അയോധ്യ വിധിയും മതേതര ഇന്ത്യയുടെ ഭാവിയും – എന്‍.ഇ.സുധീര്‍

അയോധ്യ വിധിയും മതേതര ഇന്ത്യയുടെ ഭാവിയും – എന്‍.ഇ.സുധീര്‍

ഇന്ത്യയിലെ മറ്റൊരു  ആരാധനാലയവും അസ്ഥിത്വ തര്‍ക്കവുമായി കോടതി കയറാതിരിക്കട്ടെ. ഇവിടെ തോറ്റുപോകുന്നത് ഭക്തിയും വിശ്വാസവുമാണ്. ജയിക്കുന്നത് മതഭ്രാന്തന്മാരും അധികാരക്കൊതിയന്മാരുമാണ്. നമുക്ക് നിയന്ത്രണമില്ലാതിരുന്ന  ഭൂതകാലത്തിന്റെ പേരില്‍ കോടതി കയറുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനോ, ഭാരതീയ പാരമ്പര്യത്തിനോ ചേര്‍ന്നതല്ല എന്ന വലിയ പാഠം നമ്മള്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളണം. അത് വലിയൊരു രാഷ്ടീയ വിദ്യാഭ്യാസം കൂടിയാണ്.


ഹിന്ദുക്കള്‍ക്ക് രാമജന്മഭൂമി തിരിച്ചു കിട്ടി. മുസ്ലീങ്ങള്‍ക്ക് മസ്ജിദിനായി അഞ്ചേക്കര്‍ ഭൂമിയും.


ഇന്ത്യയിലെ മതേതര വിശ്വാസിയായ പൗരന് അയോധ്യ വിധി എന്തു നല്‍കി ?


നൂറ്റാണ്ടിലേറെ പഴക്കമുള്ള അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നവംബര്‍ 9 ന് അന്തിമ വിധിയെഴുതി. ഹിന്ദുക്കള്‍ രാമജന്മഭൂമിയെന്നു വിശ്വസിക്കുകയും അവകാശപ്പെടുകയും ചെയ്യുന്ന തര്‍ക്കഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം പണിയാം. അഞ്ഞൂറുവര്‍ഷമായി തര്‍ക്കഭൂമിയില്‍ നിലനിന്നിരുന്നതും 1992-ല്‍ തകര്‍ക്കപ്പെട്ടതുമായ ബാബറി മസ്ജിദ് ഇനി അവിടെ സാധ്യമല്ല. പകരം ഒരു പള്ളി പണിയാന്‍ അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണം. ഇതാണ് നീണ്ട നിയമയുദ്ധത്തിന് വിരാമം കുറിച്ചുകൊണ്ട് പുറത്തുവന്ന വിധിയുടെ സാരം. ഇതോടെ വിശ്വാസം സൃഷ്ടിച്ച അയോധ്യയിലെ  ‘തര്‍ക്കഭൂമി’ നിയമത്തിന്റെ മുന്നില്‍ ഇല്ലാതാവുകയാണ്.  നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കം ഈ വിധിയോടെ  എന്നന്നേക്കുമായി അവസാനിക്കേണ്ടതാണ്. ഒരു ആധുനിക ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ നമുക്കതിനു കഴിയും എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. അങ്ങനെയൊരു തീരുമാനത്തിലേക്കെത്താന്‍ ഒരു രാഷ്ട്രം എന്ന നിലയില്‍ നമ്മള്‍ കൊടുത്ത വില വളരെ വലുതാണ്.


അപ്പോഴും ‘തര്‍ക്കഭൂമി’ അതല്ലാതാവുന്നതോടെ തര്‍ക്കം തീരുമോ എന്ന വലിയ ചോദ്യം ബാക്കിയാവുന്നു. അത്തരമൊരു ചോദ്യത്തിന് നിയമത്തിന്റെ മുന്നില്‍ ഉത്തരങ്ങളുണ്ടോ?


