അനുഭവക്കണ്ണാടി – ഗോപി മംഗലത്ത്

പുഴപോലെയാണ് മനുഷ്യജന്മം. യാത്ര തുടങ്ങിയയിടത്തേക്ക് തിരിച്ചൊഴുക്കില്ല, ഒരിക്കലും. അതിനാല്‍ കാണാത്ത കാഴ്ചകള്‍ കണ്ട് അറിയാത്തയിടങ്ങളിലൂടെ ഒഴുകി നല്ലതും ചീത്തയും ഏററുവാങ്ങി വറുതിയില്‍ ഉണങ്ങിയും വര്‍ഷത്തില്‍ കവിഞ്ഞും കെടുതിയില്‍ കോലംകെട്ടും അനന്തമായ യാത്ര തുടരുന്നു; ഒടുവിലൊടുങ്ങുന്നു… ഓരോ യാത്രയും ഓരോര്‍ത്തര്‍ക്കും വേറിട്ടതാണ.് ഓരോര്‍ത്തരും തുടരുന്നു. ഒരാള്‍ നടന്നു പോന്ന വഴികളും കണ്ട കാഴ്ചകളും, ആളുകളും അയാളുടെ മനസ്സില്‍ കോറിയിട്ട ചിത്രങ്ങളും അനുഭവങ്ങളും മായാതെ കിടക്കുന്നുണ്ടാകും. അവരില്‍ ചിലര്‍ പേരെടുത്തവരാകാം, അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ വഴിയില്‍ കൊഴിഞ്ഞവരാകാം… ഇവരില്‍ ചിലരെ അനുഭവക്കണ്ണാടിയിലൂടെ എനിക്കൊപ്പം നിങ്ങള്‍ക്കും ഇവിടെ കാണാം.


‘നിത്യ’ദര്‍ശനം


മലയും ആറും ഊരും ചേര്‍ന്ന മലയാറ്റൂരില്‍ പേരെടുത്ത പൊന്നിന്‍ കുരിശുമുടിക്കുതാഴെ മണപ്പാട്ടുചിറ തടാകത്തിനരികില്‍ ശ്രീനാരായണ ഗുരുകുലത്തിന്റെ ഒരു ആശ്രമമുണ്ട്. ദിവ്യശാന്തി നികേതനം എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടെ എല്ലാ മതസ്ഥരും വന്നുപോകാറുണ്ട്. ഇവിടത്തെ അന്തേവാസികളും മേല്‍നോട്ടക്കാരുമായി എത്തിയവര്‍ പല മതത്തില്‍ നിന്നുള്ളവരായിരുന്നു. പാലാ പ്ലാസനാലില്‍ നിന്നുള്ള മൂലേച്ചാലില്‍ ജോസാന്റണിയാണ് ആശ്രമത്തിന് കെട്ടിടം പണിയാന്‍ ഓടി നടന്നതും പൂര്‍ത്തിയാക്കിയതും. ഇന്നിപ്പോള്‍ ആശ്രമം വലിയ കെട്ടിടത്തിലേക്ക് മാറി. ജോസാന്റണി വിവാഹിതനായി പാലായില്‍ തന്നെ കഴിയുന്നു. ജോസാന്റണി പോയി കുറച്ചുനാള്‍ കഴിഞ്ഞ് റിട്ടയേഡ് റെയില്‍വേ ഉദ്യോഗസ്ഥനായ ആനന്ദസ്വാമിയെത്തി. ആനന്ദസ്വാമി നല്ല വായനക്കാരനാണ്. ആര്‍ട്ടിനെക്കുറിച്ച് നന്നായി സംസാരിക്കുകയും ചിത്രകലാരംഗത്തെ മാറ്റങ്ങളെക്കുറിച്ച് വളരെ വ്യക്തമായി വിലയിരുത്തുകയും ചെയ്യും. ചെന്നൈയിലായിരുന്നു അദ്ദേഹം കൂടുതലുംനാള്‍ ജോലി നോക്കിയത്. ചോളമണ്ഡലത്തില്‍ പോകുകയും ചിത്രകാരന്മാരെ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. കെ.വി ഹരിദാസിന്റെയും കെ.സി എസിന്റെയും ചിത്രങ്ങള്‍ ആനന്ദസ്വാമിക്ക് ഇഷ്ടമായിരുന്നു. ഇദ്ദേഹം കലയേയും കലാകാരനേയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന ആളായതിനാല്‍ ചിത്രകല പഠിച്ച എന്നോട് ഗുരുകുലത്തില്‍ ഒരു ചിത്രകലാപ്രദര്‍ശനം നടത്താം എന്നു പറഞ്ഞു. അങ്ങനെയെങ്കില്‍ ആ ചിത്രകലാപ്രദര്‍ശനം ഞങ്ങളുടെ നാട്ടിലെ ആദ്യത്തെതാകുമെന്നും ചരിത്രമാകുമെന്നും ഞാനും പറഞ്ഞു.


