അക്കാമ്മ ചെറിയാനും കാഞ്ഞിരപ്പള്ളി രാഷ്ട്രീയവും – മ്യൂസ് മേരി

അക്കാമ്മ ചെറിയാനും കാഞ്ഞിരപ്പള്ളി രാഷ്ട്രീയവും  – മ്യൂസ് മേരി

അക്കാമ്മ ചെറിയാനും കാഞ്ഞിരപ്പള്ളി രാഷ്ട്രീയവും

മ്യൂസ് മേരി


കാഞ്ഞിരപ്പള്ളീന്നു പറയുമ്പോള്‍ അച്ചായന്‍ എന്നും കാഞ്ഞിരപ്പള്ളീലെ രാഷ്ട്രീയപാര്‍ട്ടി എന്നു കേള്‍ക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എന്നും വിചാരമുണ്ട് കേരളത്തിലൊത്തിരി പേര്‍ക്ക്. എന്നാല്‍ കാഞ്ഞിരപ്പള്ളിക്കാരിയായ ഒരു നേതാവ് കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിലും സ്വാതന്ത്ര്യസമരചരിത്രത്തിലും നേതൃത്വം വഹിച്ച കാലമുണ്ടായിരുന്നു കേരള ചരിത്രത്തില്‍ എന്നറിയാവുന്ന എത്ര കാഞ്ഞിരപ്പള്ളിക്കാരുണ്ട് എന്ന് ഒരു തിട്ടവുമില്ല. കാരണം പാറത്തോട്ടില്‍ (28-ാം മൈല്‍) സ്ഥാപിച്ചിരിക്കുന്ന ആരോരും തിരിഞ്ഞു നോക്കാനില്ലാത്ത ആ പ്രതിമ ആരുടേതാണ് എന്നറിയാവുന്ന ‘ന്യൂ ജനറേഷന്‍’ ആരും തന്നെ ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ ഉണ്ടാവില്ല. കാരണം വിസ്മൃതമായ ഒരു രാഷ്ട്രീയകാലത്തിനും അതിലെ സ്ത്രീസാന്നിധ്യത്തിനും നേതൃത്വത്തിനും സ്മൃതിയിലേക്ക് എത്തിക്കുന്നതില്‍ കാഞ്ഞിരപ്പള്ളിക്ക് ഒരുത്സാഹവും ഇല്ല. ‘അക്കാമ്മ ചെറിയാനെ ആനകുത്തി’ ബാല്യത്തിലെപ്പോഴോ കേട്ട നാട്ടുപഴമയില്‍ നിന്നുള്ള രണ്ടുവരികള്‍ ഇന്നും മനസ്സിന്റെ കോണില്‍ ഇരിക്കുന്നുണ്ട്.


അക്കാമ്മ ചെറിയാന്‍ കേരളത്തിന്റെ ഝാന്‍സിറാണി എന്ന് ഒരുകാലത്ത് വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രീയ നേതാവ് 1909-ല്‍ കാഞ്ഞിരപ്പള്ളിയിലെ കരിപ്പാപ്പറമ്പില്‍ വീട്ടില്‍ ജനിച്ചു. സിറിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ സ്‌കൂളിലയയ്ക്കുന്നതും സ്‌കൂളിലയച്ചാല്‍ത്തന്നെ പ്രൈമറി സ്‌കൂളിനപ്പുറം പഠിക്കാനയയ്ക്കുന്നതുമൊന്നും അത്ര സാധാരണമല്ലാതിരുന്ന കാലത്ത് കാഞ്ഞിരപ്പള്ളിയിലെ സര്‍ക്കാര്‍ വക പെണ്‍പള്ളിക്കൂടത്തില്‍ അക്കാമ്മയുടെ പ്രൈമറി വിദ്യാഭ്യാസം നടന്നു. ഹൈസ്‌കൂള്‍ പഠനം ആയപ്പോള്‍ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ചേര്‍ന്ന് ബോര്‍ഡിംഗില്‍ നിന്ന് പഠിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിന്ന് ഡിഗ്രിയും തിരുവനന്തപുരം ട്രെയിനിംഗ് കോളജില്‍ നിന്ന് ബി.റ്റി ബിരുദവും നേടി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് മിഡില്‍ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് ആയി പ്രവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ എനിക്കുണ്ടായിരുന്ന അറിവുകേടിനെക്കുറിച്ച് സങ്കടം ഉണ്ട്. ഞാന്‍ മിഡില്‍ സ്‌കൂളും ഹൈസ്‌കൂളും പഠിച്ച സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്നു അക്കാമ്മ ചെറിയാന്‍ എന്ന രാഷ്ട്രീയ നേതാവ് എന്ന കാര്യം ഞാനറിയുന്നത് റോബിന്‍ ജെഫ്രിയുടെ ‘പൊളിറ്റിക്‌സ് വിമന്‍ ആന്റ് വെല്‍ബീയിംഗ്’ എന്ന പുസ്തകം വായിച്ചപ്പോഴാണ്. ഞാന്‍ പഠിച്ച സ്‌കൂളിന്റെ രാഷ്ട്രീയ പാരമ്പര്യത്തിലുള്ള അറിവുകേട് എനിക്കിപ്പോള്‍ അപമാനമായി തോന്നുന്നു.