നീതിപീഠമാണോ ഇത്തരമൊരു വിഷയത്തില്‍ വിധിയെഴുതേണ്ടത് എന്ന സന്ദേഹവും അസ്ഥാനത്തല്ല.  ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയില്ലായ്മയാണ് ഈ വിഷയത്തെ കോടതിയിലെത്തിച്ചത് എന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയ നേതൃത്വങ്ങളുടെ  ആ കഴിവുകേടിനെപ്പറ്റി  ഇന്നിപ്പോള്‍ ആരും പറയുകയില്ല; ഇനിയങ്ങോട്ട്  പറഞ്ഞിട്ട് വലിയ കാര്യവുമില്ല. എന്നാല്‍ ഇതില്‍ നിന്ന് വലിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട പാഠങ്ങള്‍. ആരോഗ്യകരമായ  സംവാദത്തോടെ തര്‍ക്കത്തെ നേരിടേണ്ടതുണ്ട്. പുതിയ  തര്‍ക്കഭൂമികള്‍ ഉണ്ടാവാതെ നോക്കാന്‍ നമുക്ക് കഴിയുകയും വേണം. അല്ലെങ്കില്‍ നമ്മളൊരു പരാജയപ്പെട്ട ജനതയാണെന്ന് ലോകവും വരാനിരിക്കുന്ന തലമുറകളും വിലയിരുത്തും. മറ്റൊരു ചോദ്യത്തിന് കൂടി നമ്മള്‍ ഉത്തരം തേടേണ്ടതുണ്ട്. ഹിന്ദുക്കള്‍ക്ക് തര്‍ക്കഭൂമി കിട്ടി. മുസ്ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വേറെ കിട്ടും. (അവരത് സ്വീകരിക്കുമോ എന്നത് വേറെ കാര്യം) ഒരു രാജ്യമെന്ന നിലയില്‍  ഇന്ത്യയ്ക്ക് ഈ വിധിയിലൂടെ എന്താണ് നേടാന്‍ കഴിഞ്ഞത്? ഓരോ ഇന്ത്യക്കാരനും ഈ ചോദ്യം ചോദിക്കണം. കാരണം ഈ തര്‍ക്കത്തിലൂടെ ഇന്ത്യക്കാരന് നഷ്ടപ്പെട്ടത് അവന്റെ രാജ്യത്തിന്റെ മതസൗഹാര്‍ദ ചുറ്റുപാടാണ്,’ മതേതര സംസ്‌ക്കാരമാണ്. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ ജനാധിപത്യ  സംസ്‌കാ രത്തിനാണ് പോറലേറ്റത്. ഇന്ത്യ മറ്റൊരു ഇന്ത്യയായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ  രാമജന്മഭൂമി-ബാബറി മസ്ജിദ്  തര്‍ക്കത്തിന്റെ അവസാനം ഇന്ത്യക്കാരെയാണ് സംതൃപ്തരാക്കേണ്ടിയിരുന്നത്. അതിന് -സുപ്രീംകോടതി ശ്രമിച്ചുവോ? ഇല്ലെന്നാണ് എന്റെ തോന്നല്‍. അക്കാര്യത്തില്‍  സുപ്രീംകോടതി പരാജയപ്പെട്ടു എന്നാണ് എന്റെ നിഗമനം.


ചരിത്രം, രാഷ്ട്രീയം, വിശ്വാസം. തര്‍ക്കത്തിന്റെ തായ്‌വേര്


1528 ലാണ് ആദ്യത്തെ  മുഗള്‍ ചക്രവര്‍ത്തിയായിരുന്ന  ബാബര്‍  അയോധ്യയില്‍ മസ്ജിദ് പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. അന്നത് ഏതെങ്കിലും രീതിയിലുള്ള തര്‍ക്കത്തിന് കാരണമായിരുന്നതായി ചരിത്രം പറയുന്നില്ല. അതൊരു ക്ഷേത്രഭൂമിയാണെന്ന് അന്നാരും തര്‍ക്കം ഉന്നയിച്ചില്ല. അതിനുശേഷം ഏകദേശം മുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മസ്ജിദ് ഒരു ക്ഷേത്രം തകര്‍ത്തുണ്ടാക്കിയതാണെന്ന വാദവും അതിനെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും തുടങ്ങിയത്. ആ പ്രശ്‌നത്തിന്റെ പുറകില്‍ ബ്രിട്ടീഷ് ഭരണകൂടം പ്രവര്‍ത്തിച്ചു എന്നാണ് ചരിത്രകാരന്മാരും സാമൂഹ്യ ശാസ്ത്രജ്ഞരും കരുതുന്നത്.  1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. അതിനുള്ള പരീക്ഷണക്കളരിയായി അയോധ്യയെ അവര്‍ തിരഞ്ഞെടുത്തു. ബാബര്‍ നിര്‍മിച്ച മസ്ജിദ്‌നു മുന്നില്‍ ഒരു ചെറിയ  സ്ഥലം ഹിന്ദു പൂജാരിമാര്‍ക്ക് ബ്രിട്ടീഷുകാര്‍ പതിച്ചു നല്‍കി. അവിടെ ഒരു ഭജനത്തറ പണിയാന്‍ അനുവദിക്കുകയും ചെയ്തു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. 1885ലാണ് ഈ വിഷയം കോടതിയിലെത്തുന്നത്. ഭജനത്തറമേല്‍ ഒരു കൂടാരം പണിയാന്‍ അനുവാദം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രശ്‌നം ഫൈസാബാദ് സബ് കോടതിയില്‍ എത്തുന്നത്. മഹന്ത് രഘുബിര്‍ ദാസ് എന്നൊരാളാണ് ഈ ആവശ്യവുമായി കോടതിയിലെത്തിയത്. അന്നവിടെ ജഡ്ജിയായിരുന്ന ഹരി കിഷന്‍ ശാസ്ത്രി ആ ഹര്‍ജി തള്ളുകയാണുണ്ടായത്. പള്ളിക്കു തൊട്ടുമുന്നില്‍ കൂടാരം പണിയുന്നത് ഹിന്ദു മുസ്ലീം ഐക്യത്തിന് നല്ലതല്ലെന്നു പറഞ്ഞാണ് ആ ജഡ്ജി കേസ് തള്ളിയത്.  ആ പഴയ  സബ് ജഡ്ജിയെ ഓര്‍ക്കാതെ ഈ വിഷയം കടന്നുപോകരുത്. പള്ളി പഴയതുപോലെ അവിടെ നിലകൊണ്ടു. അയോധ്യയിലെ ജനങ്ങള്‍ പിന്നെയും സമാധാനത്തോടെ കഴിഞ്ഞുകൂടി. ബ്രിട്ടീഷുകാരുടെ ലക്ഷ്യം  അന്നത്തെ അയോധ്യയില്‍ വിജയം കണ്ടില്ല എന്നര്‍ത്ഥം.