ഞങ്ങള്‍ ഗുരുകുലത്തിന്റെ ചുമരില്‍ പരമാവധി ചിത്രങ്ങള്‍ തൂക്കി. രാത്രി പ്രധാന കവലകളില്‍ ബോര്‍ഡും വച്ചു. പിറ്റേദിവസം ഫുള്‍ടൈം നോക്കിയിരുന്നിട്ടും ആരും ചിത്രകലാ പ്രദര്‍ശനം കാണാന്‍ വന്നില്ല… എന്നാല്‍ രാത്രി ഏഴുമണി കഴിഞ്ഞതോടെ പലരും ഗുരുകുലത്തിലേക്ക് വരാന്‍ തുടങ്ങി… ഞാനും ആനന്ദസ്വാമിയും അനോന്യം നോക്കി… വന്നവര്‍ വന്നവര്‍ എന്നോട് ചോദിച്ചത് ഒറ്റ കാര്യമാണ്. ‘നിന്റെ സിനിമ എപ്പോള്‍ തുടങ്ങും, ആരാ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്… സിനിമ ചെയ്യാന്‍ നിനെക്കെവിടെന്നാ പണം കിട്ടിയത്’…


അപ്പോഴാണ് എനിക്കും സ്വാമിക്കും ഒരു കാര്യം പിടികിട്ടിയത്. രാത്രി പ്രധാന കവലകളില്‍ വച്ച ബോര്‍ഡുകളില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ്: ‘ഗുരുകുലത്തില്‍ ചിത്രപ്രദര്‍ശനം”. ചിത്രകല എന്ന് ചേര്‍ത്തിരുന്നില്ല. അന്നൊക്കെ സിനിമയുടെ പോസ്റ്ററില്‍ സത്യന്റെ ചിത്രം, നസീറിന്റെ ചിത്രം എന്നിങ്ങനെയാണ് എഴുതിയിരുന്നത്.


പിറ്റേദിവസം മുതല്‍ ഒത്തിരിപേര്‍ ചിത്രകലാപ്രദര്‍ശനം കാണാന്‍ എത്തി. ചിത്രകലാപ്രദര്‍ശനം തീര്‍ന്ന ദിവസം ആനന്ദസ്വാമി ഒരു ആശയം അവതരിപ്പിച്ചു. ഗുരുകുലത്തിന്റെ ഭിത്തിയില്‍ കുറെ പെയിന്റിങ്ങുകള്‍ വരച്ചാല്‍ നല്ലതായിരിക്കില്ലേ… ഗോപിക്ക് ആലോചിച്ചുകൂടെ… എനിക്കും ആശയം നല്ലതായി തോന്നി. പക്ഷേ, ഇത്രയും ഭിത്തിയില്‍ ഓയില്‍പെയിന്റ് ചെയ്യാന്‍ ഒത്തിരി പൈസ വേണ്ടി വരും. അതാര് തരും. കുറച്ചുപൈസ ആനന്ദസ്വാമി എടുക്കുമായിരിക്കും… ബാക്കി ആരോടെങ്കിലും ചോദിക്കാമെന്ന് നിശ്ചയിച്ചു. സ്വാമിയോട് ഞാന്‍ പറഞ്ഞു: ഗുരുകുലത്തിന്റെ ഭിത്തിയില്‍ ക്ഷേത്രത്തിലെപോലെ നിറയെ ചിത്രങ്ങള്‍ വരച്ചാലോ. ശ്രീനാരായണഗുരുവിന്റെ ജീവിതംതന്നെ മ്യൂറല്‍ ശൈലിയില്‍ തീര്‍ക്കാം. പൈസ ഞാന്‍ കണ്ടെത്തിക്കോളാം. സ്വാമി ആലോചിച്ചിട്ട് പറഞ്ഞു: പൈസ ഞാനും തരാം, ഒറ്റയ്‌ക്കെടുക്കണ്ട. അതല്ല പ്രധാനപ്പെട്ട കാര്യം. ഊട്ടിയിലെ നാരായണഗുരുകുലത്തില്‍ താമസിക്കുന്ന ഗുരുവിന്റെ (ഗുരു നിത്യ ചൈതന്യ യതിയുടെ) അനുവാദം വാങ്ങിക്കാതെ ഒന്നും നടക്കില്ല.


ഗുരു മലയാറ്റൂര്‍ ഗുരുകുലത്തില്‍ ഒരു പരിപാടിക്ക് വന്നപ്പോള്‍ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അതിനാല്‍ പറഞ്ഞാല്‍ എന്നെ അറിയണം. അന്ന് നാട്ടില്‍ ഫോണ്‍ എത്തിയിട്ടില്ല. ആ മാസം ആനന്ദസ്വാമി ഊട്ടി ഗുരുകുലത്തില്‍ ഗുരു നിത്യ ചൈതന്യ യതിയെ കാണാന്‍ പോയപ്പോള്‍ ഗുരുവിനോട് ഈ കാര്യത്തിന് സമ്മതം ചോദിച്ചു. മൗനമായിരുന്നു ഗുരുവിന്റെ മറുപടി.


നാട്ടില്‍ തിരികെയെത്തിയ ആനന്ദസ്വാമി എന്നോട് ഗുരുവിന് കത്തെഴുതാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ കാര്യങ്ങള്‍ വിശദമാക്കി കത്തെഴുതി. ഗുരുവിനൊരു നല്ല ഗുണമുണ്ടായിരുന്നു. ആര് കത്തെഴുതിയാലും മറുപടി അയയ്ക്കും. അടിയില്‍ നിത്യ എന്ന് എഴുതിയിട്ടുമുണ്ടാകും. അതിനാല്‍ മറുപടി വരുമെന്ന് ആനന്ദസ്വാമിയും ഞാനും തീര്‍ച്ചയാക്കി. പ്രതീക്ഷിച്ചപോലെ രണ്ടാഴ്ചകഴിഞ്ഞ് ഗുരുവിന്റെ മറുപടി എത്തി. ഇതായിരുന്നു കത്തിലെ ഉള്ളടക്കത്തിന്റെ സാരം (ഓര്‍മയില്‍ നിന്ന്):