അരങ്ങിന്റെ നിറചേതനയ്ക്ക് 40 വയസ്സ് – ജോണ്‍ തോമസ്

രംഗചേതന അവതരിപ്പിക്കുന്ന നാടകങ്ങള്‍ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ലക്ഷ്യമാക്കിയുള്ളവയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങളെ കലയുടെയും സംസ്‌കാരത്തിന്റെയും മേഖലയിലേക്കു കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിരവധി ഇടങ്ങളില്‍ നാടകവുമായി എത്തുന്നു.അമേച്വര്‍ നാടകവേദിയില്‍ ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ച തൃശൂര്‍ രംഗചേതന കുറിച്ചൂ


1979 ഒക്‌ടോബര്‍ 7ന് സായാഹ്നത്തില്‍ തൃശൂര്‍ ചേറൂരിലുള്ള ഇ.ടി. വര്‍ഗീസ് എന്ന യുവാവിന്റെ വീട്ടില്‍ അഞ്ച് ചെറുപ്പക്കാര്‍ ഒത്തുകൂടി. ടി.കെ. മോഹനന്‍, പി. രാജന്‍, പി.ഡി. വില്‍സണ്‍, എം.എസ്. രാമചന്ദ്രന്‍, പി.ഡി. ജോണ്‍സണ്‍ എന്നിവരായിരുന്നു ആ ചെറുപ്പക്കാര്‍. ഇവര്‍ ആറുപേര്‍ ചേര്‍ന്ന് ഗൗരവമായി നടത്തിയ ചര്‍ച്ച ഒരു നാടകസംഘം രൂപീകരിക്കുന്നതിനെ സംബന്ധിച്ചായിരുന്നു. ഈ കൂട്ടായ്മയില്‍ നിന്നുരുത്തിരിഞ്ഞ ആശയമാണ് പിന്നീട് രംഗചേതനയുടെ പിറവിക്ക് കാരണമായത്.


1980 ഫെബ്രുവരി 11ന് സന്ധ്യയ്ക്ക് ചേറൂര്‍ ഗ്രാമീണവായനശാലയുടെ അങ്കണത്തില്‍ ഈ ആറു ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ‘രംഗചേതന’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. മലയാള നാടകവേദിയിലെ മൂന്നു പ്രമുഖരായിരുന്നു ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തത്, അദ്ധ്യക്ഷന്‍ എം,ആര്‍.ബി. ഉദ്ഘാടകന്‍ പ്രഫ. ജി.ശങ്കരപ്പിള്ള, ആശംസകന്‍ പ്രഫ. എസ്. രാമാനുജന്‍.


ഈ കൂട്ടായ്മയ്ക്ക് ‘രംഗചേതന എന്ന നാമകരണം നിര്‍വഹിച്ചതും പ്രഫ. ജി.ശങ്കരപ്പിള്ള ആയിരുന്നു, അദ്ദേഹത്തിന്റെ ‘രംഗപ്രഭാത്’ എന്ന നാടകകേന്ദ്രത്തിന്റെ സഹോദരസ്ഥാപനം എന്ന നിലയിലാണ് രംഗചേതനയുടെ പ്രാരംഭം കുറിച്ചത്.


1967-ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാടകക്കളരിയില്‍ അംഗങ്ങളായിരുന്നവരാണ് മേല്‍പ്പറഞ്ഞ യുവാക്കള്‍ ആറുപേരും. നാടകക്കളരിയുടെ പ്രചോദനത്തില്‍ നിന്നും ഇവര്‍ മുമ്പേ ‘നാന്ദി തീയറ്റേഴ്‌സ്’ എന്ന പേരില്‍ ഒരു നാടകസംഘം രൂപീകരിച്ചിരുന്നു. കാവാലം നാരായണപണിക്കര്‍ രചിച്ച ‘ഒറ്റയാന്‍’ ജി. ശങ്കരപ്പിള്ളയുടെ ‘ആസ്ഥാനവിഡ്ഡികള്‍’ തുടങ്ങിയ നാടകങ്ങള്‍ നാന്ദി തീയറ്റേഴ്‌സ് അവതരിപ്പിച്ചു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ നാന്ദി തീയറ്റേഴ്‌സിനു അധികം ആയുസ്സുണ്ടായില്ല. ഇതിന്റെ പതനത്തിനുശേഷമാണ്, രംഗചേതനയുടെ ജീവാത്മാവും പരമാത്മാവുമായ ഇ.ടി.വര്‍ഗീസിന്റെ ചേറൂരിലുള്ള ‘ഇന്റല്‍’ ട്യൂഷന്‍ സെന്ററില്‍ പുതിയ ഒരു നാടകകൂട്ടായ്മയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.