സ്വാതന്ത്ര്യാനന്തരമാണ് പ്രശ്‌നം വീണ്ടും പൊങ്ങിവന്നത്. അതിനു നേതൃത്വം കൊടുത്തത് ആര്‍.എസ്.എസ്സും അന്നത്തെ ജനസംഘവുമാണ്. അക്കാലത്ത് അതിന്റെ പുറകില്‍ വിചിത്രമായ പല  നാടകങ്ങളും നടന്നു. ബാബറി മസ്ജിദ് പള്ളിക്കകത്ത് രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ കൊണ്ടുവച്ച് പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കി. അത് 1949 ലാണ് നടന്നത്.  ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്  കുട്ടനാട്ടുകാരനായ കെ.കെ.നായര്‍ എന്ന അയോധ്യയിലെ  ജില്ലാ മജിസ്‌ട്രേട്ടായിരുന്നു. വര്‍ഗീയ വിഷത്തിന്റെ വിത്തുപാകാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ശകുന്തളാ നായര്‍  അവിടെ ഭജനകള്‍ക്ക് നേതൃത്വം കൊടുക്കുക വരെ ചെയ്തുവത്രേ. രാവിലെയും വൈകിട്ടും പൂജ നടത്താനും ഭക്തര്‍ക്ക് ആരാധന നടത്താനും അനുവാദം നല്‍കി. ഈ വിവരം അറിഞ്ഞതോടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രശ്‌നത്തില്‍ ഇടപെടുകയും ആ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു. 1950ല്‍ വിഷയം വീണ്ടും കോടതിയിലെത്തുന്നു. പ്രധാനമായും രണ്ട് ഹര്‍ജികളാണ് ഉണ്ടായത്. ഒന്ന് വിഗ്രഹത്തില്‍ പൂജ നടത്തണമെന്നാവശ്യപ്പെട്ട്. രണ്ടാമത്തേത് ഭൂവുടമസ്ഥാവകാശം ഉന്നയിച്ചും. ഇതോടെയാണ്  ബാബറി മസ്ജിദിന്റെ പുതിയ രാഷ്ട്രീയ ചരിത്രം തുടങ്ങുന്നത്. നിശ്ചലമായ  ആ ആരാധനാലയം മെല്ലെ മെല്ലെ ഇന്ത്യയുടെ വിധി മാറ്റിയെഴുതുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ കടന്നുകയറ്റത്തിന്റെ ചരിത്രവും അവിടെ തുടങ്ങുന്നു. പിന്നീടുള്ള ചരിത്രവും രാഷ്ട്രീയവും നമ്മുടെ മുന്നിലുണ്ട്.


ബാബറി മസ്ജിദ് ഇല്ലാത്ത ഇന്ത്യ


അയോധ്യപ്രശ്‌നം ഒരു വിഷവാതകം പോലെ ഇന്ത്യയുടെ സാമൂഹ്യാന്തരീക്ഷത്തില്‍ പരത്തപ്പെട്ടു. വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മുന്നേറിയ ഹിന്ദു സംഘടനകള്‍ ഇതിനെ പരമാവധി പ്രയോജനപ്പെടുത്തി. ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തെ ഞെട്ടിച്ചുകൊണ്ട് 1992 ഡിസംബര്‍ ആറിന്  ഹിന്ദു കര്‍സേവകരാല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. മതേതര ഇന്ത്യ മൂകസാക്ഷിയായി. ചരിത്രം മറ്റൊരു തലത്തിലേക്ക് കടക്കുകയായിരുന്നു.