അപരാഭിമാനങ്ങള്‍ -പി.എന്‍. ഗോപീകൃഷ്ണന്‍

അപരാഭിമാനങ്ങള്‍ -പി.എന്‍. ഗോപീകൃഷ്ണന്‍
ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക കൃതിയായ ആത്‌മോപദേശ ശതകത്തിന്റെ അടിസ്ഥാനത്തില്‍ ആധുനിക ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന അപരത്വത്തിന്റെയും ഹിംസയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം വിശകലനം ചെയ്യുന്നു. 
ഈയ്യടുത്ത കാലത്ത്, ഗൗരി ലങ്കേഷിന്റെ കൊലയാളി എന്ന് വിശ്വസിക്കപ്പെടുന്ന പരശുറാം വാഘ്‌മോറെയെ പിടികൂടിയപ്പോള്‍, അയാള്‍ പോലീസിന് ഇങ്ങനെ മൊഴി നല്‍കിയതായി പറയപ്പെടുന്നു. ‘ആ സ്ത്രീ നല്ലവളായിരുന്നു എന്ന് തോന്നുന്നു. ഞാന്‍ അവരെ കൊല്ലാന്‍ പാടില്ലായിരുന്നു.”
   കൊലയുടെ ചരിത്രം മനുഷ്യരാശിക്ക് അന്യമല്ല. എങ്കിലും ഈ വാചകങ്ങളുടെ യുക്തി പിടികിട്ടാന്‍ നാം അല്പം പണിപ്പെടേണ്ടതുണ്ട്. കൊലയുടെ ചരിത്രക്കണക്കുകള്‍ പരിശോധിച്ചാലോ, ഹിംസ എന്ന ക്രൂരതയെ ഭാവനയാക്കി പരിണമിപ്പിച്ച ആര്‍തര്‍ കോനന്‍ഡോയല്‍, അഗതാക്രിസ്റ്റി, ഹെന്നിങ്ങ് മാന്‍ കെല്‍ മുതല്‍ നമ്മുടെ കോട്ടയം പുഷ്പനാഥ്, ബാറ്റണ്‍ബോസ് വരെയുള്ള ക്രൈം നോവലിസ്റ്റുകളുടെ എഴുത്തുകള്‍ വായിച്ചാലോ ഈ യുക്തി തിരിഞ്ഞുകിട്ടുകയില്ല. പകയുടെ ചരിത്രം നമ്മുടെ രാജ്യത്ത് എന്ത് ചെയ്തുകൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍, വെറും 26 വയസ്സുമാത്രം പ്രായമുള്ള, ഉത്തര കര്‍ണ്ണാടകയിലെ ഒരു പാത്രക്കടയില്‍ ജോലി ചെയ്യുന്ന, ബി.കോം പഠനം പൂര്‍ത്തിയാകാതെ ഇടയിലുപേക്ഷിച്ച താഴ്ന്ന ഇടത്തരക്കാരനായ, വാഘ്‌മോറെയുടെ ഈ പ്രസ്താവം ഉപകരിക്കും. അത് എഴുതപ്പെട്ടത് നീതിയുടേയും ജനാധിപത്യത്തിന്റേയും ബലത്തില്‍ പുലരുന്ന ഒരു ആധുനിക ഇന്ത്യയ്ക്കുവേണ്ടി, അളവില്ലാതെ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു സ്ത്രീയുടെ ശവശരീരത്തിന് മുകളിലാണെങ്കിലും മെലിഞ്ഞ, കുറിയ ആകാരമുള്ള അവരെ കൊല്ലാന്‍ വിനിയോഗിക്കപ്പെട്ടത് ഒരു ആനയെ കൊല്ലാന്‍ മാത്രം ശക്തിയുള്ള നാലു വെടിയുണ്ടകള്‍ ആണ് എന്നതും ഓര്‍ക്കണം.