2020 ഫെബ്രുവരി 11ന് രംഗചേതന 40 വര്‍ഷം പൂര്‍ത്തിയാക്കി. മലയാള നാടകവേദിയുടെ ചരിത്രത്തില്‍ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്കു രംഗചേതന അരങ്ങൊരുക്കിക്കഴിഞ്ഞു. കൊട്ടിഘോഷങ്ങളോ, അവകാശവാദങ്ങളോ പ്രലോഭനീയമായ നിറക്കൂട്ടുകളോ ചാര്‍ത്താതെയാണ് രംഗചേതന സമ്പന്നമായ അനുഭവങ്ങളുടെ 40 വര്‍ഷത്തെ ഭാണ്ഡം പേറുന്നത്.


നാടകത്തിന്റെയും, മറ്റ് ദൃശ്യകലകളുടെയും സമസ്തമേഖലകളെയും പരിപോഷിപ്പിച്ചുകൊണ്ട് തൃശൂര്‍ രംഗചേതന പോലെ മറ്റൊരു നാടകപ്രസ്ഥാനവും ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു സംശയമാണ്.


കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ മുടങ്ങാതെ പ്രതിവാരനാടകാവതരണം, നാടക സെമിനാറുകള്‍, നാടകക്കളരി, കുട്ടികള്‍ക്കുള്ള നാടകശില്പശാല, പുസ്തകപ്രകാശനം, നാടകത്തിനുപുറമെ പടയണി. മുടിയേറ്റ്, നാട്യശാസ്ത്രപഠനപദ്ധതികള്‍ എന്നിങ്ങനെ മറ്റൊരു നാടകസംഘത്തിനും കഴിയാത്ത തരത്തിലുള്ള നാടകപ്രവര്‍ത്തനങ്ങളാണ് രംഗചേതനയുടെ മുതല്‍ക്കൂട്ട്.


നാടകം ഔപചാരികമായി പഠിക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി ഞായറാഴ്ചകളില്‍ സംഘടിപ്പിച്ചുവരുന്ന സണ്‍ഡേ തീയേറ്റര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നാടകപരിശീലനക്കളരിയാണ്. ഇതിന്റെ 16-ാം ബാച്ചാണ് ഇപ്പോള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. പ്രായഭേദമെന്യേ സ്ത്രീപുരുഷന്മാര്‍ക്ക് പങ്കെടുക്കാവുന്ന ഈ പരിശീലനക്കളരി തികച്ചും സൗജന്യമാണ്.


മലയാള നാടകവേദിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 12 നാടകങ്ങള്‍ നൂറരങ്ങ്എന്നപേരില്‍ നൂറുദിവസങ്ങള്‍കൊണ്ട് നൂറുവേദികളില്‍ അവതരിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു. 1990 ജനുവരി ഒന്നുമുതല്‍ 1991 മെയ് 15 വരെ തുടര്‍ച്ചയായി 500 ദിവസങ്ങളില്‍ നാടകാവതരണങ്ങള്‍ നിര്‍വഹിച്ചു നാടകവര്‍ഷമായി ആഘോഷിച്ചു. വി.ടി. ഭട്ടതരിപ്പാടിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി 45 നാടകപ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. രംഗചേതനയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 8 ദിവസം നീണ്ടുനിന്ന നാടകോത്സവത്തില്‍ മണിപ്പൂരി, ആസാമീസ്, ബംഗാളി, കന്നട, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള നാടകങ്ങള്‍ അരങ്ങേറി. ഭാരതത്തിലെ പ്രമുഖനാടകസംവിധായകര്‍ പങ്കെടുത്ത ഒരാഴ്ച നീണ്ടുനിന്ന ദേശീയസെമിനാറില്‍ രത്തന്‍തിയ്യം (മണിപ്പൂര്‍) ബഹ്‌റൂള്‍ ഇസ്ലാം (ആസാമീസ്), വിജയകുമാര്‍ (ഹിന്ദി), രാജു പോണ്ടിച്ചേരി (തമിഴ്), കെ.ജി. കൃഷ്ണമൂര്‍ത്തി (കന്നട), കാവാലം നാരായണപ്പണിക്കര്‍, ഷിബു എസ്. കൊട്ടാരം (മലയാളം) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രതിവാരനാടകാവതരണങ്ങളുടെ ഭാഗമായി ഞായറാഴ്ചകളില്‍ അവതരിപ്പിക്കുന്ന നാടകങ്ങളുടെ അവതരണം ഇതിനോടകം 470 വേദികള്‍ പിന്നിട്ട് കഴിഞ്ഞു. രംഗചേതനയുടെ പ്രസിദ്ധീകരണവിഭാഗം ലോകനാടകവേദികളിലെയും. മലയാളത്തിലെയും ശ്രദ്ധേയങ്ങളായ 43ല്‍പ്പരം നാടകഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.


ഇന്ത്യയിലുടനീളം ശ്രദ്ധേയങ്ങളായ നാടകോത്സവങ്ങളില്‍ നാടകാവതരണങ്ങളിലൂടെ രംഗചേതന തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചു. കേരള സംഗീതനാടക അക്കാദമിയുടെ ‘കേളി’ പുരസ്‌കാരവും (2011) ടോംയാസ് സില്‍വര്‍ ജൂബിലി അവാര്‍ഡും (2012) രംഗചേതനയ്ക്ക് ലഭിച്ചിട്ടുണ്ട്.