1938-ല്‍ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് സ്ഥാനവും അധ്യാപന ജോലിയും ഉപേക്ഷിച്ച് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പന്ത്രണ്ടാമത്തെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലേക്ക് അവരെത്തിച്ചേര്‍ന്നു. 1938 ഒക്‌ടോബര്‍ 23ന് മഹാരാജാവിന്റെ ആട്ടപ്പിറന്നാള്‍ ദിവസം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നടത്തിയ ഐതിഹാസികമായ ജാഥയുടെ നേതൃത്വം വഹിച്ചത് അന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന അക്കാമ്മ ചെറിയാന്‍ ആയിരുന്നു. ഒരു ലക്ഷത്തോളം ആളുകള്‍ ജാഥയില്‍ പങ്കെടുത്തു എന്നാണ് പറയപ്പെടുന്നത്. ലാന്‍ഡ്‌ഫോണ്‍ പോലും തീരെയില്ലായിരുന്ന അക്കാലത്ത് ഈ ജാഥ സംഘടിപ്പിച്ച നേതൃത്വത്തിന്റെ മികവിനെ അഭിനന്ദിക്കാതിരിക്കാന്‍ ആവില്ല.


പട്ടാളമേധാവി കേണല്‍ വാട്കി തോക്കുയര്‍ത്തിക്കൊണ്ട് ജാഥയെ തടഞ്ഞുകൊണ്ട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞ് ”എന്റെ നേരെ ആദ്യത്തെ നിറയൊഴിക്കുക” എന്നു പറഞ്ഞ മഹതിയായ ആ രാഷ്ട്രീയ നേതാവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു കാഞ്ഞിരപ്പള്ളിക്കാരി എന്ന നിലയില്‍ രോമാഞ്ചം അനുഭവപ്പെടുന്നു. അക്കാമ്മ ചെറിയാന്‍ മാത്രമല്ല സഹോദരി റോസമ്മ ചെറിയാനും ആ ജാഥയില്‍ പങ്കെടുത്തു വോളണ്ടിയര്‍മാരില്‍ ഒരാളായിരുന്നു. ആ രണ്ടു കാഞ്ഞിരപ്പള്ളിക്കാരികളും ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി പലതവണ ജയില്‍വാസം അനുഭവിച്ചു. റോസമ്മ ചെറിയാനെ പിന്നീട് പി.ടി. പുന്നൂസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിവാഹം കഴിക്കുകയും വളരെ വര്‍ഷങ്ങള്‍ക്കുശേഷം ആലപ്പുഴയില്‍ നിന്ന് എം.എല്‍.എ. ആയി കേരള നിയമസഭയില്‍ എത്തുകയും ചെയ്തു.


സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള അക്കാമ്മ ചെറിയാന്റെ രാഷ്ട്രീയജീവിതം കയറ്റിറക്കങ്ങളുടെയും പലവിധ ഒഴിവാക്കലുകള്‍ക്ക് ഇരയായിക്കൊണ്ടുള്ളതും ആയിരുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കാമ്മ ചെറിയാന്‍ 1948-ല്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1951 വരെ നിയമസഭാംഗത്വം തുടര്‍ന്നു. 1952-ലെ ആദ്യത്തെ ദേശീയ തിരഞ്ഞെടുപ്പില്‍ അക്കാമ്മ ചെറിയാന് തിരുക്കൊച്ചി നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ സീറ്റ് കൊടുത്തില്ല. അപ്പോഴേക്കും കോണ്‍ഗ്രസ്സിലേക്ക് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ഒരു പുതിയ പറ്റം കുടിയേറ്റം ശക്തമായിത്തീര്‍ന്നിരുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുമായോ സ്വാതന്ത്ര്യ സമരവുമായോ യാതൊരു ബന്ധവുമില്ലാത്ത കുറേപ്പേര്‍ കോണ്‍ഗ്രസ്സില്‍ ചേക്കേറിക്കഴിഞ്ഞിരുന്നു. അക്കാമ്മ ചെറിയാനെപ്പോലുള്ള സത്യസന്ധരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരക്കാരുടെ തള്ളിക്കയറലിനിടയില്‍ അവഗണിക്കപ്പെട്ടു. 1952-ല്‍ അക്കാമ്മ ചെറിയാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. 1952-ല്‍ അക്കാമ്മ ചെറിയാനെ അവരുടെ 43-ാമത്തെ വയസ്സില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനും അസംബ്ലി മെമ്പറുമായിരുന്ന വി.വി. വര്‍ക്കി വിവാഹം ചെയ്തു. വൈകാതെ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോ രാജിവച്ച ഒഴിവില്‍ ഇടക്കാല തിരഞ്ഞെടുപ്പ് വന്നു. 1953-ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ അക്കാമ്മ ചെറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നു.