    പരശുറാം വാഘ്‌മോറെ തന്റെ കൈയ്യില്‍ വെച്ചുതന്ന 7.65 mm ബെരറ്റ തോക്കിനെ ഉപയോഗിക്കുക മാത്രം ചെയ്ത ഒരാള്‍ ആയിരുന്നു. അയാള്‍ക്ക് പരിശീലനവും കൊടുത്തിരുന്നു എന്നും പറയപ്പെടുന്നു. എങ്കിലും, അതിന് ഏതാണ്ട് അറുപത്തി ഒന്‍പത് കൊല്ലങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ബെരെറ്റ തോക്ക് ഉപയോഗിച്ച (അതൊരു 9mm ബെരറ്റ തോക്കായിരുന്നു) നാഥുറാം വിനായക് ഗോഡ്‌സേ എന്ന ഒരാളില്‍ നിന്നും വാഘ്‌മോറെക്ക് അന്തരം ഏറെയുണ്ട്. എന്തിന് ഗാന്ധിവധം എന്ന ചോദ്യത്തില്‍ നിന്നും ഗോഡ്‌സേ എന്ന ക്ഷാത്രവീര്യത്തില്‍ വിശ്വസിച്ചിരുന്ന ബ്രാഹ്മണന്‍ ഒരിക്കലും ഒഴിഞ്ഞുമാറിയില്ല. പശ്ചാത്തപിച്ചുമില്ല. മറിച്ച് അയാളുടെ വാദം ”ഞാന്‍ എന്തുകൊണ്ട് ഗാന്ധിയെ കൊന്നു?” എന്ന കോടതി പ്രസംഗമായി നാം ഇപ്പോഴും വായിക്കുന്നു. ഗാന്ധി ഹിന്ദുക്കളെ ഷണ്ഡീകരിച്ചു എന്നായിരുന്നു ഗോഡ്‌സേയുടെ ഏറ്റവും വലിയ എതിര്‍പ്പ്. എന്നാല്‍ പുതിയ ഗോഡ്‌സേ, ഹിന്ദുമതത്തെ ആയുധപ്പുരയാക്കി പഴയ ഗോഡ്‌സേക്ക് മരണാനന്തര ഹിന്ദുലോകത്തിരുന്ന് സന്തോഷിക്കാന്‍ അവസരം കൊടുത്ത പരശുറാം വാഘ്‌മോറെ പറയുന്നത്, പത്രറിപ്പോര്‍ട്ടുകള്‍ പ്രകാരം ‘അവരെ കൊല്ലേണ്ടായിരുന്നു’ എന്നാണ്. അതായത് കൊലയാളി, കൊലയ്ക്കിരയായ ആളെ തിരിച്ചറിയുന്നത് കൊലയ്ക്കു ശേഷമാണ്. നാം വായിച്ച ഡിറ്റക്ടീവ് നോവലുകളുടെ ആഖ്യാനത്തിന്റെ തിരിച്ചിടല്‍.
   അതായത്, ഗോഡ്‌സേയും വാഘ്‌മോറെയും തമ്മിലുള്ള വ്യത്യാസം, ഗോഡ്‌സെ ഉത്തരവാദിത്ത്വമുള്ള ഒരു കൊലയാളി ആയിരുന്നു എന്നാണ്. അയാളെ തോക്കേല്‍പ്പിച്ച ആളും അയാളും ഒരേ ഇരുണ്ട പ്രത്യയ ശാസ്ത്രത്തിന്റെ പ്രതിനിധികള്‍ ആയിരുന്നു. ഇന്ന് വാഘ്‌മോറെയും അയാളുടെ കൈയ്യില്‍ തോക്കേല്പിച്ച ആളും തമ്മിലുള്ള ബന്ധം അതേ പ്രത്യയശാസ്ത്രം തന്നെ. പക്ഷേ, അത് കന്നഡയില്‍ ‘സുപ്പാരിക്കൊല’ എന്നു പറയുമ്പോലെ, ക്വട്ടേഷന്‍ കൊലപാതകത്തേക്കാള്‍ തരം താഴ്ന്ന ഒന്നാണ്. അത് അനുഷ്ഠിക്കുന്നതാകട്ടെ ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധമുള്ളവരും