1989 മുതല്‍ മൂന്ന് പ്രഭാഷണപരമ്പരകളാണ് രംഗചേതന നിര്‍വഹിക്കുന്നത്. ജി. ശങ്കരപ്പിള്ള സ്മാരകപ്രഭാഷണം, ഡോ. വയല വാസുദേവന്‍പിള്ള അനുസ്മരണ പ്രഭാഷണം, സഫ്ദര്‍ ഹഷ്മി അനുസ്മരണപ്രഭാഷണം എന്നിവ മുടക്കമില്ലാതെ നടന്നിരുന്നു. എന്നാല്‍ വയല ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ വയല വാസുദേവന്‍പിള്ള അനുസ്മരണപ്രഭാഷണം അവസാനിപ്പിച്ചു. രംഗചേതന നിര്‍വഹിച്ച 17 വയല അനുസ്മരണപ്രഭാഷണങ്ങള്‍ ‘വയല അരങ്ങിന്റെ ആത്മസൗന്ദര്യം’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു.


നാടകമേഖലയ്ക്കു സമഗ്രസംഭാവനകള്‍ നല്‍കിയ പ്രമുഖവ്യക്തികള്‍ക്കു എല്ലാവര്‍ഷവും രംഗചേതന പുരസ്‌കാരം നല്‍കി വരുന്നു. പ്രൊഫ. എസ്. രാമാനുജം, പി.കെ. വേണുകുട്ടന്‍ നായര്‍, കാവാലം നാരായണപണിക്കര്‍, ഡോ. വയലാവാസുദേവന്‍ പിള്ള, മായാതെങ്ബര്‍ഗ്, പ്രഫ. എം.കെ. സാനു എന്നിവര്‍ക്കാണ് ഇതുവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. 2020ലെ പുരസ്‌കാരത്തിന് അര്‍ഹത നേടിയത് പ്രഫ. ജി. കുമാരവര്‍മയാണ്.


രംഗചേതന അവതരിപ്പിക്കുന്ന നാടകങ്ങള്‍ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ലക്ഷ്യമാക്കിയുള്ളവയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങളെ കലയുടെയും സംസ്‌കാരത്തിന്റെയും മേഖലയിലേക്കു കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിരവധി ഇടങ്ങളില്‍ നാടകവുമായി എത്തുന്നു. രാമവര്‍മപുരം ജുവനൈല്‍ ഹോം അന്തേവാസികള്‍ക്കായുള്ള നാടകശില്പശാല, മറയൂര്‍, വട്ടവട, അടിമാലി എന്നീ പ്രദേശങ്ങളിലെ ആദിവാസി പെണ്‍കുട്ടികള്‍ക്കായുള്ള നാടകശില്പശാലകള്‍ എന്നിവ ജനസമ്മതി നേടിയ പദ്ധതികളായിരുന്നു. 11 വര്‍ഷമായി തൃശൂര്‍ കാര്യാട്ട്കരയിലെ അമ്മ (AMMA) അസ്സോസിയേഷന്‍ ഫോര്‍ മെന്റലി ഹാന്‍ഡിക്യാപ്ഡ് അഡള്‍ട്‌സ് എന്ന സംഘടനയിലെ അന്തേവാസികളെ ഉള്‍പ്പെടുത്തി അവതരിപ്പിച്ച നാടകങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറി ജനശ്രദ്ധ നേടിയിട്ടുണ്ട്.


അയ്യായിരത്തില്‍പ്പരം വേദികളിലായി 355ല്‍പ്പരം നാടകങ്ങളാണ് ഇതിനോടകം രംഗചേതന അവതരിപ്പിച്ചിട്ടുള്ളത്, ഇതിനുപുറമെ ദൂരദര്‍ശനിലും, ആകാശവാണിയിലും നിരവധി തവണ രംഗചേതനയുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.


കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ നാടകത്തിലും, സിനിമയിലും, ടി.വി. ചാനലുകളിലും പ്രവര്‍ത്തിക്കുന്ന നിരവധി പ്രതിഭകളെ സൃഷ്ടിക്കാന്‍ രംഗചേതനയ്ക്കു കഴിഞ്ഞിട്ടുണ്ട്. നാടകസംവിധായകര്‍, നാടകരചയിതാക്കള്‍, അഭിനേതാക്കള്‍, കലാസംവിധായകര്‍, പ്രകാശവിന്യാസകര്‍, സംഗീതസംവിധായകര്‍, സ്റ്റേജ് ഡിസൈനേഴ്‌സ് എന്നിവര്‍ക്ക് പുറമെ അനുബന്ധകലകളായ ചിത്രകല, ശില്പനിര്‍മ്മാണം, പരസ്യകല എന്നിവയിലും പ്രതിഭ തെളിയിച്ച നിരവധിപേര്‍ രംഗചേതനയിലൂടെ വളര്‍ച്ച നേടിക്കഴിഞ്ഞു.