവാചകര്‍ക്കു ലഭിക്കുന്നു. 1700 ഡിസംബര്‍ 13-നാണ് അവര്‍ ഇന്ത്യയുടെ മണ്ണില്‍ കാലുകുത്തുന്നത്. സൂററ്റിലെ ഈശോസഭാ വൈദികര്‍ അവരെ സ്വീകരിച്ചു. അഞ്ചു മാസം അവര്‍ അവിടെ താമസിച്ചു. എന്നാല്‍, ഏണസ്റ്റ് അധികം താമസിയാതെ ഷില്ലിംഗറോട് വിടപറഞ്ഞ്, ഗോവയിലേക്കു പോയി. അവിടെനിന്നാണ് അദ്ദേഹം അമ്പഴക്കാട്ട് എത്തുന്നത്. ഈശോസഭയുടെ അധീനതയില്‍ അവിടെ ജസ്വിറ്റ് സെമിനാരിയുണ്ടായിരുന്നു. ഡച്ചുകാരുടെ കാലത്ത് കൈമള്‍ എന്നയാള്‍ ഈശോസഭക്കാര്‍ക്ക് 1000 ഏക്കര്‍ സ്ഥലം ഭാഗം ചെയ്തിരുന്നു. അവിടെയാണ് സെമിനാരിയും കോളെജുമെല്ലാം അവര്‍ വികസിപ്പിച്ചത്. മികച്ച അധ്യാപകരും നല്ല ഗ്രന്ഥശേഖരവും മുദ്രണാലയവുമെല്ലാം അവിടെയുണ്ടായിരുന്നു. ദൈവശാസ്ത്രപഠനത്തോടൊപ്പം ഏണസ്റ്റ് ഭാഷകളില്‍ നൈപുണ്യം നേടാന്‍ ശ്രമമായി. സംസ്‌കൃതവും മലയാളവും പോര്‍ച്ചുഗീസുമെല്ലാം അദ്ദേഹത്തിനു ഹൃദിസ്ഥമായി. കൊച്ചിയിലെ ഡച്ചു ഗവര്‍ണറായ റുഡോള്‍ഫ് വാന്‍ കൊസ്റ്റര്‍, അമ്പഴക്കാട്ടുനിന്ന് ഈശോസഭക്കാരെ തുരത്താനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ കൈമള്‍ അതൊന്നും വകവയ്ക്കാതെ ഈശോസഭക്കാരെ സംരക്ഷിക്കുന്നതിനു മുന്‍കൈയെടുത്തു.