   ഗൗരി ലങ്കേഷിന്റെ കൊലയാളികളുടെ മൊഴിയില്‍ നിന്നും തെളിഞ്ഞ മറ്റൊരു കാര്യം, അതേ 7.65mm ബെരെറ്റ തോക്കു തന്നെയാണ് എം.എം. കല്‍ബുര്‍ഗ്ഗിയേയും ഗോവിന്ദ് പന്‍സാരയേയും വധിച്ചത് എന്നു കൂടിയാണ്. ഇന്ത്യയിലെ മുഴുവന്‍ തോക്കുകളൂം പരിഗണിച്ചാല്‍  ഈ ‘വിശേഷപ്പെട്ട തോക്ക്’ നമ്മുടെ കാലത്തെ ഏറ്റവും നികൃഷ്ടമായ ആയുധം ആയിത്തീരുന്നത് അതുകൊണ്ടാണ്. നമ്മുടെ കാലത്തെ സത്യം പറഞ്ഞ മൂന്നു തലച്ചോറുകളെ തകര്‍ത്തതു എന്നതു കൊണ്ട് മാത്രമല്ല, ഒരേ കൈകള്‍ ആണ് അത് ഉപയോഗിച്ചത് എന്നതു കൊണ്ടു കൂടിയാണ്. ആ കൈകള്‍ ഇപ്പോഴും വെടിമരുന്ന് കൂട്ടുന്നുണ്ട്, നിറയ്ക്കുന്നുണ്ട്, പരശുറാം വാഘ്‌മോറെമാരുടെ നിഷ്‌കളങ്കമായ ക്രൂരതയ്ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നുണ്ട്. കൊടും ക്രൂരകൃത്യങ്ങളുടെ വിജയത്തില്‍ ആര്‍പ്പു വിളിക്കുന്നുണ്ട്. 2015 ആഗസ്റ്റ് 30 ധാര്‍വാഡില്‍ കല്‍ബുര്‍ഗ്ഗിയുടെ വാതിലില്‍ മുട്ടിയ ആ കൊലയാളിയുടെ കഥ കൂടി ഓര്‍ക്കുക. ശിഷ്യനെന്ന വ്യാജേനയാണ് അയാള്‍ വന്നത്. കല്‍ബുര്‍ഗ്ഗിയുടെ ഭാര്യ ഉമാദേവി വാതില്‍ തുറന്നുകൊടുക്കുന്നു. അതിഥിക്ക് കാപ്പിയുണ്ടാക്കാനായി അടുക്കളയില്‍ പോയ അവരും മകള്‍ രൂപദര്‍ശിയും പടക്കം പൊട്ടുന്ന ഒച്ച പോലെ എന്തോ കേട്ട് ഓടി വന്നപ്പോള്‍ കല്‍ബുര്‍ഗ്ഗി തറയില്‍ ചോരയൊലിപ്പിച്ചു കിടക്കുന്നു.
മണിക്കൂറുകള്‍ കഴിഞ്ഞില്ല, ഭുവിത് ഷെട്ടി എന്ന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ ‘@ ഗരുഡപുരാണ’ എന്ന ടാഗ് ലൈനില്‍ താഴെ പറയുമ്പോലെ ട്വീറ്റ് ചെയ്തു. ‘അന്ന് യു.ആര്‍. അനന്തമൂര്‍ത്തി ആയിരുന്നു. ഇന്ന് എം.എം.കല്‍ബുര്‍ഗ്ഗി. ഹിന്ദുയിസത്തെ കളിയാക്കിയ നായുടെ മരണം അനുഭവിക്കുക. പ്രിയപ്പെട്ട കെ.എസ്.ഭഗവാന്‍, അടുത്തത് താങ്കളാണ്’ പോലീസ് അറസ്റ്റുചെയ്ത ശ്രീരാമസേന പ്രവര്‍ത്തകന്‍ പ്രസാദ് അത്താവറിന്റെ പോസ്റ്റ് ഇതായിരുന്നു. ‘ഹിന്ദുദൈവങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരേ വെറുപ്പ് പ്രകടിപ്പിക്കുന്നവര്‍ ഒരു പാഠം പഠിക്കും’
   എന്തുകൊണ്ടാണ് ദാരുണമായ കൊലയ്ക്ക് ശേഷവും ഈ ആര്‍പ്പുവിളികള്‍ ഉണ്ടാകുന്നത്? കൊലകളുടെ വാര്‍ത്ത കേട്ടാല്‍ ഉത്തേജിപ്പിക്കപ്പെടുന്ന രക്തവും സിരകളില്‍ നിറച്ച് ആരാണ് നമ്മുടെ കൂട്ടത്തില്‍ നിലകൊള്ളുന്നത്? സമൂഹത്തില്‍ ചിലരെ മാത്രം ബാധിച്ച രോഗമാണോ ഇത്? അല്ലെങ്കില്‍ ഉള്ളു ചിന്നിയ ഘടനയാണോ സമൂഹത്തിനുള്ളത്? പരസ്പരം കൊന്നു തിന്നാന്‍ പരിശീലനം തേടുന്ന അനേകം സംഘങ്ങളുടെ ഗര്‍ഭഗൃഹമാണോ നമ്മള്‍ കൊട്ടിഘോഷിക്കുന്ന ഈ സമൂഹം?