അച്ഛനെയാണെനിക്കിഷ്ടം – പ്രിത ജെ പ്രിയദര്‍ശിനി

അച്ഛനെയാണെനിക്കിഷ്ടം – പ്രിത ജെ  പ്രിയദര്‍ശിനി

അറിയാതെ പോയൊരു അനുഭവത്തിന്റെ പേരാണെനിക്ക് അച്ഛന്‍. ബാല്യത്തിന്റെ ഏകാന്തതകളില്‍ ഓര്‍ത്തെടുക്കാന്‍ സ്‌നേഹത്തിന്റെ, വാല്‍സല്യത്തിന്റെ നിറമുള്ള അച്ഛനോര്‍മ്മകളില്ല. നിറംകെട്ട് കടന്നുപോയ ബാല്യകൗമാരങ്ങളില്‍ വലിയ ശൂന്യതാബോധവും പറഞ്ഞറിയിക്കാനാകാത്ത സംഘര്‍ഷങ്ങളും സമ്മാനിച്ച അനുഭവമാണ് അച്ഛന്‍. ജീവിതത്തിന്റെ പേരുകളൊക്കെ രൂപപ്പെട്ട ഇടങ്ങള്‍ വിട്ട് ഊട്ടിവളര്‍ത്തിയ പ്രിയപ്പെട്ടവരെയൊക്കെ വിട്ടകന്ന്, മറ്റൊരു മണ്ണിലേക്ക് ചേക്കേറുമ്പോള്‍ ബാക്കിയായ ഒരേഒരു ഓര്‍മ്മ ജന്മം തന്ന അച്ഛനെക്കുറിച്ചുള്ളതാണ്. വേനലില്‍ മെലിഞ്ഞുപോയ അച്ചന്‍കോവിലാറിന്റെ നീരൊഴുക്ക് മുറിച്ചു കടന്ന് അമ്മവീട്ടുകാര്‍ ഞങ്ങളെ കൊണ്ടുപോരുമ്പോള്‍ അക്കരെ മണല്‍ത്തിട്ടയില്‍ പിന്നിലേയ്ക്ക് മാഞ്ഞുപോയൊരു ആള്‍ രൂപം. പിന്നെ പലപ്പോഴും കാണാന്‍ പോയിട്ടുണ്ടെങ്കിലും ഊഷ്മളമായ സ്‌നേഹവായ്പുകള്‍ ഒന്നും തന്നെ ആ കൂടികാഴ്ചകളില്‍ പങ്കുവച്ചില്ല. ഇരുട്ടു വീണ് ആകെ കനത്തുപോയ ഞങ്ങള്‍ രണ്ടുകുട്ടികളുടെ നിരാലംബമായ അവസ്ഥകള്‍ ഭീതിദമായത് അവര്‍ പുനര്‍ വിവാഹിതരായപ്പോഴാണ്. അമ്മവീടിന്റെ ഊഷ്മളതയില്‍ നിന്ന് അമ്മയോടൊപ്പം കോഴിക്കോടിന്റെ നഗരജീവിതത്തിലേക്ക് പറിച്ചു നടുമ്പോഴും, ചേര്‍ത്ത് പിടിച്ച് കൈസഞ്ചിയില്‍ കൊണ്ടുപോരാന്‍ ഒരച്ഛനോര്‍മ്മപോലും അന്നുണ്ടായിരുന്നില്ല. ജീവിതത്തിന്റെ നിരാശകളില്‍ ആഴമുള്ള ഒന്നിനെക്കുറിച്ച് എഴുതുന്നതുപോലും വേദനയാണെന്ന് ഞാനറിയുന്നു. പുതിയ ജീവിതം ഒരു വാഗ്ദത്തഭൂമിയായിരുന്നു ഞങ്ങള്‍ക്ക്. ഗ്രാമീണ ജീവിത്തിന്റെ സ്വരചേര്‍ച്ചകളില്‍ നിന്ന് മാറി നഗര ഗ്രാമീണ സൗഭഗമായ കോഴിക്കോടിന്റെ നടപ്പാതകളിലേയ്ക്ക് ഒറ്റയ്ക്ക് ആരോ ഇറക്കിവിട്ടതുപോലെ. ജന്മകാണ്ഡങ്ങളുടെ പിതൃബിംബം മാഞ്ഞുടഞ്ഞു പോയ ശൂന്യതയിലാണെന്ന് തോന്നുന്നു കര്‍മ്മകാണ്ഡങ്ങളുടെ വേനല്‍ച്ചില്ലകളില്‍ കാര്‍ക്കശ്യക്കാരനെങ്കിലും പുതിയോരു ബിംബം -അച്ഛനെന്ന് തന്നെ ആദരവോടെ, ഭയത്തോടെ വിളിച്ചുകൊണ്ട് ഒരു തണല്‍ മരത്തെ അമ്മ ഞങ്ങള്‍ക്ക് കാട്ടിത്തരുന്നത്. അക്കാലത്തെ ഞങ്ങളുടെ ജീവിതം ഒട്ടും ലളിതമല്ല. ചെയ്തുതീര്‍ക്കാന്‍ വീട്ടുപണികള്‍, മുഷിഞ്ഞിരുണ്ട തണുത്ത മഴക്കാലരാത്രികളില്‍ അത്താഴമൊന്ന് വിളമ്പിക്കിട്ടും വരെ ഒഴിഞ്ഞ് ശൂന്യമായ വയറുമായുള്ള കാത്തിരിപ്പ്. കുട്ടികള്‍ എന്ന നിലയില്‍ ഒരു സൗജന്യവും സൗമനസ്യവും അനുവദിക്കാത്ത വീട്ടിനുള്ളില്‍ സ്വയമെരിഞ്ഞ് സ്വപ്നങ്ങളില്ലാതെ ജീവിച്ചു തീര്‍ത്ത ആ നാളുകള്‍ ഓര്‍ത്തുപോകാന്‍ പോലും വയ്യെനിക്കിപ്പോള്‍. ആദര്‍ശത്തിന്റെയും അറിവിന്റെയും ആള്‍രൂപമായിരുന്ന ആ രണ്ടാം പിതാവ് നനവുകളോ ആള്‍രൂപങ്ങളോ ഒന്നും സമ്മാനിച്ചില്ലെങ്കിലും ജീവിതരൂപീകരണത്തിന്റെ വഴികള്‍ കാണിച്ചു തന്നു. പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിച്ചു. പേനകളില്‍ മഷിനിറച്ചു തരികയും പുസ്തകം പൊതിഞ്ഞു തരികയും പഠിക്കാന്‍ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്തു. വീടിനകത്ത് നിറയെ പുസ്തകങ്ങള്‍. വായ്ച്ച് തീര്‍ത്ത രാപ്പകലുകള്‍ ജീവിതത്തിന്റെ മുറിവുകളുണക്കാനുള്ള ലളിതമായ വഴികള്‍ കൂടിയായിരുന്നു. സവിശേഷമായ ഒന്നും സമ്മാനമായ് കിട്ടിയില്ലെങ്കിലും ജീവിതത്തിലെ അമൂല്യമായൊരു അനുഭവത്തിന്റെ പാഠങ്ങള്‍ തന്നു. നല്ലവായനയിലെ ചില പുസ്തകങ്ങളെക്കുറിച്ച്, നല്ല സിനിമകളിലെ ഗാനങ്ങളെക്കുറിച്ച്, നല്ല ചില ഫ്രൈമുകളെക്കുറിച്ചെല്ലാം അപൂര്‍വ്വമായി അദ്ദേഹം സംസാരിച്ചിരുന്നു.